•  30 Oct 2025
  •  ദീപം 58
  •  നാളം 34
ലേഖനം

എന്തിനാണ് ഈ ജപമാല?

    എഴുത്തും വായനയും അറിയാത്ത നമ്മുടെ പൂര്‍വികര്‍ പണ്ടേ ഹൃദിസ്ഥമാക്കിയതാണ് ജപമാലയുടെ രഹസ്യങ്ങള്‍. അന്നു നമ്മുടെ അമ്മൂമ്മമാരും  അപ്പൂപ്പന്മാരും കുട്ടികളെ പഠിപ്പിച്ച ഏറ്റവും വലിയ പ്രാര്‍ഥനയാണ് കൊന്തനമസ്‌കാരം. ഈ ആധുനികകാലത്തുപോലും കാഴ്ചയില്ലാത്തവരും കേള്‍വിയില്ലാത്തവരുംപോലും  നിരന്തരം കൊന്ത ചൊല്ലിയാണ് അവരുടെ വിശ്വാസത്തെ ജ്വലിപ്പിച്ചുനിര്‍ത്തുന്നത്. നാമെല്ലാവരെയും വിശ്വാസത്തിലേക്കു വലിച്ചടുപ്പിക്കുന്ന സ്‌നേഹച്ചങ്ങലയാണ്, സ്വര്‍ഗവാതിലാണ്  അമ്മമേരി  തുറന്നുതരുന്ന  ഈ  മഹാദ്ഭുതം. അകത്തോലിക്കര്‍പോലും ഇന്നു കൊന്ത സമ്മാനമായി നല്‍കുകയും  കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. 
   കുറെയേറെ ''നന്മനിറഞ്ഞ മറിയം''  ചൊല്ലുന്നത് വെറും ജല്പനമെന്നു പറഞ്ഞ് അവഗണിക്കുന്നവരോട് ഒരു വാക്ക്. ഇവയ്‌ക്കൊപ്പം നാം രഹസ്യങ്ങള്‍ ചൊല്ലുന്നു. ഒരു രഹസ്യത്തിന് അഞ്ചെണ്ണം വീതം നാലു രഹസ്യത്തിനുംകൂടി 20 വിഷയങ്ങള്‍ നാം ധ്യാനിക്കുന്നു. ഈ രഹസ്യങ്ങള്‍ ഓരോന്നും ബൈബിളിലെ ഓരോരോ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയതാണ്. നമ്മുടെ വിശ്വാസത്തിന്റെ ദിവ്യപ്രഭ തൂകിനില്‍ക്കുന്ന അവിസ്മരണീയരംഗങ്ങളാണത്.
   ലോകത്തിന്റെ ഏതു കോണില്‍ ചെന്നാലും, വിശ്വാസികള്‍  മുടങ്ങാതെ ചൊല്ലുന്ന പ്രാര്‍ഥനയാണിത്. ചൈനയിലും മറ്റും ദൈവാലയങ്ങള്‍ അടിച്ചുപൊളിക്കപ്പെട്ടപ്പോള്‍ വിശ്വാസികള്‍ രഹസ്യമായി ഏതെങ്കിലും വീട്ടില്‍ ഒത്തുചേര്‍ന്ന് കൊന്തനമസ്‌കാരം ചൊല്ലിയിരുന്നു. ഈ അടുത്തകാലത്ത് സിങ്കപ്പൂരിലെ ഒരു ദൈവാലയത്തില്‍നിന്ന് കുറെ വിശ്വാസികള്‍ ഇന്തോനേഷ്യയിലെ ബിന്ദാനിലേക്കു ഒരു വിനോദയാത്രയ്ക്കു പോയി. മക്കളെ കാണാനെത്തിയ ഞാനും ഭാര്യയും ഇക്കൂടെ ഉണ്ടായിരുന്നു. പകല്‍ മുഴുവന്‍  കാഴ്ചകള്‍ കണ്ടു നടന്നശേഷം വൈകിട്ട് അത്താഴം കഴിഞ്ഞു ഞങ്ങള്‍ ഒരു മരച്ചുവട്ടില്‍ ഒത്തുകൂടി. പെട്ടെന്ന് ഒരു വീട്ടമ്മ പറഞ്ഞു: ''നമുക്ക് കൊന്ത ചൊല്ലിയാലോ?'' പിന്നീടങ്ങു ഭക്തിനിര്‍ഭരമായ ഏതാനും മിനിറ്റുകളായിരുന്നു. ജപമാല കഴിഞ്ഞപ്പോള്‍ എല്ലാവരും ചേര്‍ന്ന് മാതാവിന്റെ നല്ലൊരു പാട്ടും പാടി.  ദിവസേന ദൈവാലയത്തിലേക്കു നടക്കുമ്പോള്‍ കൈയില്‍ കൊന്തയുരുട്ടി ജപമാല അര്‍പ്പിക്കുന്ന  അനേകം വീട്ടമ്മമാരുണ്ട്. അവര്‍ പ്രാപിക്കുന്ന അനുഗ്രഹങ്ങള്‍ അവര്‍ണനീയമാണ്. അമ്മമേരിയുടെ വിരല്‍പ്പാടുകള്‍ നിത്യം പതിയുന്ന അനുഗൃഹീതമായ ഒരു വിശിഷ്ട ഉപകരണമാണ് - സാത്താനുനേരേയുള്ള ആയുധമാണ് കൊന്തയെന്ന കാര്യത്തില്‍ സംശയം വേണ്ട.
ജപമാലരഹസ്യങ്ങള്‍ 
    യേശുവിന്റെയും അമ്മമേരിയുടെയും ജീവിതത്തിലൂടെ നാം നടത്തുന്ന ധ്യാന നിര്‍ഭരമായ യാത്രയാണ് ജപമാല. 
ഗബ്രിയേല്‍മാലാഖ ദൈവകല്പന അറിയിക്കുന്നിടത്താണ് സന്തോഷത്തിന്റെ  ദിവ്യരഹസ്യങ്ങള്‍ തുടങ്ങുക  ഏലീശ്വാ ഗര്‍ഭിണിയായി എന്നു കേട്ടപ്പോള്‍  അവിടെച്ചെന്ന് മൂന്നുമാസം  അവള്‍ക്കു ശുശ്രൂഷ ചെയ്യുന്നുണ്ട് മറിയം. ഒരു ഗ്രീഷ്മരാത്രിയില്‍ അശരണയായി എത്തി  ഒരു പുല്‍ക്കൂട്ടില്‍ മാലാഖമാരെ മാത്രം സാക്ഷിയാക്കി മറിയം ദൈവകുമാരനെ പ്രസവിക്കുന്ന മനോഹരമായ രംഗമാണ് അടുത്തത്. ശുദ്ധീകരണനാളില്‍ ദൈവാലയത്തില്‍ കൊണ്ടുചെന്നു  ദൈവത്തിനു ശെമയോന്‍ സാക്ഷിയായി  കാഴ്ച വയ്ക്കുന്നതാണ് നാലാം രഹസ്യം. 12  വയസ്സുള്ളപ്പോള്‍ കാണാതായ യേശു ദൈവാലയത്തില്‍ വേദശാസ്ത്രികളുമായി  ആശയങ്ങള്‍ പങ്കിടുന്ന കാഴ്ചയാണ് അഞ്ചാം രഹസ്യത്തില്‍.
