•  2 May 2024
  •  ദീപം 57
  •  നാളം 8
പ്രണയ പാഠാവലി

വളരുന്ന പ്രണയം

പ്രണയം ഒരു മരംചുറ്റിപ്രേമത്തിന്റെ താത്ത്വികവിശദീകരണം മാത്രമാകുന്നില്ല. അത് രണ്ടു വ്യക്തികള്‍ക്കിടയില്‍ സംഭവിക്കുന്നു. അല്ലെങ്കില്‍ രണ്ടിടങ്ങളെ അടുപ്പിക്കുന്നു. കരുണയും കരുതലും അംഗീകാരവും വിശ്വസ്തതയും സാമീപ്യവും സ്ത്രീക്കും പുരുഷനുമിടയില്‍ മാത്രമാണോ രൂപപ്പെടുക?
ചിലര്‍ക്ക് പുസ്തകത്തോടു പ്രണയം തോന്നാം. പ്രത്യയശാസ്ത്രങ്ങളോടായിരിക്കാം വേറൊരാള്‍ക്കു മമത. സുഹൃത്തുക്കളോടോ സിനിമാതാരങ്ങളോടോ സൈദ്ധാന്തികാചാര്യന്മാരോടോ ഒക്കെ ഇതേപോലെ തോന്നുന്നു. ഈശ്വരോപാസനപോലും പ്രണയത്തില്‍നിന്നു വേറിട്ടു നില്‍ക്കുന്നില്ല.
പ്രണയം സര്‍ഗാത്മകമാണ്. സൃഷ്ടികര്‍മത്തില്‍ അതിന് അനിതരസാധാരണമായ പങ്കുണ്ട്. നവീനാശയങ്ങള്‍, കണ്ടുപിടിത്തങ്ങള്‍, കലാരൂപങ്ങള്‍, പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയൊക്കെ വ്യത്യസ്തങ്ങളായ പ്രണയസാഫല്യങ്ങളാകുന്നു. അങ്ങനെ  സര്‍വതോമുഖമായി പ്രവര്‍ത്തനനിരതമാകുന്ന പ്രണയത്തിന്റെ സര്‍ഗക്രിയയിലെ ഒരു കൈത്തോടു മാത്രമാണ് ലൈംഗികത. പ്രാഥമികമായി ലൈംഗികത സന്താനോത്പാദനത്തിനുള്ളതാണ്. മനുഷ്യനും ജന്തുവിനും വംശം നിലനില്‍ക്കണമെന്നതു പ്രകൃതിയുടെയും ഈശ്വരന്റെയും നിര്‍ബന്ധബുദ്ധിയാണ്. ഒരു പിഴവും കൂടാതെ അതിനുള്ള സജ്ജീകരണങ്ങളേര്‍പ്പെടുത്തിയിട്ടുമുണ്ട്.  
വായില്‍ പല്ലെന്തിനാണ് എന്നു ചോദിച്ചാല്‍ ലളിതവും കൃത്യവുമായ ഉത്തരം വരും.  ഭക്ഷണം ചവച്ചരയ്ക്കാന്‍. കണ്ണെന്തിനാണെന്നു ചോദിച്ചാല്‍, കാണാനാണെന്നും. അതേ സമയം, ലൈംഗികതയുടെ ഉദ്ദേശ്യത്തെക്കുറിച്ചാണ് ചോദ്യമെങ്കില്‍ വ്യക്തമായ ഒരു മറുപടി പ്രതീക്ഷിക്കാന്‍ പറ്റിയെന്നു വരില്ല. നെറ്റി ചുളിയാം, ശിരസ്സ് കുനിയാം. അല്ലെങ്കില്‍ ഇതൊക്കെയെന്തിനാ ചോദിക്കുന്നത് എന്ന മറുചോദ്യവുമാകാം. അവിടെ എന്തോ ഒന്ന് ഒളിച്ചുവയ്ക്കപ്പെടുന്നുണ്ടല്ലേ? 
ലൈംഗികാവബോധം പലപ്പോഴും, അനാവശ്യമായി ഭാരപ്പെടുത്തുന്ന, ഒന്നായിരിക്കുന്നു. വിലപ്പെട്ട സമയം ദുര്‍വ്യയം ചെയ്യാന്‍ അതുമതി. ലൈംഗികത എന്ന വിഷയത്തില്‍ നാം ഋജുബുദ്ധികളാകുന്നില്ലെങ്കില്‍ അതിനു കാരണമെന്തായിരിക്കും?
