•  30 Oct 2025
  •  ദീപം 58
  •  നാളം 34
ലേഖനം

വിദ്യാലയമുറ്റത്തു വര്‍ഗീയവിഷം തളിക്കുന്നവര്‍

   കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തു  മതപരവും വിഭാഗീയവുമായ പ്രവണതകള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ ഇന്ത്യന്‍ ഭരണഘടനയുടെ സീമകളെ ലംഘിക്കുക മാത്രമല്ല, ലോകമലയാളികളുടെ സമത്വസം   സ്‌കാരത്തെ ദുഷിപ്പിക്കുകയും ചെയ്യുന്നു.
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ അരങ്ങേറിയ ഹിജാബ് വിഷയം സാംസ്‌കാരിക ജീര്‍ണ്ണതയില്‍ ജീവിക്കുന്ന മത-വര്‍ഗീയ-രാഷ്ട്രീയപാര്‍ട്ടികളുടെ ഗൂഢാലോചനയില്‍ ഉടലെടുത്തതാണ്. ഇക്കൂട്ടരുടെ ലക്ഷ്യം മതസൗഹാര്‍ദം തകര്‍ക്കുകയാണ്.  സ്‌കൂളധികാരികളുടെ, രക്ഷാകര്‍ത്താക്കളുടെ അധികാരാവകാശങ്ങളില്‍ മതമൗലിക-വര്‍ഗീയവാദികള്‍ എന്തിനാണു കൈകടത്തുന്നത്? സ്‌കൂളിന്റെ ചട്ടങ്ങളനുസരിച്ചു പൊയ്‌ക്കൊണ്ടിരുന്ന ഒരു വിദ്യാര്‍ഥിനിയെ മതക്കുരിശില്‍ തറച്ചത് ആരാണ്, എന്തിനാണ്? ഒരു സ്‌കൂള്‍വിഷയം സമൂഹത്തില്‍ ആളിക്കത്തിച്ചത് ആര്‍ക്കുവേണ്ടി? കഴിഞ്ഞ മുപ്പതുവര്‍ഷമായി മഹനീയസ്ഥാനമുള്ള, കുട്ടികളെ ഇരുളില്‍നിന്നു വെളിച്ചത്തിലേക്ക് നയിക്കുന്ന, പാവപ്പെട്ട കുട്ടികള്‍ക്കു പഠിക്കാന്‍ ഫീസ് സൗജന്യമായി നല്‍കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനത്തെ അപമാനിക്കാന്‍ കുറെ അന്ധന്മാര്‍ മുന്നോട്ടുവന്നതിനു പിന്നില്‍ ഹിഡന്‍ അജണ്ടകളുണ്ടെന്നു വ്യക്തം. 
   വികസിതരാജ്യങ്ങളുടെ സാംസ്‌കാരികവളര്‍ച്ച വിദ്യാഭ്യാസത്തിലൂടെ മാത്രമല്ല, തുറസ്സായ വായനയിലൂടെയുമാണ്. പല കുടുംബങ്ങളിലും അടിമകളെപ്പോലെ ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് തൊഴിലധിഷ്ഠിതവിദ്യാഭ്യാസം ലഭിക്കുമ്പോള്‍ അവിടത്തെ പുരുഷകേസരികള്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. അവരെ അടിമകളായി, ഭോഗവസ്തുവായി വീട്ടില്‍ തളച്ചിടണം.  സ്ത്രീകളുടെ മൗലികാവകാശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നവരാണ് ഇന്നത്തെ പെണ്‍കുട്ടികള്‍. വിദ്യാസമ്പന്നരായ മാതാപിതാക്കള്‍ മതതീട്ടൂരങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്നവരുമല്ല. വിദ്യയില്‍നിന്നു കുട്ടികള്‍ നേടുന്നത് നല്ല സംസ്‌കാരം, അറിവ്, വിനയം, അനുസരണം, അച്ചടക്കം എന്നിവയാണ്. വിദ്യാഭ്യാസ-സാംസ്‌കാരിക മൂല്യശോഷണത്തിലൂടെ, കുട്ടികള്‍ മയക്കുമരുന്നിനടിമകളാകുന്നതിന് ആരൊക്കെയാണ് ഉത്തരവാദികള്‍?
കേരളത്തിലെ ഓരോ കാഴ്ചകളും വാഴുന്ന കൈയ്ക്ക് വളയണിയുന്നവനെ മതി എന്ന നിലയിലാണ്. വര്‍ഗീയശക്തികളെ വാഴ്ത്തി വീര്‍ത്തുവരുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ അന്ധവിശ്വാസങ്ങള്‍ക്കും അനീതിക്കും കൂട്ടുനില്‍ക്കുന്നു. ജാതി-മത-വോട്ടുകള്‍ക്കുവേണ്ടി വര്‍ഗീയത കേരളത്തില്‍ കാടുപോലെ വളര്‍ത്തുന്നവരെ തിരിച്ചറിയാന്‍ കേരളസമൂഹത്തിനാവണം. മതത്തിന്റെ മറവില്‍ അധികാരമൊരു കൃഷിയായി മരണംവരെ തുടരുന്നവരുടെ ലക്ഷ്യം മനുഷ്യരെ തമ്മിലടിപ്പിക്കുക മാത്രമല്ല പാവങ്ങളെ അടിമകളാക്കി വോട്ടുപെട്ടി നിറയ്ക്കുകുകകൂടിയാണ്. വെളിച്ചത്തില്‍നിന്നു വര്‍ഗീയതയെ എതിര്‍ക്കുകയും    ഇരുളില്‍ തലോടുകയും ചെയ്യുക ഇവരുടെ വര്‍ഗസ്വഭാവമാണ്. ഈ മുഖംമൂടികളെയാണ് സമൂഹം തിരിച്ചറിയേണ്ടത്. ലോകമെങ്ങും   അരങ്ങേറുന്ന അനീതികളെ അക്ഷരങ്ങളാണ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്. നമ്മുടെ കേരളത്തിലെ എഴുത്തുകാര്‍ ഇപ്പോഴും മൗനവ്രതത്തിലാണ്.
