•  17 Jul 2025
  •  ദീപം 58
  •  നാളം 19
ലേഖനം

അന്ധവിശ്വാസങ്ങളിലുയര്‍ന്ന മനുഷ്യത്തൂണുകള്‍

   ഇന്നത്തെ  മെക്‌സിക്കോയുടെ മധ്യത്തില്‍  ആസ്‌ടെക്  എന്നൊരു സാമ്രാജ്യമുണ്ടായിരുന്നു. ഒരു കൊച്ചുദ്വീപിന്റെ നടുവില്‍  ഈ വര്‍ഗക്കാര്‍ ഒരു കരിങ്കല്‍ത്തറയുണ്ടാക്കി മനുഷ്യരെ കിടത്തും. പുരോഹിതന്‍ ഒരു കല്‍ക്കത്തികൊണ്ട് വയറു കുത്തിപ്പിളര്‍ക്കും. എന്നിട്ട് അപ്പോഴും മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയമെടുത്തു  ചോരപുരണ്ട കരങ്ങളിലുയര്‍ത്തി ആകാശത്തുള്ള സൂര്യഭഗവാനെ വാഴ്ത്തും. ദൈവങ്ങളെ പ്രീതിപ്പെടുത്താനും സമൂഹത്തിന്റെ നന്മകള്‍ക്കായുംമറ്റും നടത്തുന്ന മനുഷ്യക്കുരുതികളുടെ പാരമ്പര്യം ഈജിപ്തിലും മെസൊപ്പൊട്ടൊമിയയിലും അമേരിക്കയിലും ഒക്കെ ധാരാളമായി നിലനിന്നിരുന്ന കാര്യമാണ്.
16-ാം നൂറ്റാണ്ടുവരെ  ജപ്പാനില്‍ നമ്മെ നടുക്കുന്ന നരബലികള്‍ സാധാരണമായിരുന്നു.. വലിയ കെട്ടിടസമുച്ചയങ്ങളും, ദൈര്‍ഘ്യമുള്ള പാലങ്ങളും, കൂറ്റന്‍കൊട്ടാരങ്ങളും പണിതുയര്‍ത്തുമ്പോള്‍  നമ്മുടെയൊക്കെ തല കറക്കുന്ന, ഞെട്ടിപ്പിക്കുന്ന ഒരു വലിയ കര്‍മം നടക്കും. 'ഹിറ്റോ ബഷിറ' എന്നുപേരുള്ള മനുഷ്യത്തൂണുകള്‍ നാട്ടി മരണത്തിനു മുമ്പേതന്നെ അവരെ കുഴിച്ചുമൂടുന്ന രീതിയാണിത്. ഇതുമൂലം നിര്‍മിതികള്‍ക്ക് അധികബലം കൈവരും, കരുത്താര്‍ജിക്കും എന്നാണിവരുടെ വിശ്വാസം. ചീന, ഇന്തോനേഷ്യ, ബര്‍മ എന്നിവിടങ്ങളിലും ഇത്തരം  വകഭേദങ്ങള്‍  കാണാം.
പടുകൂറ്റന്‍കെട്ടിടങ്ങള്‍ക്കടിയില്‍, പാലങ്ങള്‍ക്കടിയില്‍ കുറെ മനുഷ്യരെ  മനുഷ്യത്തൂണാക്കുമ്പോള്‍  അതുവഴി  ആ നിര്‍മിതികള്‍ ആര്‍ക്കും തകര്‍ക്കാനാകാത്തവിധം ശക്തിയാര്‍ജിക്കും എന്നാണവരുടെ വിശ്വാസം. പ്രകൃതിദുരന്തങ്ങളും ആപത്തുകളും ഒന്നും ഇതിനെ തകര്‍ക്കുകയില്ലത്രേ. ഇതിനായുള്ള ഷിന്‍ടോ ദൈവങ്ങളോടുള്ള പ്രാര്‍ഥനയാണ് ഹിറ്റോബഷിറ.
