2025 സെപ്റ്റംബര്‍ ഏഴാംതീയതി പരിശുദ്ധ പിതാവ് ലെയോ പതിന്നാലാമന്‍ മാര്‍പാപ്പ പിയേര്‍ ജോര്‍ജിയോ ഫ്രസാത്തിയെയും കാര്‍ളോ അക്യുട്ടിസിനെയും വിശുദ്ധരായി പ്രഖ്യാപിച്ചു. ഇരുവരുടെയും ചരമദിനമാണ് തിരുനാളുകളായി പ്രഖ്യാപിച്ചത്. വി. ഫ്രസാത്തിയുടേത് ജൂലൈ നാലും വി. കാര്‍ളോ അക്യുട്ടിസിന്റേത് ഒക്‌ടോബര്‍ പന്ത്രണ്ടും. വിശുദ്ധപദവിപ്രഖ്യാപനം ത്രിയേകദൈവത്തിന്റെ മഹത്ത്വത്തിനും കത്തോലിക്കാവിശ്വാസത്തിന്റെ പുകഴ്ചയ്ക്കും ക്രിസ്തീയജീവിതത്തിന്റെ വളര്‍ച്ചയ്ക്കുംവേണ്ടിയാണ്. സാര്‍വത്രികസഭ മുഴുവനിലും ഈ വിശുദ്ധര്‍ വണങ്ങപ്പെടണമെന്നും പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്നുണ്ട്.
തദവസരത്തില്‍ ചെയ്ത പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു: ''പ്രിയ സ്‌നേഹിതരേ, വിശുദ്ധ പിയേര്‍ ജോര്‍ജിയോ ഫ്രസാത്തിയും വി. കാര്‍ളോ അക്യുട്ടിസും നമ്മള്‍ എല്ലാവരോടും പ്രത്യേകിച്ച് യുവജനങ്ങളോട്, നമ്മുടെ ജീവിതം പാഴാക്കരുതെന്നാണ് ആഹ്വാനം ചെയ്യുന്നത്. പിന്നെയോ നമ്മുടെ ജീവിതങ്ങളെ ഉയരങ്ങളിലേക്ക് ഉയര്‍ത്താനും ഒരമൂല്യകലാസൃഷ്ടി (മാസ്റ്റര്‍ പീസ്) ആയി തീര്‍ക്കാനുമാണ് ഈ വിശുദ്ധര്‍ ആവശ്യപ്പെടുന്നത്.''
വി. കാര്‍ളോ അക്യുട്ടിസിന്റെ പ്രഥമ തിരുനാളാഘോഷത്തിന്റെ ഭാഗമായി ആ ഹ്രസ്വജീവിതം എപ്രകാരമാണ് വിശുദ്ധിയുടെ മാസ്റ്റര്‍പീസായി തീര്‍ന്നതെന്നു മനസ്സിലാക്കാന്‍ നമുക്കു പരിശ്രമിക്കാം.
2020 ല്‍ ബ്രദര്‍ എഫ്രേം കുന്നപ്പള്ളി ''ഹൈവേ ടു ഹെവന്‍'' എന്ന പേരില്‍ അക്യുട്ടിസിന്റെ ആധികാരികജീവചരിത്രം പ്രസിദ്ധീകരിച്ചു. ഫാദര്‍ വില്‍ കൊണ്‍കേര്‍ എന്ന ഫ്രഞ്ചു മിഷനറി വൈദികന്‍ 2019 ല്‍ പ്രസിദ്ധീകരിച്ച (Carlo Acutis, A Millenial in paradise) എന്ന വിശദമായ ജീവചരിത്രം 2021 മുതല്‍ ഇംഗ്ലീഷില്‍ ലഭ്യമാണ്.Sophia Institute press, USA) ഈ രണ്ടു ഗ്രന്ഥങ്ങളുടെയും സഹായത്തോടെയാണ് ലേഖനം ഞാന്‍ തയ്യാറാക്കുന്നത്.