പ്രകാശത്തിന്റെ ദിവ്യരഹസ്യങ്ങളില്‍  യോഹന്നാന്റെ കരങ്ങളില്‍നിന്ന് ജോര്‍ദാന്‍നദിയില്‍വച്ച് സ്‌നാനപ്പെടുമ്പോള്‍ ഒരു പ്രാവിന്റെ രൂപത്തില്‍ പരിശുദ്ധാത്മാവ് പ്രത്യക്ഷപ്പെടുന്നതാണ് ഇവന്‍ ദൈവത്തിന്റെ പ്രിയപുത്രനാണ് എന്നതിന്റെ നമുക്കു കിട്ടുന്ന പ്രഥമസാക്ഷ്യം. കാനായിലെ ജലം വീഞ്ഞാക്കുന്ന അദ്ഭുതവും  അതിനായുള്ള അമ്മയുടെ  മാധ്യസ്ഥ്യവുമാണ് അടുത്ത ധ്യാനവിഷയം. മരുഭൂമിയിലെ ഒരുക്കങ്ങള്‍ക്കുശേഷം ദൈവരാജ്യത്തിന്റെ ആഗമനത്തെക്കുറിച്ചു  സുവിശേഷം പ്രസംഗിക്കാന്‍  തുടങ്ങുന്നതാണ് അടുത്തത്. താബോര്‍ മലമുകളില്‍ പ്രിയപ്പെട്ട ശിഷ്യന്മാര്‍ കാണ്‍കെ രൂപാന്തരപ്പെട്ടു തന്റെ സ്വര്‍ഗീയമഹത്ത്വം  വെളിപ്പെടുത്തുന്നു. അഞ്ചാംരഹസ്യത്തില്‍ സെഹിയോന്‍ ഊട്ടുശാലയില്‍ പാദങ്ങള്‍ കഴുകി  സ്‌നേഹത്തിന്റെ പുതിയ വ്യാകരണം ഓതിക്കൊടുത്ത്, അതിന്റെ ശാശ്വതസ്മാരകമായി വിശുദ്ധ കുര്‍ബാന  സ്ഥാപിക്കുന്നു. 
   യേശുവിന്റെ പീഡാനുഭവത്തിന്റെ, മനുഷ്യകുലത്തിനായുള്ള ജീവാര്‍പ്പണത്തിന്റെ ആര്‍ദ്രമായ നിമിഷങ്ങളാണ് ഇനി.   ദുഃഖകരമായ രഹസ്യങ്ങളിലേക്കു പ്രവേശിക്കുമ്പോള്‍ പൂങ്കാവനത്തില്‍ രക്തം വിയര്‍ത്തു നില്‍ക്കുന്ന യേശുവിനെയാണ് ആദ്യം കാണുക. പിന്നീട് പീലാത്തോസിന്റെ ഭവനത്തില്‍  തൂണില്‍ കെട്ടിയിട്ടു ചമ്മട്ടികൊണ്ടു പട്ടാളക്കാര്‍ അടിക്കുന്നു. യൂദന്മാര്‍ മുള്‍മുടി ധരിപ്പിച്ച് അധിക്ഷേപിക്കുന്ന രംഗമാണടുത്തത്. അധികം അപമാനവും വ്യാകുലവും സമ്മാനിച്ച ക്രൂശുംകൊണ്ടുള്ള മലകയറ്റമാണ് പിന്നീടുള്ള ധ്യാനവിഷയം. വ്യാകുലസമുദ്രത്തില്‍ മുങ്ങിനിന്ന പ്രിയമാതാവിന്റെ മുമ്പില്‍വച്ച് വസ്ത്രങ്ങള്‍ അവര്‍ ഉരിഞ്ഞെടുത്തു ക്രൂശിന്മേല്‍ കാരിരുമ്പാണികള്‍ കുത്തിത്തറച്ചു  കൊല്ലുന്ന ക്രൂരത നിറഞ്ഞ ചിത്രമാണ് പിന്നെ. 
    മഹിമയുടെ രഹസ്യങ്ങളില്‍ ജയസന്തോഷങ്ങളോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന, മൃത്യുവിനെ ജയിച്ച യേശുവിനെയാണ് നാം കൊണ്ടാടുന്നത്. ഉയിര്‍പ്പില്ലായിരുന്നെങ്കില്‍ ക്രിസ്ത്യാനി ഉണ്ടാകുമായിരുന്നില്ല. ഉയിര്‍പ്പാണ് നമ്മുടെ വിശ്വാസത്തിന്റെ നാഴികക്കല്ല്. അതില്ലായിരുന്നെങ്കില്‍ പാഴായിപ്പോകുമായിരുന്നു നമ്മുടെ ജന്മങ്ങള്‍ എന്നു നാം വിശ്വസിക്കുന്നു.
