- ടിജെഎസ് ജോര്‍ജ് യാത്രയായി
ശതാബ്ദിയോടടുത്ത ഉന്നതശീര്‍ഷനായ ഒരു പത്രപ്രവര്‍ത്തകന്റെ വിടവാങ്ങല്‍ മാത്രമല്ല, അത്. അവസാനിച്ചത് ഒരു കുലം. ഒരു യുഗവും.
സ്വാതന്ത്ര്യസമരത്തിന്റെ സ്ഫുലിംഗങ്ങളും തീവ്രസ്പന്ദനങ്ങളും ഏറ്റെടുത്ത കേരളീയരായ ദേശീയ ഇംഗ്ലിഷ് പത്രപ്രവര്‍ത്തകരുടെ നിരയാകെ അതീതകാലത്തിലേക്കു മറഞ്ഞതിന്റെ അവസാനദൃശ്യം. ആ നിരയിലെ ഇളപ്പക്കാരനായിരുന്നു ടിജെഎസ് ജോര്‍ജ്. ഇന്ത്യ സ്വതന്ത്രയാകുമ്പോള്‍ പത്തൊമ്പതു വയസ്സുകാരന്‍.
സ്വാതന്ത്ര്യപ്പോരിനുള്ള പത്രപ്രവര്‍ത്തനത്തില്‍ പങ്കാളിയായില്ലെങ്കിലും പരതന്ത്ര ഇന്ത്യയില്‍നിന്ന് സ്വതന്ത്രേന്ത്യയിലേക്കുള്ള സംക്രമണം അദ്ദേഹം നേരിട്ടുകണ്ടു. ആ അനുഭവജ്ഞാനത്തോടെയാണ് പിന്നീടുള്ള വര്‍ഷങ്ങളില്‍ സ്വതന്ത്രേന്ത്യയുടെ വികാസത്തിനുള്ള തടസ്സങ്ങളെ പ്രത്യേകിച്ച്, രാഷ്ട്രീയദുഷിപ്പിന്റെയും അരാജകത്വത്തിന്റെയും കാഴ്ചകളെ അദ്ദേഹം എതിര്‍ത്തത്.
പോത്തന്‍ ജോസഫും പിന്‍മുറക്കാരായ ബി.ജി.വര്‍ഗീസും പോത്തന്‍ ജോസഫ് വളര്‍ത്തിയ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, കാര്‍ട്ടൂണിസ്റ്റ് അബു (മാത്യു ഏബ്രഹാം) എന്നിവരും നേരത്തേ വിടവാങ്ങിയെങ്കിലും ആ ഗണത്തിലെ അവസാനപ്രതിനിധിയായി ടിജെഎസ് അവശേഷിച്ചു.
മൂല്യബോധവും ഉത്തരവാദ നിര്‍ഭയത്വവും അനുഭവസമ്പത്തും രാഷ്ട്രീയദര്‍ശനവും മേളിച്ചിരുന്ന അന്നത്തെ മുന്‍നിര ദേശീയ പത്രപ്രവര്‍ത്തക ശ്രേണി ഇനിയില്ല.
1928ല്‍ തുമ്പമണില്‍ ജനിച്ച ടിജെഎസ് എന്ന, മാധ്യമലോകത്തെ ഘനവ്യക്തിത്വത്തിന് മരിക്കുമ്പോള്‍ പ്രായം 97 വയസ്. തൊണ്ണൂറുകളിലും വീര്യം കെടാത്ത പ്രതിഭയായിത്തന്നെ അദ്ദേഹം ജീവിച്ചു.
ജേക്കബ് സോണി ജോര്‍ജ് എന്നു കേട്ടാല്‍ ചെറുപ്പംതോന്നും. തയ്യില്‍ ജേക്കബ് സോണി ജോര്‍ജ് എന്നതിനെ ടിജെഎസ് ജോര്‍ജ് എന്നു മാറ്റിയെഴുതിയാല്‍ കിട്ടുന്നതാണ് അടിയറവയ്ക്കാത്ത സ്വതന്ത്രചിന്തയും ആഴമുള്ള ഉള്‍ക്കാഴ്ചയുംകൊണ്ട് ദേശീയപത്രപ്രവര്‍ത്തനത്തെ സാര്‍ഥ കര്‍മമാക്കിയ കുലതാരകത്തിന്റെ ചിത്രം.
