•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രണയ പാഠാവലി

അണയാത്ത ദീപങ്ങള്‍

    
'എത്ര കഴുകിയാലും മീന്‍മണം പോവില്ല' എന്നു പറയുന്നതുപോലെയാണ് കുടുംബജീവിതത്തില്‍ ചില ഘടകങ്ങള്‍ ചെലുത്തുന്ന സ്വാധീനം. വിവാഹപൂര്‍വ്വപ്രണയങ്ങള്‍ ഇതിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നു.
വിവാഹപൂര്‍വപ്രണയങ്ങള്‍ക്കു രണ്ടു പരിണതികള്‍ ഉണ്ടാകാം. ഒന്ന്, വിവാഹത്തില്‍ കലാശിക്കുന്നു. രണ്ടാമത്തേതാകട്ടെ, ഒരു ഘട്ടത്തില്‍ വേര്‍പിരിയലിലെത്തിച്ചേരുന്നു.
അകല്‍ച്ചയ്ക്കു കാരണമാകുന്ന പ്രണയബന്ധങ്ങളില്‍ പൊതുവായ ചില മാതൃകകള്‍ നിരീക്ഷിക്കപ്പെടാറുണ്ട്.
ഒരാളോട് അനുരാഗം തോന്നുകയും എന്നാല്‍ വെളിപ്പെടുത്താതെ ഉള്ളില്‍ കൊണ്ടുനടക്കുകയും ചെയ്യുന്നവരുണ്ട്. ആത്മവിശ്വാസക്കുറവോ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയാശങ്കകളോ ആകാം കാരണം. പിന്നീട് എന്താണു സംഭവിക്കുക?
- പ്രണയസാക്ഷാത്കാരം നടക്കാതെപോകുന്നു.
- വേറൊരാള്‍ക്കൊപ്പം കുടുംബജീവിതം തുടങ്ങേണ്ടിയും വരുന്നു.
ഇതിനര്‍ത്ഥം, ആദ്യപ്രണയത്തിന്റെ ഓര്‍മ്മകള്‍ നിഷ്‌കാസിതമായി എന്നൊന്നുമല്ല. അതവനോടൊപ്പമുണ്ടാകാം, ഒരു കെടാവിളക്കുപോലെ.
കലയിലും സാഹിത്യത്തിലും ബ്രഹ്മാണ്ഡനിക്ഷേപം നടത്തിയിട്ടുള്ള പ്രണയപര്‍വ്വത്തിലെ മറ്റൊരു ഏടാണ് വിരഹം. ഇരുവരും തങ്ങള്‍ക്കേറ്റവും അഭികാമ്യമായ ജോടിയായി പരസ്പരം കാണുന്നു. 'നീയല്ലാതെ' 'നീയില്ലാതെ' എന്നൊക്കെയേ അവര്‍ക്കു സംസാരം തുടങ്ങാന്‍ കഴിയൂ. പക്ഷേ, ഒരുമിച്ചുജീവിക്കാന്‍ അവര്‍ക്കാവുന്നില്ല. വെല്ലുവിളികള്‍ക്കു മുമ്പില്‍ പതറിപ്പോകുന്നു. ഉഭയസമ്മതത്തോടെ അവര്‍ പിരിയുന്നു. അവരും ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട്; ഒരു കെടാവിളക്ക്. 
ഇതേ സാഹചര്യംതന്നെ അടിച്ചമര്‍ത്തപ്പെടുന്നതും വിരളമല്ല. പിരിയുന്നതിനെക്കുറിച്ച് അവര്‍ക്കു ചിന്തിക്കാനേ കഴിയില്ല. മരണത്തിലും ഒരുമിച്ചായിരിക്കുമെന്നവര്‍ പ്രതിജ്ഞയെടുക്കുന്നു. എന്നാല്‍, സമുദായത്തിന്റെ/ ബന്ധുക്കളുടെ കടുത്ത നിലപാടും സമ്മര്‍ദ്ദങ്ങളും അവരുടെ ഇഴയടുപ്പത്തെ, ബലാല്‍ക്കാരേണ പൊട്ടിച്ചെറിയുന്നു. ഒടുവില്‍ വിധിക്കു കീഴടങ്ങി മറ്റൊരു ജീവിതത്തിലേക്കു പിച്ചവയ്ക്കുന്നു. അവരുടെ ഉള്ളിലും കാണും ഒരു കെടാവിളക്ക്.
അനുരാഗം സധൈര്യം വെളിപ്പെടുത്തി തിരസ്‌കരിക്കപ്പെട്ടവരാണ് വേറൊരു വിഭാഗം. ഏറ്റവും ഇണങ്ങിയ പങ്കാളിയായി സ്വപ്നം കണ്ട വ്യക്തിയില്‍നിന്നുമാണ് അവഗണന. അതവര്‍ക്ക് നിത്യമായ വേദനയായിത്തീരുന്നു. ദാമ്പത്യജീവിതത്തെക്കുറിച്ചുതന്നെ നിഷേധാത്മകനിലപാടായിരിക്കും അവര്‍ക്കുള്ളത്. വിവാഹം വേണെ്ടന്നു വയ്ക്കുകയോ കാലാന്തരത്തില്‍ കുടുംബജീവിതം തിരഞ്ഞെടുത്തെന്നോ വരാം. അണയാത്ത ഒരു കനല്‍ അവരും കൊണ്ടുനടക്കുന്നു. 
ഇനിയത്തെ കൂട്ടര്‍ പ്രണയം അഞ്ചിതള്‍പ്പൂവില്‍ കുടികൊള്ളുന്നെന്നോ, അദൈ്വതാവസ്ഥ കൈവരിക്കലാണെന്നോ ഒന്നും വിശ്വസിക്കുന്നില്ല. റൊമാന്റിക്കാണോ, അതേ. അല്ലയോ അല്ല. ഇതാണ് തല്‍ക്കാലം നിലപാട്. ഉന്മാദമിഥുനങ്ങളായി അവര്‍ പാറിനടക്കുന്നു. ഇഷ്ടമുള്ളിടത്ത്, ഇഷ്ടമുള്ളതുപോലെ. 'ബാധ്യതകള്‍ പാടില്ല' എന്നതു മാത്രമാണ് എഗ്രിമെന്റിലെ ഏക വ്യവസ്ഥ. കാലം ചെല്ലുമ്പോള്‍ അവരും ഓരോ വഴിക്കു പിരിയുന്നു; ഖേദമൊന്നുമില്ലാതെ. ഇവര്‍ കെടാവിളക്കുകളോ കനലോ കരുതുന്നില്ല. ഹര്‍ഷാതിരേകത്തിന്റെ നിരവധിയായ അക്കൗണ്ടുകളാണ് അവരുടെ മൂലധനം.
നാം കണ്ടുമുട്ടിയ വിവാഹപൂര്‍വ്വപ്രണയാനുഭവങ്ങള്‍, വിവാഹജീവിതത്തെ മാറ്റിമറിക്കുന്നത് അവിചാരിതമായ സമയത്തോ, അപ്രതീക്ഷിതമായ രീതിയിലോ ആകാം. അതിന്റെ വിവിധ മാനങ്ങളെക്കുറിച്ചാകാം അടുത്ത ചര്‍ച്ച.

 


(തുടരും)

Login log record inserted successfully!