- മരണമില്ലാത്ത വാക്കുകള്‍കൊണ്ട്, മഹത്ത്വമേറിയ ജീവിതദര്‍ശനങ്ങള്‍കൊണ്ട് അണ്ഡകടാഹമാകെ അക്ഷരവെളിച്ചം നിറച്ച കഥയുടെ സുല്‍ത്താന്‍, മലയാളത്തിന്റെ പ്രിയങ്കരനായ വൈക്കം മുഹമ്മദ് ബഷീര്‍ അന്തരിച്ചിട്ട് ജൂലൈ അഞ്ചിന് 31 വര്‍ഷം
ഇനിയും ഇല പൊഴിയാത്തൊരു ജ്ഞാനവൃക്ഷത്തിന്റെ പേരാണ് മലയാളിക്ക് വൈക്കം മുഹമ്മദ് ബഷീര്‍. മരണമില്ലാത്ത വാക്കുകള്‍കൊണ്ട്, മഹത്ത്വമേറിയ ജീവിതദര്‍ശനങ്ങള്‍കൊണ്ട് ഈ അണ്ഡകടാഹമാകെ അക്ഷരവെളിച്ചം നിറച്ച സൂഫിവര്യന്‍. ഭാഷയ്ക്കുള്ളില്‍ അമിതാലങ്കാരങ്ങള്‍ തിരുകി വായനക്കാരെ ഭ്രമിപ്പിച്ചില്ല ബഷീര്‍.
ആ വാക്കുകള്‍ അങ്ങേയറ്റം ലളിതസാധാരണമായിരുന്നു. പണ്ഡിതപാമരഭേദമെന്യേ അക്ഷരം വായിക്കാന്‍ അറിയാവുന്ന ആര്‍ക്കും മനസ്സിലാവുന്നത്. എന്നാല്‍, ലളിതമായ ആ പദാവലികള്‍ ഉള്‍ക്കൊണ്ടിരുന്ന ആശയങ്ങളോ ഹിമഗിരികളോളം ഉയരമുള്ളതും. അങ്ങനെയാണ് ബഷീറിയന്‍സാഹിത്യം മലയാളിക്കു നിത്യാദ്ഭുതമായി മാറിയത്.
''സാഹിത്യരചന ബഷീറിന് ധ്യാനം ആയിരുന്നു'' എന്നെഴുതുന്നുണ്ട് കെ. പി. അപ്പന്‍. ധ്യാനാത്മകമായ ആ തൂലിക അനശ്വരങ്ങളായ അനവധി കഥാപാത്രങ്ങള്‍ക്കു ജന്മം നല്‍കി. ആ കഥാപാത്രങ്ങള്‍ നമ്മെ ചിരിപ്പിച്ചു, കരയിപ്പിച്ചു, ചിന്തിപ്പിച്ചു. 'അനന്തമായ പ്രാര്‍ഥനയാകുന്നു ജീവിതം' എന്നു പറഞ്ഞുതന്നു.
ഏതെങ്കിലും ഒരു കാലത്തിനോ, ഏതെങ്കിലും നിശ്ചിതമായൊരു വിഭാഗത്തിനോ വേണ്ടിയല്ല ബഷീര്‍ എഴുതിയത്. അതില്‍ മനുഷ്യകുലത്തിന്റെ, അല്ല ഈ പ്രപഞ്ചത്തിന്റെതന്നെ സ്പന്ദനങ്ങളുണ്ടായി. മജീദും സുഹറയും സാറാമ്മയും കേശവന്‍നായരും മാത്രമല്ല പാത്തുമ്മയുടെ ആടും ജയില്‍വളപ്പിലെ പൂക്കളും വരെ ബഷീറിയന്‍ലോകത്തെ തെളിച്ചമുള്ള കഥാപാത്രങ്ങളായി. സര്‍വേശ്വരന്‍ സൃഷ്ടിച്ച ഈ മഹാപ്രപഞ്ചം നമ്മള്‍ മനുഷ്യര്‍ക്കു മാത്രമല്ല, പുഴുവിനും പുല്‍ക്കൊടിക്കുംകൂടി അവകാശപ്പെട്ടതാണെന്നു ബഷീര്‍ വിശ്വസിച്ചു.