പത്രാധിപര്‍, ഗ്രന്ഥകാരന്‍, മാതൃഭാഷയിലും ഇംഗ്ലിഷിലും പ്രവീണന്‍ എന്നിങ്ങനെ ബഹുലകുശലതകളുടെ ഉടമയായിരുന്നു ടിജെഎസ് ജോര്‍ജ്. 'വേഡ്‌സ്മിത്ത്' എന്നു ചിലരെങ്കിലും അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഭാഷാസംവേദനത്തിലെ നൈപുണ്യം കൊണ്ടാണ്.
മജിസ്‌ട്രേറ്റ് ആയിരുന്ന ടി.ടി. ജേക്കബിന്റെയും ചാച്ചിയമ്മയുടെയും മകന്‍. നാട്ടിലെ പഠനത്തിനുശേഷം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ഓണേഴ്‌സ് ബിരുദം നേടി. 1950ല്‍ ബോംബെയിലെ ഫ്രീപ്രസ് ജേര്‍ണലില്‍ പത്രപ്രവര്‍ത്തനത്തിനു തുടക്കം. പിന്നീട് 'ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്', 'ദി സേര്‍ച്ച് ലൈറ്റ്', 'ഫാര്‍ ഈസ്റ്റേണ്‍ ഇക്കണോമിക് റിവ്യൂ' എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഹോങ്കോങ്ങില്‍നിന്നുള്ള 'ഏഷ്യാവീക്കി'ന്റെ സ്ഥാപകപത്രാധിപരായി.
'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രത്തിന്റെ നവീകരണത്തിനു പിന്നിലെ എഡിറ്റോറിയല്‍ ഉപദേഷ്ടാവ് ടിജെഎസ് ആയിരുന്നു.
രാഷ്ട്രീയസുസ്ഥിരത, അഴിമതിരാഹിത്യം, സാമൂഹികനീതി എന്നിവയ്ക്കുവേണ്ടിയുള്ള പ്രതിബദ്ധതയാണ് ഇന്ത്യന്‍ എക്‌സ്പ്രസിലെ സ്ഥിരം പക്തിയിലൂടെ ടിജെഎസ് ഇന്ത്യന്‍സമൂഹത്തിനു പകര്‍ന്നത്. വീക്ഷണത്തിലെ സ്വതന്ത്രത, നിലപാടിലെ നിര്‍ഭയത്വം, പറയുന്നതിലെ കൃത്യത, പറയാനുള്ള ധീരത ഇവയെല്ലാം ടിജെഎസിന്റെ റിപ്പോര്‍ട്ടുകള്‍ക്കു 'സീസ്മിക്' പ്രഭാവം പകര്‍ന്നിരുന്നു.
അതിന്റെ ഉദാഹരണമാണു ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന കൃഷ്ണ വല്ലഭ സഹായിയെ എതിര്‍ത്തതിന് 1965ല്‍ ലഭിച്ച ജയില്‍വാസം. അഭിപ്രായസ്വാതന്ത്ര്യം ഉപയോഗിച്ചതിനു തടവിലാക്കപ്പെട്ട ആദ്യ ഇന്ത്യന്‍പത്രാധിപരും അദ്ദേഹമായിരുന്നു.
