ഗാസയില്‍ ആഭ്യന്തരയുദ്ധം
ഈ മാസം 13-ാം തീയതി തിങ്കളാഴ്ച ഈജിപ്തിലെ ഷാം എല്‍ ഷെയ്ക്കില്‍ ഒപ്പുവച്ച ഡൊണാള്‍ഡ് ട്രംപിന്റെ 20 ഇന സമാധാനപദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയായതിനുപിന്നാലെ ഗാസയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങള്‍ ആഭ്യന്തരകലാപമായി മാറിയെന്ന വാര്‍ത്ത അപകടകരമായ സൂചനയാണ്.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദെല് ഫത്താ അല്‍ സിസിയും ഒപ്പുവച്ച ചരിത്രസംഭവം ഒരു നല്ല തുടക്കമാകുമെന്നു ആശ്വസിച്ചിരിക്കുമ്പോഴാണ് ആഭ്യന്തരകലാപത്തിന്റെ വാര്‍ത്തകള്‍ കേള്‍ക്കാനിടയായത്.
ഇസ്രയേല്‍സൈന്യം പിന്‍വാങ്ങിയ നഗരവീഥികള്‍ ഓരോന്നായി കീഴടക്കിയ ആയുധധാരികളായ ഹമാസ് ഭീകരര്‍ നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് സി എന്‍ എന്നും മറ്റ് അന്താരാഷ്ട്രമാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തു. നഗരത്തിന്റെ തെക്കന്പ്രാന്തത്തിലുള്ള ജോര്‍ദ്ദാനിയന്‍ ആശുപത്രി സമുച്ചയം വളഞ്ഞ ഭീകരര്‍ അവിടെ തമ്പടിച്ചിരുന്ന ദഗ്മുഷ് കുടുംബാംഗങ്ങളുമായി ഏറ്റുമുട്ടി. ആദ്യദിവസത്തെ സംഘര്‍ഷത്തില്‍ ദഗ്മുഷ്ഗോത്രത്തിലെ 19 പേരും, ഹമാസിന്റെ എട്ടു പോരാളികളും കൊല്ലപ്പെട്ടു. ദഗ്മുഷുകളെ ആശുപത്രിവളപ്പില്‍നിന്നു തുരത്തി അവിടം സൈനികാവശ്യങ്ങള്ക്കുപയോഗിക്കാനാണ് ഹമാസ് പോരാളികള്‍ ശ്രമിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലെ ഏറ്റുമുട്ടലുകളില്‍ ദഗ്മുഷ് ഗോത്രത്തിലെ 52 പേരുടെയെങ്കിലും ജീവന് നഷ്ടമായതായി റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ട 12 പേരില്‍ ഹമാസിന്റെ മുതിര്‍ന്ന നേതാവായ ബാസ്സെന് നൈമിന്റെ മകനുണ്ടെന്നും പറയപ്പെടുന്നു. ഇതിനുമുമ്പ് 2008 ല്‍ ഉണ്ടായ സംഘട്ടനങ്ങളില്‍ ഒരു ഹമാസ് ഭീകരനും 10 ദഗ്മുഷ് ഗോത്രജരും വധിക്കപ്പെട്ട ചരിത്രമുണ്ട്. ഗാസയിലെ സാബ്ര, ടെല്‍ അല്‍ ഹവാ പ്രവിശ്യകളില്‍ 10,000 ത്തിനും 15,000 ത്തിനും ഇടയില്‍ ദഗ്മുഷ്ഗോത്രക്കാരുണ്ടെന്നാണ് ഏകദേശകണക്ക്. 18,000 ത്തോളം വരുന്ന ഹമാസ്പോരാളികളില് 7,000 പേരാണ് ആയുധങ്ങളുമായി റോന്തുചുറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഇസ്രയേലിനുവേണ്ടി ചാരപ്പണി ചെയ്തുവെന്നാരോപിച്ചു പിടികൂടിയ 8 സാധാരണപൗരന്മാരെ നഗരമധ്യത്തിലെ ചത്വരത്തില്‍വച്ചു പരസ്യവിചാരണ ചെയ്യുകയും, കണ്ണുമൂടിക്കെട്ടിയ നിലയില്‍ മുട്ടിന്മേല്നിര്ത്തി തലയ്ക്കുപിന്നില്‍ വെടിവച്ചുകൊല്ലുകയും ചെയ്യുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തെക്കന്‍ ഗാസനഗരമായ റഫായില്‍ കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന അബു ഷബാബ്, ഖാന് യൂനിസിലെ അല്‍ മജയ്ദ തുടങ്ങിയ തീവ്രവാദസംഘങ്ങള്‍ ഹമാസിന്റെ ശത്രുക്കളാണ്. പലസ്തീന് ഇസ്ലാമിക് ജിഹാദ്, ജയ്ഷ് അല്‍ ഇസ്ലാം, ജണ്ട് അമര്‍ അള്ളാ, പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് പലസ്തീന് തുടങ്ങിയ ഭീകരഗ്രൂപ്പുകളും ഗാസയില്‍ സജീവമാണ്.
