കറ്റാര്‍വാഴയുടെ പോളയില്‍നിന്നു ലഭിക്കുന്ന സത്ത് പ്രത്യേകമായി ഉണക്കിയെടുത്ത് തയ്യാറാക്കുന്ന ഒരു ഔഷധമാണ് ചെന്നിനായകം. ഇവ തനിച്ചും മറ്റു മരുന്നുകളോടു ചേര്‍ത്തും ഔഷധാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു. ലില്ലിയേസി കുടുംബത്തില്‍പ്പെട്ട ''അലോവിറീ'' എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന കറ്റാര്‍വാഴതന്നെ പല ഇനമുണ്ട്.
ആയുര്‍വേദം, സിദ്ധവൈദ്യം, യുനാനി, ഹോമിയോപ്പതി തുടങ്ങിയ ചികിത്സാശാഖകളിലെല്ലാം കറ്റാര്‍വാഴയുടെ സാന്നിധ്യമുണ്ട്. ഈജിപ്തുകാര്‍ പൂര്‍വകാലത്തുതന്നെ കറ്റാര്‍വാഴ ഔഷധമായും സൗന്ദര്യവര്‍ദ്ധകമായും ഉപയോഗിച്ചിരുന്നു. ക്ലിയോപാട്രയുടെ സൗന്ദര്യവര്‍ദ്ധകശേഖരത്തില്‍ കറ്റാര്‍വാഴ ഉത്പന്നങ്ങള്‍ക്കു മുഖ്യസ്ഥാനമുണ്ടായിരുന്നത്രേ. ക്രിസ്തുവിന്റെ ശവസംസ്‌കാരത്തിനു കൊണ്ടുവന്ന സുഗന്ധക്കൂട്ട് മീറയും ചെന്നിനായകവും ചേര്‍ന്നതായിരുന്നുവെന്ന് വിശുദ്ധ ബൈബിള്‍ പറയുന്നു (യോഹ. 19:39).
രോഗപ്രതിരോധശക്തി നല്കുന്നതില്‍ കറ്റാര്‍വാഴനീര് വളരെ പ്രധാനമാണ്. അതിനാല്‍, മാരകരോഗങ്ങള്‍ക്കു പ്രതിവിധിയെന്ന നിലയിലും കറ്റാര്‍വാഴ ഉപയോഗിച്ചുവരുന്നു. തൈലങ്ങള്‍, ലേഹ്യങ്ങള്‍, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, സോപ്പ്, ഷാമ്പൂ, ലോഷന്‍, ഔഷധങ്ങള്‍ തുടങ്ങിയവ തയ്യാറാക്കുന്നതിനാണ് കറ്റാര്‍വാഴ കൂടുതലായും ഉപയോഗിച്ചുവരുന്നത്. കറ്റാര്‍വാഴയില്‍നിന്നു പുതിയ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നുവരുന്നു.
ഗൃഹകന്യാ, കുമാരി എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന കറ്റാര്‍വാഴ മരുന്നിനായും അലങ്കാരച്ചെടിയായും നട്ടുവളര്‍ത്തുന്നു. കറ്റാര്‍വാഴയുടെ ചുവട്ടില്‍നിന്നു പൊട്ടുന്ന ചെറിയ തൈകളാണ് നടാന്‍ ഉചിതം. മണ്ണ്, ചാണകപ്പൊടി, കമ്പോസ്റ്റ് എന്നിവ ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതത്തില്‍ ചെടിച്ചട്ടികളിലോ ഗ്രോബാഗുകളിലോ പ്ലാസ്റ്റിക് ചാക്കുകളിലോ ഇവ വളര്‍ത്താം. കൃഷിയിടത്തില്‍ നേരിട്ടും നടാവുന്നതാണ്.