•  30 Oct 2025
  •  ദീപം 58
  •  നാളം 34
ലേഖനം

കര്‍മലാരാമത്തിലെ പുണ്യപുഷ്പം

കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസിയന്‍ കാര്‍മലൈറ്റ്‌സ് (സി.ടി.സി.) സഭാസ്ഥാപിക മദര്‍ ഏലീശ്വാ നവംബര്‍ എട്ടിന് ദൈവദാസിപദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു. 

ഴമക്കാരുടെ വാക്കുകളാണു മനസ്സിലേക്കുണരുന്നത്. എന്തിനും വേണമല്ലോ ഒരു നിമിത്തം! ഇക്കാലത്ത് ഇത്തരം കാരണവച്ചൊല്ലുകള്‍ അധികം കേള്‍ക്കാറില്ല. പക്ഷേ, ചില നിമിത്തങ്ങള്‍ അര്‍ഥപൂര്‍ണങ്ങളാണ്.
എന്തായിരുന്നു ആ നിമിത്തം? പറയാം. 1831 ഒക്‌ടോബര്‍ 15-ാം തീയതി, വരാപ്പുഴ രൂപതയിലെ വൈപ്പിനില്‍, ഓച്ചന്തുരുത്ത് വൈപ്പിശേരി കുടുംബത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ഒരു സാധാരണ ജനനം. എന്നാല്‍, ആ ജനനത്തില്‍ അസാധാരണത്വം കണ്ടവരുമുണ്ടായിരുന്നു. ഒരു സവിശേഷദിനമായിരുന്നു അത്; നവീകൃതകര്‍മലീത്താസഭയുടെ സ്ഥാപിക എന്നറിയപ്പെടുന്ന ആവിലായിലെ വിശുദ്ധ ത്രേസ്യായുടെ തിരുനാള്‍!  അതേ, അതായിരുന്നു ആ നിമിത്തം. ആവിലായിലെ വിശുദ്ധ ത്രേസ്യായുടെ തിരുനാള്‍ദിനത്തില്‍ ജന്മംകിട്ടിയ പെണ്‍കുട്ടി!
ഇന്നു ലോകം മുഴുവന്‍ പ്രേഷിതപ്രവര്‍ത്തനം നടത്തുന്ന, വിശുദ്ധ ത്രേസ്യായുടെ നാമത്തിലുള്ള കര്‍മലീത്താസഭയുടെ സമാരംഭത്തിനുള്ള ഒരു ജന്മമായിരുന്നു വൈപ്പിശേരിത്തറവാട്ടിലെ ആ പെണ്‍കുട്ടിയുടെ ജനനമെന്ന് ആലങ്കാരികമായി പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല.
വൈപ്പിനിലെത്തന്നെ പ്രശസ്തമായ തറവാടുകളില്‍ ഒന്നാണ് വൈപ്പിശേരി കുടുംബം. തറവാടിന്റെ പാരമ്പര്യവും അന്നത്തെ നാട്ടുനടപ്പുമനുസരിച്ച് അവള്‍-ഏലീശ്വാ-16-ാമത്തെ വയസ്സില്‍ വിവാഹിതയാകുന്നു. യഥാസമയം ഏലീശ്വാ ഒരു പെണ്‍കുഞ്ഞിനെ പ്രസവിക്കുന്നു. കുഞ്ഞിന് അന്ന എന്നു പേരിട്ടു.