ഹമാസിന്റെ നിരായുധീകരണം
ഇരുപതിനസമാധാനപദ്ധതിയിലെ ഒരു പ്രധാന അജണ്ടയായിരുന്നു ഹമാസിന്റെ നിരായുധീകരണമെങ്കിലും അത് എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്നു തല പുകയ്ക്കുകയാണ് ട്രംപും നെതന്യാഹുവും. ആയുധങ്ങള്‍ അടിയറ വച്ച് സ്വയം കീഴടങ്ങിയില്ലെങ്കില്‍ ബലം പ്രയോഗിച്ചും ഹമാസിനെ നിരായുധീകരിക്കുമെന്നാണ് ഇരുവരുടെയും ഭീഷണി. രണ്ടുവര്‍ഷം നീണ്ടുനിന്ന രൂക്ഷമായ പോരാട്ടങ്ങള്ക്കുശേഷവും ശത്രുവിന്റെ ആയുധപ്പുരകള്‍ കണ്ടെത്താനോ നശിപ്പിക്കാനോ കഴിയാത്തതിന്റെ ജാള്യം നെതന്യാഹുവിനുണ്ട്. ടണലുകളിലെവിടെയൊക്കെയോ ഒളിപ്പിച്ചുവച്ച ബന്ദികളുടെ ജീവന് നഷ്ടപ്പെടാതിരിക്കാനുള്ള കരുതല്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നു സ്വീകരിച്ചിരുന്നത് അവരുടെ ജീവന് രക്ഷിക്കാനുതകി. വര്‍ഷങ്ങളെടുത്ത് ചിലന്തിവലപോലെ പണിതുവച്ചിട്ടുള്ള കിലോമീറ്ററുകള്‍ നീളുന്ന തുരങ്കങ്ങളില്‍ വന്‍ ആയുധശേഖരം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ദീര്‍ഘനാളത്തേക്കുള്ള ഭക്ഷണവും െവള്ളവും സംഭരിച്ചുവയ്ക്കാനും, കുടുംബസമേതം താമസിക്കാനുമുള്ള വിശാലമായ മുറികളുമൊക്കെ ഭൂമിക്കടിയില്‍ നിര്‍മിച്ചിട്ടുണ്ടാകാം. ഭീകരരില്‍ ഭൂരിപക്ഷവും ഇത്തരം തുരങ്കങ്ങളില്‍ സുരക്ഷിതരായി കഴിഞ്ഞപ്പോള്‍ ഉപരിതലത്തിലെ കെട്ടിടങ്ങള്‍ ബോംബിട്ടു തകര്‍ക്കുന്ന തിരക്കിലായിരുന്നു ഇസ്രയേല്‍സൈനികര്‍. ഇത്തരം ആക്രമണങ്ങളില്‍ ആയിരക്കണക്കിനു നിരപരാധരാണ് വധിക്കപ്പെട്ടത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുംവരെയുള്ള പലസ്തീനികളുടെ മരണസംഖ്യ 68,000 കടന്നു. അവരില്‍ 4,817 മുതിര്‍ന്ന പൗരന്മാരും 10,427 സ്ത്രീകളും 21,000 കുട്ടികളുമാണ്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 