•  2 May 2024
  •  ദീപം 57
  •  നാളം 8
വചനനാളം

ഉറവയ്ക്കായും പ്രകാശത്തിനായും പതുങ്ങുക

മാര്‍ച്ച് 14 നോമ്പുകാലം  അഞ്ചാം ഞായര്‍
ഉത്പ 16:6-16ജോഷ്വ 9:16-27 
റോമ 12:1-11 യോഹ 7:37-39, 8:12-20

യോഹന്നാനും ഏശയ്യായും ഇണപിരിയാത്ത കൂട്ടുകാരാണ് - ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലാത്ത കൂട്ടുകാര്‍! യോഹന്നാന്റെ സുവിശേഷത്തില്‍നിന്ന് നോമ്പുകാലത്തിലെ അഞ്ചാം ഞായറാഴ്ച നാം വായിച്ചുകേള്‍ക്കുന്ന ആത്മക്കൈമാറ്റം, ലോകപ്രകാശം എന്നീ പ്രമേയങ്ങള്‍ ഏശയ്യായിലെ യഥാക്രമം നാലും രണ്ടും കര്‍ത്തൃദാസഗീതങ്ങളോടു ബന്ധപ്പെട്ടതാണ്! എഴുനൂറു വര്‍ഷങ്ങള്‍ക്കപ്പുറവും ഇപ്പുറവുമായി ജീവിച്ചിരുന്ന രണ്ടുപേര്‍ക്കിടയിലുള്ള അതിതീക്ഷ്ണമായ ഈ ദൈവശാസ്ത്രസൗഹൃദത്തെ ''ദൈവനിവേശനത്തിന്റെ മഹാദ്ഭുതം'' എന്നേ വിശേഷിപ്പിക്കാനാകൂ...
ജറുസലേമിലെ കൂടാരത്തിരുനാളാഘോഷങ്ങള്‍ക്കിടയില്‍ ഈശോ അരുള്‍ ചെയ്ത തിരുവചനങ്ങളുടെ ചരിത്രപശ്ചാത്തലം മനസ്സിലാക്കാന്‍ ആദ്യം ശ്രമിക്കാം; അതിനുശേഷം, പശ്ചാത്തലത്തില്‍ ഊന്നിയുള്ള സുവിശേഷവ്യാഖ്യാനവും. എല്ലാം ഗ്രഹിച്ചുകഴിയുമ്പോള്‍ നമുക്കു മനസ്സിലാകും, യോഹന്നാനും ഏശയ്യായ്ക്കും കൂട്ടുകാരനായി ഒരു പാട്ടുകാരനും കൂടിയുണ്ടെന്ന് - 36-ാം സങ്കീര്‍ത്തനത്തിന്റെ രചയിതാവ്!
കൂടാരത്തിരുനാള്‍
യഹൂദകലണ്ടറനുസരിച്ച് തിഷ്‌റിമാസം (സെപ്തംബര്‍-ഒക്‌ടോബര്‍) 15-22 തീയതികളില്‍ ജറുസലേമിന്റെ തെരുവുകളിലും ദൈവാലയപരിസരത്തും ജനം താത്കാലികകൂടാരങ്ങളില്‍ പാര്‍ത്തിരുന്നു. ആ ദിനങ്ങളില്‍ അവര്‍ നടത്തിയിരുന്ന മൂന്നു കര്‍മാനുഷ്ഠാനപ്രദക്ഷിണങ്ങളില്‍ രണ്ടാമത്തേത് പുരോഹിതരുടെ ജലപ്രദക്ഷിണമായിരുന്നു. ദേവാലയത്തില്‍നിന്ന് സീലോഹാക്കുളത്തിലേക്കു ചെന്ന് വെള്ളംകോരി അതുമായി ജലകവാടത്തിലൂടെ ദൈവാലയത്തിലേക്കു കടന്ന് അള്‍ത്താരയില്‍ ജലധാരയൊഴുക്കുന്ന ഈ കര്‍മാനുഷ്ഠാനം ഗീതങ്ങളാലും വാദ്യോപകരണസംഗീതത്താലും നൃത്തത്താലും മേളക്കൊഴുപ്പുള്ളതായിരുന്നു. മൂന്നാമത്തെ സാഘോഷമായസായാഹ്നപ്രദക്ഷിണത്തിനിടെ വനിതകള്‍ക്കുള്ള ദൈവാലയപരിസരത്തു സ്ഥാപിതമായിട്ടുള്ള നാലു ഭീമന്‍ വിളക്കുകാലുകളില്‍ പുരോഹിതര്‍ ദീപംതെളിക്കുമായിരുന്നു. ജറുസലേംമുഴുവന്‍ പ്രോജ്ജ്വലിപ്പിക്കുന്ന ആ ദീപക്കാഴ്ച അതിസുന്ദരമായിരുന്നു. ആത്മക്കൈമാറ്റം