  അവിചാരിതമായിരുന്നു അത്. വറീത്-ഏലീശ്വായുടെ ഭര്‍ത്താവ്-രോഗഗ്രസ്തനായി; രോഗം മൂര്‍ച്ഛിച്ചു; ഏലീശ്വാ വിധവയായി. ഹോ, ഹതഭാഗ്യ എന്ന നാട്ടുനടപ്പ്ധാരണയിലെത്താന്‍ വരട്ടെ. ദൈവത്തിന്റെ സമഗ്രപദ്ധതിയുടെ ഭാഗമായിരുന്നു വറീതിന്റെ നിര്യാണമെന്നാണ് ഏലീശ്വായുടെ ജീവചരിത്രമെഴുതിയവര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
   ഏലീശ്വാ വിവാഹിതയായി വന്നത് കൂനമ്മാവിലെ വാകയില്‍ കുടുംബത്തിലേക്കാണ്. വാകയില്‍ കുടുംബത്തില്‍ ഏതാനും സന്താനങ്ങള്‍ക്കു ജന്മമേകി, നല്ല ഗൃഹനാഥയായി സന്തുഷ്ടിയില്‍ ജീവിച്ച് പരലോകം പൂകണമെന്നതായിരുന്നില്ല ഏലീശ്വായെ സംബന്ധിച്ച് തിരുച്ചിത്തം. അനേകായിരങ്ങള്‍ക്ക് ആധ്യാത്മികനേതൃത്വം നല്കി, സാമൂഹികസുരക്ഷയൊരുക്കി ചരിത്രഗതിയെത്തന്നെ നിയന്ത്രിക്കുന്ന പുണ്യചരിത! അതായിരുന്നു ദൈവികപദ്ധതി.
   ചരിത്രത്തിന്റെ ഗതിവിഗതികള്‍ വിലയിരുത്തുമ്പോള്‍, ദൈവികപദ്ധതിയുടെ പ്രായോഗികതലങ്ങള്‍ നോക്കുമ്പോള്‍ ഏലീശ്വാ ഭാഗ്യവതിതന്നെ. പക്ഷേ, വത്തരുവിന്റെ  - വര്‍ഗീസിനെ കൂനമ്മാവുകാര്‍ സ്‌നേഹത്തോടെ വിളിച്ചിരുന്നത് വത്തരു എന്നാണ് - അകാലവിയോഗം ആ പതിനേഴു-പതിനെട്ടുകാരി എങ്ങനെ നേരിട്ടു? വൈധവ്യത്തിന്റെ വിഹ്വലതകള്‍; ഒറ്റച്ചുവടുപോലും വച്ചുതുടങ്ങിയിട്ടില്ലാത്ത കൊച്ചുമകള്‍ അന്ന; മനസ്സ് വിങ്ങിയിട്ടുണ്ടാകും, തീര്‍ച്ച!
    പക്ഷേ, ഏലീശ്വാ പതറിയില്ല എന്നു ചരിത്രം. എന്തായിരുന്നു ഏലീശ്വായുടെ ആശ്രയം; എവിടെയായിരുന്നു ഏലീശ്വായുടെ അഭയം? സ്വന്തം ഹൃദയത്തിലേക്കുതന്നെ വിരല്‍ ചൂണ്ടിനില്‍ക്കുന്ന തിരുഹൃദയം! ആ തിരുഹൃദയത്തില്‍ അവള്‍ അഭയം കണ്ടു. അവളുടെ തേങ്ങലുകള്‍ അണയാത്ത തിരികളായി തിരുഹൃദയത്തിനുമുന്നില്‍ കത്തിനിന്നു. വാടാത്ത അവളുടെ ചിന്തകളുടെ പ്രതീകമായി പരിശുദ്ധ അമ്മയുടെ മുന്നില്‍ അവള്‍  വാടാമലരുകള്‍ അര്‍പ്പിച്ചു. ഇതൊരു ചിട്ടയായ ശീലമായിരുന്നത്രേ. തിരുഹൃദയത്തിനു മുന്നിലെ കത്തുന്ന തിരിയും, പരിശുദ്ധ അമ്മയുടെ സവിധത്തില്‍ നറുമലരുകളും. കുഞ്ഞേലീശ്വായുടെ പതിവുകള്‍.
വാകയില്‍ തറവാട്ടുകാര്‍ക്ക് മറ്റൊന്നായിരുന്നു ചിന്ത. യുവതിയായ ഒരു വിധവ. അവള്‍ എങ്ങനെ  എത്രനാള്‍ ഒറ്റപ്പെട്ടു കഴിയും? ഒരു രണ്ടാംവിവാഹം. ഏലീശ്വായോട് അവര്‍ ആവശ്യപ്പെട്ടത് അതായിരുന്നു. ഏലീശ്വാ ഒരു രണ്ടാംവിവാഹത്തിനൊരുക്കമായിരുന്നില്ല. ഒരേയൊരു മറുപടി: വേണ്ടപ്പച്ചാ; വേണ്ടമ്മച്ചീ! വീട്ടുകാരും പിന്നെ നിര്‍ബന്ധിച്ചില്ല. വിശുദ്ധവഴിയിലേക്കു കണ്ണുംനട്ടുള്ള അവളുടെ നീക്കം; അതിന് കുടുംബാംഗങ്ങളും സമ്മതംമൂളുകയായിരുന്നു.
