•  16 Oct 2025
  •  ദീപം 58
  •  നാളം 32
ലേഖനം

ദിനംതോറുമുള്ള വിധിന്യായങ്ങള്‍

    മറ്റുള്ളവരിലെ  നന്മകള്‍ പ്രകീര്‍ത്തിക്കുന്നതിനേക്കാള്‍ അവരിലെ കുറ്റം കണ്ടെത്തല്‍ കൂടുന്നുണ്ടോ നമുക്ക്? എന്തിന്റെയും തലനാരിഴ കീറി ആവുന്നത്ര ന്യൂനതകള്‍ വിളംബരം ചെയ്യാനുള്ള ഒരു പ്രവണതയുണ്ടെങ്കില്‍ സൂക്ഷിക്കണം. ആര്‍ക്കും നന്നല്ല അത്. ഈ നശിച്ച പ്രവണത നാം അവസാനിപ്പിക്കണം.
     ഒരു മഹിള മറ്റൊരു മഹിളയെ നോക്കി പറയുന്നു: ''ഹോ എന്തുമാത്രം  ആഭരണങ്ങളാണ് ഈ പെണ്ണ് വാരി വലിച്ചു ധരിച്ചിരിക്കുന്നത്. ഇതുങ്ങളെ കണ്ട് കള്ളന്മാര്‍ അടങ്ങിയിരിക്കുന്നതിലാണ് അദ്ഭുതം.' ഫാഷന്‍ ബൈക്കില്‍ പായുന്ന യുവാവിനെ നോക്കി ചിലപ്പോള്‍ പറയും:' ''എന്തൊരു മരണപ്പാച്ചിലാണിത്. എവിടെയെങ്കിലും പോയി ഇടിച്ചുചാകാതിരുന്നാല്‍ മതി.'' കൈയില്‍ പച്ചകുത്തിയവനെ കണ്ടാല്‍  പറയും:''എന്തൊക്കെ            പേക്കോലങ്ങളാണ് ഇവന്മാര്‍ കാട്ടിക്കൂട്ടുക.' അച്ചന്റെ  പ്രസംഗം അല്പം നീണ്ടുപോയാല്‍ പറയും: 'ഓ ഈ അച്ചന്‍ ബോറടിപ്പിച്ചു കൊല്ലും.' ഭാരിച്ച ബാഗുമായി സ്‌കൂളില്‍ പോകുന്ന കുട്ടിയെനോക്കി പറയും: 'ഈ സാറന്മാര്‍  കുട്ടികളെ ചുമട് എടുപ്പിക്കാനാണോ പഠിപ്പിക്കുന്നത്?' ഒരു പെണ്‍കുട്ടി ഒരു ചെറുക്കനുമായി മിണ്ടുന്നതുകണ്ടാല്‍ പറയും: ''അഴിച്ചു വിട്ടിരിക്കുവാ ഇങ്ങനെ അഴിഞ്ഞാടാന്‍.''
  ഒരിക്കല്‍ ഒരു വൈദികന്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്നു. ഒരു അമ്പല മുമ്പിലെത്തിയപ്പോള്‍ ബസിന്റെ മറുവശത്തിരുന്ന ഒരു ഹൈന്ദവസ്ത്രീ കാണിക്കയായി ഒരു നാണയത്തുട്ട് എറിഞ്ഞു.  ഉന്നം തെറ്റി വീണത് അച്ചന്റെ മടിയില്‍! അച്ചന്‍  അതെടുത്ത് അമ്പലത്തിലെ കാണിക്കവഞ്ചിയിലേക്കെറിഞ്ഞു. കൃത്യം ഇതുമാത്രം കണ്ട ഒരു ക്രിസ്ത്യാനി പറഞ്ഞു: 'കണ്ടോ അച്ചന്മാര്‍വരെ ദേവിക്കു നേര്‍ച്ചയിടാന്‍ തുടങ്ങിയിരിക്കുന്നു.' ഇത്തരം തെറ്റുധാരണകളാണ് നമ്മുടെ പല വിധിന്യായങ്ങള്‍ക്കു പിമ്പിലും. വിധി പറയുംമുമ്പേ നാം ശ്രദ്ധയോടെ നിരീക്ഷിക്കണം-കാണുന്നതെല്ലാം ശരിയായിരിക്കണമെന്നില്ല. പ്രത്യക്ഷമായി കാണുന്നതായിരിക്കുകയില്ല അതിന്റെ പിന്നിലുള്ള യാഥാര്‍ഥ്യം.