1,70,000 ലധികമാണ്. ഹമാസ് ഭീകരരുമായുള്ള ഏറ്റുമുട്ടലുകളില്‍ 1,983 ഇസ്രേലിസൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായതിനാലാണ് മരണനിരക്ക് ഇത്രയും വര്‍ധിച്ചത്. മാത്രവുമല്ല, സ്ത്രീകളെയും കുട്ടികളെയും മറയാക്കി നിര്‍ത്തുകയായിരുന്നു ഹമാസിന്റെ യുദ്ധതന്ത്രം. 2023ലെ കണക്കുപ്രകാരം 22,26,546 ആയിരുന്നു ഗാസയിലെ ജനസംഖ്യ. 41 കിലോമീറ്റര്‍ നീളവും, ശരാശരി 9 കിലോമീറ്റര്‍ വീതിയും, ആകെ 365 ച. കിലോമീറ്റര്‍ മാത്രം വിസ്തൃതിയുമുള്ള മുനമ്പിലാണ് ഇത്രയും ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്നത്. പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടലും വടക്കും കിഴക്കും ഇസ്രയേലും തെക്ക് ഈജിപ്തുമാണ് ഗാസയുടെ അതിര്‍ത്തി പങ്കിടുന്നത്. മുനമ്പിലെ 83 ശതമാനം വീടുകളും പാര്‍പ്പിടസമുച്ചയങ്ങളും പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നുകിടക്കുന്നു. ഗാസയെ പൂര്‍വസ്ഥിതിയിലാക്കണമെങ്കില്‍ മാറ്റേണ്ടത് 2,50,000 ടണ്‍ കെട്ടിടാവശിഷ്ടങ്ങളാണെന്നും കണക്കാക്കിയിട്ടുണ്ട്. കോണ്ക്രീറ്റുകൂനകള് നീക്കം ചെയ്യുമ്പോള്‍ 90,000 ടണ്‍ ഹരിതഗൃഹവാതകങ്ങള്‍ നിര്ഗമിക്കുമെന്നാണ് പരിസ്ഥിതിശാസ്ത്രജ്ഞന്മാര് നടത്തിയ പഠനം വ്യക്തമാക്കിയിട്ടുള്ളത്. ഗാസയെ പഴയ അവസ്ഥയിലേക്കു തിരികെകൊണ്ടുവരണമെങ്കില്‍ നാലുപതിറ്റാണ്ടുകളുടെയെങ്കിലും കഠിനാദ്ധ്വാനം വേണ്ടിവരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഗാസയുടെ പുനര്‍നിര്‍മാണം പുരോഗമിക്കുകയും പലസ്തീന് അതോറിറ്റിയുടെ നവീകരണപദ്ധതി വിശ്വാസ്യതയോടെ നടപ്പാക്കുകയും ചെയ്യുമ്പോള്‍, പലസ്തീന്റെ സംരക്ഷണത്തിനും രാജ്യപദവിക്കുമുള്ള സാഹചര്യങ്ങള്‍ ഉരുത്തിരിഞ്ഞുവരുമെന്നും 20 ഇനസമാധാനപദ്ധതിയില് പരാമര്‍ശമുണ്ട്.
