സ്ഥലം യറുശലമിനടുത്തുള്ള ഒലിവുമല. എങ്ങും നിറഞ്ഞുനില്ക്കുന്ന മരങ്ങള്‍! അതിനിടയിലൂടെ പതുക്കെപ്പതുക്കെ യൂദാസ് കടന്നുവന്നു. അകലെനിന്നേ ഗുരു അവന്റെ ദൃഷ്ടിയില്‍പെട്ടു. അടുത്തുവന്ന പാടേ തന്നെ ചുംബിച്ചവന്റെ മുഖത്തേക്കു ഗുരു സൂക്ഷിച്ചുനോക്കി. അവന്റെ കണ്ണുകളില്‍ ഗുരുവിന്റെ കണ്ണുകളും മുഖവും രൂപവും-മുദ്രപതിച്ചതുപോലെ.
അത് അവനു താങ്ങാവുന്നതിലേറെയായിരുന്നു. കണ്ണുവെട്ടിച്ച്, പാതിയടച്ച് അവന്‍ നടന്നകന്നു. എങ്കിലും, ആ കണ്ണുകള്‍ തന്റെ കണ്ണുകളില്‍ - അതുതന്നെ വിടാതെ പിന്തുടരുന്നതുപോലെ! ഒഴിഞ്ഞുമാറാന്‍ അവനു കഴിയുന്നില്ല. അതാ, പിന്നെയും പിന്നെയും അത് ഉള്ളിലേക്കു തള്ളിത്തള്ളിവരുന്നു. മറയ്ക്കുവാന്‍ സാധിക്കുന്നില്ല - മറക്കുവാനും: 'യൂദാസേ, ചുംബിച്ചുകൊണ്ടാണോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?' (ലൂക്കാ. 22-48)
കുറ്റബോധം ഒന്നിനൊന്നിന് അവനില്‍ ആളിക്കത്തി. കഷ്ടം! കഷ്ടം! സ്‌നേഹിതനെയെന്നപോലെ (മത്താ. 26:50) ചുംബനം നല്കിക്കൊണ്ട് ഞാന്‍ എന്റെ ഗുരുവിനെ ചതിച്ചു. തിരുത്തുവാന്‍, തിരുത്തിക്കുവാന്‍ പുരോഹിതര്‍പോലും ശ്രദ്ധിച്ചില്ല. കൈയില്‍ ഇറുക്കിപ്പിടിച്ചിരുന്ന ആ വെള്ളിനാണയങ്ങള്‍ അവന്‍ ദേവാലയത്തിലേക്കു വലിച്ചെറിഞ്ഞു. കിലുകിലാരവത്തോടെ അവയെല്ലാം അവിടവിടെ ചിതറിക്കിടന്നു-തിളങ്ങുന്ന കണ്ണുകള്‍പോലെ! അവന് അവിടെ നില്ക്കാനായില്ല-അതിവേഗം പുറത്തുകടന്നു.
നിരാശനായി ഭ്രാന്തനെപ്പോലെ തന്നെത്തന്നെ മറന്നോടുന്ന യൂദാസിന്റെ ചിത്രം 'പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' എന്ന സിനിമയില്‍ മെല്‍ഗിബ്‌സണ്‍ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്.
പോകുന്ന വഴിക്കൊക്കെ അവന്‍ കാണുന്നത് കണ്ടകക്കുണ്ടുകള്‍, തകര്‍ന്നുപോയ അസ്ഥിക്കഷണങ്ങള്‍, തലയോട്ടികള്‍!
ആ കണ്ണുകള്‍ പിറകില്‍നിന്നു തന്നെ നോക്കുന്നതുപോലെ. കണ്ണടച്ചുനോക്കി. എന്നിട്ടും, മിന്നിമിന്നിനില്ക്കുന്ന ആ കണ്ണുകള്‍! ഗത്യന്തരമില്ലാതെ അവന്‍ തൂങ്ങിമരിച്ചു.
'സ്‌നേഹിതാ, ചുംബിച്ചുകൊണ്ടാണോ നീ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?' (യോഹ. 15:15) അത്രയും കേട്ടപ്പോഴെങ്കിലും ആ കണ്ണുകളിലേക്കുതന്നെ നോക്കിനിന്നുകൊണ്ടു മാപ്പിരിന്നിരുന്നെങ്കില്‍! അതിനു ബുദ്ധി ഉദിച്ചില്ല-സാധിച്ചില്ല. ഗുരുവില്‍നിന്നകന്നുതുടങ്ങിയിട്ട് നാളുകളായി. പിന്നെ എങ്ങനെ ആ വിധത്തില്‍ തോന്നാനാവും? തോന്നിയില്ല.