   തന്റെ ഏകാന്തതയ്ക്കും പ്രാര്‍ഥനയ്ക്കുമായി ഏലീശ്വാ സ്വയം ചില കണക്കുകൂട്ടലുകള്‍ നടത്തി. വീട്ടുപറമ്പിലെ  ഒരു കളപ്പുര അവള്‍ സജ്ജമാക്കി. അതിലവള്‍ ധ്യാനനിമഗ്‌നയാകാന്‍ തുടങ്ങി. വത്തരുവിന്റെ മരണം, ദീര്‍ഘമായ പത്തുവര്‍ഷങ്ങള്‍.
പറമ്പിലെ ഒരു കളപ്പുര തന്റെ ധ്യാനഗേഹമായി മാറ്റിയത് ഒരു ദൈവികപ്രചോദനത്താലാകുമോ? പൂമ്പാറ്റയായി വിരിഞ്ഞുപറക്കാന്‍ ഒരുക്കമായി ഒരു പുഴു കൊക്കൂണില്‍ ഏതാനും നാളുകളിലേക്ക് ഒതുങ്ങുന്നതുപോലെ വ്രതനിഷ്ഠമായൊരു സന്ന്യാസജീവിതത്തിലേക്കു തന്നെയൊന്ന് ഒരുക്കാന്‍, അതുവരെയുള്ള ജീവിതസാഹചര്യങ്ങളുടെ കൊക്കൂണ്‍ പൊളിച്ചെറിയാനുള്ള ഒരുക്കമായി കളപ്പുരപ്രവേശനത്തെ കരുതാമെന്നു തോന്നുന്നു. ഈ അവസ്ഥയില്‍ ഏലീശ്വാ അനുഭവിച്ചിരുന്ന ഒരു അസ്വസ്ഥതയെക്കുറിച്ച്  മദറിന്റെ ജീവചരിത്രകാരന്മാര്‍ പ്രതിപാദിക്കുന്നുണ്ട്. ഇത് എല്ലാ സന്ന്യാസാര്‍ഥിനികളും അനുഭവിച്ചിട്ടുള്ളതാണ്, ഏറ്റക്കുറവുകളുണ്ടായിരിക്കും - അത്രമാത്രം.
ഈയൊരവസ്ഥയിലാണ് ഏലീശ്വാ കൂനമ്മാവ്പള്ളിയിലെ ദിവ്യസക്രാരിക്കുമുമ്പില്‍ സ്വയം അര്‍പ്പിച്ചുകൊണ്ട് തന്റെ അസ്വസ്ഥതകള്‍ അഥവാ തന്റെ ഹൃദയം തന്നെ തുറന്നുവയ്ക്കുന്നത്. ഏതായാലും അതു സക്രാരിയിലെ ദിവ്യനാഥന്‍ ഏറ്റെടുത്തു. അവളുടെ അന്തരാത്മാവില്‍ ആ നിമന്ത്രണമെത്തി: ''കൊച്ചുമൂപ്പച്ചനെ വിളിച്ച് നിന്റെ ഹൃദയവികാരങ്ങള്‍ തുറന്നുപറയുക.'' 
നലംതികഞ്ഞ ഒരു ആത്മീയപിതാവിനെയാണ് ദൈവം ഏലീശ്വായ്ക്കു മാര്‍ഗദര്‍ശകനായി നല്കിയത്. കൊച്ചുമൂപ്പച്ചന്‍ എന്ന് എല്ലാവരും വിളിക്കുന്ന ഫാദര്‍ ലെയോ പോള്‍ഡ് ബെക്കാറോ. മരിയ ഓഫ് സെന്റ് ജോസഫ്‌സ് ഒ.സി.ഡി. ഈ കൊച്ചുമൂപ്പച്ചന്‍ ഏലീശ്വായ്ക്കും, മകള്‍ അന്നയ്ക്കും സഹോദരി ത്രേസ്യയ്ക്കും ആത്മീയനിര്‍ദേശങ്ങള്‍ നല്കി. പരിശുദ്ധമായ ഒരു ജീവിതം നയിക്കണമെന്ന ആഗ്രഹനിവൃത്തിയായിരുന്നു അത്.
