•  30 Oct 2025
  •  ദീപം 58
  •  നാളം 34
ലേഖനം

വിശുദ്ധര്‍, മിശിഹായുടെ സ്‌നേഹിതര്‍

2025 ഒക്‌ടോബര്‍ മാസം 19-ാം തീയതി ഞായറാഴ്ച റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കായുടെ അങ്കണത്തില്‍വച്ച് പരിശുദ്ധപിതാവ് ലെയോ പതിന്നാലാമാന്‍പാപ്പാ വാഴ്ത്തപ്പെട്ടവരായ തുര്‍ക്കിയില്‍നിന്നുള്ള അര്‍മേനിയന്‍ കത്തോലിക്കാ ബിഷപ് ഇഗ്നാസിയോ ഷുക്രള്ള മലായന്‍, പാപ്പുവ ന്യൂഗിനിയയില്‍ നിന്നുള്ള പീറ്റര്‍ തോ റോത്ത്, ഇറ്റലിയില്‍നിന്നുള്ള സിസ്റ്റര്‍ വിന്‍ചെന്‍ സാ മരിയ  പൊലോണി, വെനസ്വേലയില്‍നിന്നുള്ള സിസ്റ്റര്‍ മരിയ ദെല്‍ മൊന്തെ കാര്‍മെലോ റെന്തിലസ് മര്‍ത്തിനെസ്, മരിയ ത്രൊങ്കാത്തി, ഹൊസ്സെ ഗ്രെഗോറിയോ ഹെര്‍ണാണ്ടസ് സിസ്‌നെരോസ്, ബര്‍ത്തോലോ ലോംഗോ എന്നീ ഏഴു പേരുടെ വിശുദ്ധപദപ്രഖ്യാപനാവസരത്തില്‍ വിശുദ്ധ കുര്‍ബാനമധ്യേ നല്കിയ സുവിശേഷസന്ദേശത്തില്‍നിന്ന്:

പ്രിയ സഹോദരീ സഹോദരന്മാരേ, ഇപ്പോള്‍ നമ്മള്‍ ശ്രവിച്ച സുവിശേഷഭാഗത്തിന്റെ (ലൂക്കാ 18: 1-8) അവസാനത്തെ വാക്യം ഒരു ചോദ്യമാണ്: മനുഷ്യപുത്രന്‍ വരുമ്പോള്‍, ഭൂമിയില്‍ വിശ്വാസം കണ്ടെത്താന്‍ അവനു സാധിക്കുമോ? (ലൂക്കാ 18:8). കര്‍ത്താവിന്റെ ദൃഷ്ടിയില്‍ ഏറ്റവും ശ്രേഷ്ഠമായത് വിശ്വാസമാണെന്നാണ് ഈ ചോദ്യം നമുക്കു വെളിപ്പെടുത്തുന്നത്. വിശ്വാസമെന്നാല്‍, ദൈവവും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധമാണ്. ഇന്നു നമ്മുടെ മുമ്പില്‍, ദൈവകൃപയാല്‍, വിശ്വാസവെളിച്ചത്തിന്റെ ജ്വാല കെടാതെ നിലനിര്‍ത്തിയ ഏഴു പുത്തന്‍ വിശുദ്ധര്‍ കര്‍ത്താവിനു സാക്ഷ്യം വഹിക്കുന്നു. അവര്‍ മിശിഹായുടെ പ്രകാശം പരത്തുവാന്‍ കഴിവുള്ള വിളക്കുകളാണ്.
അതുപോലെ, യുഗാന്ത്യത്തില്‍, ദൈവം മര്‍ത്ത്യരായ മനുഷ്യരെ ഇല്ലായ്മയില്‍നിന്നു രക്ഷിച്ച് അമര്‍ത്ത്യരായിത്തീര്‍ക്കും. വിശ്വാസരഹിതവിശ്വം അനാഥമാണ്. രക്ഷിക്കാനൊരു രക്ഷകനില്ലാത്ത പിതൃരഹിതര്‍.
   ഇക്കാരണത്താല്‍, മനുഷ്യനായിത്തീര്‍ന്ന ദൈവപുത്രനായ ഈശോ ഈ വിശ്വാസത്തെക്കുറിച്ച് ആരായുന്നു. ഭൂമുഖത്തുനിന്ന് വിശ്വാസം അപ്രത്യക്ഷമായാല്‍ എന്തു സംഭവിക്കും? ആകാശവും ഭൂമിയും പഴയപോലെ തുടരും. പക്ഷേ, നമ്മുടെ ഹൃദയങ്ങളില്‍ ഇനി മേലില്‍ പ്രത്യാശ ഉണ്ടാവില്ല. മനുഷ്യസ്വാതന്ത്ര്യത്തെ മരണം പരാജയപ്പെടുത്തും. ജീവിക്കാനുള്ള നമ്മുടെ ആഗ്രഹം മങ്ങിമറയും. ദൈവത്തില്‍ വിശ്വസിക്കാതിരുന്നാല്‍ നിത്യരക്ഷയ്ക്കായുള്ള പ്രതീക്ഷ അപ്രത്യക്ഷമാകും.
   മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ അവനു വിശ്വാസം കണ്ടെത്താന്‍ സാധിക്കുമോ എന്ന് ഈശോ ചോദിക്കുമ്പോള്‍ നമ്മള്‍ അസ്വസ്ഥരാകാം. ഈശോതന്നെയാണ് ഇങ്ങനെ ചോദിക്കുന്നതെന്ന് മറക്കുന്നതുകൊണ്ടാണ് അസ്വസ്ഥത കടന്നുവരുന്നത്. ശരിക്കും, കര്‍ത്താവിന്റെ വാക്കുകള്‍ എപ്പോഴും സദ്വാര്‍ത്തയാണ്; നിത്യരക്ഷയുടെ ആനന്ദദായകമായ പ്രഘോഷണമാണ്. പിതാവില്‍നിന്നു പുത്രന്‍വഴി റൂഹാദ്ക്കുദിശായുടെ ശക്തിയാല്‍ നമ്മള്‍ സ്വീകരിക്കുന്ന നിത്യജീവന്റെ സമ്മാനമാണ് മനുഷ്യരക്ഷ.
   പ്രിയസ്‌നേഹിതരേ, ഇക്കാരണത്താല്‍ത്തന്നെയാണ് മിശിഹാ തന്റെ ശിഷ്യന്മാരോട് മടുപ്പുതോന്നാതെ നിരന്തരം പ്രാര്‍ത്ഥിക്കണമെന്നു പറയുന്നത് (ലൂക്കാ 18:1). ശ്വസിക്കുന്നതുകൊണ്ട് നമ്മളാരും മടുക്കുന്നില്ലാത്തതുപോലെ, പ്രാര്‍ഥനയും നമ്മെ മടുപ്പിക്കരുത്. ശരീരത്തിന്റെ ജീവന്‍ ശ്വാസോച്ഛ്വാസം നിലനിര്‍ത്തുന്നതുപോലെ പ്രാര്‍ഥന ആത്മാവിന്റെ ജീവന്‍ നിലനിര്‍ത്തുന്നു. വിശ്വാസം തീര്‍ച്ചയായും പ്രാര്‍ഥനയിലാണ് പ്രകടമാകുന്നത്. യഥാര്‍ഥപ്രാര്‍ത്ഥനയെ പരിപോഷിപ്പിക്കുന്നത് വിശ്വാസമാണ്. 
   ഈശോ ഒരുപമയിലൂടെ പ്രാര്‍ഥനയും വിശ്വാസവുമായുള്ള ഈ ബന്ധം വിശദമാക്കുന്നു. ഒരു വിധവയുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനകള്‍ക്ക് ഒരു ന്യായാധിപന്‍ ചെവികൊടുത്തില്ല. എങ്കിലും അവളുടെ തുടര്‍ച്ചയായ അപേക്ഷ അവസാനം അയാള്‍ ശ്രദ്ധിക്കുകയും അവളുടെ ആവശ്യം സാധിച്ചുകൊടുക്കുകയും ചെയ്തു.
   ആദ്യനോട്ടത്തില്‍ വിധവയുടെ ഇപ്രകാരമുള്ള നിര്‍ബന്ധബുദ്ധി നമ്മുടെ വേദനയുടെയും കഷ്ടപ്പാടുകളുടെയും കാലത്ത് പ്രത്യാശയുടെ സുന്ദരസന്ദര്‍ഭമായി നമ്മുടെ മനസ്സില്‍ തെളിയും. എങ്കിലും, വിധവയുടെ നിരന്തരമായ അഭ്യര്‍ഥനയും മനസ്സില്ലാമനസ്സോടെ തന്റെ കടമ നിര്‍വഹിക്കുന്ന ന്യായാധിപന്റെ മനോഭാവവും ഈശോയുടെ ഭാഗത്തുനിന്ന് പ്രകോപനപരമെന്നു തോന്നാവുന്ന മറ്റൊരുചോദ്യത്തിന് അവസരമൊരുക്കുന്നു: ''രാപകല്‍ എന്നോടു നിലവിളിക്കുന്ന തന്റെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുവേണ്ടി ദൈവം കൂടുതലായി നീതി നടത്തുകില്ലേ?'' (ലൂക്കാ 18:7).
