സാധാരണ പ്രയോഗത്തിലുള്ള ഒരു പദമാണ് അതേ എന്നത്. അതേ എന്നതിനെ ''അതെ'' എന്നു തെറ്റിച്ചെഴുതുന്നവര്‍ ധാരാളമുണ്ട്. ''അതെ'' രൂപഭേദം മാത്രമാണ്. അങ്ങനെ എഴുതുന്നത് സ്വാഭാവികതയല്ല. അത് + ഏ ചേര്‍ത്തെഴുതുമ്പോള്‍ അതേ എന്നാകും. അതുതന്നെ, അങ്ങനെതന്നെ, ശരിതന്നെ, ഉവ്വ് എന്നെല്ലാമാണ് 'അതേ'ക്ക് അര്‍ത്ഥം. ഉദാ: ചോദ്യം: പറഞ്ഞതു ശരിയോ? ഉത്തരം: അതേ. അതുതന്നെയായ, മറ്റൊന്നില്ലാത്ത തുടങ്ങിയ വിശേഷണാര്‍ത്ഥത്തിലും 'അതേ' പ്രയോഗിക്കുന്നു. ഉദാ: അതേ കാര്യം, അതേവിധം, അതേ രൂപം, അതേ നിറം, അതേ കുട്ടി. അപഹാസയുക്തമായ തിരസ്‌കാരാര്‍ത്ഥ (നിഷേധം) ത്തിലും അതേ പ്രയോഗിക്കാറുണ്ട്. ഉദാ: അതേപോലും. ഒരിടത്തും 'അതെ' എന്നൊരു ഹ്രസ്വരൂപമില്ലെന്നു മനസ്സിലാക്കണം.
അവധാരണം എന്ന ശബ്ദത്തിന് ഉറപ്പിച്ചുപറയല്‍ എന്നര്‍ത്ഥം. സംസ്‌കൃതത്തില്‍ അവധാരണത്തെ കുറിക്കാന്‍ ഏവ എന്ന നിപാതം ഉപയോഗിക്കുന്നു. 'സത്യം ഏവ ജയതേ നാനൃതം' (സത്യമേ ജയിക്കൂ കള്ളം ജയിക്കുകയില്ല). മലയാളത്തില്‍ ഇതിനു പകരമായി അവധാരണം കാണിക്കാന്‍ പദാന്തത്തില്‍ ഏ എന്ന നിപാതം ചേര്‍ക്കണം (അത് + ഏ = അതേ). ക്രിയയാണെങ്കില്‍ ഊ എന്ന അവധാരകഭാവിചിഹ്നവും ചേരും. ഉദാ: അതേ, അങ്കംകുറിച്ചാലേ ചേകോനാവൂ; സത്യം പറഞ്ഞാലേ വിജയിക്കാനാകൂ.
അപ്പൊഴ് + ഏ = അപ്പൊഴേ (അന്നേരംതന്നെ) ഉടന്‍ + ഏ = ഉടനേ, പാട് + ഏ= പാടേ (മുഴുവനായി), ചൊവ്വ് + ഏ=ചൊവ്വേ, നേര് + ഏ = നേരേ, മുന്‍ + ഏ = മുന്നേ, വേറ് + ഏ = വേറേ എന്നിടത്തെല്ലാം അവധാരണപ്രത്യയമായ ഏ ചേര്‍ന്ന രൂപങ്ങളേ ഉള്ളൂ. വാമൊഴിയും ലിപിവിന്യാസവും എപ്പോഴും യോജിച്ചുപോകണമെന്നില്ല. പെട്ടെന്ന് (പെട്ടു+ എന്ന്) ഉച്ചാരണത്തില്‍ 'പെട്ടന്ന്' ആകുമെങ്കിലും അങ്ങനെ എഴുതുന്നതു ശരിയല്ലല്ലോ. എഴുത്തില്‍ പുള്ളി ()െ വിടാവുന്നതല്ല.
കടപ്പാട്: ഗോപി, ആദിനാട്, മലയാളവ്യാകരണം ഒരു സമഗ്രപഠനം, രചന, കൊല്ലം, 2009, പുറം - 282