നമുക്ക് മറ്റുള്ളവരുടെ ജീവിതം   വിധിക്കാനാവില്ല. ഓരോരുത്തരുടെയും  വേദനകളും ത്യാഗങ്ങളും കഷ്ടപ്പാടുകളുമൊക്കെ അവരവര്‍ക്കു മാത്രമേ അറിയൂ. നിങ്ങള്‍ ശരിയായ പാതയിലാണെന്നു നിങ്ങള്‍ക്കു  ബോധ്യമുണ്ടായിരിക്കാം. പക്ഷേ, ഇതു മാത്രമേ ശരിയായ പാതയായുള്ളൂവെന്നു ധരിക്കരുത്.
നമുക്കു ചുറ്റുമുള്ള എല്ലാവരും നല്ലവരായിരിക്കണമെന്നില്ല. എന്നാല്‍, എല്ലാവരിലുമൊരു നന്മയുണ്ട്. 'എല്ലാ വിശുദ്ധാത്മാക്കള്‍ക്കും തെറ്റുകളുടെ ഒരു പഴയകാലം കാണും; എല്ലാ പാപികള്‍ക്കും നന്നാവാന്‍ ഇനിയും അവസരവുമുണ്ട്' എന്നാണ്  പഴഞ്ചൊല്ല്.
ഒരിക്കല്‍ മുംബൈയിലെ ഒരു പ്രമുഖ തുണിമില്ലുടമയുടെ മകന്‍          അമേരിക്കയില്‍ ഉപരിപഠനത്തിനു പോയി. അവന്‍ തിരഞ്ഞെടുത്ത വിഷയം മുടിവെട്ടും മുടി ഫാഷനിങ്ങുമായിരുന്നു. അന്നു നെറ്റിചുളിച്ചവര്‍ക്ക് ഇന്നൊന്നും പറയാനില്ല. കാരണം, ലോകത്തിലെ നാലു സിറ്റികളില്‍ അയാളുടെ നാല് 'അടിപൊളി' ഹെയര്‍ കട്ടിങ് സലൂണുകളുണ്ട്.
   പലപ്പോഴും അഴുക്കില്‍ കൈ വഴുവഴുക്കുന്നവരാണ് ആര്‍ക്കെങ്കിലും നേരേ ചൂണ്ടുവിരലുയര്‍ത്തുക. ദൈവംപോലും അന്ത്യവിധിനാള്‍വരെ ആരെയും വിധിക്കാനില്ലാത്ത സ്ഥിതിക്ക് ഞാനും നിങ്ങളുമെന്തിന് ഈ പണിക്കുപോകുന്നു? എന്നാണ് ഡെയ്ല്‍ കാര്‍ണീജി ചോദിക്കുന്നത്.
ഈ ഭൂഖണ്ഡത്തില്‍ ശ്വസിച്ചുജീവിക്കുന്ന ഓരോ മനുഷ്യജീവിക്കും ഒരു കഥയുണ്ട്. ആരെയും വിധിക്കാന്‍    പോകരുത്-അവരുടെ സത്യങ്ങള്‍  തൊട്ടറിയും മുമ്പേ. കാരണം അവരുടെ സത്യങ്ങള്‍ നമ്മെ ആശ്ചര്യപ്പെടുത്തിയേക്കാം.
  സ്‌കൂളില്‍  പുതുതായി സ്ഥലം മാറി വന്ന ഒരു കുട്ടിയുണ്ടായിരുന്നു. ടീച്ചര്‍ എന്തു ചോദിച്ചാലും  അവന്‍ മറുപടി പറയില്ല. മടയനും അലസനുമാണ് അവനെന്നു  ടീച്ചര്‍മാരും മറ്റു കുട്ടികളും കരുതി. പക്ഷേ, പിന്നീടാണു മനസ്സിലായത്, അവന്‍ അതിബുദ്ധിമാനായ ഒരു  ഗണിത ശാസ്ത്രവിദ്യാര്‍ഥിയാണെന്ന്. അവന്റെ പ്രശ്‌നം  പ്രാദേശികഭാഷ അറിയില്ല എന്നുള്ളതായിരുന്നു. ടീച്ചര്‍മാരും  കുട്ടികളും  അന്ധരായിക്കൊണ്ടു പെട്ടെന്നൊരു  വിധിപ്രസ്താവം നടത്തിയെന്നു മാത്രം. 