സിംഗപ്പൂര്‍ പ്രധാനമന്ത്രിയായിരുന്ന ലീ ക്വാന്‍ യു, വി.കെ. കൃഷ്ണമേനോന്‍, നര്‍ഗീസ്, എം.എസ്. സുബ്ബലക്ഷ്മി, പോത്തന്‍ ജോസഫ് തുടങ്ങിയ പ്രശസ്തരുടെ ജീവചരിത്രവും, ജയില്‍വാസമടക്കം സ്വന്തം പ്രൊഫഷണല്‍ ജീവിതം ആധാരമാക്കിയ 'ഘോഷയാത്ര' എന്ന ആത്മകഥയും 'ഒറ്റയാന്‍' എന്ന ലേഖനസമാഹാരവും ടിജെഎസിന്റെ ശ്രദ്ധേയമായ രചനകളാണ്. എങ്കിലും ടിജെഎസ് എന്ന മുദ്ര പത്രപ്രവര്‍ത്തകന്റേതുതന്നെ. പത്രപ്രവര്‍ത്തകര്‍ക്കുള്ള പരിശീലകഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.
അച്ചടിക്കപ്പുറം ചാനല്‍ മാധ്യമപ്രവര്‍ത്തനവും പിന്നീട് സമൂഹമാധ്യമങ്ങളുടെ 'അണ്‍ഗൈഡഡ് ആഖ്യാനങ്ങളും' കാണേണ്ടിവന്ന പുതിയ കാലത്തെ വെല്ലുവിളികള്‍ക്കു നടുവിലും ടിജെഎസിന്റെ കുറിപ്പുകള്‍, സാങ്കേതികവിദ്യയെക്കാള്‍ പ്രധാനം കാമ്പും കരുത്തും മൂല്യബോധവും പേറുന്ന പ്രമേയങ്ങളാണെന്നു തെളിയിച്ചു.
മലയാളത്തില്‍ എഴുതാനും ഈ നൂറ്റാണ്ടിലും പ്രവര്‍ത്തനനിരതനാകാനും ശ്രദ്ധിച്ചതാണ് ടിജെഎസിനെ ഇവിടത്തെ പുതിയ തലമുറയ്ക്കു കൂടി പരിചിതനും സ്വീകാര്യനും ആക്കിയത്. അതുവഴി സ്വാതന്ത്ര്യപ്പോരാളികളുടെ തലമുറയുമായി അവരെ ബന്ധപ്പെടുത്തുകയും ചെയ്തു.
1892ല്‍ ജനിച്ച പദ്മഭൂഷണ്‍ പോത്തന്‍ ജോസഫ് 1972ല്‍ മരിച്ചു. ടിജെഎസിനെക്കാള്‍ കഷ്ടിച്ച് ഒരു വയസ്സ് മാത്രം കൂടുതലുണ്ടായിരുന്ന ബി.ജി.വര്‍ഗീസ് 1975ല്‍ റമോണ്‍ മഗ്‌സെസെ അവാര്‍ഡ് നേടി, 2014ല്‍ യാത്രയായി. ഇപ്പോള്‍ ഒരു യുഗത്തെ കാഴ്ചയില്‍നിന്നു മായിച്ചുകൊണ്ട് പദ്മഭൂഷണ്‍ ടിജെഎസിന്റെയും വിടവാങ്ങല്‍.
സ്വാതന്ത്ര്യസമരവും അതിന്റെ ഫലാപ്തിയും ദര്‍ശിച്ച പത്രപ്രവര്‍ത്തകതലമുറയിലെ അവസാനദര്‍ശകന്‍ മണ്‍മറയുമ്പോള്‍ അവശേഷിക്കുന്നത് സ്വതന്ത്രേന്ത്യയുടെ പിറവി അറിയാന്‍ ഓര്‍മകള്‍ക്കു പകരം ചരിത്രപാഠം മാത്രം കൈയിലുള്ള തലമുറകള്‍.
സംഭവബഹുലമായ കാലത്തിന്റെ സാക്ഷികള്‍ ഇനിയില്ല. ആ സംഭവസാധ്യതകളും. ഇനിയുള്ളവര്‍ക്കു പഠിക്കാന്‍ തന്റെ മുന്‍ഗാമികളെപ്പോലെ ടിജെഎസ് ജോര്‍ജും മാതൃക അവശേഷിപ്പിച്ചിട്ടുണ്ട്. പ്രചോദകവും സമ്പുഷ്ടവുമായ പ്രഫഷണല്‍സ്മരണകള്‍.