•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

ജില്ലാപ്പഞ്ചായത്ത്

ഹാവൈയാകരണനായ എ.ആര്‍. രാജരാജവര്‍മ്മ അന്നു നിലവിലിരുന്ന ഭാഷയ്ക്കാണ് പ്രയോഗവ്യവസ്ഥ ഏര്‍പ്പെടുത്തിയത്. കേരളപാണിനീയം പ്രസിദ്ധീകൃതമായിട്ട് ഒന്നേകാല്‍ നൂറ്റാണ്ടോളമായി. ഭാഷയിലും വ്യാകരണചിട്ടവട്ടങ്ങളിലും നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. അവയില്‍ പലതും ഉള്‍ക്കൊള്ളാന്‍ കേരളപാണിനീയവിധികള്‍ക്കാവുന്നില്ല. പുതുപദയോഗങ്ങളെ വ്യവസ്ഥപ്പെടുത്താന്‍ നവീനവ്യാകരണനിയമങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. 
ദ്വിത്വസന്ധിയിലാകട്ടെ, വ്യവസ്ഥ ചെയ്യാന്‍ പറ്റാത്തത്ര ശിഥിലതകളാണുള്ളത്. തമ്മില്‍ ചേരുന്ന വര്‍ണ്ണങ്ങളില്‍   ഒന്നാമത്തേതോ രണ്ടാമത്തേതോ പുതിയതായി വന്നാല്‍ അവയില്‍ ഒന്ന് ഇരട്ടിക്കും. പരമായി വരുന്നത് സ്വരമാണെങ്കില്‍ പൂര്‍വ്വപദാന്തവര്‍ണ്ണത്തിനും (തൊള് + ആയിരം = തൊള്ളായിരം) പരമായി വരുന്നത് വ്യഞ്ജനമാണെങ്കില്‍ ആ വ്യഞ്ജനത്തിനും (സ്വര്‍ണ്ണ + കമ്മല്‍ = സ്വര്‍ണ്ണക്കമ്മല്‍) ദ്വിത്വം സംഭവിക്കും.
സമാസിക്കുമ്പോള്‍ പൂര്‍വ്വപദാന്തവര്‍ണ്ണത്തിനോ ഉത്തരപദാദിവ്യഞ്ജനത്തിനോ പ്രാധാന്യം വരാം. പരാമൃഷ്ടവര്‍ണ്ണങ്ങള്‍ക്ക് ഊന്നല്‍ കൊടുത്താണ് പ്രാധാന്യം കൈവരുത്തുന്നത്. ഉച്ചാരണത്തിനു നല്കുന്ന ഊന്നല്‍ ദ്വിത്വത്തിനു കാരണമാകുന്നു. ഈ പ്രവണതയ്ക്ക് 'ബലാഘാതം' എന്നു പരികല്പന ചെയ്യാം. ''സന്ധി ചേരുന്നിടത്ത് ബലത്തിനുവേണ്ടി ഒരു വര്‍ണ്ണം ഉറപ്പിച്ച് ഉച്ചരിക്കുന്നതാണ് ബലാഘാതം'' * എല്ലാത്തരം ദ്വിത്വസന്ധിക്കും അടിസ്ഥാനം ബലാഘാതമെന്നത്രേ നവീന വ്യാകരണമതം.
അറബിഭാഷയില്‍നിന്നു സ്വീകരിക്കപ്പെട്ട ഒരു തദ്‌സമമാണ് ജില്ലാ എന്ന പദം (മലയാളത്തില്‍ ജില്ല എന്നു മതി). അതിനോട് ഉറുദു (ഹിന്ദി) വാക്കായ പഞ്ചായത്ത് ചേരുമ്പോള്‍, പൂര്‍വ്വപദാന്തദീര്‍ഘം നഷ്ടപ്പെടാതെതന്നെ ബലാഘാതംമൂലം 'പ'കാരത്തിന് ദ്വിത്വം വരും. അങ്ങനെ ജില്ലാ + പഞ്ചായത്ത്, ജില്ലാപ്പഞ്ചായത്ത് എന്നാകുന്നു. ജില്ലാ + കോടതി = ജില്ലാക്കോടതി; ജില്ലാ + കോര്‍ട്ട് = ജില്ലാക്കോര്‍ട്ട് എന്നിങ്ങനെ സമാന സമസ്തപദങ്ങള്‍ ഭാഷയില്‍ ഉണ്ട്. പരീക്ഷാപ്പേപ്പര്‍, ഗുണ്ടാപ്പിരിവ് മുതലായവയിലും ഇതേ നയമാണ് പ്രവര്‍ത്തിക്കുന്നത്.
ബ്ലോക്കുപഞ്ചായത്തില്‍ 'പ' കാരം ഇരട്ടിക്കാത്തതിന് വേറെ കാരണമുണ്ട്. പൂര്‍വ്വപദം സംവൃതോകാരാന്തമായാല്‍ പരവ്യഞ്ജനത്തിനു പ്രായേണ ദ്വിത്വമില്ല. അതിന്‍പ്രകാരം ബ്ലോക്ക് + പഞ്ചായത്ത്, ബ്ലോക്കുപഞ്ചായത്ത് എന്നു വരുന്നു. 'പഞ്ചായത്ത്' എന്ന ഉത്തരപദത്തിലെ പകാരത്തിന് ബലാഘാതമില്ലാത്തതും ഇരട്ടിക്കാത്തതിനു കാരണമാകാം. എന്നാല്‍, ഗ്രാമപഞ്ചായത്തില്‍ (ഗ്രാമ + പഞ്ചായത്ത് = ഗ്രാമപ്പഞ്ചായത്ത്) വിശേഷണവിശേഷ്യത്വവും ബലാഘാതവും സംയുക്തമായി സംഭവിക്കുന്നതിനാല്‍ ഇരട്ടിപ്പ് അവര്‍ജ്യമാകുന്നു.
* നമ്പൂതിരി, ഇ.വി.എന്‍, കേരളഭാഷാവ്യാകരണം, ഡി.സി. ബുക്‌സ്, 2005, പുറം - 40.

 

Login log record inserted successfully!