•  17 Jul 2025
  •  ദീപം 58
  •  നാളം 19
ലേഖനം

സ്വീഡനിലെ വടക്കിന്റെ നക്ഷത്രം

  യൂറോപ്പിലെ ക്രിസ്തുമതവിശ്വാസികള്‍ ഏറ്റവുമധികം ആദരിക്കുന്ന വിശുദ്ധ ബ്രിജിറ്റിന്റെ സ്റ്റോക്‌ഹോം നഗരപ്രാന്തത്തിലെ യൂഷ്‌ഹോമിലുള്ള ബ്രിജെറ്റൈന്‍ കോണ്‍വെന്റു സന്ദര്‍ശിക്കാനുള്ള അസുലഭഭാഗ്യം സ്വീഡനിലെ ഹ്രസ്വസന്ദര്‍ശനത്തിനിടയിലുണ്ടായി. സ്വീഡനിലെ വാഡ്‌സ്റ്റെനാപട്ടണത്തില്‍ വിശുദ്ധ ബ്രിജിറ്റ് സ്ഥാപിച്ച സന്ന്യാസിനീസഭയുടെ ആശ്രമങ്ങളില്‍ പ്രധാനപ്പെട്ടതാണ് യൂഷ്‌ഹോമിലേത്. ''ദിവ്യരക്ഷകന്റെ സന്ന്യാസിനികള്‍'' എന്നും ബ്രിജെറ്റൈന്‍സ് അറിയപ്പെടുന്നു (എ ഡി 1335 മുതല്‍ അഞ്ചുവര്‍ഷക്കാലം സ്വീഡനിലെ രാജ്ഞിയുടെ പ്രധാനതോഴിയും ഉപദേശികയുമായും ബ്രിജിറ്റ് നിയോഗിക്കപ്പെട്ടിട്ടുണ്ട്).
യേശുവിന്റെ മണവാട്ടി
'വടക്കിന്റെ നക്ഷത്രം' എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള വിശുദ്ധ ബ്രിജിറ്റിന്റെ ജീവിതം ചരിത്രകുതുകികള്‍ക്ക് ഏറെ പ്രചോദനം നല്കുന്നതാണ്. വിവാഹിതയും എട്ടുമക്കളുടെ മാതാവുമായിരുന്ന ബ്രിജിറ്റ് യേശുവിന്റെയും കന്യകാമറിയത്തിന്റെയും ഏറ്റവും പ്രിയപ്പെട്ടവളും, ഒരു വലിയ സന്ന്യാസിനീസമൂഹത്തിന്റെ സ്ഥാപികയും, യൂറോപ്പിന്റെ മധ്യസ്ഥയുമായി സഭാചരിത്രത്തില്‍ ഇടംനേടിയ പുണ്യവതിയാണ്.
സ്വീഡനിലെ അപ്‌ലാന്‍ഡ് പ്രവിശ്യാഗവര്‍ണറായിരുന്ന ബിര്‍ഗെര്‍ പെര്‍സ്സന്റെയും  ഉന്നതകുലജാതയായ ഇന്‍ഗ്‌ബോര്‍ഗിന്റെയും മൂത്തപുത്രിയായി 1303 ഡിസംബര്‍ 15 നായിരുന്നു ബ്രിജിറ്റിന്റെ ജനനം. ഏഴാംവയസ്സില്‍ത്തന്നെ പരിശുദ്ധ കന്യാമറിയത്തിന്റെ ദര്‍ശനം തനിക്കുണ്ടായിരുന്നതായി പുണ്യവതി രേഖപ്പെടുത്തിയിട്ടുണ്ട്. കിടക്കയ്ക്കരികെ ദൃശ്യമായ അള്‍ത്താരയിലിരുന്ന കന്യാമാതാവിന്റെ  കൈകളില്‍ വിലയേറിയ ഒരു കിരീടം. അമ്മ അവളോടു ചോദിച്ചു: ''ഈ കിരീടം നിനക്കു തരട്ടെയോ?'' സമ്മതംമൂളിയ അവളുടെ ശിരസ്സില്‍ പരിശുദ്ധദൈവമാതാവ് ആ കിരീടം ചാര്‍ത്തിയശേഷം  കണ്ണില്‍നിന്നു മറഞ്ഞു. 
പത്താമത്തെ വയസ്സിലായിരുന്നു അവളുടെ രണ്ടാംദര്‍ശനം. യേശുവിന്റെ പീഡാസഹനത്തെക്കുറിച്ചു ധ്യാനിച്ചുകൊണ്ടിരിക്കവേ ക്രൂശിതരൂപത്തില്‍ പ്രത്യക്ഷപ്പെട്ട യേശു അവളോടു പറഞ്ഞു: ''എന്റെ സഹനം നീ കാണുന്നില്ലേ? എന്നെ നിന്ദിക്കുന്നവരും എന്റെ സ്‌നേഹം നിരസിക്കുന്നവരുമാണ് എന്നോടിതു ചെയ്യുന്നത്. 5,480 പ്രഹരങ്ങളേറ്റ ശരീരമാണിത്.'' സര്‍വതും ത്യജിച്ച് ദിവ്യരക്ഷകന്റെ കാലടികള്‍ പിഞ്ചെല്ലാന്‍ അവള്‍ പ്രതിജ്ഞയെടുത്തത് ഈ ദര്‍ശനത്തിനുശേഷമാണ്. പരിശുദ്ധ അമ്മയിലും ക്രൂശിതനായ യേശുവിലും ശരണംവച്ചുകൊണ്ട് നിരന്തരമായ പ്രാര്‍ഥനയിലും പരിത്യാഗത്തിലും അവള്‍ കഴിച്ചുകൂട്ടി.