   ലോകമെങ്ങും ധാരാളം മഹാന്മാര്‍ വിദ്യ നേടിയിട്ടുള്ളത് ക്രിസ്ത്യന്‍ മിഷനറിമാര്‍ രൂപം കൊടുത്ത ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലൂടെയാണ്. വിദ്യാഭ്യാസപുരോഗതിക്കായി അവര്‍ ചെയ്തിട്ടുള്ള സേവനങ്ങള്‍ പ്രശംസനീയമാണ്. എന്തു         കൊണ്ടാണ് ക്രിസ്ത്യന്‍പാഠശാലകളില്‍ കുട്ടികള്‍ പോകുന്നത്? അവര്‍ പഠിപ്പിക്കുന്നത് മതമല്ല, മാനവികതയാണ്. ക്രിസ്ത്യന്‍വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് ഒരു വിശ്വാസവിഷയമായി കൊണ്ടുവന്നതിന്റെ ദുരുദ്ദേശ്യം ആര്‍ക്കാണ് മനസ്സിലാകാത്തത്? ഏതു സ്ഥാപനമായാലും, സംഘടനയായാലും അവര്‍ക്കൊരു നിയമാവലിയുണ്ട്. അതില്‍ യൂണിഫോം കോഡ് എല്ലാവരും ഒന്നായി നില്‍ക്കുന്നതിന്റെ അടയാളമാണ്. 
എല്ലാം കുട്ടികളും ഒരേ യൂണിഫോം ധരിക്കുമ്പോള്‍ നീതിന്യായക്കോടതികളെപ്പോലും ധിക്കരിച്ച് നിസ്‌കരിക്കാന്‍ മുറി വേണം, സ്വന്തം യൂണിഫോം ധരിച്ചുവരുമെന്നൊക്കെ പറയാന്‍ ഭാരതം ഒരു മതരാഷ്ട്രമല്ല.
വിജ്ഞാനത്തിന്റെ അലകള്‍ പ്രസരിക്കുന്ന ഈ ലോകത്ത്, മനുഷ്യര്‍ പുരോഗതിയിലേക്കു സഞ്ചരിക്കുമ്പോള്‍ അതുല്യമായി നിലനില്‍ക്കേണ്ടത് മനുഷ്യര്‍ തമ്മിലുള്ള സഹാനുഭൂതിയും സന്തോഷവുമാണ്. അതു തുടങ്ങേണ്ടത്                          സ്‌കൂള്‍തലംമുതലാണ്. അവിടെ മതചിഹ്നങ്ങളും ചട്ടങ്ങളുമല്ല കുട്ടികളെ പഠിപ്പിക്കേണ്ടത്. തൊഴില്‍ശാലകളിലും വിദ്യാഭ്യാസമേഖലകളിലും പരിഷ്‌കൃതമനുഷ്യന്റെ           സംസ്‌കാരസമ്പന്നത നിര്‍ണായകമാണ്. സ്‌കൂളില്‍ ഭയവും ഭീഷണിയും നിലനിര്‍ത്തി വിലപ്പെട്ട രണ്ട് അധ്യയനദിനങ്ങള്‍ നഷ്ടപ്പെടുത്തിയതിന്റെ ഉത്തരവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമോ? കോടതിയുത്തരവു ലംഘിച്ചുകൊണ്ട് വിദ്യാഭ്യാസമന്ത്രിക്കു തെറ്റായ നിര്‍ദേശങ്ങള്‍ നില്‍കിയ ഡെപ്യൂട്ടി വിദ്യാഭ്യാസഡയറക്ടര്‍ ആ സ്ഥാനത്തു തുടരുമോ? ഇങ്ങനെ വിവിധ മേഖലകളില്‍ നുഴഞ്ഞുകയറി മതവര്‍ഗീയത വളര്‍ത്തുന്നത് ഏതു മതവിശ്വാസിയായാലും ഭരണപ്രതിപക്ഷങ്ങള്‍ അവര്‍ക്കു കുടപിടിക്കരുത്. ഓരോ പ്രവാചകന്മാര്‍ ഈ മണ്ണില്‍         ജന്മമെടുത്തിട്ടുള്ളത് ഭൂമിയെ സ്വര്‍ഗമാക്കാനാണ്. മതത്തെ മറയാക്കി അധികാരം പിടിച്ചെടുത്ത് പെണ്ണിനെ നരകകുഴിയില്‍ തള്ളിയിടാനല്ല ശ്രമിക്കേണ്ടത്. സമൂഹത്തില്‍ ഭിന്നത വളര്‍ത്തി ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ ഐക്യംതകര്‍ക്കാന്‍ ശ്രമിക്കുന്നത് രാജ്യസ്‌നേഹമല്ല, രാജ്യദ്രോഹമാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)