ബഷീറിന്റെ ഈ പ്രപഞ്ചബോധത്തിന് ദൃഷ്ടാന്തമായ ഒരു അനുഭവകഥ എം എന്‍ കാരശ്ശേരി പങ്കുവയ്ക്കുന്നുണ്ട്:
''ഒരു ദിവസം ഞാന്‍ കയറിച്ചെല്ലുമ്പോള്‍ ബഷീര്‍ ഭയങ്കര ദേഷ്യത്തിലാണ്. മുമ്പില്‍ ബഷീറിന്റെ ഏകപുത്രി ഷാഹിന. എന്നെ കണ്ടിട്ടും മൂപ്പര്‍ക്കു ഭാവഭേദമൊന്നുമില്ല. ഞാന്‍ ഷാഹിനയോടു ചോദിച്ചു: എന്താണു കേസ്?
ഷാഹിന ചിരിച്ചുകൊണ്ടു പറഞ്ഞു, ഞാന്‍ ഈ റോസാച്ചെടിയിലെ പുഴുവിനെ തട്ടിക്കളഞ്ഞു. അതിനാണ് ലഹള.
എനിക്കു മനസ്സിലായില്ല. ഭ്രാന്താശുപത്രിയിലും ജയിലിലും എല്ലാം പൂങ്കാവനങ്ങള്‍ വച്ചുപിടിപ്പിക്കുന്ന ആളാണ് ബഷീര്‍. അദ്ദേഹത്തിനു പ്രിയങ്കരമായ ഒരു പദമാണ് പൂങ്കാവനം. മകള്‍ക്കും ഈ സംഗതിയില്‍ നല്ല താത്പര്യമുണ്ട്. ഷാഹിന വിശദീകരിച്ചു.
റ്റാറ്റാ പറയുകയായിരുന്ന റോസാച്ചെടി നിനക്കു കാണാന്‍ എന്നതുപോലെ പുഴുവിനു തിന്നാന്‍ ഉള്ളതുമാണ്. അതിനെ തട്ടിത്തെറിപ്പിക്കാന്‍ ആരു നിനക്ക് അധികാരംതന്നു?''
(സൂഫിയുടെ കാല്‍പ്പാടുകള്‍: ബഷീറിനെ ഓര്‍ക്കുമ്പോള്‍ - എം എന്‍ കാരശ്ശേരി)
അതായിരുന്നു ബഷീര്‍. ചുറ്റുമുള്ള മനുഷ്യരോട്, മിണ്ടാപ്രാണികളോട് ഈ പ്രപഞ്ചത്തോടുതന്നെയും അങ്ങേയറ്റം അലിവും ആര്‍ദ്രതയും ആ ഹൃദയം കാത്തുസൂക്ഷിച്ചു. സമൂഹത്തിന്റെ ഓരങ്ങളില്‍ മുഖമില്ലാതെ കഴിഞ്ഞിരുന്ന കള്ളന്മാരും കൊള്ളക്കാരും തുടങ്ങി ലൈംഗികത്തൊഴിലാളികള്‍വരെ ബഷീറിയന്‍ലോകത്തെ പ്രധാന കഥാപാത്രങ്ങളായി. അരികുവത്കരിക്കപ്പെട്ട മനുഷ്യരുടെ, അവഗണിക്കപ്പെട്ട മനുഷ്യരുടെ ആരും പറയാത്ത ജീവിതനൊമ്പരങ്ങള്‍ ആ കഥകളിലൂടെ ലോകം അറിഞ്ഞു.
മനുഷ്യരെ നല്ലവരെന്നും മോശക്കാരെന്നും തരംതിരിക്കാന്‍ ഇഷ്ടപ്പെട്ടില്ല കഥയുടെ ഈ സുല്‍ത്താന്‍. നല്ലവരെന്നു നാം കരുതുന്ന പലരുടെയും പൊയ്മുഖം ബഷീര്‍ തുറന്നുകാട്ടി. ഏറ്റവും മോശപ്പെട്ടവരെന്നു മുദ്രകുത്തപ്പെട്ട മനുഷ്യര്‍ക്കുള്ളിലും ആര്‍ദ്രതയുള്ളൊരു ഹൃദയം അവശേഷിക്കുന്നുണ്ടെന്നു പറഞ്ഞുവച്ചു. 'പച്ചയായ ജീവിതത്തില്‍ ഓരോ മനുഷ്യനും ഓരോ അനാഥജീവിയാണ്' എന്ന കയ്‌പേറിയ യാഥാര്‍ഥ്യം വിളിച്ചുപറയാനും അദ്ദേഹം മടി കാണിച്ചില്ല.