    ഇനി മറ്റൊരനുഭവംകൂടി പറയാം:  പാര്‍ക്കിലെ ബെഞ്ചില്‍  ഒരു വൃദ്ധന്‍ പതിവായി ഒരു മൂന്നുകാലന്‍ ഞൊണ്ടി നായയെയുംകൊണ്ടു വരുമായിരുന്നു. എല്ലാവരും കരുതി, കാശില്ലാത്ത ഒരു പാവം വൃദ്ധനാണെന്ന്. വൃദ്ധന് ഒരു നല്ല പട്ടിയെ വാങ്ങിക്കാന്‍ കഴിവില്ലായിരിക്കാം. അതായിരിക്കണം ഈ പുഴുത്തു നാറിയ ഞൊണ്ടിപ്പട്ടിയെയുംകൊണ്ടു നടക്കുന്നത്. ഒരുദിവസം ധൈര്യം  സംഭരിച്ച്  ഒരു യുവാവ് വൃദ്ധന്റെ അടുത്തു വന്നിരുന്നു സൗഹൃദം പങ്കുവച്ചുകൊണ്ട് ചോദിച്ചു: അമ്മാവന് ഞാന്‍ മറ്റൊരു നല്ല  നായയെ വാങ്ങിത്തരട്ടെ? ഇതുകേട്ട് വൃദ്ധന്‍ ചിരിച്ചു. എന്റെ ജീവന്‍ പോയാലും ഇവനെ ഉപേക്ഷിക്കുന്ന പ്രശ്‌നമില്ല. എന്റെ കൊച്ചുമോനെ ഒരു   തീപ്പിടിത്തത്തില്‍നിന്നു രക്ഷപ്പെടുത്തുമ്പോഴാണ് ഇവന്റെ കാല്‍ പോയത്. ലോകത്തില്‍ വച്ച് ഏറ്റവും ധീരനായ ഒരു നായയാണിത്!
ഒരു കൊച്ചുകഥ കൂടി 
ഒരു കൊള്ളക്കാരന്‍ ഒരിക്കല്‍  ഒരു സന്ന്യാസാശ്രമത്തിലെത്തി. അവിടെ രണ്ടു സന്ന്യാസികള്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരില്‍ ഒരാള്‍ എന്തു കേട്ടാലും തിടുക്കത്തില്‍ വിധി പ്രസ്താവിക്കുന്ന പ്രകൃതക്കാരനായിരുന്നു.  അയാള്‍  കൊള്ളക്കാരനെ കണ്ടപ്പോള്‍ത്തന്നെ അയാളെ കുറ്റപ്പെടുത്താനും അധിക്ഷേപിക്കാനും തുടങ്ങി. നിന്റെ പാപവഴികള്‍ നിന്നെ നിരന്തരം അനുധാവനം ചെയ്യും. നിത്യമായ യാതനയിലേക്കുള്ള യാത്രയിലാണു നീ.
ഒരിത്തിരി വെള്ളം ചോദിച്ചിട്ട് അതുപോലും സന്ന്യാസി നല്‍കിയില്ല. കൊള്ളക്കാരനെ സന്ന്യാസി ക്രൂരമായി   ഭത്സിച്ചു പുറന്തള്ളി. അയാള്‍ തലയും താഴ്ത്തി വിഷാദത്തോടെ പുറത്തേക്കുനടക്കുമ്പോള്‍  പൂന്തോട്ടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന രണ്ടാമത്തെ സന്ന്യാസി അയാളെ കണ്ടു. ഒരു പുഞ്ചിരിയോടെ അദ്ദേഹം വന്ന കാര്യം തിരക്കി. ആദ്യത്തെ  സന്ന്യാസി തന്നെ തഴഞ്ഞു   സംസാരിച്ച കാര്യങ്ങള്‍ അയാള്‍ വിഷാദത്തോടെ പറഞ്ഞു. വിശന്നാണ്  ഈ കൊള്ളക്കാരന്‍ വന്നിരിക്കുന്നതെന്നു മനസ്സിലാക്കി അയാള്‍ക്കു കുറെ പഴങ്ങളും കുടിക്കാന്‍ വെള്ളവും ആ സന്ന്യാസി നല്‍കി. 'നിങ്ങള്‍ രോഗ്യവാനാണല്ലോ. ഒരു കാര്യം ചെയ്യൂ. എനിക്കു പരിചയമുള്ള ഒരു  മരപ്പണിക്കാരന്‍ ഈ ഗ്രാമത്തിലുണ്ട്. ഞാന്‍ വഴി പറഞ്ഞുതരാം. അവിടെച്ചെന്ന് നീ  ജോലി പഠിച്ച് ഒരു നല്ല              മരപ്പണിക്കാരനാവുക.' സന്ന്യാസി     പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ വലിയ ദീനാനുകമ്പയും സ്‌നേഹവും നിഴലിച്ചിരുന്നു. ഒടുവില്‍ കൊള്ളക്കാരന്‍ അങ്ങനെ ഒരു നല്ല ജീവിതത്തിലേക്കു വഴിനടക്കുന്നതാണ് കഥ.