   ഈ ചോദ്യത്തിന്റെ മാറ്റൊലി നമ്മുടെ ഹൃദയത്തില്‍ മുഴങ്ങുവാന്‍ നമുക്ക് അനുവദിക്കാം. ദൈവം എല്ലാവരോടും നീതി പുലര്‍ത്തുന്ന ന്യായാധിപനാണെന്നു നിങ്ങള്‍ വിശ്വസിക്കുന്നുവോ എന്നാണ് കര്‍ത്താവിന്റെ ചോദ്യം. ഓരോരുത്തരുടെയും നിത്യരക്ഷയും നമ്മുടെ എല്ലാവരുടെയും നന്മയും എപ്പോഴും കാംക്ഷിക്കുന്ന പിതാവില്‍ വിശ്വസിക്കുന്നുവോ എന്നാണ് ദൈവപുത്രന്‍ നമ്മോടു ചോദിക്കുന്നത്. ഇതു സംബന്ധിച്ച് രണ്ടു പ്രലോഭനങ്ങള്‍ നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്നു. ഒന്നാമത്തേത്, നിഷ്‌കളങ്കരുടെ സഹനത്തില്‍ സഹതപിക്കാത്തവനും അടിച്ചമര്‍ത്തപ്പെട്ടവരുടെ നിലവിളി കേള്‍ക്കാത്തവനുമാണ് ദൈവമെന്നു തോന്നിപ്പിക്കുന്ന തിന്മയുടെ ഇടര്‍ച്ചയുടെ സാന്നിധ്യത്തിന്റെ പിന്‍ബലത്തോടെ വിശ്വാസത്തിനെതിരേ നമ്മള്‍ നേരിടുന്ന പ്രലോഭനം. രണ്ടാമത്തേത് ദൈവം നമ്മുടെ ഇഷ്ടാനുസരണം വര്‍ത്തിക്കണമെന്ന ചിന്തയാണ്. എപ്രകാരമാണ് നീതിയോടും ഫലപ്രദമായും കാര്യങ്ങള്‍ നടത്തേണ്ടതെന്നു ദൈവത്തെ പഠിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ക്കു പ്രാര്‍ഥന വഴിമാറുന്നു!
    പുത്രസഹജമായ ആശ്രയബോധത്തിന്റെ സമ്പൂര്‍ണസാക്ഷ്യമായ ഈശോനാഥന്‍ ഈ രണ്ടു പ്രലോഭനങ്ങളില്‍നിന്നും നമ്മെ മോചിപ്പിക്കുന്നു. പീഡാസഹനത്തിന്റെ സമയത്ത് 'പിതാവേ, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ' (ലൂക്കാ 22:44) എന്നു പ്രാര്‍ഥിക്കുന്ന കളങ്കരഹിതനാണ് അവിടുന്ന്. ദിവ്യഗുരു 'സ്വര്‍ഗസ്ഥനായ പിതാവേ' എന്ന പ്രാര്‍ത്ഥനയില്‍ ഈ വാക്കുകള്‍ ചേര്‍ത്തിട്ടുണ്ട്.
  എന്തുതന്നെ സംഭവിച്ചാലും ഈശോ പുത്രനെന്ന നിലയില്‍ പിതാവിന് എല്ലാം കയ്യാളിച്ചു എന്നു നമ്മള്‍ മറക്കരുത്. അതിനാല്‍ നമ്മള്‍ ഈശോയുടെ നാമത്തില്‍ സഹോദരീസഹോദരന്മാരാണ്. 'കര്‍ത്താവേ, അങ്ങ് എവിടെ' എന്ന് നമ്മള്‍ നിലവിളിക്കുമ്പോള്‍, അതൊരു പ്രാര്‍ഥനയായി നമുക്കു പരിണമിപ്പിക്കാം. നിഷ്‌കളങ്കന്റെ സഹനത്തില്‍ ദൈവം സന്നിഹിതനാണെന്ന് അപ്പോള്‍ നമ്മള്‍ തിരിച്ചറിയും. മിശിഹായുടെ കുരിശ് ദൈവത്തിന്റെ നീതി വെളിവാക്കുന്നു. ദൈവത്തിന്റെ നീതി പാപപ്പൊറുതിയാണ്. അവിടുന്ന് തിന്മ കാണുമ്പോള്‍ അത് തന്റെമേല്‍ ഏറ്റെടുത്തുകൊണ്ട് അതിനെ വീണ്ടെടുക്കുന്നു. വിദ്വേഷവും യുദ്ധവും അക്രമവും സഹനവുംവഴി നമ്മള്‍ 'ക്രൂശിക്കപ്പെടു'മ്പോള്‍ മിശിഹാ നമ്മോടൊപ്പം കുരിശിന്മേലുണ്ട്. കര്‍ത്താവ് ആശ്വസിപ്പിക്കാത്ത ഒരു വിലാപവുമില്ല. ഒരു കണ്ണുനീര്‍ത്തുള്ളിയും മിശിഹായുടെ  ഹൃദയത്തെ സ്പര്‍ശിക്കാതിരിക്കില്ല. കര്‍ത്താവ് നമ്മെ ശ്രവിക്കുന്നു; നമ്മളായിരിക്കുന്ന അവസ്ഥയില്‍ നമ്മെ ആശ്ലേഷിക്കുകയും അവിടുന്നായിരിക്കുന്നതുപോലെ നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു. ദൈവത്തിന്റെ കാരുണ്യം തിരസ്‌കരിക്കുന്നവര്‍ തങ്ങളുടെ അയല്‍ക്കാരോട് കരുണ കാണിക്കാന്‍ അപ്രാപ്യരായി മാറുന്നു. സമാധാനം ദൈവദാനമായി കാണാത്തവന് സമാധാനം നല്‍കുവാന്‍ കഴിവില്ല. 
പ്രിയപ്പെട്ട സ്‌നേഹിതരേ, ഈശോയുടെ ചോദ്യങ്ങള്‍  പ്രത്യാശയിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും നമ്മെ നയിക്കുന്ന ശക്തമായ ആഹ്വാനങ്ങളാണ്. മനുഷ്യപുത്രന്‍ വരുമ്പോള്‍ ദൈവപരിപാലനയിലുള്ള വിശ്വാസം കണ്ടെത്തുമോ? എല്ലാം തലേലെഴുത്താണെന്ന സിദ്ധാന്തത്തില്‍നിന്നു നമ്മളെ മോചിപ്പിച്ച് ദൈവം ലോകത്തെ സ്‌നേഹത്താല്‍ രക്ഷിക്കുന്നു എന്നു മനസ്സിലാക്കുമ്പോള്‍ വിശ്വാസമാണ് നമ്മുടെ നീതിക്കുവേണ്ടിയുള്ള ദാഹത്തിന് അടിസ്ഥാനമെന്നു നമുക്കു ബോധ്യപ്പെടും. ക്ലേശിതരുടെ നിലവിളി കേള്‍ക്കുമ്പോള്‍ മിശിഹായെപ്പോലെ നമ്മളും പിതാവായ ദൈവത്തിന്റെ സ്‌നേഹത്തിനു സാക്ഷികളാണോയെന്നു സ്വയം ചോദിക്കണം. എളിയവനായ മിശിഹാ ധിക്കാരികളെ മനഃപരിവര്‍ത്തനത്തിലേക്കു ക്ഷണിക്കുന്നു. അവിടുന്ന് നമ്മളെ നീതീകരിക്കുന്ന നീതിമാനാണ്.
ഇതെല്ലാം ഈ പുതിയ വിശുദ്ധരില്‍ ദൃശ്യമാണ്. അവര്‍ ഏതെങ്കിലും ലൗകികാദര്‍ശത്തിന്റെ വീരനായകന്മാരല്ല. പിന്നെയോ തനി ദൈവികമനുഷ്യരാണ്. മിശിഹായുടെ സ്‌നേഹിതര്‍.
   അവരുടെ  മാധ്യസ്ഥ്യം പരീക്ഷകളില്‍ നമ്മെ സഹായിക്കുകയും അവരുടെ മാതൃക വിശുദ്ധിയിലേക്കുള്ള വിളിയില്‍ നമുക്കു പ്രചോദനമാവുകയും ചെയ്യട്ടെ. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍. നമുക്ക് ഇടമുറിയാതെ പ്രാര്‍ഥിക്കാം. നമ്മള്‍ മനസ്സിലാക്കുകയും ഉറച്ചു വിശ്വസിക്കുകയും ചെയ്ത കാര്യങ്ങളില്‍ തുടരുകയും ചെയ്യാം 
(2 തിമോ. 3:14) അപ്രകാരം ഭൂമിയില്‍, വിശ്വാസം നമ്മെ സ്വര്‍ഗത്തിലുള്ള പ്രത്യാശയില്‍ നിലനിര്‍ത്തട്ടെ.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)