•  17 Jul 2025
  •  ദീപം 58
  •  നാളം 19
ലേഖനം

മറക്കരുതേ ഈ ഹൃദയപാഠങ്ങള്‍

രു കുഞ്ഞിനെയും അപ്പനെയും ഓര്‍മവരുന്നു. മരണം ഉറപ്പാക്കപ്പെട്ട ഒരുവനാണവന്‍. ''കൊച്ചിന് കൂടുതലാണെന്നു''. മാത്രമറിയാവുന്ന അപ്പന്‍ ഗ്രാമസഹജമായ നിഷ്‌കളങ്കതയോടെയും പ്രതീക്ഷയോടെയും ഐ.സി.യു. വിന്റെ ചില്ലുവാതിലിലെ അക്ഷരവിടവിലൂടെ ഇടയ്ക്കിടെ അകത്തേക്കു നോക്കുന്നുണ്ട്. മരുന്നിനോ സാന്ത്വനവാക്കുകള്‍ക്കോ കീഴടങ്ങാതെ അസഹ്യമായ വേദനകൊണ്ടു പിടയുന്ന മകനെ നോക്കി ഒരു സന്ധ്യയില്‍ അയാള്‍ വ്യാകുലാനായി നിന്നു. ''നിങ്ങളീ കാണിക്കുന്നതുകൊണ്ടൊന്നും എന്റെ കുഞ്ഞ് ഉറങ്ങുകേല. അവനു മേലെന്നായപ്പോള്‍മുതല്‍ ഈ ചങ്കേ കിടത്തിയാ ഞാനവനെ ഉറക്കിക്കൊണ്ടിരുന്നേ. അകത്തേക്കൊന്നു കയറ്റിവിട്ടാല്‍ ഞാനവനെ ഉറക്കിത്തരാം.'' സ്‌നേഹവും നിസ്സഹായതയും കലര്‍ന്ന ഒരു ചിരിയോടെ ഡോക്ടര്‍ അയാളുടെ ശ്രമത്തെ വിലക്കുമ്പോള്‍ ഒരു യാചനകൂടി അയാള്‍ അവസാനമായി നടത്തുന്നു. ആ ഭിത്തിക്കപ്പുറത്ത് അവന്റെ കട്ടിലിനോടു നെഞ്ചുചേര്‍ത്തുവച്ച് ഞാന്‍ നില്പുണ്ടെന്ന് നിങ്ങളവനോടു പറയണം. അതുമാത്രം മതിയാകും അവന് ശാന്തമായി ഉറങ്ങാന്‍.'' ആ യാചന സ്വീകരിക്കപ്പെട്ടു. 

ഡോക്ടര്‍ അവന്റെ ചെവിയോടു ശിരസ്സുചേര്‍ത്തു മന്ത്രിക്കുന്നതും അവന്‍ ഭിത്തിയോടു ചേര്‍ന്നുകിടക്കാന്‍ ശ്രമിക്കുന്നതും അയാള്‍ നോക്കിനിന്നു. ഡ്യൂട്ടി കഴിഞ്ഞ് വെളുപ്പിനെ പുറത്തേക്കു പോകുമ്പോള്‍ ഡോക്ടറൊരു കാഴ്ച കാണുകയാണ്. യേശുക്രിസ്തു കുരിശില്‍ കിടക്കുന്നതുപോലെ രണ്ടു കൈയും വിരിച്ചുപിടിച്ച് നെഞ്ച് ഭിത്തിയോടു ചേര്‍ത്തുവച്ച് ആ മനുഷ്യന്‍ പാതിമയക്കത്തില്‍ നില്ക്കുന്നു. അപ്പന്റെ നെഞ്ചിലെ ചൂടില്‍നിന്നെപ്പോഴോ ആ കുഞ്ഞ് പറന്നുപോയി. ബോബി ജോസ് കട്ടികാടച്ചന്റെ പ്രഭാഷണത്തില്‍നിന്ന് ഒരിക്കല്‍ മനസ്സില്‍ കയറിക്കൂടിയവരാണ് ഈ അപ്പനും മോനും.