കരാര്‍പ്രകാരം, തിരിച്ചുകൊടുക്കേണ്ട 28 പേരുടെ മൃതദേഹങ്ങളില്‍ 12 എണ്ണമേ ഇതുവരെ മടക്കിനല്കാന് ഹമാസിനായുള്ളൂ. ബാക്കിയുള്ളവ കെട്ടിടാവശിഷ്ടങ്ങള്ക്കടിയിലോ ഇസ്രയേല്‍ സൈന്യം തകര്‍ത്തുകളഞ്ഞ തുരങ്കങ്ങളിലോ ഉണ്ടാകാമെന്നും അവയൊന്നും വീണ്ടെടുക്കുക എളുപ്പമല്ലെന്നും ഹമാസ് നേതൃത്വം പറയുന്നു. അക്കാരണത്താല്‍ത്തന്നെ, സൈനികനടപടികള്‍ വൈകിപ്പിക്കാന്‍ ഇസ്രയേലിനുമേല്‍ ട്രംപ് സമ്മര്‍ദം ചെലുത്തിവരികയാണ്. മൃതദേഹങ്ങള്‍ തിരികെനല്കാന് വൈകിക്കുന്നതിന്റെ പേരില്‍, റഫാ ഇടനാഴിയിലൂടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കയറ്റിയ ട്രക്കുകളില്‍ പകുതിയോളമേ ഇസ്രയേല്‍ ഗാസയിലേക്കു കടത്തിവിടുന്നുള്ളൂ. കരാറനുസരിച്ച് ദിനംപ്രതി 600 ട്രക്കുകള്‍ക്കു പ്രവേശനം നല്കേണ്ടിയിരുന്നു. ആവശ്യത്തിനു ഭക്ഷണവും വെള്ളവും മരുന്നുകളുമില്ലാതെ ജനം കഷ്ടപ്പെടുന്ന അവസ്ഥ ആവര്‍ത്തിക്കുകയാണ്. ആകെയുണ്ടായിരുന്ന 38 ആശുപത്രികളില്‍ 25 എണ്ണവും പൂര്‍ണമായും തകര്‍ന്നുകിടക്കുന്നു, ബാക്കിയുള്ളവയാകട്ടെ ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. വ്യാപകമായ പട്ടിണിമരണങ്ങളും മുന്നില്ക്കാണുന്നവരുണ്ട്. ഇതുവരെ 450 ലധികം പട്ടിണിമരണങ്ങളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്.
വാദിയും പ്രതിയുമില്ലാതെ...
പ്രമുഖരായ 20 രാഷ്ട്രത്തലവന്മാരെ സുഖവാസകേന്ദ്രമായ ഷാം എല്‍ ഷെയ്ക്കില്‍ എത്തിച്ച് ട്രംപ് വിളിച്ചുചേര്‍ത്ത ഉച്ചകോടിയില്‍ ബെഞ്ചമിന്‍ നെതന്യാഹു പങ്കെടുക്കാതിരുന്നത് സമ്മേളനത്തിന്റെ പരാജയമായി വിലയിരുത്തുന്നവരുണ്ട്. ഷെമിനി അല്‍ സെറെത്, സിനിഷാത് തോറ തുടങ്ങിയ വിശേഷദിവസങ്ങള്‍ ആചരിക്കുന്ന ദിവസമായതിനാല്‍ താന്‍ ഉച്ചകോടിക്കെത്തില്ലെന്ന് നെതന്യാഹു ട്രംപിനെ അറിയിച്ചിരുന്നു.
പ്രത്യേകം ക്ഷണിക്കപ്പെടാതിരുന്നതിനാല് ഹമാസ് നേതാക്കളും സമ്മേളനത്തിനെത്തിയില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആയുധം താഴെവച്ച് നിരുപാധികം കീഴടങ്ങണമെന്നും, യുദ്ധാനന്തരഗാസയുടെ ഭരണത്തില്‍ പങ്കാളിത്തമുണ്ടാകില്ലെന്നുമുള്ള നിബന്ധനകളോട് ഒരു ഭീകരസംഘടനയ്ക്ക് എങ്ങനെ യോജിക്കാനാകും? വാദിയായ ഇസ്രയേലും പ്രതിയായ ഹമാസ് നേതൃത്വവും ഒപ്പിടാത്ത ഒരു സമാധാനക്കരാര്‍ വിജയിക്കുമെന്നു പറയാന്‍ ആര്‍ക്കു കഴിയും? ട്രംപിനെക്കൂടാതെ മധ്യസ്ഥരാജ്യങ്ങളായ ഈജിപ്തിനുവേണ്ടി പ്രസിഡന്റ് അബ്ദെന് ഫത്താ അല്‍ സിസിയും, ഖത്തറിനുവേണ്ടി എമിര്‍ ഷെയ്ക്ക് തമിന് ബിന്‍ ഹമദ് അല്‍താനിയും, തുര്‍ക്കിക്കുവേണ്ടി പ്രസിഡന്റ് റസിപ് എര്‍ദോഗനുമാണ് സമാധാനക്കരാറില്‍ ഒപ്പുവച്ചത്.
