''ഗുഡ്‌മോണിങ് റോസ്‌മോള്‍...'' മാലാഖയുടെ സ്വരം കേട്ട് റോസ്‌മോള്‍ ഉണര്‍ന്നു.
''ഇതാ ഞാന്‍ എത്തി. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത് ഞാന്‍ വന്നത് റോസ്‌മോള്‍ ഓര്‍ക്കുന്നില്ലേ?'' മാലാഖയുടെ ചോദ്യം കേട്ടപ്പോള്‍ അവള്‍ക്ക് എല്ലാം ഓര്‍മ്മവന്നു. പുതുവത്സരത്തലേന്ന് മാലാഖ വന്നത്, ഒരു പുസ്തകം സമ്മാനിച്ചത്, അത് ഉപയോഗിക്കേണ്ട വിധം പറഞ്ഞത്... എല്ലാം അവള്‍ ഓര്‍ത്തു.
''ഞാന്‍ തന്ന പുസ്തകം എവിടെ? അതു തരുമ്പോള്‍ ഞാന്‍ പറഞ്ഞിരുന്നില്ലേ ഇനി വരുമ്പോള്‍ എനിക്കത് തിരിച്ചുതരണമെന്ന്.''
ശരിയാണല്ലോ. ഒരു വര്‍ഷം കഴിയുമ്പോള്‍ മാലാഖ വരുമെന്നും പുസ്തകം തിരിച്ചേല്പിക്കണമെന്നും പറഞ്ഞിരുന്നു. അവള്‍ അലമാരയില്‍നിന്ന് പുസ്തകം എടുത്തുകൊണ്ടുവന്നു. അതില്‍ ആകെ 365 പേജുകളാണുള്ളത്. ഓരോ ദിവസത്തിനും ഓരോ പേജ് വീതം. അതില്‍ നമ്മള്‍ ഒന്നും എഴുതുകയോ വരയ്ക്കുകയോ വേണ്ടാ. ഓരോ ദിവസവും നമ്മള്‍ എങ്ങനെ ചെലവഴിക്കുന്നുവോ അതനുസരിച്ച് ഓരോ പേജിലും വരികളോ വര്‍ണ്ണങ്ങളോ ഉണ്ടാകും. എല്ലാദിവസവും നന്നായി ഉപയോഗിച്ചാല്‍ എല്ലാ പേജുകളും മനോഹരമായിരിക്കും.
മാലാഖ റോസ്‌മോളുടെ കൈയില്‍നിന്ന് പുസ്തകം വാങ്ങി ഓരോ പേജുകള്‍ മറിച്ചുനോക്കി. ചിലത് നല്ല വൃത്തിയുള്ളത്. ചിലതില്‍ വര്‍ണ്ണചിത്രങ്ങള്‍. വേറെ ചിലതില്‍ കറുത്തിരുണ്ട വരകളും കുറികളും, മറ്റു ചിലതില്‍ പുകയും കരിയും നിറഞ്ഞിരിക്കുന്നു. ചില പേജുകളില്‍ ഒന്നും കാണാനില്ല. ചിലതിലാകട്ടെ രസമുള്ള കുഞ്ഞുകുഞ്ഞു ചിത്രങ്ങള്‍ കാണാം. ഓരോ പേജും മറിച്ചുനോക്കുമ്പോള്‍ മാലാഖയുടെ മുഖത്ത് പലതരം ഭാവങ്ങള്‍ മാറിമറിയുന്നത് റോസ്‌മോള്‍ ശ്രദ്ധിച്ചു.
ഒടുവില്‍ മാലാഖ പുസ്തകം അടച്ചുവച്ചു. എന്നിട്ടു പറഞ്ഞു: ''റോസ്‌മോള്‍ ഈ വര്‍ഷം ഒത്തിരി നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ആ ദിവസങ്ങളുടെ പേജുകള്‍ കാണാന്‍ നല്ല രസമുണ്ട്. ചിലതാകട്ടെ ചീത്തയായ പേജുകളാണ്. അതിനു കാരണം ആ ദിവസങ്ങള്‍ നന്നായി ഉപയോഗിക്കാത്തതാണ്. മടിപിടിച്ച ദിവസങ്ങള്‍, പിണങ്ങിക്കഴിഞ്ഞ നാളുകള്‍, കൊച്ചുകൊച്ചു തെറ്റുകള്‍ ചെയ്ത ദിനങ്ങള്‍ ഒക്കെയാണ് അവ.''
മാലാഖയുടെ വാക്കുകള്‍ കേട്ടപ്പോള്‍ അവള്‍ക്കു ചമ്മലുണ്ടായി.
''ഈ പുസ്തകം ഒന്നുകൂടി തുറന്നുനോക്കുന്നുണ്ടോ?''
''വേണ്ടാ.'' അവള്‍ പതുക്കെ പറഞ്ഞു.
നിറം മങ്ങിയ പേജുകള്‍ കാണാന്‍ അവള്‍ക്കു നാണം തോന്നി.