ഇനി, വേറൊരു ശിഷ്യന്റെ ചിത്രം. അവന്‍ തീ കായാന്‍ ശ്രമിക്കുകയാണ്. ഉള്ളില്‍ തീയുണ്ടെങ്കിലും പുറമേയുള്ള തണുപ്പകറ്റാന്‍ അവന്‍ ആഴിയുടെ അടുത്തുപോയിരുന്നു. ഉടന്‍ ചോദ്യങ്ങള്‍ അവിടെനിന്നും ഇവിടെനിന്നും തുരുതുരാ ഉയരുന്നു: 'നീയും അവന്റെ കൂട്ടത്തിലുണ്ടായിരുന്നവനല്ലേ?' 'നിന്നെയും തോട്ടത്തില്‍വച്ചു കണ്ടല്ലോ.' പിടികൊടുക്കാതിരിക്കാന്‍വേണ്ടി പലതും പറഞ്ഞുനോക്കി: 'ഞാന്‍ അവനെ അറിയുകയില്ല.' പക്ഷേ, പരാജയപ്പെട്ടു. അതാ, അകലെനിന്നു ഗുരു തിരിഞ്ഞുനോക്കുന്നു. തന്നെയാണ് ഗുരുവിന്റെ കണ്ണുകള്‍ തിരയുന്നത്. ആ കണ്ണുകളുടെ പ്രകാശം തന്റെ കണ്ണുകളില്‍! അവനാകെ തകര്‍ന്നുപോയി. അവനും പുറത്തേക്കോടി. അവിടെയിരുന്നു കരഞ്ഞു - കയ്‌പോടെ. വീണ്ടും വീണ്ടും ഓടിയോടി ഒരിടത്തുപോയി ഒളിച്ചിരുന്നു കരഞ്ഞു. കഷ്ടം! ഗുരുവിനെ ശത്രുക്കള്‍ മര്‍ദ്ദിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാനങ്ങനെ പറഞ്ഞല്ലോ! അനുകമ്പയോടെ ആ കണ്ണുകള്‍ തന്നെ നോക്കുന്നതുപോലെ. എല്ലാം കാണുന്ന ഗുരുവേ, ക്ഷമിക്കണം. ഇനിയൊരിക്കലും അങ്ങനെ സംഭവിക്കുകയില്ല. ഗുരുവിന്റെ കരുണ നിറഞ്ഞ കണ്ണുകള്‍!
ഇതാ, ഒരു ഐതിഹ്യം: റോമില്‍ ശ്ലീഹന്മാര്‍ കുടിലുകള്‍ കെട്ടി താമസിച്ചു സുവിശേഷം പ്രസംഗിച്ചിരുന്ന കാലം. ഒരു രാത്രിയുടെ അന്ത്യയാമത്തില്‍ ഒരു ചെറുകുടിലില്‍നിന്ന് ആരോ വിങ്ങിപ്പൊട്ടി ക്കരയുന്ന ശബ്ദം! തൊട്ടടുത്ത കുടിലിലുള്ള മര്‍ക്കോസ് അതു കേട്ടു - കരച്ചില്‍ പുറപ്പെട്ട സ്ഥലത്തേക്ക് അയാള്‍ നടന്നുചെന്നു. കുടിലിനുള്ളില്‍ ഒരു വൃദ്ധന്‍ കമിഴ്ന്നുകിടന്നു കരയുകയാണ്.
വൃദ്ധനെ താങ്ങിയെടുത്തുകൊണ്ട് മര്‍ക്കോസ് ആരാഞ്ഞു: 'എന്തു പറ്റി?' വൃദ്ധന്‍ പറഞ്ഞു: 'ഞാന്‍ വലിയൊരു പാതകം ചെയ്തിട്ടുണ്ട്. അന്നൊരിക്കല്‍ ശത്രുക്കള്‍ ഗുരുവിനെ വിലങ്ങുവച്ചു നിറുത്തി മര്‍ദ്ദിക്കുകയായിരുന്നു. അകലെ മാറി നിന്ന എന്നോടു ചിലര്‍ ചോദിച്ചു: നീ അവനെ അറിയുകയില്ലേ? അറിയുകയില്ലെന്ന് അന്നു ഞാന്‍ പറഞ്ഞുപോയി. അപ്പോള്‍ പൂവന്‍കോഴി കൂവി. അല്പം മുമ്പ് കോഴി കൂവിയതുകേട്ടപ്പോള്‍ ഞാനക്കാര്യം ഓര്‍ത്തുപോയതാണ്...'