മേല്‍പ്രതിപാദിച്ച കര്‍മത്തിലെ ജലധാരയൊഴുക്കല്‍കര്‍മം യേശുവില്‍ വിശ്വസിക്കുന്നവര്‍ക്കുള്ള അവിടത്തെ പരിശുദ്ധാത്മദാനത്തിന്റെ പ്രതീകമായി വ്യാഖ്യാനിക്കുകയാണ് യോഹന്നാന്‍സുവിശേഷകന്‍. നോമ്പിന്റെ അഞ്ചാം ഞായറാഴ്ചയിലെ സുവിശേഷഭാഗത്തില്‍ നോമ്പുകാലപ്രസക്തം എന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാകുന്ന തിരുവചനം 'അതുവരെയും ആത്മാവു നല്‍കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍ യേശു അതുവരെയും മഹത്ത്വീകരിക്കപ്പെട്ടിരുന്നില്ല' (യോഹ 7,39) എന്നതാണ്. 'ദൊക്‌സാറ്റ്‌സോ''എന്ന ക്രിയാപദമാണ് ഇവിടെ 'മഹത്ത്വീകരിക്കുക' എന്ന ക്രിയാപദമായി പ്രയോഗിക്കപ്പെട്ടിട്ടുള്ളത്. 
ഏശ 52,13-ന്റെ ഗ്രീക്കുഭാഷ്യത്തിലും 'ദൊക്‌സാറ്റ്‌സോ' എന്ന ക്രിയാപദം കാണാം: ''എന്റെ ദാസനു ശ്രേയസ്സുണ്ടാകും. അവന്‍ ഉയര്‍ത്തപ്പെടുകയും ഏറെ മഹത്ത്വപ്പെടുകയും ചെയ്യും.'' ഒറ്റനോട്ടത്തില്‍, ആര്‍ക്കോ നല്ലകാലം വന്നുചേര്‍ന്നിരിക്കുന്നു എന്ന ധ്വനിയുണര്‍ത്തുന്ന ഈ വാക്യത്തിന്റെ തൊട്ടുപിന്നാലെയുള്ള ഭാഗം വായിക്കുമ്പോഴാണ് നാം പകച്ചുപോകുന്നത്: ''അവനെ കണ്ടവര്‍ അമ്പരന്നുപോയി; മനുഷ്യനെന്നു തോന്നാത്തവിധം അവന്‍ വിരൂപനായിരിക്കുന്നു. അവന്റെ രൂപം മനുഷ്യന്റേതല്ല.'' അത്ര ദയനീയമായ സഹനനിമിഷങ്ങളെയാണ് ഏശയ്യാപ്രവാചകന്‍ മഹത്ത്വത്തിന്റെ നിമിഷമായി ചിത്രീകരിച്ചിരിക്കുന്നത്. യോഹന്നാന്റെ കാഴ്ചപ്പാടും അതുതന്നെ - കുരിശിലേറുന്ന നിമിഷമാണ് യേശുവിന്റെ മഹത്ത്വത്തിന്റെ നിമിഷം. ആ നിമിഷമാണ് ആത്മാവ് കൈമാറപ്പെടുന്നത്. യോഹ 19,30ല്‍ നാം വായിക്കുന്നു: ''അവന്‍ തലചായ്ച്ച് ആത്മാവിനെ സമര്‍പ്പിച്ചു.'' ഈ പരിഭാഷ അര്‍ത്ഥമാക്കുന്നത് അവന്‍ തലചായ്ച്ച് ആത്മാവിനെ പിതാവിനു സമര്‍പ്പിച്ചു എന്നാണ്. 'പാരാദീദൊമി' എന്ന ഗ്രീക്കുവാക്കിന് 'കൈമാറുക' എന്നേ അര്‍ത്ഥമുള്ളൂ എന്നതിനാല്‍, യേശുവിന്റെ മഹത്ത്വീകരണത്തോടെ വിശ്വാസികളിലേക്ക് പരിശുദ്ധാത്മാവിന്റെ കൈമാറലുണ്ടാകും എന്ന വാഗ്ദാനത്തിന്റെ (യോഹ 7,37-39) പൂര്‍ത്തീകരണനിമിഷമാണത് എന്നു വ്യക്തമാണ്. അതിനാല്‍, കുറെക്കൂടി കൃത്യവും സാധുവുമായ പരിഭാഷ, 'അവന്‍ തലചായ്ച്ച് ആത്മാവിനെ കൈമാറി' എന്നായിരിക്കും. പരിഷ്‌കരിച്ച പി.ഒ.സി. ബൈബിളില്‍ ഇതു കാണാം.