''ശരി, വേണ്ടാ.'' മാലാഖ പറഞ്ഞു. ''ഈ പുസ്തകം ഞാന്‍ തിരിച്ചെടുക്കുന്നു. പകരം പുതിയൊരു പുസ്തകം തരാം. പുതുവര്‍ഷത്തിലേക്കുള്ള പുസ്തകമാണിത്. ഇതിലും 365 പേജുകളുണ്ട്. ഓരോ പേജും നന്നായിരിക്കാന്‍ ഓരോ ദിവസവും നന്നായി ഉപയോഗിക്കണം.'' മാലാഖ റോസ്‌മോള്‍ക്കു നേരേ പുത്തനൊരു പുസ്തകം നീട്ടി.
ഭംഗിയുള്ള പുറംചട്ടയോടുകൂടിയ പുസ്തകം. കനമുള്ള പുസ്തകം. അവള്‍ അതു കൈയില്‍ വാങ്ങി. നെഞ്ചോടു ചേര്‍ത്തുപിടിച്ചു. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. പുത്തന്‍തീരുമാനത്തിന്റെ വെളിച്ചമായിരുന്നു ആ പുഞ്ചിരിയില്‍ നിറഞ്ഞുനിന്നത്.
''ഹാപ്പി ന്യൂ ഇയര്‍!''
മുഴക്കമുള്ള സ്വരംകേട്ട് റോസ്‌മോള്‍ തലയുയര്‍ത്തുമ്പോള്‍ മാലാഖ പറന്നകന്നി
രുന്നു.
******
പുതുവത്സരമാലാഖയുടെ കഥ നമ്മോടു പറയുന്നത് എന്താണ്? സമയത്തിന്റെ പ്രാധാന്യം തന്നെ. സമയമെന്നാല്‍ അവസരമാണ്. പുതിയ വര്‍ഷം ഒട്ടേറെ പുതിയ അവസരങ്ങള്‍ വച്ചുനീട്ടുന്നു. അവ ഉപയോഗപ്പെടുത്തുന്നതില്‍ ശ്രദ്ധിച്ചാല്‍ നാം വിജയിക്കും. അശ്രദ്ധ കാണിച്ചാലോ? പരാജയമാകും ഫലം. പ്രശസ്തകവി ജി. ശങ്കരക്കുറുപ്പ് 'മകനോട്' എന്ന കവിതയില്‍ പറയുന്ന കാര്യം നമുക്കും ബാധകമാണ്:
'പറന്നു പോയ കിളിയെ-
പ്പക്ഷേ വീണ്ടും പിടിച്ചിടാം കാലമോ പോവുകില്‍പ്പോയി കരുതിജ്ജോലി ചെയ്ക നീ...'
സമ്പത്ത്, അറിവ്, അധികാരം, സൗന്ദര്യം, സൗകര്യങ്ങള്‍, സമയം എന്നിങ്ങനെ നമുക്കാവശ്യമുള്ള പല കാര്യങ്ങളുമുണ്ട്. അവയില്‍ ഒന്നൊഴികെ മറ്റെല്ലാം പല അളവിലാണ് എല്ലാവര്‍ക്കും ലഭിക്കുന്നത്. സമ്പത്ത് ഏറെയുള്ളവരും ഇല്ലാത്തവരുമുണ്ട്. അറിവുള്ള പണ്ഡിതനും അറിവില്ലാത്ത പാമരനും ഉണ്ട്. അധികാരമുള്ള മനുഷ്യരും ഇല്ലാത്ത മനുഷ്യരും ഉണ്ട്. സൗന്ദര്യത്തിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. എന്നാല്‍, സമയമെന്ന ഒരേയൊരു കാര്യത്തില്‍ ഇത്തരം വ്യത്യാസങ്ങളില്ല. എല്ലാവര്‍ക്കും ഒരേപോലെയാണ് ദൈവം സമയം അനുവദിച്ചിരിക്കുന്നത്. ഒരു വര്‍ഷം ജീവിക്കുന്ന എല്ലാവര്‍ക്കും തുല്യമായ സമയമാണ് കിട്ടുന്നത്. അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണു കാര്യം.
''സ്വര്‍ണ്ണത്തിന്റെ ഓരോ കഷണവും വിലപ്പെട്ടതായിരിക്കുന്നതുപോലെ സമയത്തിന്റെ ഓരോ നിമിഷവും വിലയേറിയതാണ്.'' ചിന്തകനായ ജെ. മാസണ്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
''ജീവിതത്തെ സ്‌നേഹിക്കുന്നവന് സമയം വെറുതെ കളയാനില്ല.'' ബെഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ എന്ന മഹാനാണ് ഇങ്ങനെ പറഞ്ഞത്.
കവികളും ചിന്തകരും നേതാക്കളുമൊക്കെ സമയത്തിന്റെ മഹത്ത്വത്തെപ്പറ്റി ഒത്തിരിക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവയില്‍നിന്ന് ഊര്‍ജം സ്വീകരിച്ച് നാം പുത്തനാണ്ടില്‍ ഒത്തിരിക്കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. കാരണം, സമയമാലാഖ നമുക്കും ഓരോ പുസ്തകം സമ്മാനിക്കുന്നുണ്ട്. അതിന്റെ ഓരോ പുറവും മോടിയുള്ളതാക്കി മാറ്റാന്‍ നമുക്കു കഴിയും. ഉത്സാഹവും ജാഗ്രതയും ഉണ്ടാവണം.
ഷാജി മാലിപ്പാറ