ഭിത്തിക്കപ്പുറം അപ്പന്‍ ഉറങ്ങാതെ നില്പുണ്ട് എന്ന ഉറപ്പ് അവനുണ്ടായിരുന്നു. ഭിത്തിക്കപ്പുറം താനൊന്നനങ്ങിയാല്‍  തന്റെ കുഞ്ഞിന് ഉറക്കം നഷ്ടമായേക്കുമെന്ന പേടി അയാള്‍ക്കുമുണ്ടായിരുന്നു. എന്തൊരു സൗന്ദര്യമാണ് അവരുടെ 'നെഞ്ചുറപ്പി'ന്.
പകരാന്‍ ഹൃദയത്തിലെന്തെങ്കിലുമുള്ളവനു മാത്രമേ ഒരാളെ നെഞ്ചോടു ചേര്‍ക്കാന്‍ അവകാശമുള്ളൂ. സന്ധ്യയ്ക്ക് വിളക്കുതെളിച്ച് നാമജപസാന്ദ്രമായി നില്ക്കുന്ന ചില കൊച്ചുവീടുകളെ ഇപ്പോഴും കാണാം. ഉള്ളിലെ വെളിച്ചമാവണം ഉമ്മറത്തെ തിരികളില്‍ തെളിയേണ്ടത്. ജീവിതത്തിന്റെ ഓരോ നിമിഷത്തിലും വിതയ്ക്കാനും കൊയ്യാനും കരയാനും ചിരിക്കാനും ഉണ്ണാനും ഉറങ്ങാനുമെല്ലാം ദൈവത്തെ ആവശ്യമായിരുന്ന ഒരു തലമുറ ബാക്കിവച്ചതാണ് നിലവിളക്കിലും മെഴുതിരികളിലും ഇന്നു കാണുന്ന വെളിച്ചം. ഉള്ളിലെ വെളിച്ചം പടുതിരികത്തുമ്പോഴാണ് ബന്ധങ്ങളെ ദുരന്താഗ്നി വിഴുങ്ങുന്നത്.
പ്രകോപനപരമായ ചില ശാസനകള്‍, വൈകിപ്പോയ ചില തിരുത്തലുകള്‍, 'വാശിപ്പുറത്തുള്ള' ചില  തീരുമാനങ്ങള്‍ ഇവയൊക്കെ എത്ര കുഞ്ഞുങ്ങളുടെ ജീവനെയും ജീവിതത്തെയുമാണ് സ്വന്തം വീടുകളില്‍ത്തന്നെ കുരുതികഴിച്ചിട്ടുള്ളത്! പ്രത്യാശയും സ്‌നേഹവും പരിഗണനയും നിറഞ്ഞ ഒരു നെഞ്ചിലേക്ക് തല ചായ്‌ച്ചൊന്നു കരയാന്‍ അവസരം കിട്ടിയിരുന്നെങ്കില്‍ 'മരിച്ചിട്ടാണെങ്കിലും തോല്പിക്കാനുള്ള' തീരുമാനത്തില്‍നിന്ന് എത്രയോ പേര്‍ പിന്മാറുമായിരുന്നു.
ഉള്ളിലെപ്പോഴും ഒരു ദൈവത്തെ 'സൂക്ഷിച്ചുകൊണ്ടു നടക്കാന്‍' പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് അത്ര ചെറിയ കാര്യമല്ലെന്നറിയുക. ഹൃദയസംവേദനത്തിലൂടെ മാത്രം കൈമാറ്റം ചെയ്യപ്പെടേണ്ട മൂല്യങ്ങളിലൊന്നാണത്. അതു സംഭവിക്കാത്ത വീടും കാലവും ഒരുക്കിയെടുക്കുന്ന മക്കള്‍ എന്നും എപ്പോഴും വെളിച്ചത്തിന്റെ മക്കളായിത്തന്നെ ജീവിക്കും എന്നു നമുക്കു ശഠിക്കാനാകുമോ?
