•  18 Apr 2024
  •  ദീപം 57
  •  നാളം 6
വചനനാളം

ഒരു മീന്‍ ചോദിച്ചാല്‍ ഒരു ചാകര!

മേയ് 2 ഉയിര്‍പ്പുകാലം അഞ്ചാം ഞായര്‍
ഏശ 49:7-13    ശ്ലീഹ 9:1-9
ഹെബ്രാ10:19-25   യോഹ 21:1-14

യേശു അവരോടു ചോദിച്ചു: ''കുഞ്ഞുങ്ങളേ, നിങ്ങളുടെയടുക്കല്‍ മീന്‍ വല്ലതുമുണ്ടോ? ഇല്ല എന്ന് അവര്‍ ഉത്തരം പറഞ്ഞു'' (യോഹ 21:5).
ഉത്ഥിതനായ ഈശോ പ്രത്യക്ഷം നല്‍കി ശിഷ്യന്മാരെ സമാശ്വസിപ്പിക്കുകയും തന്നെത്തന്നെ വെളിപ്പെടുത്തുകയും ചെയ്യുന്നതാണ് ഇന്നിന്റെ സുവിശേഷം. ഏഴു ശിഷ്യന്മാരുടെ മീന്‍പിടിത്തമാണ് വിഷയം. കടല്‍ തിബേരിയാസ് അഥവാ ഗലീലിയാണ്. മീന്‍പിടിക്കാന്‍ പോകുന്ന പത്രോസിനൊപ്പം അവരും വള്ളത്തില്‍ പുറപ്പെട്ടു. ''ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല'' (21:3). അധ്വാനം അലസിപ്പോയ രാത്രി. കര്‍ത്താവ് കൂടെയില്ലാതെപോയ ഒരു രാത്രി! അല്ലെങ്കില്‍ അവര്‍ കര്‍ത്താവിനൊപ്പം ഇല്ലാതിരുന്ന രാത്രി!
അവനില്ലാത്ത അധ്വാനങ്ങള്‍  വ്യര്‍ത്ഥമാണെന്ന് അവര്‍ പഠിച്ച രാത്രി! ഒപ്പം വരാന്‍ ആഗ്രഹിക്കുന്നവനെ ഒപ്പം കൂട്ടണമെന്ന് അവര്‍ മറന്നുപോയ രാത്രി! ദൈവത്തോടൊപ്പം തങ്ങള്‍ ഹീറോ ആണെന്നും ദൈവമില്ലെങ്കില്‍ തങ്ങള്‍ വെറും സീറോയാണെന്നും അവര്‍ പഠിച്ച രാത്രി!  നമ്മെ പഠിപ്പിക്കുന്ന രാത്രി. ''വള്ളത്തിന്റെ വലതുവശത്തു വലയിടുക. അപ്പോള്‍ നിങ്ങള്‍ക്കു കിട്ടും'' (21:6).
വല വീശിവീശി അവശരായി വള്ളത്തിലിരിക്കുന്ന ശിഷ്യന്മാര്‍. മീന്‍പിടിത്തത്തിന്റെ എല്ലാ തന്ത്രങ്ങളും മന്ത്രങ്ങളും അറിയാവുന്ന മുക്കുവര്‍. കടലോരങ്ങളില്‍ പിറന്നു വളര്‍ന്നവര്‍. അവര്‍ എന്നിട്ടും ആ അപരിചിതനെ  ചോദ്യം ചെയ്തില്ല. അവനോടു തര്‍ക്കിച്ചില്ല. അവന്‍ പറഞ്ഞത് അവര്‍ വിശ്വസിച്ചു, അനുസരിച്ചു. അവന്‍ പറഞ്ഞതുപോലെ വല വീശി. വള്ളത്തിന്റെ വലതുവശത്ത്. അവര്‍ ഒഴികഴിവുകള്‍ പറയാതെയാണു വല വീശിയത്. അവര്‍ വീശി വശംകെട്ടിരിക്കുകയാണെന്നോ തങ്ങള്‍ക്ക് ഇനി മനസ്സില്ലെന്നോ ഒന്നും. നിഷ്‌കളങ്കരായ അവര്‍ അവന്റെ വാക്കില്‍ വിശ്വസിച്ചു വീണ്ടും വല വീശി. ഫലം വല നിറയെ മത്സ്യം! തിരുവചനം പഠിപ്പിക്കുന്നു: ''നിങ്ങള്‍ക്കു കൈവന്നിരിക്കുന്ന ദൈവകൃപ വ്യര്‍ത്ഥമാക്കരുത്'' (2 കോറി 6:1). ചോദ്യം ചെയ്യലുകളും സന്ദേഹങ്ങളും ഒഴികഴിവുകളും അനുഗ്രഹങ്ങളെ നഷ്ടമാക്കും.  