1991 മേയ് മാസം മൂന്നാം തീയതി ലണ്ടന്‍ നഗരത്തില്‍ ആന്‍ഡ്രിയ അക്യുട്ടിസിന്റെയും അന്തോണിയ സല്‍സാനോയുടെയും ആദ്യസന്താനമായി കാര്‍ളോ ജനിച്ചു. ഇറ്റലിയിലെ മിലാനില്‍നിന്നും തൊഴില്‍സംബന്ധമായ സൗകര്യത്തിനായി ലണ്ടനിലെത്തിയവരായിരുന്നു ഈ യുവദമ്പതികള്‍. മേയ് മാസം 18-ാം തീയതി ലണ്ടനിലെ വ്യാകുലമാതാവിന്റെ നാമത്തിലുള്ള ഇടവകപ്പള്ളിയില്‍വച്ച് കുഞ്ഞിന്റെ മാമ്മോദീസാ നടന്നു. ആന്‍ഡ്രിയയുടെയും അന്തോണിയയുടെയും മാതാപിതാക്കള്‍ ഈ സന്തോഷാവസരത്തില്‍ സന്നിഹിതരായിരുന്നു. 1991 സെപ്റ്റംബര്‍ മാസത്തില്‍ ഈ കൊച്ചുകുടുംബം മിലാനില്‍ തിരിച്ചെത്തി സ്വന്തമായ ബിസിനസില്‍ ഏര്‍പ്പെട്ടു. കാര്‍ളോയെ നോക്കാന്‍ ഒരു ആയയെയും ഏര്‍പ്പെടുത്തിയിരുന്നു. പ്ലേ സ്‌കൂള്‍മുതല്‍ കാര്‍ളോയുടെ പ്രത്യേകതകള്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. കുട്ടികളോടും മുതിര്‍ന്നവരോടും സന്തോഷത്തോടെ ഇടപെടാന്‍ കാര്‍ളോയ്ക്ക് ഒരു പ്രത്യേകവാസനയുണ്ടായിരുന്നു.
മധ്യവേനലധിക്കാലം തെക്കേ ഇറ്റലിയിലെ സെന്‍തോള എന്ന ഗ്രാമത്തില്‍ കാര്‍ളോയുടെ അമ്മയുടെ മാതാപിതാക്കളോടൊപ്പമാണ് ചിലവഴിച്ചിരുന്നത്. വല്യമ്മയില്‍നിന്ന് ജപമാല ചൊല്ലാനും പള്ളിയില്‍ പോകാനുമെല്ലാം കാര്‍ളോ ശീലിച്ചു.
1997ല്‍ കാര്‍ളോയുടെ സ്‌കൂള്‍വിദ്യാഭ്യാസം ആരംഭിച്ചു. ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സ് നടത്തിയിരുന്ന സ്ഥാപനമായിരുന്നു അത്. ഹൈസ്‌കൂള്‍വിദ്യാഭ്യാസം ഈശോസഭാവൈദികര്‍ നടത്തിയിരുന്ന സ്ഥാപനത്തിലായിരുന്നു. 1998 ജൂണ്‍ പതിനാറിനായിരുന്നു കാര്‍ളോയുടെ പ്രഥമദിവ്യകാരുണ്യസ്വീകരണം. 2003 മേയ് 14-ാം തീയതി കാര്‍ളോ സ്ഥൈര്യലേപനം സ്വീകരിച്ചു. 2004 ല്‍ കമ്പ്യൂട്ടര്‍ പ്രതിഭയായ ഈ കൗമാരക്കാരന്‍ ദിവ്യകാരുണ്യാദ്ഭുതങ്ങളുടെ ഒരു വെബ്‌സൈറ്റ് രൂപകല്പന ചെയ്തു. ഈ സൈറ്റിന്റെ സഹായത്തോടെ ഒരു എക്‌സിബിഷനായി ഒരുങ്ങുമ്പോള്‍ 2006 ഒക്‌ടോബര്‍ മാസത്തില്‍ രോഗബാധിതനായി. രോഗം വളരെ കടുത്ത ലുക്കേമിയ (രക്താര്‍ബുദം) ആയിരുന്നു. ഒക്‌ടോബര്‍ മാസം 12-ാം തീയതി കാര്‍ളോയുടെ പാവനാത്മാവ് സ്വര്‍ഗ്ഗത്തിലേക്കു പറന്നുയര്‍ന്നു.
മറ്റാരെയുംപോലെ സാധാരണജീവിതം നയിച്ചിരുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഈ മകന്‍ സാധാരണജീവിതം അസാധാരണമാംവിധത്തിലുള്ള നിറവോടെ ജീവിച്ചുപൂര്‍ത്തിയാക്കിയെന്ന് മാതാപിതാക്കളുടെയും അധ്യാപകരുടെയും സഹപാഠികളുടെയും സാക്ഷ്യങ്ങള്‍ ലോകത്തിനു വെളിപ്പെടുത്തി. മരിച്ച് ആറാംവര്‍ഷം മിലാന്‍ രൂപത നാമകരണനടപടികളാരംഭിച്ചു. 2020 ഒക്‌ടോബര്‍ പത്താംതീയതി അസ്സീസിയില്‍വച്ച് കാര്‍ളോ അക്യുട്ടിസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.
