യുദ്ധം ഒരിക്കലും ആര്‍ക്കും ലാഭമുണ്ടാക്കാറില്ല. ഇരുപക്ഷത്തിനും ആള്‍നാശവും ആയുധനഷ്ടവുമുണ്ടാകുന്നു. ജയിച്ചു എന്നു കരുതുന്ന രാജ്യവും ഏറെനാള്‍ അതിന്റെ മുറിവുകള്‍ നക്കിത്തോര്‍ത്തിക്കൊണ്ടേയിരിക്കണം. മരിച്ചവര്‍ തിരിച്ചുവരുന്നില്ല. നഷ്ടപ്പെട്ടതു വീണ്ടെടുക്കപ്പെടുന്നില്ല.
ഇവിടെയൊരു സംശയമുണ്ടാകാം. സാധാരണ രണ്ടു രാഷ്ട്രശക്തികള്‍ തമ്മിലാണു യുദ്ധമുണ്ടാകാറ്. ഈ യുദ്ധം അങ്ങനെയായിരുന്നില്ല. പലസ്തീനിന്റെ ഭാഗമെന്നു കരുതപ്പെടുന്ന ഗാസയായിരുന്നു യുദ്ധക്കളമെങ്കിലും പലസ്തീന്‍ ഭരണകൂടം ഇസ്രയേലിനോടു യുദ്ധം പ്രഖ്യാപിച്ചിരുന്നില്ല. ഇസ്രയേലിന്റെ എതിര്‍ഭാഗത്ത് ഹമാസ് എന്ന ഭീകരപ്രസ്ഥാനമാണുണ്ടായിരുന്നത്.
തങ്ങളെ സൈ്വരമായി ജീവിക്കാന്‍ അനുവദിക്കാത്ത ഭീകരപ്രസ്ഥാനങ്ങളെ ഉന്മൂലനം ചെയ്യണം എന്ന ഇസ്രയേലിന്റെ ലക്ഷ്യം ഏതെങ്കിലുമൊരു രാഷ്ട്രത്തിനെതിരല്ല. അയല്‍രാജ്യങ്ങളായ ഇറാനിലെയും സിറിയയിലെയും ലെബനോണിലെയും ഭീകരരുടെ താവളങ്ങളിലേക്ക് ഇസ്രയേലിന്റെ ആയുധങ്ങള്‍ പറന്നുചെന്നു നാശം വിതച്ചു. പക്ഷേ, ആ രാജ്യങ്ങള്‍ക്കെതിരേ ഇസ്രയേല്‍ യുദ്ധം പ്രഖ്യാപിച്ചിട്ടില്ല. അവിടങ്ങളില്‍ ഒളിച്ചുപാര്‍ക്കുന്ന ഭീകരവാദികളെ മാത്രമേ അവര്‍ ലക്ഷ്യം വച്ചുള്ളൂ. ഭീകരവാദികള്‍ക്കു കനത്ത പ്രഹരം നല്കാന്‍ ഇസ്രയേലിനു സാധിക്കുകയും ചെയ്തു.
2024 ജനുവരി രണ്ടിന് ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഒളിത്താവളത്തിലായിരുന്ന ഹമാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അല്‍ അരൂരി ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
2024 മാര്‍ച്ച് 10 ന് ഹമാസിന്റെ ഡപ്യൂട്ടിലീഡര്‍ മര്‍വാന്‍ അബ്ദുള്‍ കരിം അല്‍ ഇസ്സയെ ഗാസയിലെ നുസൈറാത്തില്‍ നടത്തിയ ആക്രമണത്തിലൂടെ ഇസ്രയേല്‍ വധിച്ചു.
2024 ജൂലൈ 31 ന്, ഹമാസിന്റെ രാഷ്ട്രീയ കാര്യമേധാവി ഇസ്മായില്‍ ഹനിയയെ, അദ്ദേഹം ഇറാന്‍തലസ്ഥാനമായ ടെഹ്‌റാനില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഇസ്രയേല്‍ വധിച്ചു. അദ്ദേഹത്തിന്റെ മുറിയില്‍ ഒളിച്ചു വച്ചിരുന്ന ഒരു സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചായിരുന്നു മരണം.
2024 സെപ്റ്റംബര്‍ 27 ന്, ഹിസ്ബുല്ലമേധാവി ഹസന്‍ നസറല്ല, ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലായിരിക്കെ, ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.
വീണ്ടും 2024 ഒക്‌ടോബര്‍ 16 ന്, ഹമാസ് മേധാവികളില്‍ പ്രമുഖനായ യാഹ്യ ഇബ്രാഹിം ഹസ്സന്‍ സിന്‍വാര്‍ വടക്കന്‍ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടു.