ഇസ്രയേലിനെ ഭയന്ന് വിദേശരാജ്യങ്ങളില്‍ എവിടെയൊക്കെയോ ഉള്ള രഹസ്യസങ്കേതങ്ങളില്‍ ഒളിവില്‍ക്കഴിയുന്ന ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ള നേതാക്കളുമായി ഹമാസിന്റെ പ്രാദേശികനേതൃത്വത്തിന്റെ വിയോജിപ്പാണ് ഇപ്പോള്‍ മറ നീക്കി പുറത്തുവന്നിരിക്കുന്നത്. യുദ്ധാനന്തരം അവശേഷിക്കുന്നുണ്ടെന്നു കരുതപ്പെടുന്ന 18,000 ഭീകരരില്‍ 7,000 പേരാണ് നഗരത്തില്‍ യഥേഷ്ടം വിഹരിക്കുകയും, നിരപരാധരെ വിചാരണം ചെയ്യുകയും വധിക്കുകയും ചെയ്യുന്നത്. പലസ്തീനികള്‍ക്കു സ്വന്തമായി ഒരു രാജ്യം വേണമെന്ന ചിന്തയിലല്ല ഇത്തരം ക്രൂരകൃത്യങ്ങള്‍, മറിച്ച്, അന്ധമായ യഹൂദവിരോധം മാത്രമാണ് അവരുടെ മനസ്സിലുള്ളത്. നൂറ്റാണ്ടുകളായി പ്രവാസികളായി കഴിഞ്ഞിരുന്ന യഹൂദര്‍ക്കായി ഒരു രാജ്യം സ്ഥാപിച്ചുനല്കിയ 1947 നവംബര്‍ 29 ലെ യു എന്‍ ജനറല്‍ അസംബ്ലിയുടെ 181-ാം വകുപ്പുപ്രകാരം പലസ്തീനികള്‍ക്കായി വെസ്റ്റുബാങ്കും ഗാസാമുനമ്പും നല്‍കാമെന്നു ശിപാര്‍ശ ചെയ്തിരുന്നു. ജറൂസലെം ആര്‍ക്കു നല്‍കുമെന്ന തര്‍ക്കം ഉടലെടുത്തതിനാല്‍ പുതുതായി രൂപീകരിക്കുന്ന ഒരു അന്താരാഷ്ട്രസമിതി നഗരം ഭരിക്കുമെന്ന തീരുമാനവും ഐക്യരാഷ്ട്രസഭ എടുത്തു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ തീരുമാനങ്ങളെ നഖശിഖാന്തം എതിര്‍ത്ത അറബുരാജ്യങ്ങളാണ് ഒരു 'ദ്വിരാഷ്ട്ര ഫോര്‍മുല'യ്ക്കായി ഇപ്പോള്‍ മുറവിളി കൂട്ടുന്നത്. ഒരു യുദ്ധത്തിലും ഇസ്രയേലിനെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന തിരിച്ചറിവാണ് ഈ ചിന്തയിലേക്കവരെ നയിച്ചത്. 1948 മുതലുള്ള എല്ലാ യുദ്ധങ്ങളിലും ഇസ്രയേലിനുതന്നെയായിരുന്നു വിജയം എന്നു ചരിത്രം സാക്ഷിക്കുന്നുണ്ട്.