ഈ കൊച്ചുവിശുദ്ധന്റെ സവിശേഷതകള്‍ ലോകത്തെ വളരെയധികം ആകര്‍ഷിക്കുന്നുണ്ട്.
1. വിശ്വാസം
'ഞാനല്ല, ദൈവമാണ്' എന്ന് കാര്‍ളോ മിക്കവാറും പറഞ്ഞിരുന്നു. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം സംശയനിവാരണങ്ങള്‍ വരുത്തിക്കൊണ്ട് കാര്‍ളോ എപ്പോഴും നിലനിര്‍ത്തിയിരുന്നു. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം അതിന് ഏറെ സഹായിച്ചു. ഒരു കമ്പ്യൂട്ടര്‍ പ്രതിഭയെന്ന നിലയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞിരുന്നു. വീഡിയോ ഗെയിംസ് ഇഷ്ടമായിരുന്നെങ്കിലും ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ മാത്രമേ അതിന് ഉപയോഗിച്ചിരുന്നുള്ളൂ. വിശുദ്ധരുടെ ജീവചരിത്രവായനയും കാര്‍ളോയ്ക്ക് വലിയ പ്രചോദനമായിത്തീര്‍ന്നു. ഫ്രാന്‍സീസ് അസ്സീസിയാണ് കാര്‍ളോയെ ഏറ്റവുമധികം ആകര്‍ഷിച്ച വിശുദ്ധന്‍. അസ്സീസിയില്‍ കൂടുതല്‍ സമയം ചിലവഴിക്കാനായി മാതാപിതാക്കള്‍ അവിടെ ഒരു വസതി വാങ്ങുക വരെ ചെയ്തു. 12-ാം വയസ്സില്‍ ഇടവകപ്പള്ളിയില്‍ മതാധ്യാപകനായി എന്നുള്ളത് വിസ്മയകരമാണ്.
2. ദിവ്യകാരുണ്യഭക്തി
മിലാനില്‍നിന്ന് 43 കിലോമീറ്റര്‍ വടക്കുള്ള 'വരേസെ' എന്ന പട്ടണത്തിന് സമീപത്തുള്ള ഒരു സന്ന്യാസിനിഭവനത്തില്‍വച്ചായിരുന്നു കാര്‍ളോയുടെ പ്രഥമദിവ്യകാരുണ്യസ്വീകരണം. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവം അതാണെന്ന് കാര്‍ളോ എപ്പോഴും പറഞ്ഞിരുന്നു.
മലനിരകളും തടാകങ്ങളുംകൊണ്ട് പ്രകൃതിഭംഗി നിറഞ്ഞ സ്വര്‍ഗസമാനമായ ഒരു ഭൂപ്രദേശമാണ് 'വരേസെ.' ഇറ്റലിയിലെ ആദ്യത്തെ ഹൈവേ മിലാന്‍-വരേസെ ഹൈവേയാണ്. പ്രഥമദിവ്യകാരുണ്യസ്വീകരണത്തിനായി ഈ പാതയിലൂടെ സഞ്ചരിച്ചതുകൊണ്ടായിരിക്കാം ''കുര്‍ബാനയാണ് സ്വര്‍ഗത്തിലേക്കുള്ള എന്റെ ഹൈവേ'' എന്നു കാര്‍ളോ പറഞ്ഞിരുന്നത്. ആദ്യകുര്‍ബാന സ്വീകരണംമുതല്‍ എല്ലാ ദിവസവും മുടങ്ങാതെ വിശുദ്ധകുര്‍ബാനയില്‍ പങ്കെടുത്തിരുന്ന കാര്‍ളോ സമപ്രായക്കാര്‍ക്ക് ഒരു ചോദ്യചിഹ്നമായിരുന്നു. അവരോടൊക്കെ ശാന്തമായി വി. കുര്‍ബാനയെപ്പറ്റി വിവരിച്ചുകൊടുക്കാന്‍ കാര്‍ളോ എപ്പോഴും സന്നദ്ധനായിരുന്നു. വിശുദ്ധ യോഹന്നാന്‍ ശ്ലീഹായുടെ സുവിശേഷമായിരുന്നു കാര്‍ളോ എപ്പോഴും ഉദ്ധരിച്ചിരുന്നത്. കാര്‍ളോയ്ക്ക് ഈ സുവിശേഷം ഏറെക്കൂറെ മനഃപാഠമായിരുന്നു.