   നാല്പതാംനാള്‍ ജയഘോഷങ്ങളോടെ തന്റെ ദിവ്യമാതാവും ശിഷ്യന്മാരും  കണ്ടുനില്‍ക്കെ സ്വര്‍ഗാരോഹണം ചെയ്യുന്ന  ക്രിസ്തുവിനെക്കുറിച്ചാണ് പിന്നെയുള്ള ധ്യാനം. പിതാവിന്റെ വലത്തുഭാഗത്തെഴുന്നള്ളിഇരുന്നശേഷം സെഹിയോന്‍ ഊട്ടുശാലയില്‍ ധ്യാനിച്ചിരുന്ന കന്യകാമാതാവിന്റെമേലും ശ്ലീഹന്മാരുടെമേലും പരിശുദ്ധാത്മാവിനെ അയച്ചു എന്ന ധ്യാനമാണ് അടുത്തത്. കന്യകമാതാവിനെ സ്വര്‍ഗത്തിലേക്കു മാലാഖമാര്‍ ഉയര്‍ത്തുന്ന രംഗമാണ് പിന്നെ. സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി നക്ഷത്രകിരീടം അണിഞ്ഞു മുടിചൂടിനില്‍ക്കുന്ന പ്രഭാവതിയായ അമ്മമേരിയെയാണ്  നാം അവസാനമായി ധ്യാനിക്കുക.  
വേദനകളില്‍ ആശ്വാസം 
    വൈകാരികവും ശാരീരികവുമായ   ശക്തി ആര്‍ജിക്കാന്‍ ഒരു ഉപാധിയാണ്  ബോധപൂര്‍വമായ ജപമാലയര്‍പ്പണം. യേശുവിന്റെ ജീവിതത്തെയും സന്ദേശങ്ങളെയും ആഴത്തില്‍ മനസ്സിലാക്കാനും അതു സ്വന്തം ജീവിതത്തില്‍ പകര്‍ത്താനും നമുക്ക് നിത്യേനേയുള്ള ഈ ജപമാല സഹായകമാകുന്നു.  ക്ഷമയും സഹവര്‍ത്തിത്വവും  ദീനാനുകമ്പയും നമ്മില്‍ വളരാനും തിന്മയുടെ ശക്തികളെ നമ്മില്‍നിന്നകറ്റിനിര്‍ത്താനും  ഇതിനു കഴിയും.  പാപമോഹങ്ങളില്‍നിന്നു മോചനം, ആത്മീയമായ ശക്തി  ഇതെല്ലാം  നമുക്കു  തരാന്‍ അമ്മയുടെ സഹായം നമുക്കു ലഭിക്കുന്നു. ആന്തരികസമാധാനം, പ്രശാന്തമായ മനസ്സ്, മനസ്സ് കലുഷിതമാകുമ്പോള്‍ സമാശ്വാസം  ഇതെല്ലാം സാധ്യമാകാന്‍  ജപമാലയര്‍പ്പിക്കാം. നിത്യജീവിതത്തിന്റെ വെല്ലുവിളികളെ സധീരം നേരിടുവാന്‍ അമ്മയുടെ അനുഗ്രഹം  നമുക്കാവശ്യമാണ്.
ശാസ്ത്രത്തിന്റെ  കാഴ്ചപ്പാടില്‍ 
    ജപമാലയര്‍പ്പണത്തിലൂടെ പ്രകടമാകുന്ന ആരോഗ്യപരമായ മാറ്റങ്ങളെക്കുറിച്ചു ചില ശാസ്ത്രീയമായ കണ്ടെത്തലുകളുണ്ട്. ആരോഗ്യത്തിന്റെയും സന്തുഷ്ടജീവിതത്തിന്റെയും കാര്യത്തില്‍ ക്രിയാത്മകമായ സ്വാധീനവും പ്രഭാവവും സൃഷ്ടിക്കാന്‍ ഈ പ്രാര്‍ഥനയും ധ്യാനവും  ഉപകരിക്കുന്നു. അനുക്രമമായ പ്രാര്‍ഥനാജപങ്ങള്‍  നമ്മുടെ  ശ്വാസോച്ഛാസത്തെയും ഹൃദയമിടിപ്പിനെയും ക്രമീകരിക്കും.  തന്മൂലം  മാനസികമായി നമുക്ക്  ഒരു പ്രശാന്തത കൈവരുന്നു. നമ്മുടെ നാഡീവ്യൂഹത്തെ മൊത്തത്തില്‍ ഗുണകരമായ  രീതിയില്‍  നിലനിര്‍ത്താന്‍  ഇതു സഹായകമാകുന്നു. വിരലുകളുടെ  ക്രമാനുസൃതമായ ചലനങ്ങള്‍പോലും പ്രയോജനകരമാണ്. ബ്ലഡ്പ്രഷര്‍ കുറയ്ക്കാനും ഹൃദയസംബന്ധമായ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും, ശ്വാസഗതി മെച്ചമാക്കി  രക്തചംക്രമണം ത്വരിതഗതിയിലാക്കാനും  ജപമാല ഉപയുക്തമാണ്.