  ഈ ഗുരുവിന്റെ സാന്നിധ്യവും സഹായവും തന്നില്‍ വരുത്തിയ മാറ്റത്തെ ഏലീശ്വയുടെ വാക്കുകളില്‍ത്തന്നെ രേഖപ്പെടുത്താം: ''അദ്ദേഹം മലയാളഭാഷ പഠിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഞാന്‍ പറഞ്ഞത് അദ്ദേഹത്തിനു മനസ്സിലായി. ഞാന്‍ സമാധാനം പ്രാപിച്ചു.''
നവസന്ന്യാസിനീപരിശീലനച്ചുമതല ഏറ്റെടുത്ത കൊച്ചുമൂപ്പച്ചന്‍ ഏലീശ്വായ്ക്ക് ഒരു പുതുജന്മം തന്നെ നല്കിയെന്നു നാം മനസ്സിലാക്കണം. കൊച്ചുമൂപ്പച്ചന്റെ ശിക്ഷണത്തില്‍ തെരേസ്യന്‍ കര്‍മലീത്താ സഭയുടെ സിദ്ധിയും ചൈതന്യവുമാണ് ഏലീശ്വായില്‍ പ്രതിഫലിക്കാന്‍ തുടങ്ങിയത്. വിശദീകരിച്ചാല്‍ ആന്തരികജീവിതം, സ്വയംപരിത്യാഗം, പ്രപഞ്ചപരിത്യാഗം എന്നിവയിലൂടെ ലോകത്തിനും തനിക്കുതന്നെയും മരിച്ചവളായി ദൈവത്തിലും ദൈവത്തോടുകൂടിയും എന്ന തലത്തില്‍ ഏലീശ്വാ ഒരു നവജന്മം പ്രാപിച്ചുകഴിഞ്ഞിരുന്നു.
കൊച്ചുമൂപ്പച്ചന്റെ മാര്‍ഗനിര്‍ദേശത്തില്‍ ത്രേസ്യാ, അന്ന എന്നീ രണ്ടു യുവതികള്‍കൂടി സന്ന്യാസിനീപദവി സ്വീകരിക്കുന്നതിനായി പരിശീലനം നടത്തുന്നുണ്ടായിരുന്നു. ഏലീശ്വാ, ഏലീശ്വായുടെ സഹോദരി ത്രേസ്യാ, ഏലീശ്വായുടെ മകള്‍ അന്ന - ഈ മൂവരിലും തെരേസ്യന്‍ കര്‍മലീത്താചൈതന്യം തെളിഞ്ഞുവിളങ്ങുന്നത് കൊച്ചുമൂപ്പച്ചന്‍ വ്യക്തമായി മനസ്സിലാക്കി. മെത്രാപ്പോലീത്തായുടെ ഡലിഗേറ്റ് എന്ന നിലയില്‍ ഈ മൂവരുടെ കാര്യത്തിലുണ്ടായ തന്റെ ബോധ്യം മെത്രാപ്പോലീത്തയെ ഔദ്യോഗികമായിത്തന്നെ അറിയിക്കുകയായിരുന്നു.
ഈ വാര്‍ത്ത മെത്രാനച്ചനെ ഏറെ സന്തോഷിപ്പിച്ചു. ഒരു ഏതദ്ദേശീയ സന്ന്യാസിനീസമൂഹസ്ഥാപനത്തിനായി കാംക്ഷിക്കുകയായിരുന്നല്ലോ, മെത്രാനച്ചന്‍. ഇതാണു തക്കസമയമെന്നുറപ്പിച്ച മെത്രാനച്ചന്‍, സന്ന്യാസജീവിതത്തിനൊരുക്കമായുള്ള പരീക്ഷണകാലഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയ ഏലീശ്വ, അന്ന, ത്രേസ്യ എന്നിവരെ സഭയുടെ അടിസ്ഥാനശിലകളായി സ്വീകരിച്ചു.