ഹമാസിന്റെ പോളിറ്റ്ബ്യൂറോ അംഗവും പ്രാദേശികനേതാവുമായ മുഹമ്മദ് നാസല്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ ഇപ്രകാരം പറഞ്ഞു: ''ആയുധങ്ങള്‍ അടിയറവയ്ക്കാനോ ഭരണം വിട്ടുകൊടുക്കാനോ ഞങ്ങള്‍ തയ്യാറല്ല. ഗാസയുടെ സുരക്ഷാനിയന്ത്രണം മറ്റാരെയെങ്കിലും ഏല്പിക്കാനും ഞങ്ങള്‍ ഒരുക്കമല്ല, കാരണം, 2006 ലെ പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങളാണ് ഞങ്ങളെ തിരഞ്ഞെടുത്തത്.'' ഗാസയില്‍ ഇപ്പോള്‍ നടക്കുന്ന പരസ്യവിചാരണയെയും വധശിക്ഷകളെയും നാസല്‍ ന്യായീകരിച്ചു: ''കൊലപാതകങ്ങള്ക്കുത്തരവാദികളായ ക്രിമിനലുകളെയാണ് ഞങ്ങള്‍ വധശിക്ഷയ്ക്കിരയാക്കിയത്. യുദ്ധകാലങ്ങളില്‍ ഇത്തരം നടപടികള്‍ സാധാരണവുമാണ്.''
നാസലിന്റെ അഭിമുഖത്തോട് ഇസ്രയേല്‍ ദേശീയസുരക്ഷാമന്ത്രിയായ ഇത്താമര്‍ ബെന്‍ ഗ്വിര്‍ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ''വെടിനിര്‍ത്തല്‍ ധാരണ പാലിക്കാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാണ്. ഉടമ്പടിപ്രകാരം ഹമാസ് ആയുധങ്ങള്‍ ഉപേക്ഷിച്ചേ മതിയാകൂ. ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഞങ്ങള്‍ തയ്യാറല്ല.''
അതിനിടെ, വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍വന്നതിന്റെ എട്ടാം ദിവസമുണ്ടായ ഇസ്രയേലിന്റെ ഷെല്ലാക്രമണത്തില്‍ 7 കുട്ടികളും മൂന്നു സ്ത്രീകളുമടങ്ങിയ ഒരു കുടുംബത്തിലെ 11 പേര് കൊല്ലപ്പെട്ടു. ഗാസാനഗരത്തിലെ ഷുജയ്യ പ്രവിശ്യയിലൂടെ വാഹനത്തില്‍ സഞ്ചരിക്കവേയായിരുന്നു ആക്രമണം. ഈജിപ്ത് അതിര്‍ത്തിയിലുള്ള റഫാ ഇടനാഴിക്കടുത്ത് ഒരു ഇസ്രേലിസൈനികപോസ്റ്റ് ഹമാസ് ആക്രമിച്ചതിന്റെ പ്രത്യാക്രമണമെന്നോണം സൈന്യം വെടിയുതിര്‍ത്തു. റഫായിലെ ഹമാസ് ആക്രമണത്തില്‍ രണ്ട് ഇസ്രേലി സൈനികര്‍ വീരമൃത്യു വരിച്ചു. ഇസ്രയേല്‍സൈന്യം 47 തവണയെങ്കിലും വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്നും 38 പേര് കൊല്ലപ്പെടുകയും 143 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തുവെന്നും ഹമാസ് വൃത്തങ്ങള്‍ ആരോപിച്ചു. പരസ്പരമുള്ള ആക്രമണങ്ങള്‍ മൂര്‍ച്ഛിച്ചതോടെ റഫാ ഇടനാഴി ഇസ്രയേല്‍ അടച്ചത് ഗാസയിലേക്കു സഹായമെത്തിക്കുന്നതിനു തടസ്സമായി. ഗാസയിലെ സാധാരണ പൗരന്മാരെ ആക്രമിക്കാന്‍ ഹമാസ് ഭീകരര്‍ പദ്ധതിയിടുന്നതായി അമേരിക്ക മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെയാണ് റഫായിലെ ആക്രമണം.
തോമസ് കുഴിഞ്ഞാലിൽ
