വിവാഹപൂര്‍വ്വ പ്രണയാനുഭവങ്ങളെ ഇനം തിരിച്ചു കാണുകയുണ്ടായി. പ്രണയം ഹൃദയരഹസ്യമായി കൊണ്ടുനടക്കുന്നവരും പ്രണയബന്ധിതരായിക്കഴിഞ്ഞു പിന്‍വാങ്ങിയവരും ഒടുവിലെ ത്തിച്ചേരുക ഏറെക്കുറെ സമാനസാഹചര്യങ്ങളിലാണ്.
ഇനി തികച്ചും വേറിട്ടൊരു കാഴ്ചയിലേക്കു കടക്കാം. മുന്നനുഭവങ്ങളൊന്നുമില്ലാതെ കുടുംബജീവിതത്തിലേക്കു കാലെടുത്തുവച്ച ദമ്പതിമാര്‍. മൂന്നു ഘട്ടങ്ങള്‍ നിശ്ചയമായും അവരെ കാത്തിരിപ്പുണ്ട്. ആദ്യത്തേത് കാല്പനികതയുടെ കാലയളവാണ്. മിക്കപ്പോഴും അതിനു ദൈര്‍ഘ്യം കുറവായിരിക്കും. ശരീര ഇന്ദ്രിയമനസ്സുകള്‍ യാഥാര്‍ത്ഥ്യത്തെക്കാളുപരിയായി, ഭാവപ്പൊലിമകൊണ്ടു നിറയുന്നു. അവിടെ ഹര്‍ഷോത്സുകത നഷ്ടപ്പെടുത്തുന്ന യാതൊന്നും രംഗപ്രവേശം ചെയ്യുന്നില്ല. ചെയ്താല്‍ത്തന്നെ തിരിച്ചറിയപ്പെടണമെന്നുമില്ല. 'നീയില്ലാതെ, നീയല്ലാതെ...' എന്നൊക്കെത്തന്നെയാണ് ശരണമന്ത്രങ്ങള്‍.
രണ്ടാം ഘട്ടത്തില്‍ യാഥാര്‍ത്ഥ്യബോധം പതിയെപ്പതിയെ മേല്‍ക്കൈ നേടിത്തുടങ്ങുകയായി. ക്ഷണിക്കാത്ത അതിഥിയെപ്പോലെ പല വെല്ലുവിളികളും കടന്നുവരും. ഉള്‍ക്കൊള്ളാനാവാത്ത പങ്കാളിയുടെ സ്വഭാവസവിശേഷതകള്‍ ഇതില്‍പ്പെടുന്നു. ഓരോരുത്തരുടെയും ജീവിതപശ്ചാത്തലം, പാരമ്പര്യസിദ്ധമായ പ്രകൃതം എന്നിവയൊക്കെ ഇത്തരം സ്വഭാവരൂപീകരണത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ടാകാം.
പങ്കാളിയുടെ നിലപാടുകള്‍ തനിക്കിണങ്ങാതെ വരുമ്പോള്‍ പ്രതിഷേധം പ്രകടിപ്പിക്കുക സ്വാഭാവികമാണ്. അങ്ങനെ ഒരു പുറംതിരിയല്‍നയം സ്വീകരിക്കുന്നതോടെ സ്ഥിതി കൂടുതല്‍ പ്രക്ഷുബ്ധമാകുന്നു. എങ്കിലും അവര്‍ക്കറിയാം; അവര്‍ ഗാഢപ്രണയത്തിലാണെന്ന്, ഒന്നാകാതെ വേറേ ഒത്തുതീര്‍പ്പില്ലെന്നും. കാല്പനികതയുടെ ആഹ്ലാദമുദ്രകള്‍ ഒരു വാക്‌സിന്‍പോലെ അവര്‍ക്കു ശേഷിയും ശേമുഷിയും നല്‍കിക്കൊണേ്ടയിരിക്കും. അങ്ങനെയാണ് സമവായത്തിന്റെ പാതയിലേക്ക് അവര്‍ വന്നെത്തുക. അതു ശുഭോദര്‍ക്കമായ സംഗതിതന്നെയാണ്. വിരുദ്ധധ്രുവങ്ങള്‍ വിട്ട്, പരസ്പരാഭിമുഖ്യത്തോടെ ഇരുവരും അന്യോന്യം അടുത്തുതുടങ്ങുന്നു. ഈ ഋജുരേഖാസഞ്ചാരം, പരസ്പരാശ്ലേഷത്തില്‍ കലാശിക്കുന്നില്ലെങ്കില്‍ക്കൂടി