ആധ്യാത്മികതയോടും കത്തോലിക്കാധാര്‍മികപ്രബോധനങ്ങളോടും പുറംതിരിഞ്ഞുനില്ക്കുന്ന ഒരു പശ്ചാത്തലത്തില്‍ അതെല്ലാം ആത്മാര്‍ഥമായി പാലിച്ചുകൊണ്ട് ജീവിക്കാന്‍ കാര്‍ളോയ്ക്ക് അസാമാന്യധൈര്യം ആവശ്യമായിരുന്നു. ഹൈസ്‌കൂള്‍ ക്ലാസില്‍ ഗര്‍ഭച്ഛിദ്രത്തെക്കുറിച്ച് ഒരു ചര്‍ച്ചയില്‍ എല്ലാവരും അതിനെ അനുകൂലിച്ചപ്പോള്‍ കാര്‍ളോ മാത്രമാണ് അതിനെ എതിര്‍ക്കുകയും ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്നു പറയുകയും ചെയ്തത്.
3. കുമ്പസാരം
ആഴ്ചതോറും മുടങ്ങാതെ കുമ്പസാരിച്ച് പാപമോചനം പ്രാപിക്കാന്‍ കാര്‍ളോ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഇന്റര്‍നെറ്റിന്റെ ചതിക്കുഴിയില്‍ വീഴാതിരിക്കാനും ആത്മാവിന്റെയും ശരീരത്തിന്റെയും ശുദ്ധത പാലിക്കാനും അടുക്കലടുക്കലുള്ള കുമ്പസാരം സഹായിച്ചു. ശരീരം പരിശുദ്ധാത്മാവിന്റെ വാസസ്ഥലമാണെന്ന് കാര്‍ളോ കൂട്ടുകാരെ ഓര്‍മിപ്പിച്ചിരുന്നു.
4. മാതൃഭക്തി
ലൂര്‍ദിലും ഫാത്തിമായിലും മാതാപിതാക്കളോടൊപ്പം പലതവണ തീര്‍ഥാടനം നടത്തിയ കാര്‍ളോ ആത്മാക്കളെ നരകത്തില്‍ വീഴാതെ കാത്തുകൊള്ളണമേ എന്നു പരിശുദ്ധ അമ്മയോട് പ്രാര്‍ഥിച്ചിരുന്നു.
5. മാലാഖമാരോടുള്ള ഭക്തി
കാവല്‍ മാലാഖയോടും മിഖായേല്‍മാലാഖയോടും വലിയ ഭക്തി കാര്‍ളോയ്ക്ക് ഉണ്ടായിരുന്നു.
6. മിഷനറി
സ്വന്തം വീട്ടില്‍ വേലയ്ക്കുനിന്ന രാജേഷ് എന്ന മൗറീഷ്യസുകാരനായ ഹിന്ദു യുവാവിനോട് വളരെ സ്വഭാവികമായി ഈശോയെപ്പറ്റി പറഞ്ഞുകൊടുക്കുകയും അവനോട് വലിയ സ്‌നേഹത്തോടെ പെരുമാറുകയും ചെയ്തതുകൊണ്ട് അവന്‍ മാമ്മോദീസാ സ്വീകരിക്കാന്‍ ആഗ്രഹിച്ച് വിശ്വാസപ്രമാണങ്ങള്‍ പഠിക്കുകയും മാമ്മോദീസാ സ്വീകരിക്കുകയും ചെയ്തു. പിന്നീട് അവന്റെ ഒരു സ്‌നേഹിതനും കത്തോലിക്കനായി.
മാര്‍പാപ്പായ്ക്കും സഭയ്ക്കുംവേണ്ടി സഹനങ്ങള്‍ കാഴ്ചവെയ്ക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് രോഗത്തിന്റെ കഠിനവേദന സഹിച്ചത്.
മിലാനില്‍ പകല്‍സമയത്ത് തുറന്നുകിടക്കുന്ന ദൈവാലയങ്ങളില്‍ ആരും പോകുന്നില്ലാത്തതിനാല്‍ ജറുസലെം യാത്രയ്ക്കുപകരം താനതു ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞ കാര്‍ളോ അക്യുട്ടിസിന്റെ മാതൃക എത്ര മഹനീയമാണ്.
വി. കാര്‍ളോ അക്യുട്ടിസിന്റെ 'ആദ്യ അദ്ഭുത'മായി കണക്കാക്കുന്നത് താന്‍ മരിച്ച് നാലാം വര്‍ഷം മദ്ധ്യസ്ഥയാല്‍ മാതാപിതാക്കള്‍ക്ക് ഇരട്ടസന്താനങ്ങളെ സമ്മാനിച്ചു എന്നുള്ളതാണ്. മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം വിശുദ്ധപദപ്രഖ്യാപനത്തില്‍ പങ്കെടുത്ത അദ്ഭുതദൃശ്യവും നമ്മള്‍ കാണുകയുണ്ടായല്ലോ. വി. കാര്‍ളോ അക്യുട്ടിസേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമേ.