•  2 May 2024
  •  ദീപം 57
  •  നാളം 8
ശ്രേഷ്ഠമലയാളം

ഭക്ത്യനുഷ്ഠാനം

സംസ്‌കൃതത്തിലെ സ്വരസന്ധിക്കും മലയാളത്തിലെ ആഗമസന്ധിക്കും തമ്മില്‍ വേര്‍പെടുത്താനാവാത്ത ബന്ധമുണ്ട്. സംസ്‌കൃതസ്വരസന്ധിയില്‍ യ, വ കള്‍ക്ക് ആദേശവും മലയാളസ്വരസന്ധിയില്‍ യ, വ കള്‍ക്ക് ആഗമവും സംഭവിക്കുന്നു. സംസ്‌കൃതത്തില്‍ ഹ്രസ്വങ്ങളോ ദീര്‍ഘങ്ങളോ ആയ ഇ, ഉ, ഋ എന്നീ വര്‍ണ്ണങ്ങള്‍ക്കുശേഷം അന്യസ്വരങ്ങള്‍ വന്നാല്‍ യഥാക്രമം യ,വ,ര എന്നീ മധ്യമങ്ങള്‍ ആദേശമായി വരും. ''സ്വരത്തിന്‍ മുന്‍വികാരിക്കു മധ്യമം മുറയായ് വരും'' * (ഒരു സ്വരം പരമായി വന്നാല്‍ അതിനു മുമ്പിരിക്കുന്ന വികാരികള്‍ക്കു മുറയ്ക്കു മധ്യമങ്ങള്‍ ആദേശമായി വരും) എന്നു നിയമം.
അങ്ങനെ, 'ഭക്തി'യും 'അനുഷ്ഠാന'വും ചേരുമ്പോള്‍ ഭക്ത്യനുഷ്ഠാനമാകുന്നു (ഭക്തി + അനുഷ്ഠാനം ഴ ഭക്ത് + യ് + അനുഷ്ഠാനം = ഭക്ത്യനുഷ്ഠാനം). ഭക്തി എന്ന പൂര്‍വ്വപദത്തിന്റെ ഒടുവിലുള്ള ഇകാരമാണ് വ്യഞ്ജനീയഭാവം കലര്‍ന്ന് 'യ' കാരമായി മാറുന്നത്. ഭക്ത്യനുഷ്ഠാനത്തിന് ഭക്തിമൂലമുള്ള ആചരണം എന്നര്‍ത്ഥം കല്പിക്കാം.
അതി+അധികം = അത്യധികം, ഗതി+അന്തരം = ഗത്യന്തരം, ദധി+അന്നം = ദധ്യന്നം, പ്രതി+ഉപകാരം= പ്രത്യുപകാരം, ബുദ്ധി + ഉപദേശം = ബുദ്ധ്യുപദേശം, തനു + അംഗി = തന്വംഗി, പ്രതി + ഔഷധം = പ്രത്യൗഷധം, മാതൃ + ആജ്ഞ = മാത്രാജ്ഞ, പിതൃ + അര്‍ത്ഥം = പിത്രര്‍ത്ഥം എന്നിങ്ങനെ ഒട്ടേറെ ദൃഷ്ടാന്തങ്ങള്‍ മേല്പറഞ്ഞ നിയമത്തെ അനുസരിക്കുന്നു. സംസ്‌കൃതസ്വരസന്ധിയിലെ യണ്‍സന്ധി വിഭാഗത്തിലാണ് ഇവ ഉള്‍പ്പെടുന്നത്.
രണ്ടു സ്വരങ്ങള്‍ അടുത്തടുത്തുവരുമ്പോഴുണ്ടാകുന്ന ഉച്ചാരണക്ലേശം മലയാളം മറ്റൊരു വിധമാണ് പരിഹരിക്കുന്നത്. സ്വരങ്ങള്‍ക്കിടയില്‍ യ, വ എന്നീ വ്യഞ്ജനങ്ങളില്‍ ഒന്ന് ഇടയ്ക്കുചേര്‍ത്ത് സ്വരയോഗം ഒഴിവാക്കുന്നു. താലവ്യസ്വരങ്ങള്‍ക്കു (അ ആ ഇ ഈ എ ഏ ഐ) പരമായി മറ്റൊരു സ്വരം വന്നാല്‍ 'യ' കാരവും ഓഷ്ഠ്യസ്വരങ്ങള്‍ക്ക് (ഉ ഊ ഒ ഓ ഔ) പരമായി മറ്റൊരു സ്വരം വന്നാല്‍  'വ' കാരവും ആഗമിക്കും. ഇതാണ് കേരളപാണിനീയപ്രസിദ്ധമായ ആഗമസന്ധി. അല + ആഴി = അലയാഴി, വാഴ + ഇല = വാഴയില, പിടി + ആന = പിടിയാന, കൈ + അക്ഷരം = കൈയക്ഷരം, തിരു + ഓണം = തിരുവോണം, തിരു + അനന്തപുരം = തിരുവനന്തപുരം, പൂ + അമ്പന്‍ = പൂവമ്പന്‍, ഒരു + അന്‍ = ഒരുവന്‍ എന്നിങ്ങനെ എത്രയോ ദൃഷ്ടാന്തങ്ങള്‍!
സന്ധിചെയ്യുമ്പോള്‍ രണ്ടു സ്വരങ്ങള്‍ അടുത്തടുത്തുവരുമ്പോഴുണ്ടാകുന്ന വൈഷമ്യം സംസ്‌കൃതം ആദേശം വഴിയും മലയാളം ആഗമം വഴിയും നിവൃത്തി വരുത്തുന്നു. സംസ്‌കൃതസന്ധിയില്‍ പൂര്‍വ്വപദാന്തവര്‍ണ്ണത്തിനാണ് ആദേശം സംഭവിക്കുന്നതെങ്കില്‍ മലയാളത്തില്‍ പൂര്‍വ്വോത്തരപദങ്ങളുടെ മധ്യത്തിലാണ് ആഗമം സംഭവിക്കുന്നതെന്നത്രേ അവ തമ്മിലുള്ള ഭേദം. സൂക്ഷ്മമായാലോചിച്ചാല്‍, രാജരാജവര്‍മ്മ 'വികാരം' അടിസ്ഥാനമാക്കി ആവിഷ്‌കരിച്ച ആഗമസന്ധി സ്വരസന്ധിയാണെന്നും പറയാം.
* രാജരാജവര്‍മ്മ, ഏ.ആര്‍., മണിദീപിക, കേരളസാഹിത്യഅക്കാദമി, തൃശൂര്‍, 1987, പുറം : 32

 

Login log record inserted successfully!