2024 സെപ്റ്റംബര്‍ 19 ന് ലെബനനിലെയും സിറിയയിലെയും ജനങ്ങള്‍ പ്രത്യേകിച്ചു തീവ്രവാദികള്‍ ഉപയോഗിച്ചിരുന്ന 5000ലധികം പേജറുകളും വാക്കിടോക്കികളും പൊട്ടിത്തെറിച്ചു. 32 പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം പേര്‍ക്കു പരിക്കേല്ക്കുകയും ചെയ്തു. അവയിലെ ബാറ്ററികളില്‍ രഹസ്യമായി നിഷേധിച്ചിരുന്ന സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിക്കു കാരണമായത്. ഇത് ഇസ്രയേല്‍ കണ്ടെത്തിയ പുതിയ ആയുധപ്രയോഗമായി വിലയിരുത്തപ്പെടുന്നു. അതിന്റെ നിര്‍മാണരഹസ്യമെന്തെന്ന് ഇനിയും വെളിപ്പെട്ടിട്ടില്ല.
ഏതാനും ഭീകരവാദികളെ വധിച്ചതുകൊണ്ടു ഭീകരപ്രസ്ഥാനങ്ങള്‍ ഇല്ലാതാകുമോ എന്നു ചോദിക്കാം. പക്ഷേ, അവരുടെ ഇരകളായിത്തീരേണ്ടിവരുന്ന രാഷ്ട്രങ്ങള്‍ക്കു മറ്റെന്തു പോംവഴിയാണുള്ളത്? അല്‍ക്വയിദയുടെ തലവന്‍ ബിന്‍ലാദനും ഇസ്ലാമിക് സ്റ്റേറ്റ് മേധാവി അബുബക്കര്‍ അലി ബാഗ്ദാദിയും വധിക്കപ്പെട്ടതിനുശേഷം ആ പ്രസ്ഥാനങ്ങള്‍ ദുര്‍ബലമാവുകയുണ്ടായി. ഇനി പൂര്‍വാധികം ശക്തിയോടെ എന്നെങ്കിലും മടങ്ങിയെത്തുമോ ഇല്ലയോ എന്നു പറയാനാവില്ല. ജലപ്രളയത്തിനുമുമ്പു ദൈവം തന്റെ സൃഷ്ടിയായ മനുഷ്യനെ പുനരവലോകനം ചെയ്തപ്പോള്‍ അവന്റെ മനസ്സു തിന്മയിലേക്കു ചാഞ്ഞിരിക്കുന്നതായി അവിടുന്നു കണ്ടു എന്നു വിശുദ്ധഗ്രന്ഥം പറയുന്നുണ്ടല്ലൊ. ആധുനികകാലത്തും അതിനു മാറ്റമുണ്ടെന്നു പറയാനാവില്ല.
യുദ്ധം രാഷ്ട്രങ്ങള്‍ തമ്മിലായാലും ഭീകരവാദികള്‍ക്കെതിരേ ആയാലും ജനങ്ങളുടെ ജീവനും സ്വത്തുമാണ് നഷ്ടപ്പെടുന്നത്. ഗാസായുദ്ധത്തിന്റെ ബാക്കിപത്രമെന്തെന്നു നോക്കാം.
2023 ഒക്‌ടോബര്‍ ഏഴുമുതല്‍, വെടിനിര്‍ത്തലുണ്ടായ 2025 ജനുവരി 15 വരെ ഗാസയില്‍ കൊല്ലപ്പെട്ടത് 46788 പേരാണ്. ഇവരില്‍ 17655 കുട്ടികളും 12048 സ്ത്രീകളും ഉള്‍പ്പെടുന്നു.
വെടിനിര്‍ത്തലിനുശേഷവും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. അങ്ങനെയുണ്ടായ മരണങ്ങള്‍കൂടി ചേര്‍ക്കുമ്പോള്‍ മരണസംഖ്യ 57000 കവിഞ്ഞിരിക്കുന്നു എന്നാണു പുതിയ കണക്കുകളില്‍ കാണുന്നത്. 12000 ത്തോളം പേരെ കാണാതായിട്ടുണ്ട്. ഒരു ലക്ഷത്തിപ്പതിനായിരം പേര്‍ക്കു പരിക്കു പറ്റിയിട്ടുണ്ട്. അഭയാര്‍ത്ഥികളുടെ സംഖ്യ പത്തൊമ്പതുലക്ഷം കവിഞ്ഞിരിക്കുന്നു. അനാഥരായിത്തീര്‍ന്ന കുട്ടികളുടെ എണ്ണം ഇരുപതിനായിരം വരും. 88 ശതമാനം സ്‌കൂളുകളും 50 ശതമാനം ആശുപത്രികളും തകര്‍ന്നു. ഇല്ലാതായ വീടുകള്‍ 92 ശതമാനം വരും. ആകെ കെട്ടിടങ്ങളില്‍ 80 ശതമാനവും നിലംപൊത്തി. 68 ശതമാനത്തിലധികം കൃഷിയിടങ്ങളും റോഡുകളും ഇല്ലാതായി.
