നമ്മുടെ മാതൃഭാഷയായ മലയാളം ഇപ്പോള്‍ ശ്രേഷ്ഠഭാഷയാണ്. അതിന്റെ മഹത്വവും ഗരിമയും കാത്തുസൂക്ഷിക്കേണ്ടതു നമ്മുടെ കടമയാണ്. പ്രഭാഷണത്തിലും ദൈനംദിനജീവിതത്തിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ നമുക്കു ബാധ്യതയുണ്ട്.
ദൈനംദിന വ്യവഹാരങ്ങളില്‍ നാം ഉപയോഗിക്കുന്ന നാലഞ്ചു ഭാഷാ പ്രയോഗങ്ങളെപ്പറ്റിയാണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്.
25-ാം ചരമവാര്‍ഷികം: ഇരുപത്തഞ്ചാമത്തെ എന്നു പറയാറുണ്ട്. ചരമവാര്‍ഷിക എന്ന സമസ്തപദം വിഗ്രഹിക്കുമ്പോള്‍ ചരമത്തിന്റെ വാര്‍ഷികം എന്നു വരും. അപ്പോള്‍ ഇരുപത്തഞ്ചാമത്തെ ചരമത്തിന്റെ വാര്‍ഷികം എന്ന് അര്‍ഥം വരുന്നു. ശരിയായി പ്രയോഗിക്കേണ്ടത് ചരമത്തിന്റെ ഇരുപത്താം വാര്‍ഷികം എന്നാണ്.
ഇതുപോലെയാണ് 30-ാം വിവാഹവാര്‍ഷികവും. 29 വിവാഹവും പരിഗണിച്ചിട്ടില്ല. മുപ്പതാമത്തെ വിവാഹത്തിനാണ് പരിഗണന; വിവാഹത്തിന്റെ മുപ്പതാം വാര്‍ഷികം എന്നുവേണം. എന്നാല്‍, ഇംഗ്ലീഷിന്റെ രീതിയനുസരിച്ച് തേര്‍ട്ടിയത് വെഡിങ് ആനിവേഴ്‌സറി എന്നു പ്രയോഗിക്കാം.
ദാസദാസ ന്യായപ്രീത്യാ ഭാഗ്യവിശേഷണം എന്ന് എന്‍.ആര്‍.എഴുതി വച്ചിട്ടുണ്ട്. സംസ്‌കൃതത്തിനും ഇംഗ്ലീഷിനും ഈ നിയമം ബാധകമല്ല. 25-ാം ചരമവാര്‍ഷികവും 30-ാം വിവാഹവാര്‍ഷികവും മറ്റും ശിശുഭാഷ, ഗ്രാമ്യഭാഷ എന്നൊക്കെ പറയുന്നതുപോലെ മാധ്യമഭാഷ എന്നു സമാധാനിക്കാം.
ഗൗരവതരം: ഇങ്ങനെയൊരു പ്രയോഗം നമ്മുടെ ഭാഷയില്‍ ഇല്ല. ഇപ്പോള്‍ പല മാധ്യമങ്ങളും പ്രഭാഷകരും ഇപ്രകാരം പ്രയോഗിച്ചു കാണുന്നു. ഗുരുവിന്റെ ഭാവമാണു ഗൗരവം. ഗുരു - ഗുരുതരം- ഗുരുതമം; ലഘു - ലഘുതരം - ലഘുതമം; ശീഘ്രം - ശീഘ്രതരം - ശീഘ്രതമം എന്നിങ്ങനെ പ്രയോഗം വരുന്നു. ഇംഗ്ലീഷില്‍ ഡിഗ്രീസ് ഓഫ് കംപാരിസന്‍ എന്നു പറയും. ഉദാ. ലോങ് - ലോങര്‍ - ലോങ്ങസ്റ്റ്; ഫാസ്റ്റ്-ഫാസ്റ്റര്‍- ഫാസ്റ്റസ്റ്റ്...
ഹാര്‍ദവം': ഹൃദ്യം എന്നു ശരിയായ രൂപം. ഹാര്‍ദവം തെറ്റായ രൂപം എന്ന് ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലിയില്‍ എടുത്തു പറയുന്നു. യോഗങ്ങളില്‍ അതിഥികളെ സ്വാഗതം ചെയ്യുമ്പോള്‍ പലരും ഉപയോഗിക്കുന്ന ഒരു പദമാണിത്. ഹൃദ്യമായി സ്വാഗതം ചെയ്യുന്നു എന്നതു ശുദ്ധമായ രൂപം.
