പുരുഷന്റെ ലൈംഗികാവബോധം സംഘര്‍ഷഭരിതവും വൈരുദ്ധ്യാത്മകവുമാണ്. അവന്റെ ഭാവനയില്‍ മിന്നിത്തിളങ്ങുന്ന രൂപങ്ങള്‍ക്കുമുണ്ട് പ്രത്യേകതകള്‍. അതിശയോക്തി നിറഞ്ഞ നിമ്‌നോന്നതങ്ങള്‍... ചാലിച്ചു ചേര്‍ത്തിരിക്കുന്നതോ കടുംവര്‍ണക്കൂട്ടുകള്‍... ആകപ്പാടെ ഒരു മാജിക്കല്‍ റിയലിസം.
യാഥാര്‍ത്ഥ്യബോധം അന്യമായ ഭാവനകള്‍ കുഴപ്പക്കാരായിത്തീരും. അതാകട്ടെ, ശരിയായ അറിവില്‍നിന്നാണു കിട്ടേണ്ടത്. തങ്ങളില്‍ സ്വത്വസംഭൃതമായ ലൈംഗികതയെ, സ്ത്രീയും പുരുഷനും പരസ്പരം പാഠമാക്കണം.
ലൈംഗികസാക്ഷരത നേടാത്തിടത്തോളംകാലം ഫലശൂന്യമായ പരീക്ഷണങ്ങളും പര്യവേക്ഷണങ്ങളും സാഹസികോദ്യമങ്ങളും നടന്നുകൊണ്ടേയിരിക്കും. താത്കാലികോദ്ദീപനമെന്നതൊഴിച്ചാല്‍, ജീവിതവീക്ഷണങ്ങളില്‍ നിഴല്‍ വീഴ്ത്തുക മാത്രമാണതു ചെയ്യുക. പിന്നീടൊരു പൂര്‍ണവിരാമം അസംഭവ്യമാണെന്നു തന്നെ പറയാം.
സമഗ്രലൈംഗികതയുടെ ഒരു ഉപോത്പന്നമാണ് ഇന്ദ്രിയാനുഭൂതി. സന്താനോത്പാദനംതന്നെയാണ് മുഖ്യലക്ഷ്യം. ഏതു വൈജ്ഞാനികശാഖയില്‍ പരതിയാലും വേറിട്ടൊരുത്തരം കിട്ടാനിടയില്ല.
അഡല്‍റ്റ്‌സ് ഒണ്‍ലി ചിത്രങ്ങള്‍ കാണുന്ന ഒരുവന്‍, സന്താനവാത്സല്യംകൊണ്ടാണ് അതു ചെയ്യുന്നതെന്നു പറയാനാവില്ല. അവിടെ ഉപോത്പന്നത്തിന്റെ കാര്യത്തിലാണ് കൂടുതല്‍ ഊന്നല്‍. തേങ്ങയ്ക്കായി നാം നാളികേരകൃഷി നടത്തുന്നു. തെങ്ങോലയില്‍നിന്ന് ഈര്‍ക്കില്‍ ശേഖരിച്ച് ചൂലുണ്ടാക്കുന്നതുകൊണ്ട്, ചൂലിനായി തെങ്ങുകൃഷി നടത്തുന്നവരുണ്ടാകുമോ!
ഉപഭോഗസംസ്‌കാരത്തില്‍ രതി വില്പനച്ചരക്കാണ്. അല്ലെങ്കില്‍ ചരക്കുനീക്കം ത്വരിതപ്പെടുത്താനുള്ള ഉപാധിയാണ്. സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരെയും വരിക്കാരെയും എണ്ണിക്കൂട്ടുന്നതിനു മാംസനിബദ്ധമായ ടാഗ്‌ലൈനുകള്‍ ഉപകരിക്കുമത്രേ! ആരോഗ്യമാസികകളുടെ കവര്‍ പേജില്‍ സെക്‌സിന്റെ ഒരു 'ഹൈലൈറ്റ്' എഴുത്ത് കിളിവാതില്‍പോലെ കൊടുത്തു കാണുന്നു. ഇവിടെയെല്ലാം കുറുക്കന്‍ കൊതിയോടെ തുറിച്ചു നോക്കുന്നതു പുരുഷനിലേക്കാണ്.