കൃപ ചോര്‍ത്തിക്കളയും. വീണ്ടും വചനം പറയുന്നു: ''ഇതാ, ഞാന്‍ വാതിലില്‍ മുട്ടുന്നു. ആരെങ്കിലും എന്റെ സ്വരം കേട്ടു വാതില്‍ തുറന്നുതന്നാല്‍ ഞാന്‍ അവന്റെ അടുത്തേക്കു വരും. ഞങ്ങള്‍ ഒരുമിച്ചു ഭക്ഷിക്കുകയും ചെയ്യും'' (വെളി 3:20). മണവാട്ടിയുടെ വാതിലില്‍ മുട്ടി വാതില്‍ തുറന്നു തരാന്‍ പലവട്ടം പറയുന്ന മണവാളന്റെ ചിത്രം ഉത്തമഗീതത്തിന്റെ അഞ്ചാം അധ്യായത്തിലുണ്ട്. മണവാട്ടി ഒഴികഴിവുകള്‍ പറഞ്ഞ് സമയം പാഴാക്കി കതകു തുറന്നപ്പോഴേക്കും അവന്‍ പോയിക്കഴിഞ്ഞിരുന്നു.
മേല്പറഞ്ഞ 'വലതുവശം' വിശ്വാസത്തിന്റെ വശമത്രേ. പ്രാര്‍ത്ഥനയുടെ വശമത്രേ. വിശ്വാസത്തോടെ, പ്രാര്‍ത്ഥനയോടെ വല വീശിയാല്‍ വല നിറയും. വീശാം, വിശ്വാസത്തോടെ, ശരണത്തോടെ, പ്രാര്‍ത്ഥനയോടെ. അപ്പോള്‍ അധ്വാനം ഫലദായമാകും. ഒന്നും കിട്ടാത്ത 'ആ രാത്രി'യെ അതിജീവിക്കാന്‍ ഈ 'വലതുവശ'വും അവന്റെ 'വലതുകര' വും ധാരാളം മതിയാകും.
വചനം  വീണ്ടും പറയുന്നു: ''ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകൈകൊണ്ട് ഞാന്‍ നിന്നെ താങ്ങിനിര്‍ത്തും'' (ഏശ. 41:10). ''കര്‍ത്താവിന്റെ വലതുകൈ മഹത്ത്വമാര്‍ജ്ജിച്ചിരിക്കുന്നു; കര്‍ത്താവിന്റെ വലതുകൈ കരുത്തു പ്രകടമാക്കി'' (സങ്കീ 118:16).
''അതില്‍ നൂറ്റിയമ്പത്തിമൂന്നു മത്സ്യങ്ങളുണ്ടായിരുന്നു'' (യോഹ. 21:11).
ഒരു മീന്‍ ചോദിച്ചാല്‍ ഒരു ചാകര തരുന്ന ദൈവത്തിന്റെ മഹത്ത്വം ശിഷ്യന്മാര്‍ അനുഭവിച്ചറിഞ്ഞ സമയം. തന്റെ ഭക്തര്‍ക്കു വാരിക്കോരി കുടഞ്ഞിട്ടു കൊടുക്കുന്ന ഒരു ദൈവം. 153 മത്സ്യങ്ങള്‍ എന്നത് കടലിലുള്ള 153 തരം മത്സ്യങ്ങള്‍ എന്ന് ഒരു വ്യാഖ്യാനം.
യഹൂദര്‍ വിശ്വസിച്ചിരുന്നത് അത്രയും തരം മത്സ്യങ്ങളാണ് കടലില്‍ ഉള്ളതെന്നാണ്. കടലില്‍ ഉള്ള എല്ലാത്തരം മത്സ്യങ്ങളും പത്രോസിന്റെ വലയിലുണ്ട്. ഒന്നിനെയും ഒഴിവാക്കിയിട്ടില്ല. ദൈവത്തിന്റെ ഉദാരത, കരുണ. പത്രോസും കൂട്ടരും വീശിയ ആ വല ദൈവരാജ്യമാകുന്ന വലയെന്നാണ് ഒരു വ്യാഖ്യാനം. ആരെയും ഒഴിവാക്കാത്ത, എല്ലാവരെയും  ഉള്‍ക്കൊള്ളുന്ന ഉദാരതയുടെ, കരുണയുടെ വല. യഹൂദരുടെ നിയമഗ്രന്ഥത്തില്‍ യഹോവയുടെ നാമം 153 തവണ പരാമര്‍ശിക്കുന്നുണ്ടെന്നാണ് മറ്റൊരു വ്യാഖ്യാനം. അവന്റെ നാമം വിളിച്ച് അവന്റെ നാമത്തില്‍ അവന്റെ വലത്തുകരത്തിന്റെ ശക്തിയില്‍ ശരണം വച്ച് വല വീശിയാല്‍ വല കാലിയാകില്ല. അവന്‍ വല നിറച്ചു തരും. കാനായിലെ കാലിയായ ഭരണികളില്‍ ഭൃത്യന്മാര്‍ ഒഴികഴിവുകള്‍ പറയാതെ അവനില്‍ വിശ്വസിച്ച് 'വക്കോളം' വെള്ളം നിറച്ചപ്പോള്‍ അവന്‍ അത് 'വക്കോളം' വീഞ്ഞാക്കി മാറ്റി. നമ്മുടെ വിശ്വാസത്തിന്റെ ആക്കവും തൂക്കവും ഏക്കവുമനുസരിച്ചാണ് അനുഗ്രഹത്തിന്റെ സമൃദ്ധി ജീവിതത്തിലേക്കു കടന്നുവരിക.