നിന്റൊക്കുവിന്റെ സ്വപ്നം 
109 വയസ്സുവരെ ജീവിച്ചിരുന്ന ഒരു മഹാനായ ചക്രവര്‍ത്തിയായിരുന്നു നിന്റൊക്കു. കാരുണ്യപ്രവൃത്തികള്‍ക്കും ജനസേവനത്തിനും പ്രസിദ്ധനായിരുന്ന ചക്രവര്‍ത്തി ഒരിക്കല്‍ ഒരു സ്വപ്നം കണ്ടു. അത് അന്നാട്ടിലെ രണ്ടു മഹാനദികളെക്കുറിച്ചായിരുന്നു. ഓരോ നദിയുടെയും തീരത്തു വസിക്കുന്ന രണ്ടു മനുഷ്യരെ ഹിറ്റോബഷിറ എന്ന  മനുഷ്യക്കുരുതി  ചെയ്യാതെ നദികളുടെ ആക്രോശം നിലയ്ക്കുകയോ കരകവിഞ്ഞൊഴുകി നാശനഷ്ടം വിതയ്ക്കുന്നതു  തടയുകയോ  സാധ്യമല്ല എന്നാണ് ദൈവം സ്വപ്നത്തില്‍ വന്നുപറഞ്ഞത്. ഇതനുസരിച്ചു രണ്ടു സാധാരണ പൗരന്മാരെ കുരുതി കൊടുക്കാന്‍ രാജാവിന് ഉത്തരവിറക്കേണ്ടിവന്നു.  അതില്‍ ഒന്നാമനെ  ഒരു  നദിയിലേക്കു കൊണ്ടുപോയി. 'ഇത് തന്റെ വിധി' എന്നു പറഞ്ഞ് അയാള്‍ മനുഷ്യക്കുരുതിക്കു വിധേയനായി. കലുഷിതമായി രൗദ്രരൂപം  പ്രാപിച്ച നദി അയാളെ വിഴുങ്ങി. അതോടെ നദി ശാന്തമായി ഒഴുകാന്‍ തുടങ്ങി, മണല്‍ത്തിട്ട ഉണ്ടായി.
രണ്ടാമന്‍ അടുത്ത നദിയിലേക്ക് ആനയിക്കപ്പെട്ടു. പക്ഷേ, അയാള്‍ ബുദ്ധിമാനായിരുന്നു. കൈയില്‍ രണ്ടു വലിയ കുമ്പളങ്ങയുമായാണ് അയാള്‍ പോയത്. മനുഷ്യര്‍ അദ്ഭുതത്തോടെ നോക്കി നിന്നു - എന്തിനായിരിക്കും ഈ കുമ്പളങ്ങാ?
അയാള്‍ നദീതീരത്തുചെന്ന് നെഞ്ചു വിരിച്ചുനിന്നു പറഞ്ഞു: ''ഞാനിതാ ദേവതയുടെ മുമ്പില്‍നില്‍ക്കുന്നു, എന്റെ ജീവന്‍ സമര്‍പ്പിക്കാന്‍ സന്തോഷത്തോടെ തയ്യാറായിക്കൊണ്ട്.  ഈ നാടിനു മുഴുവന്‍ നാശനഷ്ടങ്ങള്‍ വരുത്തുന്ന ദേവിയുടെ കോപം ശമിപ്പിക്കാന്‍ എന്റെ ബലിദാനം മതിയാകുമല്ലോ. പക്ഷേ, ഒരു കാര്യം, ഞാന്‍  ഈ വെള്ളത്തില്‍ എറിയുന്ന രണ്ടു കുമ്പളങ്ങകളും ദേവി മുക്കിത്താഴ്ത്തണം - ഒരിക്കലും പൊങ്ങിവരാത്ത വിധത്തില്‍. അപ്പോള്‍ ഞാന്‍ അറിയും, ദേവി സത്യമുള്ള ദേവിയാണെന്ന്. അപ്പോള്‍ എന്റെ ജീവന്‍ നല്‍കും. മറിച്ച് ഈ കുമ്പളങ്ങാ താണുപോകുന്നില്ലാ യെങ്കില്‍ ദേവി സത്യമുള്ളതല്ലായെന്നു  ഞാന്‍ കരുതും. പിന്നെ എന്റെ ജീവന്‍ ത്യജിക്കാന്‍  തയ്യാറാവുകയില്ല. 
