•  21 Nov 2024
  •  ദീപം 57
  •  നാളം 37
പ്രണയ പാഠാവലി

ലഹരിയും ദാമ്പത്യവും

ഭദ്രമായ കുടുംബജീവിതത്തിലേക്ക് ഏദനിലെ സര്‍പ്പത്തെപ്പോലെ മദ്യം കടന്നുവരാം. രണ്ടുവിധത്തിലാണ് ഇതു സംഭവിക്കുക. ഒന്നെങ്കില്‍ മദ്യപനായിക്കൊണ്ട് വിവാഹാന്തസ്സില്‍ പ്രവേശിക്കുന്നു. അല്ലെങ്കില്‍, വിവാഹശേഷം മദ്യപാനം തുടങ്ങുന്നു.
മദ്യപിക്കാത്ത ഒരാള്‍, ഒരല്പം കഴിച്ചാലോ എന്ന പ്രലോഭനത്തിനു വശംവദനാകുന്നിടത്താണ് ഈ ചര്‍ച്ചയ്ക്കു പ്രസക്തി. കാരണം, ഒരു തുള്ളിയെങ്കിലും കഴിച്ചയാള്‍ക്ക്, ഇത്തരം വായനകളോട് പൂര്‍ണ്ണമായും സത്യസന്ധത പുലര്‍ത്താന്‍ കഴിയാറില്ല.
നിലത്തു പൊട്ടിവീണുകിടക്കുന്ന വൈദ്യുതലൈനില്‍ തൊട്ടുനോക്കി, കറന്റുണ്ടോയെന്ന് ആരെങ്കിലും പരിശോധിക്കുമോ? ജീവനില്‍ കൊതിയുള്ളവര്‍ അങ്ങനെ ചെയ്യില്ല. എങ്കില്‍ അതേ പ്രാണഭയം, 'കന്നിക്കുടി'ക്കൊരുങ്ങുന്നവര്‍ക്കും ഉണ്ടാകേണ്ടതാണ്. ആരൊക്കെ പരിഹസിച്ചാലും എത്ര ഗുണങ്ങള്‍ അവകാശപ്പെട്ടാലും ഏതൊക്കെ സെലിബ്രിറ്റികളെ ചൂണ്ടിക്കാണിച്ചാലും അതായിരിക്കും ഉചിതമായ തീരുമാനം.
പലരും പറയുന്നത് മിതമായി, നിയന്ത്രിച്ച് മദ്യം കഴിക്കാമല്ലോയെന്നാണ്. ആ വാദം പൊള്ളയും കാപട്യംനിറഞ്ഞതുമാണ്. മദ്യപന് അനുദിനം വേണ്ടുന്ന അളവ് ക്രമംവിട്ട് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. എങ്കില്‍മാത്രമേ ആദ്യാനുഭൂതിയുടെ തീവ്രത നിലനിര്‍ത്താന്‍ പറ്റൂ. മദ്യത്തിന്റെ ഏറ്റവും നികൃഷ്ടമായ സ്വഭാവം, അതുണ്ടാക്കുന്ന അഡിക്ഷന്‍ ആണ്. അറുത്തുമാറ്റിയാലും കുടഞ്ഞെറിഞ്ഞാലും നമ്മെ വിട്ടുപോവുകില്ലത്. സ്വത്വത്തിന്റെ സമസ്തയിടങ്ങളിലും കെട്ടുപിണഞ്ഞു കിടക്കും.
കുടിച്ചതുകൊണ്ട് എന്തു സൗഭാഗ്യമാണ് കിട്ടാന്‍പോകുക? രസം, സുഖം, ആനന്ദം എന്നിങ്ങനെ ഉത്തരങ്ങള്‍ ഏറെ പറയാനുണ്ടാകും. ലഹരിയില്‍നിന്നുണ്ടാകുന്ന 'അനുഭൂതി'യെയാണ് ഇതു കുറിക്കുക. അത് മദ്യം തലച്ചോറിലുണ്ടാക്കുന്ന രാസപ്രവര്‍ത്തനങ്ങളുടെ ഭാഷാന്തരമാകുന്നു. (ഈ രാസപ്രവര്‍ത്തനങ്ങളാകട്ടെ കാലാന്തരത്തില്‍ ശാരീരിക, മാനസിക രോഗങ്ങളെ നിശ്ചയമായും ഉണ്ടാക്കിയിരിക്കും).
ലഹരിവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ മാത്രമേ ഈ അനുഭൂതി ഉണ്ടാകുകയുള്ളോ? ഒരിക്കലുമല്ല. നിര്‍മ്മലമായ, ആരോഗ്യകരമായ മാനസിക ശാരീരികാവസ്ഥകളുള്ള ഒരു വ്യക്തിക്ക് അല്ലാതെയും ഇതേ സന്തോഷമനുഭവിക്കാം. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമ്പോള്‍, പ്രണയിനിക്കൊപ്പം സംസാരിക്കുമ്പോള്‍, പ്രിയസുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുമ്പോള്‍, വിനോദസഞ്ചാരവേളകളില്‍, സാഹിത്യ-കലാസ്വാദനങ്ങളില്‍, കായികവിനോദങ്ങളില്‍, തൃപ്തികരമായ കുടുംബജീവിതത്തില്‍ ഒക്കെ നാമനുഭവിക്കുക പ്രകൃതി അനുവദിച്ചിട്ടുള്ള അനുഭൂതികളാണ്. ഈശ്വരസാക്ഷാത്കാരത്തിലേക്കുള്ള പടികള്‍ കയറുന്ന വ്യക്തി, ഒരര്‍ത്ഥത്തില്‍, കുറെക്കൂടി ഔന്നത്യമുള്ള, ചിരസ്ഥായിയായ ദിവ്യാനൂഭൂതി തിരിച്ചറിയുന്നു.
ഇതൊക്കെ ശരിയായിരിക്കേ, ലഹരികൂടി വേണമെന്ന് ഒരു മോഹം നിലനില്‍ക്കുന്നുണ്ടോ? കരുണയില്ലാത്ത ധാര്‍ഷ്ട്യമെന്നേ അതിനെ വിളിക്കേണ്ടൂ. അവനവനോടും സഹജീവികളോടും കാണിക്കുന്ന മനുഷ്യപ്പറ്റില്ലായ്മ. മദ്യാസക്തനായ വ്യക്തി, അയാളെക്കുറിച്ച് മറ്റുള്ളവര്‍ക്കുള്ള മതിപ്പ് നിശ്ചയമായും അറിഞ്ഞിരിക്കണം. സ്വന്തം സുഖംമാത്രം അന്വേഷിക്കുന്ന സ്വാര്‍ത്ഥന്‍, ജീവിതത്തില്‍ ആകെ താത്പര്യവും സ്‌നേഹവുമുള്ളത് മദ്യത്തോടുമാത്രം, അതു കിട്ടാനായി എന്തും ചെയ്യും, നുണ തരംപോലെ പറയും, വിശ്വാസവഞ്ചന കാണിക്കും, മദ്യത്തിനു തടസ്സം നില്‍ക്കാന്‍ ആത്മബന്ധങ്ങളെപ്പോലും അനുവദിക്കാത്തവന്‍ എന്നിങ്ങനെയെല്ലാമാണത്.
ഒരിക്കലാരംഭിച്ച മദ്യപാനം ഒരു ബാധ്യതയായി മാറുന്നു. മദ്യമൊഴിവാക്കുമ്പോള്‍ കടുത്ത ശാരീരികാസ്വസ്ഥതകള്‍ പ്രത്യക്ഷപ്പെടുന്നെങ്കില്‍ ഈ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കേണ്ടിവരും. ഉറക്കമില്ലായ്മ, ഉല്‍ക്കണ്ഠ, വിറ, മാനസികനിലയില്‍ വ്യതിയാനങ്ങള്‍, ഛര്‍ദ്ദി, ശരീരവേദന തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ഇതു നിയന്ത്രിക്കാന്‍ വീണ്ടും മദ്യം കഴിക്കേണ്ടിവരുന്നു. നല്ല തമാശയായിട്ടുണ്ടല്ലേ? ശരീരത്തെ സുഖിപ്പിക്കാന്‍ മദ്യം സേവിച്ചുതുടങ്ങി. ഒടുവില്‍ മദ്യത്തെ പ്രീതിപ്പെടുത്താന്‍ ശരീരത്തെ നല്‍കേണ്ടി വരുന്ന ഗതികേട്.
മദ്യാസക്തന്റെ കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നു. കാരണം, അയാളുടെ സ്വാര്‍ത്ഥത അത്ര വലുതാണ്. അതിനെ ചോദ്യംചെയ്യുകയോ, പഴിക്കുകയോ ചെയ്യുന്ന കുടുംബാംഗങ്ങള്‍ ശത്രുക്കളായിത്തീരുന്നു. അയാള്‍ തിരിച്ചറിയുന്നുണ്ട് ഈ സത്യം. അതായത്, തന്നെ  സ്‌നേഹിക്കാന്‍ ആരുമില്ല. എല്ലാവരും തന്നെ വെറുക്കുന്നു എന്ന്. അത് നിരാശയിലേക്കും ആത്മനിന്ദാപരമായ നിലപാടിലേക്കും, അയാളെയെത്തിക്കാം. തിരിച്ചറിയുക, മദ്യാസക്തി ഗുരുതരമായ രോഗംതന്നെയാണ്. ശരീരവും മനസ്സും ആത്മാവും ജീര്‍ണ്ണിക്കുന്ന അവസ്ഥ!