മര്‍ക്കോസിന്റെ ഗുരുവായ പത്രോസായിരുന്നു ആ വൃദ്ധന്‍. രാത്രികാലങ്ങളില്‍ പൂവന്‍കോഴിയുടെ ശബ്ദം കേട്ടാലുടന്‍ പത്രോസ് ഞെട്ടിയുണരും. ഗുരുവിന്റെ തിളങ്ങുന്ന കണ്ണുകള്‍ അവന്റെ മനസ്സിലുയരും-അതാ, ഗുരു തന്നെ നോക്കുന്നു! ഹൃദയത്തില്‍ തറഞ്ഞുകിടക്കുന്ന ആ പഴയ സംഭവമോര്‍ത്ത് അവന്‍ തേങ്ങിത്തേങ്ങിക്കരയും. അന്നേ പത്രോസ് ഉറച്ചതാണ്: 'ഇല്ല, ഒരിക്കലും...' എങ്കിലും, തന്റെ തെറ്റ് ഓര്‍മ വരുമ്പോള്‍ പിന്നെയും കരഞ്ഞുപോകും!
തെറ്റു ചെയ്യുമ്പോള്‍ ദിവ്യഗുരുവിന്റെ നയനങ്ങള്‍ നമ്മിലേക്കും കടന്നുവരുന്നുണ്ട്. അത് നമ്മുടെ കണ്ണുകളെ ഈറനണിയിക്കണം - വി. പത്രോസിനെയെന്നപോലെ.
വീശിവരുന്ന സൂര്യപ്രകാശവും താപവും വസ്തുക്കളില്‍ സൃഷ്ടിക്കുന്ന പ്രതികരണം വ്യത്യസ്തമല്ലേ? കളിമണ്ണു ക്രമേണ ഉറയുന്നു- കല്ലുപോലെ കട്ടിയാകുന്നു. മെഴുകാകട്ടെ അയഞ്ഞുതുടങ്ങുന്നു, അലിഞ്ഞുതീരുന്നു. ഒന്നു കൂടുതല്‍ കഠിനമായപ്പോള്‍ മറ്റേതു പൂര്‍വോപരി മൃദുവായി. ഉളവാകുന്ന ഫലത്തില്‍ നിന്നാണ് നാം വസ്തുവിനെ വിവേചിച്ചറിയുക. ഫലത്തില്‍നിന്നു മരത്തെ തിരിച്ചറിയാനാണല്ലോ (മത്താ. 5:17) ഗുരു പഠിപ്പിച്ചതും.
ഗുരു വന്നതു കാഴ്ചയില്ലാത്തവര്‍ക്കു കാഴ്ച ഉണ്ടാകാനും ഉള്ളവര്‍ക്ക് അതില്ലാതാകുവാനുമാണ് (യോഹ. 9:39). ആ നോട്ടം ചിലരില്‍ കാഴ്ചയായി മാറി - തങ്ങളുടെ കുറവുകളെക്കുറിച്ചും നിജസ്ഥിതിയെക്കുറിച്ചുമുള്ള ഉള്‍ക്കാഴ്ചയായിത്തീര്‍ന്നു. നേരായ മാര്‍ഗത്തില്‍നിന്നകന്ന, സത്യത്തിന്റെ നേരേ കണ്ണടച്ച, കാണുവാന്‍ വിസമ്മതിച്ച ചിലരില്‍ അത് അന്ധത വിളിച്ചുവരുത്തുകയായിരുന്നു.
തിന്മയ്ക്ക് നന്മയുടെ സാന്നിധ്യം അസഹ്യമാണ്-നന്മയെ എങ്ങനെയെങ്കിലും ഉന്മൂലനം ചെയ്യണം. തിന്മയുടെ അതിപ്രസരവും കടന്നാക്രമണവും അതാണു നമ്മെ പഠിപ്പിക്കുക. വെളിച്ചം താങ്ങാന്‍ വവ്വാലിനാകുന്നില്ല. അത് ഒന്നുകില്‍ പറന്നകലുന്നു, അഥവാ കണ്ണടയ്ക്കുന്നു.
തൃക്കണ്ണുകളിലെ വെളിച്ചം നമ്മുടെ കണ്ണുകളിലേക്കു പതിക്കുമ്പോള്‍, വസ്തുതകളെ നിഷ്പക്ഷമായി യഥാതഥം വിലയിരുത്താനും കാണാനും നമുക്കു കഴിയുമാറാകട്ടെ.