'ദ ലോസ് ഹീറോ' എന്ന പേരില്‍ ഒരു പുസ്തകമുണ്ട്. വിനോദ് കാംബ്ലിയുടെ ജീവചരിത്രത്തിന്റെ പേരാണിത്. കുനാന്‍ പുരന്ദരെയാണ് ഗ്രന്ഥകര്‍ത്താവ്. കരിയറിന്റെ തുടക്കത്തില്‍ 'ഠവല ംീിറലൃ യീ്യ' എന്നും സച്ചിനേക്കാള്‍ കേമന്‍ എന്നും ലോകകായികപ്രേമികള്‍ വിശേഷിപ്പിച്ച വിനോദ് കാംബ്ലി 'ഇന്ത്യയുടെ ദുരന്തനായകന്‍' എന്നാണ് ഇന്നു വിശേഷിപ്പിക്കപ്പെടുന്നത്. 
ശാരദാശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്ന കാലത്ത് സച്ചിനും കാംബ്ലിയും ചേര്‍ന്നു സൃഷ്ടിച്ച 364 റണ്‍സിന്റെ ലോകറെക്കോര്‍ഡും പിന്നീട് സച്ചിനു പിന്നാലെ ഇന്ത്യന്‍ ടീമില്‍ ഇടം പിടിച്ചതിനുശേഷം കാംബ്ലി നടത്തിയ അസൂയാവഹമായ പ്രകടനങ്ങളും മതിയായിരുന്നു കാംബ്ലിയെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെറുകയില്‍ പ്രതിഷ്ഠിക്കാന്‍. മദ്യപാനം, വഴിവിട്ട ബന്ധങ്ങള്‍, നിശാക്ലബ്ബുകള്‍, വിവാഹങ്ങള്‍, വിവാഹമോചനങ്ങള്‍ ഇവയെല്ലാമാണ് കാംബ്ലിയെന്ന പ്രതിഭാധനനായ കായികതാരത്തെ ഇന്നത്തെ സഹതാപാര്‍ഹമായ അവസ്ഥയിലെത്തിച്ചത്. പ്രതിവര്‍ഷം 20 കോടി പ്രതിഫലം വാഗ്ദാനം ചെയ്തിട്ടും ലോകത്തിലെ പ്രശസ്തമായ മദ്യനിര്‍മ്മാണക്കമ്പനിയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ സച്ചിന്‍ തയ്യാറായില്ല എന്ന വസ്തുതകൂടി ഇതോടൊപ്പം ഓര്‍മിക്കണം. എന്നെങ്കിലും പ്രശസ്തനായാല്‍ യുവാക്കളെ വഴിതെറ്റിക്കുന്ന ഒന്നിന്റെയും പരസ്യത്തില്‍ അഭിനയിക്കരുത് എന്ന് അച്ഛന്‍ രമേശ് തെന്‍ഡുല്‍ക്കര്‍ നല്കിയ ഉപദേശമായിരുന്നു സച്ചിന്റെ ആത്മബലം.
ആനന്ദിന്റെ നോവലിലെ ഒരു കഥാപാത്രമുണ്ട്. അശാന്തമായ മനസ്സോടെ അയാള്‍ ഒരു ഗ്രാമത്തിലൂടെ നടക്കുമ്പോള്‍ വഴിയോരത്തു കുറെ കുട്ടികള്‍ കൂട്ടം ചേര്‍ന്ന് ആര്‍ത്തുചിരിക്കുന്നതും ആവേശത്തോടെ ഏതോ വിനോദത്തിലേര്‍പ്പെടുന്നതും കാണുന്നു. മനസ്സ് അശാന്തമെങ്കിലും കുഞ്ഞുങ്ങളുടെ പൊട്ടിച്ചിരികള്‍ അയാളെ അവിടെ തടഞ്ഞുനിര്‍ത്തുന്നു. കൗതുകത്തോടെ അവര്‍ക്കരികിലേക്കു നടന്നുചെന്ന് മുഖം കുനിച്ചുനോക്കുമ്പോള്‍ അയാള്‍ കാണുന്നത് കണ്ണു രണ്ടും ചൂഴ്‌ന്നെടുക്കപ്പെട്ട് ചോരയില്‍ കുളിച്ച് പ്രാണവേദനയോടെ പിടഞ്ഞുരുളുന്ന ഒരു പൂച്ചക്കുട്ടിയെയാണ്. ആ പിടച്ചിലാണ് അവരുടെ ചിരിയുടെ ഊര്‍ജം.
