ഫാദര്‍ ഡാമിയന്റെ പ്രവര്‍ത്തനരംഗമായിരുന്ന മൊളോക്കോയി ദ്വീപിലേക്കുള്ള എയര്‍പോര്‍ട്ട് വളരെ ചെറുതാണ്. ഒരു ഫുട്‌ബോള്‍ കോര്‍ട്ടിന്റെ പകുതി വലിപ്പം. എട്ടുപേര്‍ക്കുമാത്രം യാത്ര ചെയ്യാവുന്ന വിമാനം. വിമാനയാത്രക്കാര്‍ക്ക് അനുവദിച്ചിരിക്കുന്നതാകട്ടെ അരക്കിലോഗ്രാം ഭക്ഷണപാനീയം. യാത്രക്കാര്‍ അവര്‍ക്കാവശ്യമായ ഭക്ഷണപാനീയങ്ങള്‍ - അരക്കിലോയില്‍ താഴെ - എടുക്കാന്‍ മറക്കരുത് എന്നൊരു മുന്നറിയിപ്പ്. പലരും അത്ര ശ്രദ്ധിച്ചില്ല. അതിനാല്‍, ഞാന്‍ ഉള്‍പ്പെടെ നാലഞ്ചുപേര്‍ അന്നു മുഴുപ്പട്ടിണിയായിരുന്നു.
മൊളോക്കോയി ദ്വീപില്‍
രാവിലെ ഒമ്പതുമണിയോടെ പൈലറ്റും ഞങ്ങള്‍ തീര്‍ത്ഥാടകര്‍ എട്ടുപേരും മൊളോക്കോയിലെത്തി.
'വൈകുന്നേരം അഞ്ചു മണിക്ക് നമ്മള്‍ തിരിച്ചുപോകും' പൈലറ്റ് അറിയിച്ചു. ഞങ്ങള്‍ പ്രാര്‍ത്ഥനാസമന്വിതം മൊളോക്കോയില്‍ സഞ്ചരിച്ചു. രണ്ടര കിലോമീറ്റര്‍ സമചതുരമായ മൊളോക്കോയി, മൂന്നു മണിക്കൂര്‍കൊണ്ടു നടന്നുതീര്‍ത്തു. ദ്വീപിന്റെ വലത്തുവശത്ത് ഉയര്‍ന്നുനില്ക്കുന്ന പര്‍വതം. ഇടതുവശത്ത് അലറുന്ന അലയാഴി. അമേരിക്കയുടെ ഉടമസ്ഥതയിലുള്ള ഈ ദ്വീപിലേക്കു കപ്പലില്‍ പ്രതിദിനം നൂറുകണക്കിനു കുഷ്ഠരോഗികളെ - ചൈനാക്കാരും ജപ്പാന്‍കാരും മറ്റു രാജ്യക്കാരുമായവരെ - കൊണ്ടുവന്ന് ഉപേക്ഷിച്ചുപോയിരുന്നു. ഞാന്‍ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു.
കേരളത്തിന്റെ ഒരു ഭാഗം അവിടെ പുനഃപ്രതിഷ്ഠിച്ച പ്രതീതി! തെങ്ങും മാവും സമൃദ്ധമായി വളര്‍ന്നുനില്‍ക്കുന്നു. അമ്പതിലേറെ കുടുംബങ്ങള്‍, പൂര്‍ണമായും കുഷ്ഠരോഗവിമുക്തര്‍, ഇപ്പോള്‍ അവിടെ വസിക്കുന്നു. നൂറിലേറെപ്പേര്‍ക്ക് ഇരിക്കാവുന്ന ഒരു ഇടത്തരം കത്തോലിക്കാദൈവാലയം. അവിടെ പ്രതിദിനതിരുക്കര്‍മ്മങ്ങള്‍. ഇതൊക്കെ ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങള്‍; എന്നാല്‍, അന്നത്തെ സ്ഥിതി തീര്‍ത്തും വ്യത്യസ്തമായിരുന്നു.
ഡാമിയന്‍ അച്ചന്റെ
ഹ്രസ്വചരിത്രം
അങ്ങകലെ ബെല്‍ജിയം രാജ്യത്ത് - ഇന്നിപ്പോള്‍ യൂറോപ്യന്‍ യൂണിയനിലെ ഒരു അംഗരാഷ്ട്രം - 1840 ല്‍ ജോസഫ് ദ്‌വേസ്റ്റര്‍ ജനിച്ചു. ബാല്യംമുതല്‍ സാത്വികസ്വഭാവക്കാരനായിരുന്ന ജോസഫ് സ്വയം ചോദിക്കാറുണ്ടായിരുന്നു: ''എനിക്ക് ഒരു വിശുദ്ധനാകാന്‍ സാധ്യമല്ലേ?'' പിന്നീട് യൗവനപ്രാപ്തനായപ്പോള്‍ വൈദികസെമിനാരിയില്‍ ചേര്‍ന്നു പഠനപരിശീലനങ്ങള്‍ തുടങ്ങി. അനന്തരം, ദൈവപ്രചോദിതനായി, പസഫിക് മഹാസമുദ്രമധ്യത്തിലെ ഹാവായ് ദ്വീപുകളില്‍ മിഷന്‍പ്രവര്‍ത്തനങ്ങള്‍ക്കായി യാത്രതിരിച്ചു. ഹാവായിലെ ഹോണോലുലു സെമിനാരിയില്‍ ഒരു വര്‍ഷംകൂടി സെമിനാരി പഠനം പൂര്‍ത്തിയാക്കിയ ശേഷം, 1864 ല്‍ വൈദികനായി അഭിഷിക്തനായി.
