•  25 Apr 2024
  •  ദീപം 57
  •  നാളം 7
ശ്രേഷ്ഠമലയാളം

കാല്‍പ്പന്തുകളി

ഫുട്‌ബോളിനു തമിഴില്‍ കാല്‍പന്ത് () എന്നും ഫുട്‌ബോള്‍കളിക്ക് കാല്‍പന്താട്ടം എന്നും പറയുന്നു. ഫുട്‌ബോള്‍ എന്ന ഇംഗ്ലീഷ്‌വാക്കിനെ തദ്‌സമമായി സ്വീകരിക്കുകയാണു മലയാളികള്‍ ചെയ്തത്. ഫുട്‌ബോളിനെ കാല്‍പന്താക്കാന്‍ മലയാളിക്കു മനസ്സുവന്നില്ല. അങ്ങനെ വേണം എന്നു ശഠിക്കാനാവില്ല. ''കാല്‍പന്തി''നെ വെറുക്കുന്ന മനോഭാവത്തിനോടേ പ്രതിഷേധിക്കേണ്ടതുള്ളൂ എന്നൊരു മതമാണ് സി.വി. വാസുദേവ ഭട്ടതിരിക്കുള്ളത്.* അതു സ്വീകാര്യമാണുതാനും.
'കാല്‍പ്പന്ത്' ഇപ്പോള്‍ മലയാളികള്‍ക്കു പ്രിയങ്കരമായിക്കഴിഞ്ഞിരിക്കുന്നു. ദൃശ്യ-അച്ചടി മാധ്യമപ്രവര്‍ത്തകര്‍ കാല്‍പ്പന്ത് എന്നെഴുതിത്തുടങ്ങിയതോടെ ആ പദം സര്‍വ്വാത്മനാ സ്വീകരിക്കപ്പെട്ടു. കാല്‍പ്പന്ത് എന്ന പദപ്രയോഗം ഇപ്പോള്‍ ആര്‍ക്കും അസ്വീകാര്യമായിത്തോന്നുന്നുമില്ല. തമിഴില്‍നിന്നു കടന്നുവന്ന നല്ല പദപ്രയോഗമായി കാല്‍പ്പന്ത് പ്രചരിച്ചുകഴിഞ്ഞു. ഇനി 'ഫുട്‌ബോളി'ലേക്കു മടങ്ങിപ്പോകേണ്ടതില്ല എന്നാണ് ഈയുള്ളവന്റെ പക്ഷം.
തമിഴില്‍ കാല്‍പന്ത് എന്നാണെങ്കിലും മലയാളത്തില്‍ 'കാല്‍പ്പന്ത്' എന്നിരട്ടിച്ചെഴുതണം. ചില്ലുകളില്‍ സ്വരചൈതന്യം ലീനമായിരിക്കുന്നതുകൊണ്ട് അവ സ്വയം ഉച്ചാരണക്ഷമമാണ്. തന്മൂലം അടുത്തുവരുന്ന വ്യഞ്ജനത്തില്‍ സാധാരണ കൂട്ടക്ഷരംപോലെ ചില്ലുകള്‍ അലിഞ്ഞുചേരില്ല. ആല്‍, ഇല്‍, കല്‍ എന്നിവയ്ക്കുശേഷം വരുന്ന ദൃഢവ്യഞ്ജനങ്ങള്‍ സമാസം  ഇല്ലാത്തിടത്തും ഇരട്ടിക്കണമെന്നത്രേ നിലവിലുള്ള നിയമം. അങ്ങനെ, കാല്‍+പന്ത്=കാല്‍പ്പന്ത് എന്നാകുന്നു. മലയാളത്തില്‍ കാല്‍പ്പന്ത് എന്നുതന്നെ എഴുതണം.
ആമ്പല്‍പ്പൂവ്, തോല്‍പ്പാവ, തോല്‍പ്പെട്ടി എന്നിങ്ങനെ ഉത്തരപദവ്യഞ്ജനം ഇരട്ടിച്ചാണ് മലയാളത്തില്‍ എഴുതുന്നതും എഴുതേണ്ടതും. ഇനി ദ്വിത്വം ഒഴിവാക്കി എഴുതണമെങ്കില്‍ 'ല്‍' എന്ന ചില്ലിനെ സംവൃതോകാരമാക്കുക (ല്). അപ്പോള്‍ കാല്പന്ത്, ആമ്പല്പൂവ്, തോല്പാവ, തോല്‌പെട്ടി എന്നെല്ലാം വരും. എന്നാല്‍ ഇവയെക്കാള്‍ ജനകീയരൂപങ്ങള്‍ ചില്ലുചേര്‍ത്ത് എഴുതുന്നവയാണ്.
'പന്താട്ട'ത്തെ മലയാളമാക്കുമ്പോള്‍ പന്തുകളി എന്നാകും. പന്തുകളിയിലെ ''ക കാരം ഇരട്ടിക്കാത്തത്, ഉ കാരത്തിനുശേഷം വരുന്ന ക്രിയാനാമത്തിലെ വ്യഞ്ജനത്തിനു ദ്വിത്വമില്ല എന്ന വിധിപ്രകാരമാണ്. പന്ത്+ കളി=പന്തുകളി (സംവൃതോകാരലോപം)


* വാസുദേവഭട്ടതിരി; സി.വി, നല്ല മലയാളം, ഡി.സി. ബുക്‌സ്, കോട്ടയം, 1999, പുറം - 27)

 

Login log record inserted successfully!