•  5 Dec 2024
  •  ദീപം 57
  •  നാളം 39
ശ്രേഷ്ഠമലയാളം

തേജസ്സ്

ദാന്തേവ്യഞ്ജനം വന്നാല്‍/ സംവൃതം ചേര്‍ത്തു ചൊല്ലുക (കാരിക 19)* എന്ന ഭാഷാനിയമപ്രകാരം തേജസ്സ് എന്നാണു വേണ്ടത്. തേജസ് എന്ന സംസ്‌കൃതശബ്ദം മലയാളമാക്കുമ്പോള്‍ അന്ത്യവ്യഞ്ജനദ്വിത്വവും സംവൃതസ്വരവും ചേര്‍ക്കണം. അപ്പോള്‍, തേജസ്, തേജസ്സ് എന്നാകുന്നു. ''തേജഃ പ്രഭാവേ ദീപ്തൗ ച ബലേ ശുക്ലേ വ്യതസ്ത്രീഷ്ഠ''** എന്ന് അമരകോശം. പ്രകാശം, പ്രഭാസം, ബലം, മൂര്‍ച്ച, അഗ്നി എന്നിങ്ങനെ തേജസ്സിന് നാനാര്‍ത്ഥങ്ങള്‍ വരും.
സംസ്‌കൃതത്തിലെ പ്രഥമാരൂപമായ മനസ് ഭാഷയില്‍ മനസ്സ് എന്നാകും. മനസാ (മനസ്സുകൊണ്ട്) എന്നിടത്ത് സകാരത്തിന് ഇരട്ടിപ്പു വേണ്ട. മനസാ വാചാ കര്‍മ്മണാ എന്നാണല്ലോ ശരിയായ പ്രയോഗം. എന്നാല്‍, സപ്തമീരൂപമായ മനസി മലയാളമാക്കുമ്പോള്‍ മനസ്സില്‍ എന്നു വേണംതാനും. ശിരസി (ശിരസ്സില്‍) എന്നതിനെ ശിരസ്സാ എന്നെഴുതുന്നത് തെറ്റാണ്. 'ഞാന്‍ ശിരസാ വഹിച്ചു' എന്നാണു വേണ്ടത്. 
സംസ്‌കൃതത്തിലെ പ്രഥമാരൂപമായ തപസ് (തപിക്കല്‍) മലയാളമാകുമ്പോള്‍ തപസ്സ് എന്നാക്കണം. ശരീരത്തെ തപിപ്പിക്കുന്നതിനാല്‍ തപസ്സ് എന്നു പേര്‍. ആത്മസാക്ഷാത്കാരത്തിനോ ഇഷ്ടദേവതാപ്രീതിക്കോവേണ്ടി മനസ്സിനെ വിഷയങ്ങളില്‍നിന്നു നിവര്‍ത്തിക്കുന്ന നിയമം, ഉപവാസം, ധ്യാനം, മനനം തുടങ്ങിയവ തപസ്സിനെ സൂചിപ്പിക്കുന്നു.
വയസ്സ്, ഉഷസ്സ്, പയസ്സ്, നഭസ്സ്, സദസ്സ്, ഓജസ്സ്, രക്ഷസ്സ് എന്നിങ്ങനെ സ ഇരട്ടിച്ചും സംവൃതോകാര ചിഹ്നം ചേര്‍ത്തും എഴുതുന്നതാണ് ഭാഷാനയങ്ങള്‍ക്കു ചേര്‍ന്ന രീതി. ഇംഗ്ലീഷില്‍നിന്നു സ്വീകരിച്ച വാക്കുകളിലും ഈ നയം പിന്തുടരണം. ഉദാ. ബസ്സ്, ചെസ്സ്, ക്വിസ്സ് എന്നിങ്ങനെ.
തേജസ്സിനു പ്രകാശമെന്നും തേജസ്വിക്കു പ്രകാശമുള്ളവന്‍ എന്നും തേജസ്വിനിക്കു പ്രകാശമുള്ളവള്‍ എന്നും സാമാന്യമായ അര്‍ത്ഥം. ''തേജസ്വി നാവധീതമസ്തു''  - നമ്മള്‍ (ഗുരുവും ശിഷ്യനും) പഠിച്ചത് തേജസ്സുള്ളതായിരിക്കട്ടെ എന്നായാല്‍ നല്ല മലയാളമായി.
*രാജരാജവര്‍മ്മ, കേരളപാണിനീയം, എന്‍.ബി.എസ്., കോട്ടയം, 1988, പുറം - 134
** പരമേശ്വരന്‍ മൂസ്സത്, ടി.സി., അമരകോശം (പാരമേശ്വരി), എന്‍.ബി.എസ്, കോട്ടയം, 2013, പുറം -812

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)