ഫെബ്രുവരി 14 നോമ്പുകാലം ഒന്നാം ഞായര്‍
പുറ 34:27-35 ഏശ 58:1-10
എഫേ 4:17-24 മത്താ 4:1-11
ഈ കിടിലന്‍ ഡയലോഗിന് എക്കാലത്തും, പ്രത്യേകിച്ച് നോമ്പുകാലത്ത്, പ്രസക്തിയുണ്ട്. കര്‍ക്കശമായ നിഷ്ഠകളിലൂടെ സ്വയം മെരുങ്ങുന്ന കായികാഭ്യാസിയും ഏകാന്തതയിലേക്കും നിശ്ശബ്ദതയിലേക്കും സ്വയം ഉള്‍വലിയുന്ന കലാ-സാഹിത്യപ്രതിഭകളും വായനയുടെയും പഠനത്തിന്റെയും ചിന്തയുടെയും പരീക്ഷണത്തിന്റെയും ഉള്‍മുറിയിലേക്കു കയറി വാതിലടയ്ക്കുന്ന ശാസ്ത്രജ്ഞരും കുതിപ്പിനായുള്ള പതുങ്ങലിലാണ്.
ഉത്ഥാനത്തിന്റെ കുതിപ്പിലേക്ക് എത്തുംമുമ്പേയുള്ള നോമ്പിന്റെ നാല്പതുനാളുകള്‍ മരുഭൂമിയിലെ ഈശോയോടൊപ്പമുള്ള ഒരു പതുങ്ങല്‍ക്കാലമാണ്; ഊഷരമെന്നു പൊതുവേ തോന്നാവുന്നതും എന്നാല്‍, അങ്ങേയറ്റം ശാദ്വലവുമായ ഒരു കാലമാണത് - 'വസ്ത്രങ്ങള്‍ പഴകിപ്പോവുകയോ കാലുകള്‍ വിങ്ങുകയോ' ചെയ്യാത്ത കാലം (നിയ 8,4); 'ഉടമ്പടിയുടെ രണ്ടു കല്പലകകള്‍' ലഭിക്കാനെടുത്ത കാലം (നിയ 9,11); ജനത്തിന്റെ പാപപരിഹാരത്തിനായി മോശ കര്‍ത്തൃസന്നിധിയില്‍ പ്രണമിച്ചുകിടന്ന കാലം (നിയ 9,18); 'യേശു ആത്മാവിന്റെ ശക്തിയോടുകൂടി ഗലീലിയിലേക്കു' മടങ്ങിപ്പോകാന്‍ എടുത്ത കാലം (ലൂക്കാ 4,14).
ഒരു പ്രലോഭനധ്യാനം
യേശുവിന്റെ മരുഭൂമിയിലെ ഉപവാസവും തദനന്തരമുള്ള പ്രലോഭനവും ദൈവഹിതപ്രകാരമുള്ളതായിരുന്നു. ജോര്‍ദാനില്‍ മാമ്മോദീസാവേളയില്‍ അവിടത്തെമേല്‍ ഇറങ്ങിവന്ന ദൈവാത്മാവുതന്നെയാണ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചതെന്നു (മത്താ 4,1) വ്യക്തം.
യേശുവിനുണ്ടായ പ്രലോഭനങ്ങളെ അപ്പത്തിലും ചാട്ടത്തിലും ആരാധനയിലും ഒതുക്കിക്കളയാനുള്ള പ്രലോഭനത്തെ നാം അതിജീവിച്ചേ തീരൂ. കാരണം, യേശുവിന്റെ പ്രലോഭനങ്ങളുടെ കാമ്പ് നഷ്ടപ്പെടാന്‍ അതിടയാക്കും. യഥാര്‍ഥത്തില്‍, മരുഭൂമിയില്‍ സാത്താന്‍ ഉലയ്ക്കാന്‍ ശ്രമിച്ചത് യേശുവിന്റെ ദൈവപുത്രത്വബോധ്യത്തെയായിരുന്നു. 'നീ ദൈവപുത്രനാണെങ്കില്‍...' എന്ന ആവര്‍ത്തിച്ചുള്ള വെല്ലുവിളിയാണ് പ്രലോഭനങ്ങള്‍! ജോര്‍ദാനില്‍നിന്ന് 'ഇവന്‍ എന്റെ പ്രിയപുത്രന്‍' ('നീ എന്റെ പ്രിയപുത്രന്‍' എന്നു ലൂക്കാ 3,2 ല്‍) എന്ന പിതാവിന്റെ സാഘോഷപ്രഖ്യാപനം ശ്രവിച്ചുവന്ന പുത്രനോടാണ് സാത്താന്റെ ഈ വെല്ലുവിളിയെന്നോര്‍ക്കണം. യേശുവിന് തന്റെ പുത്രത്വബോധ്യത്തില്‍ അല്പമെങ്കിലും ചാഞ്ചാട്ടം ഉണ്ടായിരുന്നെങ്കില്‍ ആ മരുഭൂമി ~ഒരു വന്‍ ബേക്കറിയായി മാറിയേനെ! ജറുസലേം ദേവാലയം, സര്‍ക്കസ് കൂടാരമായും!!