ഒരു സാഹചര്യത്തിലും മനസ്സിനു സന്തോഷമില്ലാത്ത അവസ്ഥയാണോ ഉള്ളത്? ലഹരിയില്‍ മാത്രമാണ് അഭയം എന്ന സ്ഥിതി? വിഷാദമോ, കടുത്ത ഉല്‍ക്കണ്ഠയോ നിങ്ങളെ ബാധിച്ചിട്ടുണ്ടാവാം. അവിടെ ലഹരിയല്ല പരിഹാരം. ഒട്ടും മടിക്കാതെ, ഒരു മനോരോഗവിദഗ്ദ്ധനെ കാണുക. നല്ലൊരു ജീവിതം മുന്നിലുണ്ടെന്ന കാര്യം മറക്കാതിരിക്കുക. അതു മദ്യത്തിനു തീറെഴുതരുത്.
കുടിച്ചുതുടങ്ങാനായി സ്വപ്നം കാണുന്ന ഓരോരുത്തരും അറിയുക; നിങ്ങള്‍ ചെയ്യുന്ന മൂന്നു ദ്രോഹങ്ങളെ. ഒന്ന്, പങ്കാളിക്ക് അവരര്‍ഹിക്കുന്ന സ്‌നേഹം നിറഞ്ഞ ഒരു ജീവിതം നിങ്ങളുടെ സ്വാര്‍ത്ഥതയ്ക്കായി നിഷേധിക്കുന്നു.എത്ര നിയന്ത്രിച്ചു കുടിക്കുന്നു എന്നവകാശപ്പെടുന്ന വ്യക്തിയുടെയും വിശ്വസ്തതയും കരുതലും സാമീപ്യവും അംഗീകാരവുമാകുന്ന പ്രണയം മദ്യത്തോടു മാത്രമായിരിക്കും. അതുകൊണ്ടാണ് ഭാര്യയുടെ കണ്ണീരു കണ്ടിട്ടും മദ്യത്തെ തള്ളിപ്പറയാത്തത്. രണ്ടാമത്തേത് സ്വന്തം അമ്മയെ ഭര്‍ത്സിക്കുകയും ദേഹോപദ്രവം ചെയ്യുകയും ചെയ്യുന്ന നീചനായ പിതാവിനെക്കണ്ട് വിഹ്വലപ്പെടുന്ന കുഞ്ഞുങ്ങളുടെ കാര്യമാണ്. ഒടുവില്‍ മാറാരോഗിയായി കടബാധ്യതകള്‍ വരുത്തി, കുടുംബത്തിന് തീരാശാപമായി ഭവിക്കുന്നു മദ്യാസക്തനും! അതുകൊണ്ട്, കുടിച്ചുമുടിയണമെന്നുള്ളവര്‍ കുടുംബജീവിതം തിരഞ്ഞെടുക്കുംമുമ്പ് നൂറുവട്ടം ആലോചിക്കുക. അതൊരു പുണ്യമായിരിക്കും.
വിശ്വസിക്കുന്ന ഒരാളെ സ്‌നേഹിക്കാന്‍ കഴിയുന്നതില്‍ വലിയ കാര്യം മറ്റെന്താണുള്ളത്? ഭാര്യയെയും കുട്ടികളെയും സ്‌നേഹിക്കുക, ഈശ്വരനെ സ്‌നേഹിക്കുക. മദ്യം ഇവയെല്ലാം വെറുക്കാനാണ് പ്രേരിപ്പിക്കുക.
മദ്യപന്‍ അവനവനെ അത്രയധികം ഇഷ്ടപ്പെടുന്നില്ല എന്നു കരുതാം. താഴ്ന്ന പ്രതിച്ഛായയാണ് അയാള്‍ സ്വയം കാണുക. തമോഭാവങ്ങളായ ഭയം, അപകര്‍ഷത, കുറ്റബോധം, മടി, നിരാശ ഇതൊക്കെയായിരിക്കും അയാളുടെ ഇമേജിനെ ഇടിക്കുന്നത്. ലഹരിയുടെ സ്വാധീനത്തില്‍ സ്വന്തം പ്രതിച്ഛായ മാറ്റിയെടുക്കാമെന്ന വൃഥാചിന്ത അയാള്‍ക്കുണ്ടാകാം. ഭയം മാറാന്‍, അല്ലെങ്കില്‍ വഴക്കുണ്ടാക്കാനൊക്കെ  മദ്യം മോന്തുന്നു. ഫലമോ? സുന്ദരമായ ഫോട്ടോയില്‍ നിന്നും കാരിക്കേച്ചര്‍ ഉണ്ടാക്കുന്നതുപോലെ പരിഹാസ്യമായ ഒരു സ്വത്വബോധമാണുണ്ടാകുക. അതിന്റെ സ്വാധീനത്തില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ക്ക് പിന്നീടു കനത്ത വിലയും നല്‍കേണ്ടി വരും.
സ്വയം സ്‌നേഹിക്കുക, പങ്കാളിയെയും കുട്ടികളെയും സ്‌നേഹിക്കുക. ആ സ്‌നേഹം ലഹരിക്കു മുമ്പില്‍ അടിയറ വയ്ക്കാതിരിക്കുക.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)