ദാരിദ്ര്യവും അപമാനവും അടക്കം ജീവിതത്തിന്റെ സര്‍വനോവുകളും നന്നായി അറിഞ്ഞിട്ടുണ്ട് ബഷീര്‍. എന്നിട്ടും അദ്ദേഹം ജീവിതത്തെ വെറുത്തില്ല. ചിരിക്കുന്ന തത്ത്വജ്ഞാനിയായിരുന്നു ബഷീര്‍. ജീവിതം എത്രമാത്രം സങ്കീര്‍ണമാണെങ്കിലും, എത്രയേറെ പ്രയാസങ്ങള്‍ നിറഞ്ഞതാണെങ്കിലും ജീവിച്ചിരിക്കുക എന്നത് ഒരു അനുഗ്രഹംതന്നെയാണെന്നതില്‍ അദ്ദേഹത്തിനു സംശയമൊന്നും ഉണ്ടായിരുന്നില്ല.
തന്റെ എണ്‍പതാം പിറന്നാളിന് എഴുതിയ ഒരു ലേഖനത്തില്‍ ബഷീര്‍ ഇങ്ങനെ പറയുന്നുണ്ട്: ''ഓര്‍ക്കുമ്പോള്‍ അതുല്യമായ ഒരു അനുഗ്രഹമാണല്ലോ ജീവിതം. അജ്ഞതയും പകയും അഹന്തയും കൊടുംക്രൂരതയുംകൊണ്ട് ഈ ജീവിതം ഒരു ശാപമാക്കിത്തീര്‍ക്കുന്നത് എന്തിന്? എന്തിന് വിഷം വമിക്കുന്നു?''
ബഷീര്‍ തുടരുന്നു: ''പ്രപഞ്ചങ്ങളും നമ്മുടെ ഈ ഭൂഗോളവും ഒന്നും ആര്‍ക്കും അട്ടിപ്പേറായി കിട്ടിയതല്ല. ആരുടെയും കുടുംബസ്വത്തുമല്ല. ആരും ഇവിടെ ആരുമായും അവതരിച്ചതുമല്ല.
എല്ലാം വെറും ഈശ്വരസൃഷ്ടി. മാമരങ്ങളും പക്ഷിമൃഗാദികളും മനുഷ്യരും എല്ലാവരും ഭൂമിയുടെ അവകാശികള്‍. ഇവിടെ ആരും ആചന്ദ്രതാരം ജീവിക്കുകയില്ല. ഇന്നു കാണുന്നവരെ നാളെ കാണുകയുമില്ല...''
ലേഖനം ബഷീര്‍ ഇപ്രകാരമാണ് അവസാനിപ്പിക്കുന്നത്: ''ദൈവംതമ്പുരാന്റെ ഭൂഗോളത്തിലെ പ്രതിനിധികളാകുന്നു സ്ത്രീകളും പുരുഷന്മാരുമടങ്ങിയ മാനുഷകുലം. സാഹോദര്യം, സ്‌നേഹം, ഔദാര്യം, സഹാനുഭൂതി, അലിവ്, കാരുണ്യം എന്നിവകളുടെ സൗന്ദര്യം ഈ ഭൂഗോളം നിറഞ്ഞുകവിഞ്ഞ് പ്രപഞ്ചങ്ങളില്‍ എങ്ങും വ്യാപിക്കട്ടെ. ഓര്‍ക്കുക കരുണാമയനായ സര്‍വേശ്വരന്റെ അനുഗ്രഹമാകുന്നു ജീവിതം.'' (ജീവിതം ഒരനുഗ്രഹം).
മനുഷ്യര്‍ ഉള്ളിടത്തോളം കാലം, എഴുത്തും വായനയും ഉള്ളിടത്തോളം കാലം, ബഷീര്‍ തുടരുകതന്നെ ചെയ്യും. അത്രമേല്‍ ലളിതമായും അത്രയേറെ ആഴത്തിലും.