ഡിപ്രെഷന്‍, മനോസമ്മര്‍ദങ്ങള്‍, ആകുലത, അമിതമായ ഉത്കണ്ഠകള്‍  ഇതില്‍നിന്നെല്ലാം മോചനം  നേടിത്തരാനും   ജപമാലയ്ക്കു കഴിയും. മനോസമ്മര്‍ദങ്ങള്‍  ഒഴിവാകുമ്പോള്‍  മെച്ചപ്പെട്ട രോഗപ്രതിരോധശേഷിയും നമുക്കുണ്ടാകും. 
ജപമാലയുടെ അപദാനങ്ങള്‍ 
   'സീക്രെട്ട്  ഓഫ് റോസറി'  എന്ന വിശ്വ വിഖ്യാതമായ പുസ്തകത്തിന്റെ രചയിതാവും മരിയന്‍ഭക്തിയുടെ ലോകം  കണ്ടതില്‍ വച്ചേറ്റവും പ്രസിദ്ധനായ അപ്പസ്തോലനുമായ മോണ്ട്‌ഫോര്‍ട്ട്  പറയുന്നു: ''ഇതൊരു വിലമതിക്കാനാകാത്ത, ദൈവപ്രചോദിതമായ നിധിയാണ്; നമ്മുടെ രക്ഷകനായ യേശുവിന്റെ ഹൃദയത്തില്‍ തൊടാനുള്ള ഉപാധിയാണ്. കാരണം, അവന്‍ അമ്മയെ സ്‌നേഹിക്കുന്നുണ്ട്. സെന്റ് റോസ് മരിയ നമ്മെ  പ്രോത്സാഹിപ്പിക്കുന്നുണ്ട് - മുടങ്ങാതെ വിശ്വാസത്തോടെയും സ്‌നേഹചൈതന്യത്തോടെയും കൊന്ത ചൊല്ലാന്‍. അതുവഴി നമുക്ക് യേശുവിന്റെ പാതയിലൂടെ മുന്നേറാന്‍ അവള്‍ ശക്തി നല്‍കും. നരകത്തിനെതിരേ ശക്തമായ പരിചയൊരുക്കി തിന്മയെയും പാഷണ്ഡതയെയും മതവിരുദ്ധവാദത്തെയും  ഒക്കെ തളയ്ക്കാന്‍ നമുക്ക്   ജപമാല മതി. സമാധാനവും  പ്രശാന്തിയും കൈവരാന്‍ നാം നിരന്തരം ജപമാല ചൊല്ലണം. പരിശുദ്ധ ലെയോ പതിമൂന്നാമന്‍ പാപ്പാ അടിവരയിട്ടു പറയുന്ന കാര്യമിതാണ്: ''സ്വര്‍ഗീയസൗഭാഗ്യം നേടാന്‍ ഇതിനെക്കാള്‍  ഫലസിദ്ധിയുള്ള അത്യുത്കൃഷ്ടമായ  മറ്റൊരു പ്രാര്‍ഥനയില്ല. നമ്മുടെ എല്ലാ തിന്മകളെയും  ഇല്ലായ്മ  ചെയ്തു വരപ്രസാദം നിറയ്ക്കുന്ന ഈ പ്രാര്‍ഥന നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം. നമ്മുടെ മരണനേരത്തും.'' അമ്മയോടു  കൃപ  ചൊരിയാനാണ്  നാം പ്രാര്‍ഥിക്കുന്നത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)