യോഗങ്ങളില്‍ ഇപ്പോള്‍ മിക്കപ്പോഴും കേള്‍ക്കാറുള്ള ഒന്നാണ് വ്യക്തിത്വങ്ങള്‍. മാന്യവ്യക്തി എന്ന് അടുത്തനാള്‍ വരെ പ്രയോഗിച്ചുകൊണ്ടിരുന്നു.
സാധു-സാധുത്വം; മൃദു-മൃദുത്വം; ആഢ്യന്‍ - ആഢ്യത്വം; കാട് - കാടത്തം; ആണ്‍-ആണത്തം; ഭോഷന്‍ - ഭോഷത്തം എന്നിവയെല്ലാം നാമങ്ങളില്‍ നിന്നു രൂപം കൊണ്ട മറ്റു നാമങ്ങളാണ്. പൊതുവെ സംസ്‌കൃതപദമാണെങ്കില്‍ ത്വം പ്രയോഗിക്കും; മലയാളപദമാണെങ്കില്‍ ത്തം പ്രയോഗിക്കും.
എനിക്ക് ഏറെ സ്‌നേഹമുണ്ട്; വളരെ സ്‌നേഹമുണ്ട്, വളരെ വാത്സല്യം തോന്നി എന്നിങ്ങനെയെല്ലാം നാം പ്രയോഗിച്ചുകൊണ്ടിരുന്നു. തത്സ്ഥാനത്ത് ഭൂരിപക്ഷവും ഇപ്പോള്‍ പ്രയോഗിക്കുന്നത് ഭയങ്കര സ്‌നേഹമാണ്. ഭയങ്കര ഭംഗിയാണ് എന്നൊക്കെയാണ്. ഭയം ഉണ്ടാക്കുന്നതാണ് ഭയങ്കരം.
നമുക്കിഷ്ടമുള്ളപോലെ ഭാഷയെ വക്രീകരിച്ചാല്‍ ശുദ്ധമായ ഭാഷ ഉണ്ടാകില്ല. അങ്ങനെ പ്രയോഗിക്കാന്‍ നമുക്ക് അവകാശവുമില്ല. പ്രയോഗസാധുത്വം എന്നൊരവകാശം ചിലര്‍ പറയാറുണ്ട്. അതും സാധാരണക്കാര്‍ക്കു ബാധകമല്ല. പൂച്ച എന്ന അര്‍ഥത്തില്‍ കുഞ്ചന്‍നമ്പ്യാര്‍ പൂശകന്‍ എന്നു തുള്ളലില്‍ പ്രയോഗിച്ചിട്ടുണ്ട്. എലിയുടെയും പൂച്ചയുടെയും കഥ പറയുന്ന സന്ദര്‍ഭത്തിലാണിത്. അന്നുവരെ പൂച്ചയുടെ പര്യായമായി പൂശകന്‍ അംഗീകരിക്കപ്പെട്ടിരുന്നില്ല.
ഹാസ്യത്തിനുവേണ്ടി സാഹിത്യകാരന്മാര്‍ ചില പ്രയോഗങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അന്നൊത്ത പോക്കീ, കുയിലൊത്തു പാട്ടീ, ചേലൊത്ത വാക്കീ, തിലപുഷ്പമൂക്കീ... എന്നെല്ലാം. നമ്മുടെ ഹാസ്യസാമ്രാട്ടായ തോലന്‍ പ്രയോഗിച്ചത് ഉദാഹരണം. അദ്ദേഹത്തിന്റെ തന്നെ പ്രയോഗമാണ് പനസി ദശയാം പാശി (ചക്കി പത്തായത്തില്‍ കയറി) എന്ന പ്രയോഗവും.
സഞ്ജയന്‍ എന്ന ഒരു കോളജ് കുമാരന്‍ എഴുതിയതായി പറയപ്പെടുന്ന പ്രേമലേഖനത്തില്‍ ഇങ്ങനെ കണ്ടത്രേ. മൈഡിയര്‍ മൂങ്ങേ ഞാന്‍ നിന്നെ അണ്‍ സഹിക്കബിളായി ലവ്വിച്ചു...
ശ്രേഷ്ഠമായ നമ്മുടെ മാതൃഭാഷ ശ്രേഷ്ഠമാണെന്നു മറ്റുള്ളവര്‍ക്കു തോന്നത്തക്കവിധം നിലനിലനിര്‍ത്താന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്.