റാഗിങ്ങിന്റെ പേരില്‍, പിറന്നാളാഘോഷങ്ങളുടെ പേരില്‍ മനുഷ്യശരീരത്തോടു കാട്ടുന്ന ക്രൂരതയുടെയും നിന്ദയുടെയും പേടിപ്പിക്കുന്ന വാര്‍ത്തകളാണ് കലാലയങ്ങളില്‍നിന്നു കേള്‍ക്കുന്നത്. ഇവര്‍ വളര്‍ന്നത് വീടുകളിലായിരുന്നില്ലേ, ഇവര്‍ക്കുമില്ലേ അപ്പനുമമ്മയും, ഇവര്‍ പഠിച്ചവരല്ലേ? ചോദ്യങ്ങള്‍ നാം വ്യര്‍ഥമായി ഉരുവിട്ടുകൊണ്ടിരിക്കുന്നു.
കരുത്തുറ്റ ഹൃദയബന്ധങ്ങള്‍ രൂപപ്പെടുത്താനും നിലനിര്‍ത്താനും ആത്മീയതയുടെയും സഹിഷ്ണുതയുടെയും പാഠങ്ങള്‍ അതിലൂടെ കുഞ്ഞുങ്ങളുടെ ഹൃദയത്തില്‍ പതിച്ചുറപ്പിക്കാന്‍ ഇനിയുള്ള കാലത്തെങ്കിലും സമയമില്ല എന്നു പറയരുതേ.
'നിങ്ങളുടെ മകന്‍ മന്ദബുദ്ധിയാണ്. മേലില്‍ അവനെ സ്‌കൂളിലേക്കയയ്ക്കരു
ത്' എന്ന് ടീച്ചര്‍ മകന്റെ കൈയില്‍ കൊടുത്തുവിട്ട കത്ത് അവനെ കാണിക്കാതെ വായിച്ചിട്ട്, നെഞ്ചോടു ചേര്‍ത്തുപിടിച്ച് ചുംബനങ്ങള്‍കൊണ്ടും കണ്ണീരുകൊണ്ടും അവനെ  സ്‌നാനം ചെയ്‌തെടുത്ത ഒരമ്മയെക്കുറിച്ചു കേട്ടിട്ടില്ലേ? 'നീ വല്യ മിടുക്കനാണെന്നാണ് ഇതില്‍ എഴുതിയിരിക്കുന്നത്. അമ്മയ്ക്കു സന്തോഷമായി. ഇനി സ്‌കൂളിലേതിനെക്കാള്‍ നല്ല സൗകര്യങ്ങള്‍ അമ്മ വീട്ടിലൊരുക്കിത്തരാം.' വിദ്യാലയം തള്ളിക്കളഞ്ഞ ആ കുഞ്ഞിനെ നാം തോമസ് ആല്‍വ എഡിസന്‍ എന്ന പേരില്‍ ഇന്ന് ആദരിക്കുന്നു. അപമാനത്താല്‍ വ്രണപ്പെട്ട് മകനെയും അധ്യാപകരെയും തന്നെത്തന്നയും ശപിച്ചും പഴിച്ചും കാലം പോക്കുന്ന ഒരു അമ്മയായിരുന്നു അവരെങ്കില്‍ ആ കുഞ്ഞിന്റെ വിധി എന്താകുമായിരുന്നു?
ഹൃദയത്തില്‍ ബാക്കിയെന്തുണ്ട് എന്ന് ഓട്ടത്തിനിടയില്‍ അല്പമൊന്നു നിന്നിട്ടാരായണം. നെഞ്ചോടു ചേര്‍ത്തുവയ്ക്കാന്‍ കടപ്പെട്ടവര്‍ക്ക് ഹൃദ്യമായ ഒരു പുഞ്ചിരിയോ ആത്മാവിനെ തൊട്ടുതലോടുന്ന ഒരു വാക്കോ നല്കിയിട്ട് കാലമെത്രയായി എന്ന കണക്കെടുക്കണം. ശിഷ്ടമായി ചിലത് ചിലര്‍ക്കുവേണ്ടി കരുതിവയ്ക്കണം. നിലച്ചുപോയേക്കാവുന്ന ഒരു ഹൃദയത്തെ അതു വീണ്ടും ചലിപ്പിച്ചു തുടങ്ങും.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)