ഫാദര്‍ ലെയോപോള്‍ഡ് മെത്രാനച്ചന്റെ ഡലഗേറ്റ്  എന്ന നിലയില്‍ തിരുവസ്ത്രങ്ങളണിഞ്ഞ് മൂന്നു പേര്‍ക്കും കര്‍മലീത്താ ഉത്തരീയം നല്‍കി. ഏലീശ്വാ യുടെ പേര് പരിശുദ്ധ കന്യാമറിയത്തിന്റെ സി. ഏലീശ്വായെന്നും, അന്നയുടേത് തിരുഹൃദയത്തിന്റെ സി. അന്നയെന്നും, ത്രേസ്യയുടേത് ഈശോയുടെ സി. ത്രേസ്യയെന്നുമായിരുന്നു. സി. ഏലീശ്വായെ ശ്രേഷ്ഠയായും നിയമിച്ചു. ഫാദര്‍ ലെയോപോള്‍ഡ് ആധ്യാത്മികഗുരുവും, കുമ്പസാരക്കാരനുമായി നിയമിതനായി. അങ്ങനെ ലെയോപോള്‍ഡച്ചന്റെ നേതൃത്വത്തില്‍ നവസന്ന്യാസിനികള്‍ സന്ന്യാസജീവിതം കാനോനികമായി ആരംഭിച്ചു.
  ദൈവതിരുച്ചിത്തമെന്നുതന്നെ പറയട്ടെ, 1831 ഒക്‌ടോബര്‍ 15-ാം തീയതി നവീകൃതകര്‍മലീത്താസഭയുടെ സ്ഥാപിക എന്നറിയപ്പെടുന്ന ആവിലായിലെ വിശുദ്ധ ത്രേസ്യായുടെ തിരുനാള്‍ ദിനത്തില്‍ ജനിച്ച ഏലീശ്വാ സന്ന്യാസിനീപദം സ്വീകരിച്ച്, രൂപീകൃതമായ കര്‍മലീത്താസഭയുടെ ശ്രേഷ്ഠത്തിയായി നിയമിതയായപ്പോള്‍, മദര്‍ ഏലീശ്വായ്ക്ക്  സ്വര്‍ഗീയമധ്യസ്ഥയായി കൊച്ചുമൂപ്പച്ചന്‍ നല്കിയത് ആവിലായിലെ വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയെ. ഒപ്പം ഈ വിശുദ്ധയുടെ ജീവിതമുദ്രാവാക്യവും:
''യാതൊന്നും നിന്നെ ഭയപ്പെടുത്താതിരിക്കട്ടെ. യാതൊന്നും നിന്നെ അലട്ടാതിരിക്കട്ടെ. ദൈവം മാത്രം മതി.''
ഈ മുദ്രാവാക്യം ഏലീശ്വാമ്മ ഹൃദിസ്ഥമാക്കി, ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. അലറുന്ന തിരമാലകള്‍ മുറിച്ച് മുന്നോട്ടുനീങ്ങാന്‍ മദര്‍ ഏലീശ്വായ്ക്കു കരുത്തേകിയത് ഈ മുദ്രാവാക്യമാണ്.
  ആവിലായിലെ വിശുദ്ധ ത്രേസ്യാപ്പുണ്യവതിയുടെ തിരുനാള്‍ ദിനത്തില്‍ ജനിച്ച ഏലീശ്വായ്ക്ക് സ്വര്‍ഗീയമധ്യസ്ഥയായി ആവിലായിലെ വിശുദ്ധ ത്രേസ്യായെത്തന്നെ കൊച്ചുമൂപ്പച്ചന്‍ നല്കി. ഒടുവിലിതാ അമ്മത്രേസ്യായുടെ ജീവിതസാരവും. ഈ ജീവിതസാരം സ്വയമേറ്റെടുത്ത് അനുഭവിച്ചതും അറിയിച്ചതുംതന്നെയല്ലേ ദൈവദാസി മദര്‍ ഏലീശ്വാമ്മയുടെയും സുകൃതം!

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)