നോമ്പുകാലം ആത്മസമൃദ്ധിയുടെ മരുഭൂമിക്കാലമായിരിക്കണമെന്ന സഭയുടെ ദര്‍ശനം ഈ ആരാധനക്രമത്തിലൂടെ നമുക്കു സ്വന്തമാക്കാം. പരിശുദ്ധാത്മാവിന്റെ ദാനങ്ങളാലും ഫലങ്ങളാലും നമ്മുടെ ജീവിതം സമ്പന്നമാകട്ടെ! സങ്കീര്‍ത്തകനോടൊപ്പം നമുക്കും പാടാം: ''അങ്ങിലാണ് ജീവന്റെ ഉറവ'' (36,9).
ലോകപ്രകാശം
മേല്‍പ്പറഞ്ഞ കര്‍മത്തിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശധോരണി ലോകത്തിന്റെ പ്രകാശമായ യേശുവിന്റെ പ്രതീകമായി വ്യാഖ്യാനിക്കുകയാണ് യോഹന്നാന്‍ (8,12-20). ഈ വ്യാഖ്യാനം, യഥാര്‍ത്ഥത്തില്‍, സഹനദാസനെക്കുറിച്ചുള്ള ഏശയ്യാപ്രവാചകന്റെ രണ്ടാം പ്രവചനത്തിന്റെ പൂര്‍ത്തീകരണമാണ്: ''യാക്കോബിന്റെ ഗോത്രങ്ങളെ ഉയര്‍ത്താനും ഇസ്രായേലില്‍ അവശേഷിച്ചിരിക്കുന്നവരെ ഉദ്ധരിക്കാനും നീ എന്റെ ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്. എന്റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന് ഞാന്‍ നിന്നെ ലോകത്തിന്റെ പ്രകാശമായി നല്‍കും'' (ഏശ 49,6).
താന്‍ ലോകത്തിന്റെ പ്രകാശമാണെന്ന യേശുവിന്റെ പ്രസ്താവനയ്ക്ക് രണ്ട് അര്‍ത്ഥങ്ങളുണ്ടാകാം: (1) ലോകത്തിനു കാഴ്ചയും ഉള്‍ക്കാഴ്ചയും നല്കുന്നവനാണ് ഈശോ. അന്ധര്‍ക്കു കാഴ്ചയും (യോഹ 9) വഴിപിഴച്ചവര്‍ക്കു വിശുദ്ധവഴിയും (യോഹ 8,1-12; 4,1-42) സമ്മാനിച്ചവനാണവിടന്ന്. (2) ഈശോ നടത്താനിരിക്കുന്ന ന്യായവിധിയെയും ഇതു സൂചിപ്പിക്കുന്നുണ്ടാകാം. തന്റെ വിധി സത്യമാണെന്ന അവിടത്തെ പ്രസ്താവന (8,16) ഇതിലേക്കാണല്ലോ വിരല്‍ചൂണ്ടുന്നത്.
യേശുവിന്റെ വെളിച്ചം കൂടുതല്‍ക്കൂടുതലായി സ്വന്തമാക്കി ജീവിതത്തിന്റെ ഇരുളുകള്‍ പാടേ നീക്കാന്‍ നമുക്കു ലഭിച്ചിട്ടുള്ള അനുഗ്രഹകാലമാണ് നോമ്പുകാലം. സങ്കീര്‍ത്തകനോടൊപ്പം ആത്മാര്‍ത്ഥമായി നമുക്കും പാടാം: ''അങ്ങയുടെ പ്രകാശത്തിലാണ് ഞങ്ങളുടെ പ്രകാശം'' (സങ്കീ 36,9).

 

Login log record inserted successfully!