ഇതും പറഞ്ഞു രണ്ടു കുമ്പളങ്ങായും അയാള്‍ വെള്ളത്തിലേക്കെറിഞ്ഞു. പെട്ടെന്ന് ഒരു ചുഴലിക്കാറ്റു വന്നു കുമ്പളങ്ങയെ മുക്കിത്താഴ്ത്താന്‍ ശ്രമിക്കുന്നതുപോലെ തോന്നി. പക്ഷേ, ഒന്നും സംഭവിച്ചില്ല. കൊടുങ്കാറ്റു പെട്ടെന്നു ശമിച്ചു, നദി ശാന്തമായി. മനുഷ്യര്‍ ആര്‍ത്തുവിളിച്ചു. ചക്രവര്‍ത്തി അയാളെ മോചിപ്പിച്ചു പറഞ്ഞയച്ചു. നദീതീരം പിന്നീടൊരിക്കലും കലുഷിതമായിട്ടില്ല, അശാന്തമായിട്ടില്ല.
പെട്ടെന്ന് ഒരു പരിഹാരമുണ്ടാക്കാന്‍ ചക്രവര്‍ത്തി കാണിച്ച വൈദഗ്ധ്യത്തെ ജനം പ്രകീര്‍ത്തിച്ചു. അതോടെ ഒരു വലിയ പാഠം അവര്‍ പഠിക്കുകയായിരുന്നു. അങ്ങനെയാണ് ജപ്പാനിലെ ആദ്യത്തെ മനുഷ്യത്തൂണ്‍ ഉണ്ടായത്. 
പിന്നീട് പാലങ്ങളും നിര്‍മിതികളും സൃഷ്ടിക്കുമ്പോള്‍ മനുഷ്യക്കുരുതി അനിവാര്യമാണ് എന്നവര്‍ ചിന്തിക്കാന്‍ തുടങ്ങി. ചിലപ്പോള്‍ മനുഷ്യരെ  കൊന്നു  ടണലുകള്‍ക്കകത്തും മറ്റും നിക്ഷേപിക്കും. മറ്റു ചിലരെ ശവപ്പെട്ടിയിലാക്കി അണക്കെട്ടുകള്‍ക്കും പാലങ്ങള്‍ക്കും സമീപത്ത് എവിടെയെങ്കിലും കുഴിച്ചിടും. അങ്ങനെയുള്ളവരെ ഭാഗ്യപ്പെട്ടവര്‍  എന്നു വിളിക്കാം. കാരണം, അല്ലാത്തവരെ ഭവനങ്ങളുടെ അടിത്തറയിലും മറ്റും ജീവനോടെതന്നെ നാട്ടിനിര്‍ത്തി മണ്ണിടും. തീപ്പിടിത്തം, പ്രകൃതിദുരന്തങ്ങള്‍ എന്നിവയില്‍നിന്നൊക്കെ രക്ഷ നേടാന്‍ ഇതു വേണം എന്നവര്‍ വിശ്വസിച്ചുപോന്നു.
സാരു ഡോട്ടേയെപ്പറ്റി ഒരു കഥ 
സാരുഡോട്ടേ എക്കാലവും ഒരു കോപാകുലയെപ്പോലെ കലങ്ങിമറിഞ്ഞു നാശം വിതച്ച് കരകവിഞ്ഞൊഴുകുമായിരുന്ന ഒരു നദിയാണ്. വെള്ളപ്പൊക്കം കാരണം അടുത്തുള്ള നെല്‍വയലുകളിലെ കൃഷി അസാധ്യമായി. ഇതൊരു തുടര്‍ക്കഥയായപ്പോള്‍ അന്നാട്ടുകാര്‍ യോഗംകൂടി ഈ കലുഷിതമായ നദിയെ എങ്ങനെ ശാന്തമാക്കാം; ഈ പ്രശ്‌നത്തിന് എങ്ങനെ പരിഹാരം കാണാമെന്ന് ആലോചിച്ചു. ആരോ ഒരു അഭിപ്രായം പറഞ്ഞു: ''നോക്ക്, യാങ്കോ കാസില്‍ പണിയുന്ന കാലത്തു മണ്ണൊലിപ്പു കാരണം പല പ്രാവശ്യം പണി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. ഒടുവില്‍ അവിടെയൊരു ഹിറ്റോ ബഷിറ നടത്തിയപ്പോഴാണ് പ്രശ്‌നം അവസാനിച്ചത്. പ്രകൃതിദേവതയെ ചൊല്‍പടിയിലാക്കാന്‍ ഇതുതന്നെ മാര്‍ഗം.'' പക്ഷേ, ഇതിനു തയ്യാറായി ആരു വരും? ഒടുവില്‍ എല്ലാവരും കൂട്ടംകൂടി ഒരു തീരുമാനമെടുത്തു. നാളെ വെളുപ്പിനു നദീതീരത്ത് ആദ്യമെത്തുന്ന ആളെ നമുക്കു  ബലികൊടുക്കാം.
അങ്ങനെ ഇരയാകേണ്ട ആ പാവത്തിനെയും കാത്ത് അവരെല്ലാം കാടുകളില്‍ പതിയിരുന്നു. നേരം വെളുത്തതേ  അന്നാട്ടിലെ  കുരങ്ങുകളിക്കാരന്‍, മദാരി തോളത്ത് ഒരു കുരങ്ങനെയും പേറി നദിക്കരയിലെത്തി. അയാളെ നാട്ടുകാര്‍ പിടിച്ചുകെട്ടി. തോളത്തിരുന്ന കുരങ്ങുള്‍പ്പെടെ നദിയിലെ മണ്ണിനടിയില്‍ താഴ്ത്തി. ഇന്നേവരെ അതിനുശേഷം മണല്‍ത്തിട്ടകള്‍ പൊളിയുകയോ വെള്ളപ്പൊക്കക്കെടുതികള്‍ ഉണ്ടാവുകയോ ചെയ്തിട്ടില്ലത്രേ.
കാമിക്കുള്ള കുരുതി 
ഒരു ഐതിഹ്യകഥകൂടി പറഞ്ഞു ഞാന്‍ ഈ ലേഖനം അവസാനിപ്പിക്കാം. ഒരു സുന്ദരിയെ ഒരു മരക്കൂട്ടില്‍ തളച്ചു പര്‍വതങ്ങളുടെ ദേവിയായ കാമിക്കു കുരുതി കഴിക്കുന്നു. അതോടെ കാമി ഒരു കരിമ്പൂച്ചയായി രൂപാന്തരപ്പെട്ടു. രണശൂരനായ ഒരു ധീരപരാക്രമി ഈ പൂച്ചയെ പിന്തുടര്‍ന്ന് കൊല്ലുന്നതോടെ സര്‍വപ്രശ്‌നങ്ങളും തീരുന്നു. ഗ്രാമത്തില്‍ പിന്നീടൊരിക്കലും കാമിദേവിക്കു കുരുതികൊടുക്കേണ്ടിവന്നിട്ടില്ല.
ഹിറ്റോ ബഷിറ എന്ന് അവസാനിച്ചു എന്നതിനു കൃത്യമായ കണക്കുകളില്ല. സാമൂഹികവും മതപരവുമായ ചിന്തകളില്‍ വന്ന മാറ്റങ്ങള്‍, വാസ്തുശില്പകലയില്‍ വന്ന ടെക്‌നോളജിക്കല്‍ വിപ്ലവം, പരിഷ്‌കൃതസമൂഹത്തിന് ഇത്തരം കാര്യങ്ങളില്‍ വന്നുചേര്‍ന്ന പുത്തന്‍ കാഴ്ചപ്പാട് ഇതെല്ലാം കാരണം ഈ സമ്പ്രദായം ജപ്പാനോടു മെല്ലെ വിട പറഞ്ഞു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)