ഇതിനൊക്കെ പുറമേയാണു ഗുരുതരമായ ഭക്ഷ്യദൗര്‍ലഭ്യം. മൂന്നരലക്ഷം പേര്‍ അതീവഗുരുതരമായ പട്ടിണിയിലാണത്രേ.
ഇസ്രയേലിലെ മരണം 1200 മാത്രമേയുള്ളൂ. 251 പേരെ ഹമാസ് തടവുകാരാക്കി പിടിച്ചുകൊണ്ടുപോയി.
ജനുവരി 15 ലെ ഒത്തുതീര്‍പ്പോടുകൂടി യുദ്ധം അവസാനിച്ചോ? ഇല്ലെന്നാണു സൂചനകള്‍. യുദ്ധം നിര്‍ത്തണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നത് ഇസ്രയേലിനോടു മാത്രമാണ്. ഹമാസിനോട് ആയുധം താഴെ വയ്ക്കാന്‍ ആരുമെന്തേ ആവശ്യപ്പെടുന്നില്ല? ഹമാസ് ഭീകരരോടു ഗാസയിലെ ജനങ്ങളെ വിട്ടുപോകാന്‍ ആരും പറയാത്തതെന്താണ്? ഏകപക്ഷീയമായ കുറ്റപ്പെടുത്തലുകള്‍കൊണ്ടു പ്രശ്‌നപരിഹാരമുണ്ടായില്ല. ഹമാസിനെ നിയന്ത്രിക്കാന്‍ ചെറുവിരല്‍പോലും അനക്കാത്തവര്‍ക്ക് ഇസ്രയേലിനെ കുറ്റപ്പെടുത്താന്‍ എന്തവകാശം? പല രാഷ്ട്രങ്ങളും പ്രസ്ഥാനങ്ങളും വന്‍ സാമ്പത്തികസഹായം നല്കി ഹമാസിനെ പ്രോത്സാഹിപ്പിക്കുന്നിടത്തോളംകാലം അവരെങ്ങനെ സമാധാനത്തിന്റെ വഴിയില്‍ വരും?
ഈ ലോകത്തിനെന്തോ കാര്യമായ തകരാറുണ്ടെന്നു കരുതേണ്ടിയിരിക്കുന്നു. ഗാസയിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും നിലവിളി കേള്‍ക്കുന്ന അവര്‍ യുക്രെയിനിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും നിലവിളി കേള്‍ക്കുന്നില്ലേ? 2014 ഫെബ്രുവരിയില്‍ ആരംഭിച്ച്, 2022 ഫെബ്രുവരിയില്‍ രൂക്ഷമായ, ഇപ്പോഴും തുടരുന്ന യുക്രെയിന്‍ യുദ്ധം ആരെയും അലോസരപ്പെടുത്തുന്നില്ല! റഷ്യയോട് അരുതേ എന്നു പറയാന്‍ സ്വാര്‍ത്ഥികളായ രാഷ്ട്രത്തലവന്മാര്‍ക്കു നാവുയരുന്നില്ല.
മധ്യപൂര്‍വദേശത്തെ അശാന്തി ഇനിയും കെട്ടടങ്ങുന്നില്ല. ഹമാസ് ഭീകരര്‍ ആയുധം താഴെ വയ്ക്കുകയും ഭീകരപ്രസ്ഥാനങ്ങളുടെ ഇസ്രയേല്‍വിരുദ്ധതയ്ക്കുശമനമുണ്ടാകുകയും ചെയ്യുന്നതുവരെ അവിടെ സമാധാനം പുലരില്ല. ഒപ്പം, യഹൂദര്‍ക്കും ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്ന് അറബ്‌രാഷ്ട്രങ്ങള്‍ അംഗീകരിക്കുകയും വേണം.