മൂന്നാമത്തെ പ്രലോഭനം അഗാധതരവും കൂടുതല്‍ ശ്രദ്ധാര്‍ഹവുമാണ്. 'ഇവയെല്ലാം നിനക്കു ഞാന്‍ നല്കാം' എന്ന സാത്താന്റെ വാഗ്ദാനത്തില്‍ എല്ലാം തന്റേതാണെന്ന അവകാശവാദമാണുള്ളത്. അതിലൂടെ അവന്‍ പറയാതെ പറയുന്നത് താനാണ് ദൈവപുത്രന്‍ എന്നാണ്. കാരണം, 'എന്നോടു ചോദിച്ചുകൊള്ളുക... ഭൂമിയുടെ അതിരുകള്‍ നിനക്ക് അധീനമാകും' എന്ന തിട്ടൂരം പുത്രനാണ് എഴുതിക്കിട്ടിയിരിക്കുന്നത് എന്ന് സങ്കീ 2,8 വ്യക്തമാക്കുന്നു. വി. ലൂക്കായുടെ സുവിശേഷത്തില്‍, 'ഇതെല്ലാം എനിക്കു നല്കപ്പെട്ടിരിക്കുന്നു' (4,6) എന്ന സാത്താന്റെ പ്രഖ്യാപനത്തിന്റെ അര്‍ഥവും അതുതന്നെയാണല്ലോ. യഥാര്‍ഥത്തില്‍, ദൈവപുത്രനായ യേശുവിന്റെ അധീനതയിലുള്ളതാണ് സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള സര്‍വ അധികാരവും (മത്താ 28,18). ഭൂമി സ്വന്തമെന്നു ഭാവിക്കുന്ന സാത്താന്റെ വിലകുറഞ്ഞ തന്ത്രം യേശുവിനുമുന്നില്‍ ചെലവാകുന്നില്ല.
ശുദ്ധമായ ആത്മാവബോധത്തിനു മുമ്പില്‍ പൊള്ളയായ അവകാശവാദങ്ങള്‍ക്കു പിടിച്ചുനില്ക്കാനാകില്ലെന്നതിനു നല്ലൊരു ദൃഷ്ടാന്തംകൂടിയാണ് ഈശോയുടെ പ്രലോഭനം. മനുഷ്യന്റെ പ്രലോഭനങ്ങളെല്ലാം ദൈവികച്ഛായയുടെ അഥവാ, പുത്രത്വബോധ്യത്തിന്റെ തമസ്‌കരണശ്രമങ്ങളാണ്. സ്വന്തം ശ്രേഷ്ഠത മറന്നുപോകാന്‍ സാത്താന്‍ ഒരുക്കുന്ന ചതിക്കുഴികളാണു പ്രലോഭനങ്ങള്‍. ദൈവമക്കളുടെ സ്വാതന്ത്ര്യവും സമാധാനവും സംതൃപ്തിയും കേവലം മിഥ്യയ്ക്കുവേണ്ടി പണയംവയ്ക്കാന്‍ പലപ്പോഴും ഇടവരുന്ന മനുഷ്യന് യേശുവിന്റെ പ്രലോഭനവിജയം വലിയ പ്രചോദനവും മാതൃകയുമാണ്.
ഒരു പ്രവാചകധ്യാനം
ചൈതന്യമില്ലാത്ത ഉപവാസാനുഷ്ഠാനങ്ങളെ തുറന്നെതിര്‍ക്കുന്ന പ്രവാചകന്മാരില്‍ മുഖ്യനായ ഏശയ്യായെയും സഭ ഇന്നു ശ്രവിക്കുന്നു. 'സ്വന്തം സുഖത്തിനായുള്ള ഉപവാസം', 'കലഹിക്കുന്നതിനും ശണ്ഠകൂടുന്നതിനും ഇടിക്കുന്നതിനുമുള്ള ഉപവാസം', 'ഒരു ദിവസത്തേക്ക് ഒരുവനെ എളിമപ്പെടുത്തുന്ന ഉപവാസം', 'ഞാങ്ങണപോലെ തലകുനിക്കുന്ന ഉപവാസം' എന്നിങ്ങനെയാണ് വ്യര്‍ഥമായ ഉപവാസാനുഷ്ഠാനങ്ങളെ പ്രവാചകന്‍ കളിയാക്കുന്നത്. ജനത്തിന്റെ ഒഴുക്കന്‍ ഉപവാസത്തോടു പിന്തിരിഞ്ഞുനില്ക്കുന്ന പ്രവാചകവചനങ്ങള്‍ വേറേയുമുണ്ട് ബൈബിളില്‍ (ജറെ 14,12; സഖ 7,5ള). ഇത്തരം ഉപവാസപ്പതുങ്ങലുകള്‍ ആത്മാര്‍ഥതയില്ലാത്ത ഏര്‍പ്പാടുകളാണ്. പകരം, പ്രവാചകന്‍ വിഭാവനംചെയ്യുന്നത് കുതിപ്പിനു സഹായകമായ പതുങ്ങലുപവാസമാണ് - ദുഷ്ടതയുടെ കയറുകള്‍ പൊട്ടിക്കുന്നതും മര്‍ദിതരെ സ്വതന്ത്രമാക്കുന്നതും വിശക്കുന്നവനു ഭക്ഷണം നല്കുന്നതും ഭവനരഹിതനു സങ്കേതം നല്കുന്നതും നഗ്നനെ ഉടുപ്പിക്കുന്നതുമായ യഥാര്‍ഥമായ ഉപവാസം. ചുരുക്കിപ്പറഞ്ഞാല്‍, നന്മയുടെയും നീതിയുടെയും കരുണയുടെയും ഉത്ഥാനകാലമാണ് ഏശയ്യാപ്രവാചകന്‍ വിഭാവനംചെയ്യുന്ന ഉപവാസകാലം.