വായനശാലകളില്‍ ഒറ്റയ്ക്കും എത്തിനോക്കിയും വനിതാപ്രസിദ്ധീകരണങ്ങള്‍ വായിക്കാന്‍ തിടുക്കം കൂട്ടിയിരുന്ന കുമാരന്മാരെ ഓര്‍മ വരുന്നു. സ്ത്രീ സ്വകാര്യതകള്‍ എത്ര സംത്രാസത്തോടെയാണ് കണ്ടന്‍പൂച്ച കണക്കെ കട്ടുതിന്നിരുന്നത്! 'ഡോക്ടറോടു ചോദിക്കാം' പംക്തിയിലെ ചോദ്യവും ഉത്തരവും ഉദ്വേഗമുനയില്‍നിന്ന സാധാരണക്കാരന് എംബിബിഎസ് പരിജ്ഞാനം നല്‍കി. അക്കാര്യത്തിലൊരു പരീക്ഷയിട്ടിരുന്നെങ്കില്‍, അക്ഷരത്തെറ്റിന്റെ അരമാര്‍ക്കുപോലും നഷ്ടപ്പെടില്ലായിരുന്നു! വെള്ളിയാഴ്ച പത്രങ്ങളിലെ സിനിമാപ്പരസ്യങ്ങള്‍ക്കിടയില്‍ 'എ' മുദ്രകള്‍ തെരയുന്ന എണ്‍പതുകളും തൊണ്ണൂറുകളും വിസ്മൃതിയിലായിട്ടില്ല.
മധ്യവയസ്സിന്റെ അത്താണിയില്‍ സ്വത്വഭാരമിറക്കിവച്ച്, ആത്മവിശകലനം നടത്തിയാല്‍ മനസ്സിലാകുന്ന ഒരു സത്യമുണ്ട്: കഴിഞ്ഞതൊക്കെയും 'ആണ്‍'മനസ്സിന്റെ രഥവേഗങ്ങളായിരുന്നെന്ന്! പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്നത് 'അയ്യേ' എന്ന, ഭാവുകത്വം നിറഞ്ഞ പ്രതികരണമായിരുന്നു. അത്തരം വ്യാക്ഷേപകങ്ങള്‍ക്ക്, കൃത്യമായ സൂചനകളുമുണ്ടായിരുന്നു. സ്വകാര്യതയുടെ, വിശ്വസ്തതയുടെ ഓരം ചേര്‍ന്നിരിക്കേണ്ട കാര്യങ്ങള്‍ എന്തിനാണ് പുറംലോകത്തേക്കു വലിച്ചിഴയ്ക്കുന്നതെന്ന്. എന്നാല്‍, അവളുടെ ഋജുബുദ്ധിയും നൈര്‍മല്യവും അവന്റെ ഗ്രഹണശക്തിക്കു വഴങ്ങിയില്ല. ആരെങ്കിലും അറിഞ്ഞാലോ എന്ന വേവലാതിയായിരുന്നു അവള്‍ക്ക് - അവന്‍ ധരിച്ചു. അല്ലെങ്കില്‍ സര്‍വ്വാത്മനാ എന്തിനും തയ്യാറാകുമായിരുന്നു. ഇങ്ങനെയൊക്കെയായിരുന്നു അവന്‍ സ്വയം വിശ്വസിച്ചതും, അല്ലെങ്കില്‍ നിര്‍ബന്ധപൂര്‍വം വിശ്വസിപ്പിച്ചതും.
അവനിലെ തിരയടക്കാന്‍ അത്തരം ആത്മവഞ്ചനാപരമായ നിലപാടുകള്‍ വേണ്ടിവന്നിരിക്കാം. വാത്സ്യായനകഥയ്ക്ക് സ്‌തോഭജനകമായ എത്രതരം നാടകങ്ങള്‍ ചമച്ചിട്ടുണ്ടാകും. അനഘജന്മങ്ങളെ ആത്മപൂജ വേളകളില്‍ എത്രയോ വട്ടം, ദുശ്ശാസനസമക്ഷം തള്ളിവിട്ടു. ഒക്കെ നിര്‍വാഹക്കേടാണെന്നു പറഞ്ഞുവയ്ക്കാം. പക്ഷേ, അജ്ഞത ഒരിക്കലും എക്‌സ്‌ക്യൂസാകില്ലല്ലോ.
