•  25 Apr 2024
  •  ദീപം 57
  •  നാളം 7
ശ്രേഷ്ഠമലയാളം

തിരുനാളും പെരുനാളും

രാജാവിന്റെയോ പ്രഭുവിന്റെയോ ദേവന്റെയോ പിറന്നാളിന് *തിരുനാള്‍ എന്നു പറഞ്ഞിരുന്നു. രാജാധിപത്യം മാറി ജനാധിപത്യം വന്നതോടെ *തിരുനാളിന് അര്‍ത്ഥപരിവര്‍ത്തനം സംഭവിച്ചു. ക്രൈസ്തവദേവാലയത്തിന്റെയോ ഹൈന്ദവദേവാലയത്തിന്റെയോ പ്രധാന ഉത്സവദിനമാണ് ഇന്നു തിരുനാള്‍.
തിരു + നാള്‍ = തിരുനാള്‍. ധാതുപൂര്‍വ്വപദമാകയാല്‍ ''ന''യ്ക്കു ദ്വിത്വം വേണ്ട. ''തിരുന്നാള്‍'' തെറ്റായ രൂപം. തിരുനീറ് (ഭസ്മം) തിരുനെറ്റി, തിരുമുമ്പ്, തിരുനാവാ, തിരുനാമം എന്നിങ്ങനെ മറ്റുദാഹരണങ്ങള്‍. ഇവിടെയെല്ലാം ''സംഹിത'' മാത്രമേയുള്ളൂ. സന്ധിക്കുമ്പോള്‍ വികാരം സംഭവിക്കുന്നില്ലെന്നു ചുരുക്കം. ''ശ്രീ'' എന്നതിന്റെ തദ്ഭവമാണ് തിരു. പുണ്യമുള്ള, പരിശുദ്ധമായ, മാനമുള്ള, ഐശ്വര്യമുള്ള, ഭംഗിയുള്ള എന്നെല്ലാം 'തിരു' ശബ്ദത്തിന് അര്‍ത്ഥങ്ങള്‍. ''തിരു'' സമാസത്തില്‍ പൂര്‍വപദമായി പ്രയോഗിക്കുന്നു.
പെരു + നാള്‍  =  പെരുനാള്‍. വിശേഷദിവസം എന്നര്‍ത്ഥം. ''പെരു'' 
എന്നതിന് വലിയ, മുഖ്യമായ എന്നെല്ലാം പൊരുള്‍. 'പെരു' 
എന്ന ധാതുവിനോട് ''നാള്‍'' ചേര്‍ന്ന്
പെരുനാള്‍ എന്നാകുന്നു. അവിടെയും 'സംഹിത' മാത്രം. 
വര്‍ഗാക്ഷരങ്ങളുടെ മുമ്പില്‍ 'പെരു' പെരും എന്നാകും. പെരും + പാമ്പ് = പെരുമ്പാമ്പ്, പെരും + പറ = പെരുമ്പറ. 'മ'കാരം താനനുസ്വാരം/ സ്വരം ചേര്‍ന്നാല്‍ തെളിഞ്ഞീടും. 'വര്‍ഗ്യങ്ങള്‍ പരമായി വന്നാല്‍ അതാതിന്‍ പഞ്ചമം വരാം' എന്ന് കേരളപാണിനീയം. (കാരിക 25)**
തിരുനാള്‍, പെരുനാള്‍ എന്നിവയ്ക്കുപകരം 'തിരുന്നാള്‍', 'പെരുന്നാള്‍' എന്നീ രൂപങ്ങള്‍ പ്രചരിച്ചിട്ടുണ്ട്. തിരുനാള്‍, തിരുന്നാളാകുന്നതിന് ഒരു ന്യായവും പറയാനില്ല. എന്നാല്‍, പെരുന്നാളിന്റെ കാര്യം വ്യത്യസ്തമാണ്. പൂര്‍വപദം 'പെരും' (വലിയ) എന്നു ധരിച്ചതിന്റെ ഫലമാകാം പെരുന്നാള്‍ എന്ന പദം. തിരുന്നാള്‍ തെറ്റായ രൂപവും പെരുന്നാള്‍ ലിപിഭേദവും മാത്രമാണ്. അവയെ മാനകശബ്ദങ്ങളായി കണക്കാക്കേണ്ടതില്ല. 
പൂര്‍വകവികളും പശ്ചാത്കാലകവികളും ഇവയൊക്കെ പല തരത്തില്‍ പ്രയോഗിച്ചിട്ടുള്ളത് തെറ്റായ രൂപങ്ങള്‍ പ്രചരിക്കാന്‍ ഇടയാക്കിയിട്ടുണ്ടാകാം. ''പൂമാലക്കുഴലുണ്ണുനീലിതിരുനാള്‍ നീണാള്‍ വിളങ്ങീടുക''*** എന്നും ''മാനത്തെ ഹൂറിപോലെ പെരുന്നാള്‍ പിറപോലെ'' **** (ചിത്രം - ഈനാട്) എന്നും തിരുനാള്‍ ഇരട്ടിക്കാതെയും പെരുന്നാള്‍ ദ്വിത്വത്തോടെയും പ്രയോഗിച്ചിട്ടുള്ളത് ശ്രദ്ധിക്കുക. പെരുന്നാളിനെ കവിസ്വാതന്ത്ര്യമായി കണക്കാക്കിയാല്‍ മതിയാകും.
*പിറന്നാള്‍ - പിറന്ന നാള്‍ (ജന്മദിനം). പിറന്ന നാള്‍ എന്നത്  സമാക്ഷരലോപത്താല്‍ (വമുഹീഹീഴ്യ) പിറന്നാള്‍ എന്നാകും. 
** രാജരാജവര്‍മ്മ എ.ആര്‍., കേരളപാണിനീയം, എന്‍.ബി.എസ്, 1988, പുറം: 137.
*** ശങ്കരന്‍നായര്‍ തേമ്പാട്ട്, വ്യാഖ്യാതാവ്, ഉണ്ണുനീലിസന്ദേശം, കറന്റ് ബുക്‌സ്, 1989, പുറം:4
**** യൂസഫലി കേച്ചേരി, അനുരാഗഗാനംപോലെ (സമ്പൂര്‍ണഗാനസമാഹാരം), ലിപി പബ്ലിക്കേഷന്‍ സ്, 2007, പുറം:185.

 

Login log record inserted successfully!