ലിംഗപരമായി ചിന്തിച്ചാല്‍ സ്ത്രീക്കും പുരുഷനും അവരുടേതായ വിഹ്വലതകളുണ്ട്. ഓരോ സംസ്‌കാരവും പുരുഷമനസ്സില്‍ കുത്തിനിറച്ചിട്ടുള്ള വേവലാതികളില്‍ മുഖ്യമെന്നു പറയാവുന്നത്, 'പ്രകടനമികവു'മായി ബന്ധപ്പെട്ടിരിക്കുന്നു. അതയാളുടെ ഫാന്റസിക്കു നിതാന്തഭീഷണിയാണ്. 
ഫാന്റസി, ഊതിവീര്‍പ്പിച്ച യാഥാര്‍ത്ഥ്യമാണല്ലോ. പുരുഷന്റെ കാന്‍വാസ്, വിചിത്രമായവിധം വിശാലമാണ്.  വിവാഹജീവിതത്തിലേക്കു കടക്കുംമുമ്പ്, ഏതാണ്ട്  ടീനേജ് മുതല്‍, അതൊരു വെള്ളിത്തിരയായി മാറുന്നു. സ്‌തോഭജനകമായ  ചിത്രങ്ങളാണ്  അവിടെ പ്രദര്‍ശിപ്പിക്കപ്പെടുക; ഛായാചിത്രങ്ങളും ചലച്ചിത്രങ്ങളും. ഭാവനയില്‍ രമിക്കാന്‍ യാഥാര്‍ത്ഥ്യത്തിന്റെ ഒരു കണികപോലും വേണ്ടതില്ലല്ലോ. ഒരു പ്രതിസന്ധി ഇവിടെ പതിയിരിക്കുന്നു. കുടുംബജീവിതം യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍കൂടിയാണ്. അതുകൊണ്ട് തികച്ചും വസ്തുതാവിരുദ്ധമായ ലോകത്താണ് വിവാഹപൂര്‍വ ഫാന്റസികളെ തളച്ചിടുന്നതെങ്കില്‍, വലിയ വില കൊടുക്കേണ്ടി വരും. 
പുരുഷന്റെ കാഴ്ചപ്പാടിലേക്കു പലതരത്തിലുള്ള അപഭ്രംശങ്ങള്‍ കയറിവരാം. ഒന്ന്, സ്ത്രീയെ കേവലം ഉപഭോഗവസ്തുവായിക്കാണുന്ന, സ്വാര്‍ത്ഥോദ്ദേശ്യപരമായതാണ്. അവിടെ ഒരു 'ബൊമ്മ'യാണ്  അയാള്‍ പ്രതീക്ഷിക്കുന്നത്. രണ്ടാമത്തേത്, തന്നിലേക്കുതന്നെ ചുരുങ്ങുന്ന, ശരീരോത്തേജനപദ്ധതികളാണ്. ഇതിനൊപ്പം പാപബോധംകൂടി ഉണ്ടായാലോ? അയാളുടെ ബോധമണ്ഡലം സങ്കീര്‍ണമാകുകയായി. വിലക്കുകള്‍ ഒരിടത്ത്. മറുവശത്ത്, എരിഞ്ഞടങ്ങാത്ത കനലുപോലെ, ഹര്‍ഷാഭിമുഖ്യത്തിന്റെ അനിവാര്യത... അയാള്‍ യുക്തിവാദം നടത്താം, അപരനു പരാതിയില്ലെങ്കില്‍, തന്റെ സ്വാതന്ത്ര്യത്തെ വിചാരണ ചെയ്യാന്‍ ആര്‍ക്കാണ് അനുമതി? എങ്കിലും, അയാള്‍ അറിയുന്നു; തനിക്ക് സ്വസ്ഥത നഷ്ടപ്പെട്ടിരിക്കുന്നു. താന്‍ തൃപ്തനല്ല. തനിക്കിനിയുമൊഴുകാനുണ്ട്. ചിന്നിച്ചിതറി പതഞ്ഞുപൊങ്ങി, പുതിയ  കൈവഴികള്‍ സൃഷ്ടിച്ച്...
അമിതജാഗ്രതയും,  സംശയഗ്രസ്തമായ കണ്ണുകളും അവളുടെ സൗന്ദര്യത്തെ അപൂര്‍ണമാക്കിയിരിക്കുന്നു. ലൈംഗികത ചൂഷണത്തിന്റെയും സ്വാര്‍ത്ഥതയുടെയും രൂപത്തില്‍ വന്നേക്കാമെന്ന് അവളെ ആരോ പഠിപ്പിച്ചിട്ടുണ്ട്. അല്ലെങ്കില്‍ അധിനിവേശത്തിലൂടെ പിച്ചിച്ചീന്താം. സ്‌നേഹത്തിന്റെ പൊയ്മുഖങ്ങളണിഞ്ഞുവരുന്ന  വഞ്ചനയുടെ നേരറിവുകളും അവള്‍ക്കുണ്ട്. 

 

Login log record inserted successfully!