''യേശു സ്‌നേഹിച്ചിരുന്ന ആ ശിഷ്യന്‍ പത്രോസിനോടു പറഞ്ഞു: ''അതു കര്‍ത്താവാണ്'' (21:7).
ഉത്ഥിതനെ അവര്‍ കര്‍ത്താവായി തിരിച്ചറിയുന്നു. യേശു സ്‌നേഹിച്ചിരുന്ന ശിഷ്യനു കിട്ടിയ വലിയ ഒരു തിരിച്ചറിവ്. യേശു സ്‌നേഹിക്കുന്നവര്‍ക്കും യേശുവിനെ സ്‌നേഹിക്കുന്നവര്‍ക്കും കിട്ടുന്ന വലിയ തിരിച്ചറിവ്. 'കര്‍ത്താവ്' എന്നു കേട്ടപ്പോള്‍ പത്രോസ് കടലിലേക്കു ചാടി. കര്‍ത്താവിനെക്കണ്ട് കടലിനു മുകളിലൂടെയും നടന്നവനാണ് പത്രോസ്. കര്‍ത്തൃസാന്നിധ്യവും കര്‍ത്തൃവിചാരവും ഏതു കടലലകളെയും കവച്ചുവയ്ക്കാന്‍ ഒരുവനെ ശക്തിപ്പെടുത്തും. ഉത്ഥിതനെ കണ്ടുമുട്ടിയ തോമസ് പറഞ്ഞതും ഒന്നുതന്നെ: ''എന്റെ കര്‍ത്താവേ, എന്റെ ദൈവമേ.'' മറിയം മഗ്ദലന ഓടിപ്പോയി പത്രോസിനോടും യോഹന്നാനോടുമായി പറഞ്ഞത് 'കര്‍ത്താവിനെ' അവര്‍ കല്ലറയില്‍നിന്നു മാറ്റിയിരിക്കുന്നു എന്നാണ്. മറിയം ശിഷ്യന്മാരോടു പോയി പറഞ്ഞതും 'ഞാന്‍ കര്‍ത്താവിനെ കണ്ടു' എന്നാണ്.
യേശു പറഞ്ഞു: ''വന്നു പ്രാതല്‍ കഴിക്കുവിന്‍'' (21:12).
മീന്‍ അന്വേഷിച്ചു വന്നവന്‍ ഇപ്പോഴിതാ തീക്കനലില്‍ മീനും അപ്പവും ചുട്ടെടുക്കുന്നു. അവന്‍ അവരോട് ഇപ്പോള്‍ പിടിച്ച മത്സ്യത്തില്‍ കുറെ കൊണ്ടുവരാനും പറയുന്നു. ഒരു അമ്മയെപ്പോലെ അവന്‍ അപ്പവും മത്സ്യവും അവര്‍ക്കു കൊടുത്തു. അവന്‍ കര്‍ത്താവാണെന്ന് അപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞിരുന്നു. മീന്‍ പിടിക്കുന്ന ഒരു ദൈവം. മീനും അപ്പവും ചുട്ടെടുക്കുന്ന ഒരു ദൈവം. വള്ളത്തില്‍ യാത്ര ചെയ്യുന്ന ഒരു ദൈവം. കഴുതപ്പുറത്തു സഞ്ചരിക്കുന്ന ഒരു ദൈവം. നട്ടുച്ചനേരത്ത് കിണറിന്റെ കരയില്‍ കാത്തിരിക്കുന്ന ഒരു ദൈവം. കുനിഞ്ഞിരുന്നു കാലു കഴുകുന്ന ഒരു ദൈവം. കൂടെ നടക്കുന്ന ഒരു ദൈവം. അങ്ങനെ ഒരു ദൈവം സുവിശേഷത്തിന്റെ താളുകളില്‍ മാത്രം. ഓരോ ദിവസവും പ്രാതല്‍ (പ്രഭാതഭക്ഷണം) ഒരുക്കി അവന്‍ ഇന്നും നമ്മെ അള്‍ത്താരയില്‍നിന്നു ക്ഷണിക്കുന്നു: ''മക്കളേ, വന്നു പ്രാതല്‍ കഴിക്കുവിന്‍. അല്ലെങ്കില്‍ യാത്ര ദുഷ്‌കരമായിരിക്കും'' (1 രാജാ. 19:7).

 

Login log record inserted successfully!