വലിയൊരു കാല്‍വയ്പാണ്. സമ്മര്‍ദ്ദങ്ങള്‍ പെയ്‌തൊഴിയാനും പ്രണയം സജീവമാക്കാനും അതിടയാക്കും. പങ്കാളിയുടെ പെര്‍ഫോമന്‍സ് വ്യക്തിഗതമാണെങ്കില്‍ക്കൂടി ന്യായത്തിന്റെ ത്രാസില്‍ തുലനം ചെയ്യപ്പെടുന്നു. അവിടെ മേന്മയും ന്യൂനതയും വിചാരണ ചെയ്യപ്പെടും. മിക്കപ്പോഴും പുഷ്‌ക്കലമായിരിക്കുക മേന്മതന്നെയാണ്. വല്ലപ്പോഴും സംഭവിച്ചുപോയ വീഴ്ചയുടെ പേരില്‍ സമരകാഹളം മുഴക്കുന്നതിലെ അന്തസ്സാരശൂന്യത, അങ്ങനെ മറനീക്കി പുറത്തു വരുന്നു. പങ്കാളിയുമായി കടുത്ത ഭിന്നതയിലായിരിക്കുന്നത് നന്മ പൂജ്യമായതുകൊണ്ടല്ല, ചെറിയൊരു പാളിച്ചയെ വലുതായി കാണുന്നതുകൊണ്ടാണ്. മിഴിവുറ്റ ദാമ്പത്യജീവിതത്തില്‍ ഇത്തരം ദര്‍ശനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല; അതു സ്വയംഭൂവാണ്.
പക്വതയോടെ വിവാഹബന്ധത്തിലേക്കു കടന്നുവരുന്നവര്‍ക്ക്, ദാമ്പത്യം ഒരു അനുഷ്ഠാനമായിത്തീരുന്നില്ല. അവര്‍ക്കു മനംനിറയാന്‍ അനവധി സങ്കല്പങ്ങളുണ്ട്. അനുപൂരകത്വം നല്‍കുന്ന സ്ഥായീഭാവം, കരഗതമാക്കേണ്ട ലക്ഷ്യങ്ങള്‍, മക്കളുടെ വര്‍ണ്ണോജ്ജ്വലമായ ഭാവി, കുടുംബത്തിന്റെ സല്‍പ്പേര്, തലമുറയുടെ പിതൃത്വം - എല്ലാമെല്ലാം.
ഭര്‍ത്താവും ഭാര്യയും ഒന്നായിത്തീരുമ്പോള്‍, അവരിരുവരുമായി ബന്ധപ്പെട്ട മുഴുവന്‍ വിഭവസ്രോതസ്സുകളും ഗണിതത്തിലെ സങ്കലനംപോലെ പരിണമിക്കുന്നു. സുഹൃദ്ബലം, ബന്ധുബലം ഇതൊക്കെ എടുത്തുപറയേണ്ടതുണ്ട്. എന്തിനേറെ, വ്യക്തിനിഷ്ഠമായ ആലോചന, ബുദ്ധിപരമായ നീക്കങ്ങള്‍ എല്ലാറ്റിലും ദിത്വസന്ധിയുടെ പെരുക്കങ്ങള്‍ കാണാം.
കാല്പനികതയുടെ ലോകത്തുനിന്നു കയ്പും നീറ്റലുമുള്ള ഊഷരതയിലേക്കാണവര്‍ വന്നത്. പക്ഷേ, ചതുപ്പിലെന്നപോലെ താഴ്ന്നുപോകാന്‍ അവര്‍ കൂട്ടാക്കിയില്ല. സമവായപ്പെട്ട് കൂടുതല്‍കൂടുതല്‍ മനസ്സിലാക്കുകയും ബലമുള്ള കണ്ണികളായി മാറുകയും ചെയ്യും. ഇതാണ് ദാമ്പത്യജീവിതത്തിലെ ഏറ്റവും ഊര്‍വ്വരമായ ദശാസന്ധി എന്നു പറയാം. അവിടെ ഇണകള്‍ യന്ത്രങ്ങളല്ല. യാഥാര്‍ത്ഥ്യവും കാല്പനികതയും സൗകുമാര്യത്തോടെ ഇഴചേര്‍ന്നിരിക്കുന്നു.
ഈ പശ്ചാത്തലത്തില്‍ നിന്നുവേണം, വിവാഹപൂര്‍വ്വപ്രണയങ്ങളുടെ ഭാവി പ്രവചിക്കുവാന്‍.
(തുടരും)