ഇനി ആശ്വസിക്കാനുള്ള ഒരു വകകൂടിയുണ്ട്. മിഴി തുറന്ന ലോകത്ത് അവനിതൊക്കെ തിരിച്ചറിയുന്നു! അതുകൊണ്ട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ അവനെ രോഷാകുലനാക്കുന്നു; ഏറ്റവും കുറഞ്ഞത് ഉദയാസ്തമയങ്ങള്‍ക്കിടയിലെങ്കിലും...
അമര്‍ത്തിക്കുലുക്കി നിറച്ച ജിജ്ഞാസയും ഹയവ്യഗ്രതയും പേറി വിവാഹജീവിതത്തില്‍ എത്തിയപ്പോഴോ? ഭാവനകള്‍ക്കും സ്വപ്നങ്ങള്‍ക്കും ക്ലൈമാക്‌സ് ആയോ? ഇല്ലായെങ്കില്‍, ആ മനഃസ്ഥിതിയോര്‍ത്ത് സഹതപിക്കുകയേ നിവൃത്തിയുള്ളൂ. തൃഷ്ണകള്‍ക്കു ശമനം കിട്ടാന്‍, ഇനിയും ഇടങ്ങള്‍ തേടേണ്ട ഗതികേട്... കൂടെപ്പൊറുക്കുന്നവള്‍ ഒരു വകയ്ക്കും കൊള്ളാത്തൊരു ബാധ്യതയാണെന്ന തിരിച്ചറിവ്.. ബൊമ്മകള്‍ക്കു ചിന്തിക്കാനും പ്രതികരിക്കാനും അവകാശമുന്നയിക്കാനും കഴിയുമോ? അത് വിസ്മയിപ്പിക്കുന്ന, വിലക്ഷണം പിടിച്ച അറിവായിപ്പോയി.
പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അവനും അനേകം അസന്തുഷ്ടരെപ്പോലെ അലഞ്ഞു. ചിലപ്പോള്‍ സദാചാരപ്പോലീസ് പണി ചെയ്തു. മടുത്തപ്പോള്‍ പെരുന്നാള്‍ - ഉത്സവത്തിരക്കില്‍, സൂചികുത്താനിടമില്ലാത്ത വാഹനങ്ങളില്‍ അഭയം തേടിയലഞ്ഞു. ചില ശീലാവതിമാര്‍ ചെകിടുപൊട്ടുന്ന പ്രഹരം നല്‍കിയത്രേ! സംസ്‌കാരമില്ലാത്ത പരിഷകള്‍... അവന്‍ മനംനൊന്തു ശപിച്ചു. ആ ശാപം കേട്ട് മനസ്സലിഞ്ഞ് ആരോ അവന് ചില ഭിക്ഷകള്‍ കൊടുത്തു. ആ സൗജന്യങ്ങള്‍ പറ്റി അല്പകാലം കഴിയുംമുമ്പേ, ഹണിട്രാപ്, മീറ്റൂ വാര്‍ത്തകളില്‍ അവനിടം പിടിക്കുകയും ചെയ്തു.
ഒരിക്കല്‍ കഥ പറയുവാന്‍ അവനു പ്രചോദനമുണ്ടായി. നിലയും വിലയും വ്യക്തിത്വവുമുള്ള വനിതകളായിരുന്നു കഥാപാത്രങ്ങള്‍. അവരുടെ അപഥസഞ്ചാരങ്ങളും അഭിരുചികളും എപ്രകാരമാണെന്ന് ഇടയ്ക്കിടെ ബോധോദയം കിട്ടിക്കൊണ്ടിരുന്നു. ആ കഥകള്‍ പരസഹസ്രം കാതുകളിലേക്കു കൈമാറി. അവന്റെ ജനിതകം പേറുന്നവര്‍ക്കിടയില്‍ അത്തരം കഥകള്‍ ഇന്നും പ്രചാരത്തിലുണ്ടാകണം