•  28 Mar 2024
  •  ദീപം 57
  •  നാളം 4
ശ്രേഷ്ഠമലയാളം

പ്രണയം

മൂഹമാധ്യമംവഴി രൂപപ്പെട്ട ഒരു വാക്കാണ് തേയ്ക്കുക എന്നത്. പ്രണയിച്ച വ്യക്തിയെ വഞ്ചിക്കലാണ് ഇന്നത്തെ ഭാഷയില്‍ തേയ്ക്കല്‍. ചതിച്ച പെണ്‍കുട്ടി തേപ്പുകാരിയുമാകും. വഞ്ചിക്കുന്നവരും വഞ്ചിക്കാന്‍വേണ്ടി പ്രണയിക്കുന്നവരും അധികവും സ്ത്രീകള്‍ ആണെന്നു തോന്നുന്നു! തന്മൂലമാകണം തേപ്പുകാരന്‍ എന്ന പ്രയോഗം അത്രകണ്ട് പ്രചാരത്തില്‍ ഇല്ലാത്തത്. തേയ്ക്കുക എന്ന ക്രിയാപദത്തിന്, ഉരച്ചുമിനുക്കുക, മിനുപ്പിക്കുക, തുടയ്ക്കുക, മായ്ക്കുക, മെഴുകുക, വടിക്കുക, പുരട്ടുക, അരച്ചുപുരട്ടുക, പൂശുക, വൃത്തിയാക്കുക, മൂര്‍ച്ച കൂട്ടുക, ചാണയ്ക്കു വയ്ക്കുക, ഇസ്തിരിയിടുക തുടങ്ങിയ വിവക്ഷിതങ്ങളാണ് നിഘണ്ടുകര്‍ത്താക്കള്‍ കല്പിച്ചിട്ടുള്ളത്. എന്നാല്‍, പ്രണയിച്ചു വഞ്ചിക്കുക എന്ന അര്‍ത്ഥത്തിലേക്കു തേയ്ക്കുക എന്ന സംജ്ഞ ചുരുങ്ങിപ്പോയിരിക്കുന്നു.
പ്രണയം എന്ന പദത്തിന്റെ നിരുക്തി എങ്ങനെ? ''രഷാഭ്യാം നോണഃസമാനപദേ''* എന്ന പാണിനീയസൂത്രപ്രകാരം, പ്ര + നയം ആണ് പ്രണയം എന്നായിത്തീരുന്നത്. പ്രീതിനിമിത്തം ഒന്നിനെക്കുറിച്ച് അപേക്ഷിക്കുന്നതിന്റെ പേരാണ് പ്രണയമെന്ന് അമരകോശകാരനും വ്യക്തമാക്കുന്നു. വിശ്വാസം, യാചന തുടങ്ങിയ വിവക്ഷിതങ്ങളും പ്രണയസംജ്ഞയില്‍ നിലീനമായിരിക്കുന്നു.** പ്രേമശബ്ദം പര്യായമായി കണക്കാക്കാം. വസ്തുതകള്‍ എന്തായാലും പ്രകര്‍ഷേണയുള്ള നയിക്കലാണത്രേ നിരുക്തിപ്രകാരം പ്രണയം.
പ്രണയിക്കുന്നവനെ പ്രണയി എന്നോ പ്രണയിതാവ് എന്നോ ദ്യോതിപ്പിക്കാം. പ്രണയിക്കുന്നവള്‍ പ്രണയിനിയാകും (പ്രണയനി തെറ്റ്) പ്രണയിക്കല്‍, പ്രണയനമാണ് (കേവലക്രിയാനാമം). സൗമ്യസുന്ദരമായ പ്രണയത്തിന് ഇന്ന് രാക്ഷസഭാവം കൈവന്നിട്ടുണ്ട്. അക്കാരണത്താല്‍ പ്രണയനിരാസം ഹിംസയ്ക്കു കാരണമാകുന്നു. ആനപ്പക(കാലം എത്ര കഴിഞ്ഞാലും മറക്കാത്ത വിദ്വേഷം)പോലെ പ്രണയപ്പക എന്നൊരു പ്രയോഗം സമൂഹത്തിനു പരിചിതമായി. ''പ്രണയം മധുരം മനോഹരം/ പ്രണയനൈരാശ്യം ഉത്കടസങ്കടം (ജി. ശങ്കരക്കുറുപ്പ്) എന്ന കവിതക്കാലം പണ്ടായിരുന്നു. അന്ന് പ്രണയികള്‍ക്കു പ്രണയം കാല്പനികമായിരുന്നു. ഇന്നാകട്ടെ ഹിംസയുടെ പാഠങ്ങള്‍ ഒളിഞ്ഞിരിക്കുന്ന രാഗവഞ്ചനയായിത്തീര്‍ന്നിരിക്കുന്നു പ്രണയം.
രഷാഭ്യാം, നഃ ണഃ സമാനപദേ എന്നു പദച്ഛേദം. സമാനപദത്തില്‍ ര(ര്‍)ഷ ഈ അക്ഷരങ്ങള്‍ക്കു പരമായി വരുന്ന ന കാരത്തിന് ണകാരം ആദേശമായി വരും.
* ചാക്കോ ഐ.സി., പാണിനീയപ്രദ്യോതം, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2012, പുറം - 96.
** പരമേശ്വരന്‍ മൂസത്, ടി.സി. അമരകോശം, എന്‍.ബി.എസ്., കോട്ടയം, 2013, പുറം - 727, 784.

 

Login log record inserted successfully!