വിധിക്കാതെ വന്നാലെന്തു 
സംഭവിക്കും?
ഒന്നിനെക്കുറിച്ചും ഒരിക്കലും വിധിക്കാന്‍ തയ്യാറാകാത്ത അവസ്ഥയുണ്ടോ? നമുക്കുചുറ്റിലും കാണുന്ന അക്രമങ്ങളും വൃത്തികേടുകളുമൊക്കെ നാം പൂര്‍ണമായി സ്വീകരിക്കണോ? മദ്യപിച്ചു ദിവസവും വീട്ടിലെത്തി ഒച്ചപ്പാടുണ്ടാക്കുന്നവരും പെണ്‍പിള്ളേരെ ശല്യപ്പെടുത്തുന്നവരും തെമ്മാടികളായ രാഷ്ട്രീയക്കാരും അസന്മാര്‍ഗികത കുത്തിനിറച്ച ചലച്ചിത്രനിര്‍മാതാക്കളും മറ്റും നിറഞ്ഞതാണീ സമൂഹം. ഇവിടെയൊന്നും നമുക്ക് ഒരു വാക്കും എതിര്‍ത്തുപറയാനില്ലെങ്കില്‍  എത്രയോ വിരസവും നിര്‍ഗുണവുമാകും ഈ ജീവിതം? മുനയൊടിഞ്ഞ കത്തിയോ വായ്ത്തലപോയ വാക്കത്തിയോ ആയി നാം മാറണോ? വേണ്ട. കണ്ണടച്ച് എല്ലാം സ്വീകരിക്കണമെന്നില്ല. വിവേചനബുദ്ധിക്കും  വകതിരിവിനും നിരക്കാത്ത കാര്യങ്ങള്‍  നാം വകവച്ചുകൊടുക്കേണ്ടതില്ല. അതിനെതിരേ നാം സ്വരമുയര്‍ത്തുകതന്നെ വേണം. വെറുതെ നിരീക്ഷണം നടത്തിയാല്‍ പോരാ;  മറിച്ച് ഇത്തരം       സന്ദര്‍ഭങ്ങളില്‍  നാം ക്രിയാത്മകമായി ഇടപെടണം.
പക്ഷേ, നാം പ്രതികരിച്ചതുകൊണ്ടു നമ്മുടെ ബോധ്യം ശരിയാണെന്ന് ആരും വകവച്ചു തരാനൊന്നും പോകുന്നില്ല. പക്ഷേ, നാം നല്ല പ്രതികരണശേഷിയുള്ളവരാണെന്നെങ്കിലും അവര്‍ മനസ്സിലാക്കും. വിധികര്‍ത്താക്കളാകാന്‍ നോക്കിയാല്‍ അതു മനുഷ്യരെ നമ്മില്‍ നിന്ന് തള്ളിയകറ്റുമെന്നതാണു സത്യം.
'മനുഷ്യന്‍ മാറ്റങ്ങള്‍ക്കു വിധേയനാണ്. നല്ല മനുഷ്യര്‍പോലും തലയ്ക്കകത്ത് എന്തെങ്കിലും ദുഷ്ടു കയറിയാല്‍  മോശമാകും. എപ്പോഴും നാം കാണുന്നതുപോലെ ആയിരിക്കില്ല കാര്യങ്ങള്‍.  ചിലര്‍ കാഴ്ചയ്ക്കു ബലഹീനര്‍ എന്നു തോന്നും; പക്ഷേ, അവര്‍ അതിശക്ത  മാരായിരിക്കും. ചപലരായി വട്ടന്മാരെപ്പോലെ നടക്കുന്ന ചിലര്‍ വലിയ ഉദാരമതികളായ സാമൂഹികസേവകരായിരിക്കാം. 'അസ്ഥിരമായ ജീവിതവഴികളില്‍ ഓരോ നിമിഷവും  ആസ്വദിക്കാം. എല്ലാവരെയും സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്താം, പറ്റുന്നതുപോലെ നമുക്കാകുവോളം കാലം' എന്നാണ് ലീ തോംപ്‌സന്റെ വാക്കുകള്‍. കഴിവതും വിധിയാളന്മാരാകാന്‍ നോക്കാതെ  ന്യായവിധിയുടെ തുലാസ് മാറ്റിവച്ചു  നമുക്കു ജീവിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)