ഇതിനൊരു മറുവശംകൂടിയുണ്ട്. അതിക്രൂരമായ പീഡനങ്ങളുടെ ഇരകളായിത്തീരാന്‍ വിധിക്കപ്പെട്ട യഹൂദജനതയുടെ ഹൃദയം പ്രതികാരചിന്തകളാല്‍ കലുഷിതമാണ്. 'കണ്ണിനു കണ്ണ്, പല്ലിനുപല്ല്' എന്ന പഴയനിയമനീതിയുടെ നിരാര്‍ദ്രതയില്‍നിന്നു പുറത്തുകടക്കാന്‍ അവര്‍ക്കാവില്ല. പ്രതികാരത്തിനുള്ള ഏതൊരവസരവും അതിനാല്‍ത്തന്നെ, അവര്‍ പാഴാക്കുകയില്ല. അതവരുടെ നിലനില്പിന് അനിവാര്യമാണെന്നവര്‍ കരുതുന്നു.
അഡോള്‍ഫ് ഐക്മാന്റെ കഥ തന്നെ ഒരുദാഹരണം. ജര്‍മന്‍ നാസി പാര്‍ട്ടി നേതാവായിരുന്ന ഐക്മാന്‍ യുദ്ധകാലത്ത് ഹിറ്റ്‌ലറുടെ പട്ടാളമേധാവികളിലൊരാളായിരുന്നു. യഹൂദവിരോധംകൊണ്ട് അന്ധനായി പ്പോയ അയാളാണ് കുപ്രസിദ്ധമായ യഹൂദകൂട്ടക്കൊലയുടെ സൂത്രധാരന്മാരില്‍ പ്രധാനി. യഹൂദരെ കൂട്ടത്തോടെ അറസ്റ്റു ചെയ്തു കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കും ഗ്യാസ് ചേമ്പറുകളിലേക്കും കൊണ്ടെത്തിക്കുന്നത് അയാളുടെ ക്രൂരവിനോദമായിരുന്നു. ചരിത്രം കണ്ടിട്ടില്ലാത്ത അത്ര ക്രൂരമായ പീഡനമുറകള്‍ യഹൂദര്‍ക്കുമേല്‍ അയാള്‍ അഴിച്ചുവിട്ടു. 1945 ല്‍ യുദ്ധം അവസാനിക്കുന്ന ഘട്ടത്തില്‍ സഖ്യകക്ഷിസൈന്യം ഐക്മാനെ പിടികൂടി തടവിലാക്കിയെങ്കിലും അവിടെനിന്നു രക്ഷപ്പെട്ട് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ അയാള്‍ ഒളിവില്‍ പാര്‍ത്തു.
ഇസ്രയേലിന്റെ രൂപീകരണശേഷം, അവരുടെ ഇന്റലിജന്‍സ് സംഘമായ മൊസാദിന്റെ ചാരന്മാര്‍ ഐക്മാനെ തേടിയിറങ്ങി. 1960 മേയ് 11 ന് ബ്യൂണസ് അയേഴ്‌സില്‍നിന്ന് അയാളെ അവര്‍ പിടികൂടി ഇസ്രയേലിലെത്തിച്ചു. ഇസ്രയേല്‍ സുപ്രീംകോടതി ഐക്മാനെ വിചാരണ ചെയ്തു. ലോകരാഷ്ട്രങ്ങളുടെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച സംഭവം. യുദ്ധകാലത്തു യഹൂദര്‍ക്കും മനുഷ്യരാശിക്കുമെതിരേ ചെയ്ത കുറ്റങ്ങളായിരുന്നു അയാള്‍ക്കെതിരേ ചുമത്തപ്പെട്ടത്. വിചാരണയ്‌ക്കൊടുവില്‍ ഐക്മാനു വിധിച്ചതു മരണശിക്ഷയാണ്. 1962 ജൂണ്‍ ഒന്നിന് ഇസ്രയേലിലെ രാമിയായില്‍ അയാളെ തൂക്കിലേറ്റി. സ്വന്തം രാജ്യം ലഭിച്ചശേഷം ലോകമെമ്പാടുമുള്ള യഹൂദരെ ഇത്രയേറെ ആഹ്ലാദിപ്പിച്ച മറ്റൊരു സംഭവമില്ല.
അവസരം കിട്ടിയിരുന്നെങ്കില്‍ ഇസ്രയേല്‍ക്കാര്‍ ഹിറ്റ്‌ലറോടും ഇതുതന്നെ ചെയ്യുമായിരുന്നു. എങ്കില്‍ അയാള്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വരുമായിരുന്നില്ല!
ഇപ്പോള്‍ ഗാസയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണ്. ഒരിക്കല്‍ ഇരകളായിരുന്നവര്‍ പ്രതികാരം ചെയ്യുമ്പോള്‍, അതിന്റെ നൈതികതയെക്കുറിച്ചു ചിന്തിക്കാനുള്ള വിവേകമൊന്നും അവര്‍ക്കുണ്ടാവണമെന്നില്ല.