ഫാദര്‍ പീറ്റര്‍ ഡാമിയനും മറ്റു മൂന്നു സഹപാഠികള്‍ക്കും വൈദികപട്ടം നല്‍കിയശേഷം ഹാവായിലെ ബിഷപ് പ്രസ്തുത നവവൈദികരുടെ മുമ്പില്‍ ഒരു പ്രശ്‌നം ഉന്നയിച്ചു: ''ഇവിടെയടുത്തുള്ള മൊളോക്കോയി ദ്വീപില്‍ ബഹുശതം കുഷ്ഠരോഗികള്‍ നിരാശ്രയരും നിരാലംബരും നിരാശരുമായി കഴിഞ്ഞുകൂടുന്നു. പ്രതിദിനം മരിച്ചുകൊണ്ടിരിക്കുന്നു. ഇതു കണ്ടില്ലെന്നു നടിച്ചു ജീവിക്കാന്‍ നമ്മുടെ ക്രൈസ്തവമനഃസാക്ഷി നമ്മെ അനുവദിക്കുമോ? അതിനാല്‍, ഞാന്‍ ഒരു നിര്‍ദ്ദേശം നിങ്ങളുടെ മുമ്പില്‍ വയ്ക്കട്ടെ. നിങ്ങള്‍ നാലു കൊച്ചച്ചന്മാര്‍ മൂന്നു മാസംവീതം മൊളോക്കോയിലെ കുഷ്ഠരോഗികള്‍ക്കു സേവനശുശ്രൂഷകള്‍ ചെയ്യുകയാണെങ്കില്‍ ആണ്ടുവട്ടം മുഴുവന്‍ ആ നിര്‍ഭാഗ്യകുഷ്ഠരോഗികള്‍ക്ക് ആധ്യാത്മിക-ഭൗതികശുശ്രൂഷകള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കും.''
മൂന്നു നവവൈദികരും മനസ്സില്ലാമനസ്സോടെ മുമ്മൂന്നുമാസം കുഷ്ഠരോഗീപരിചരണം ഏറ്റെടുത്തു. എന്നാല്‍, ഫാദര്‍ ഡാമിയനാകട്ടെ തന്റെ ഊഴം (3 മാസം) കഴിഞ്ഞപ്പോള്‍ ബിഷപ്പിനോടു പറഞ്ഞു:
''അഭിവന്ദ്യ പിതാവേ, എന്റെ മൂന്നുമാസസേവനം തീര്‍ന്നു. എന്റെ ആയുഷ്‌കാലം മുഴുവന്‍ ആ കുഷ്ഠരോഗികള്‍ക്കായി സേവനപരിചരണങ്ങള്‍ നിര്‍വഹിക്കാന്‍ എന്നെ അനുവദിച്ചാലും.'' ബിഷപ് സസന്തോഷം ഫാദര്‍ ഡാമിയനെ അനുവദിച്ചു.
'എന്റെ ഈ ചെറിയ സഹോദരങ്ങള്‍ക്ക് നിങ്ങള്‍ ചെയ്തുകൊടുത്തതെല്ലാം, നിങ്ങള്‍ എനിക്കുതന്നെയാണ് ചെയ്തത്' എന്ന ക്രിസ്തുവാക്യം (മത്തായി 25:40) എപ്പോഴും സ്മരിച്ചുകൊണ്ട് ഡാമിയനച്ചന്‍ മൊളോക്കോയിലെ പരിത്യക്തരെ പരിചരിച്ചു. വൈദ്യനും വൈദികനും നേഴ്‌സും ആശാരിയും ശവപ്പെട്ടിനിര്‍മ്മാതാവും കുഴിവെട്ടുകാരനുമെല്ലാം ഒരാള്‍തന്നെ. ഡാമിയനച്ചന്‍. തന്റെ വൈദികജീവിതത്തിന്റെ ഇരുപത്തഞ്ചു സംവത്സരങ്ങള്‍, മൊളോക്കോയിലെ പാവങ്ങളെ പരിചരിക്കുന്നതിനായി ചെലവഴിച്ചു. തന്റെ പൗരോഹിത്യത്തിന്റെ രജതജൂബിലി അച്ചന്‍ സ്വര്‍ഗ്ഗത്തില്‍ ആഘോഷിച്ചു. 1889 ഏപ്രിലാണ് അച്ചന്റെ സ്വര്‍ഗപ്രവേശം.
ഡാമിയനച്ചനെയും മൊളോക്കോയിലെ കുഷ്ഠരോഗികളെയും മനസ്സില്‍വച്ചുകൊണ്ട് ഗവേഷണങ്ങള്‍ നടത്തിയ നോര്‍വേക്കാരന്‍ ഡോ. ഹാന്‍സണ്‍ കുഷ്ഠരോഗം പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യുന്നതിന് ഔഷധം കണ്ടുപിടിച്ചു. ഇനിയൊരിക്കലും കുഷ്ഠരോഗം ഒരു മാറാരോഗമല്ല.
1995 ജൂണ്‍ നാലാം തീയതി മൊളോക്കോയിലെ ഫാ. ഡാമിയനെ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 2009 ഒക്‌ടോബര്‍ 11-ാം തീയതി ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ വിശുദ്ധനായും പ്രഖ്യാപിച്ചു.