ഇതിനിടെയുണ്ടായ അമ്മയുടെ മരണം അവളുടെ ജീവിതം മാറ്റിമറിച്ചു. 13 വയസ്സുമാത്രമുള്ളപ്പോള്‍ ഓസ്റ്റര്‍ഗോത്‌ലാന്‍ഡിലെ ഒരു ജഡ്ജിയുടെ മകനായ ഉള്‍ഫ് ഗുഡ്മാര്‍സനുമായുള്ള വിവാഹത്തിന് ബ്രിജിറ്റു മനസ്സില്ലാമനസ്സോടെ സമ്മതം മൂളി.
എന്നാല്‍, ഭര്‍ത്താവിന്റെ മരണശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹമോതിരം ഊരിവച്ച് ബന്ധുക്കളെ അദ്ഭുതപ്പെടുത്തിയ ബ്രിജിറ്റ്, ലോകസുഖങ്ങളെല്ലാം മാറ്റിവച്ച് യേശുവിനെ തന്റെ നാഥനും മണവാളനുമായി സ്വീകരിച്ചു.  വസ്തുവകകളെല്ലാം വിറ്റ് ദരിദ്രര്‍ക്കു ദാനം ചെയ്തു. ഒരിക്കല്‍ പ്രാര്‍ഥനാമുറിയില്‍ ധ്യാനനിരതയായിരിക്കവേ തിളക്കമാര്‍ന്ന ഒരു മേഘത്തില്‍നിന്ന് അവള്‍ ഒരു ശബ്ദം കേട്ടു: ''ഭയപ്പെടേണ്ട, ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി അമലോദ്ഭവകന്യകയില്‍നിന്നു ജനിക്കുകയും പീഡാസഹനങ്ങളേറ്റു മരിക്കുകയും, മൂന്നാം ദിവസം ഉയിര്‍ക്കുകയും സ്വര്‍ഗത്തിലേക്കു കരേറുകയും ചെയ്ത എല്ലാറ്റിന്റെയും സ്രഷ്ടാവായ യേശുവാണു നിന്നോടു സംസാരിക്കുന്നത്. എന്റെ വാക്കുകള്‍ക്കു നീ കാതോര്‍ക്കുക. ഞാന്‍ കാണിച്ചുതരുന്ന സ്വര്‍ഗീയരഹസ്യങ്ങള്‍  ലോകത്തോടു വെളിപ്പെടുത്താന്‍ നിന്നെ എന്റെ ഉപകരണമാക്കും. നിന്റെ മരണംവരെ എന്റെ ആത്മാവ് നിന്നോടുകൂടെ ഉണ്ടായിരിക്കും.''
യേശുവിന്റെ കുരിശിലെ സഹനമാണ് ബ്രിജിറ്റിനെ കൂടുതല്‍ വേദനിപ്പിച്ചത്. ഓരോ വെള്ളിയാഴ്ചകളിലും മെഴുകുതിരി ഉരുക്കി ദേഹത്തൊഴിച്ചും, കയ്പുള്ള ഇലകള്‍ കടിച്ചുതിന്നും അവള്‍ സഹനം ശീലമാക്കി. 'യേശുവിന്റെ ശിരസ്സില്‍ തറച്ചുവച്ച മുള്‍മുടിയും, കൈകാലുകളില്‍ അടിച്ചുകയറ്റിയ ആണികളും, നെഞ്ചു തുളച്ചുകയറിയ കുന്തമുനയും നമ്മുടെ പാപങ്ങള്‍ സമ്മാനിച്ചവയല്ലേ? യാതൊരു ദയാവായ്പുമില്ലാതെയാണല്ലോ തന്റെ മണവാളനെ ലോകം പീഡിപ്പിച്ചത്! എവിടെ നോക്കിയാലും ചതിയും വഞ്ചനയും മാത്രം, ദൈവമഹത്ത്വത്തെ നിരാകരിക്കുന്ന ഒരു ജനം!' അവള്‍ ചിന്താകുലയായി. 
ബ്രിജിറ്റിനുണ്ടാകുന്ന പരിശുദ്ധ അമ്മയുടെയും ക്രൂശിതനായ യേശുവിന്റെയും ദര്‍ശനങ്ങളെക്കുറിച്ച് അവളുടെ കുമ്പസാരക്കാരനായ ഫാ മത്തിയാസ് അക്കാലത്തെ ഉപ്‌സാല മെത്രാപ്പോലീത്തയായിരുന്ന നില്‍സ് കെറ്റില്‍സനെ അറിയിക്കുന്നുണ്ടായിരുന്നു. ബ്രിജിറ്റിന്റെ എളിമയെയും സൗമ്യതയെയും ജീവിതവിശുദ്ധിയെയുംകുറിച്ച് അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. ബ്രിജിറ്റിന്റെ ഡയറിക്കുറിപ്പുകളും, അവളില്‍നിന്നു ശേഖരിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ മത്തിയാസച്ചന്റെ ലേഖനങ്ങളും സമാഹരിച്ചു തയ്യാറാക്കിയ ആദ്യഗ്രന്ഥം മെത്രാപ്പോലിത്തയുടെ ആമുഖത്തോടെയാണ് പ്രസിദ്ധീകരിച്ചത്. സന്ന്യാസിനീസഭയുടെ നിയമാവലി പൂര്‍ത്തിയാക്കിയശേഷം 1349 ല്‍ ബ്രിജിറ്റ് റോമിലേക്കു യാത്രയായി. ദൈവമഹത്ത്വത്തിനും സഭയുടെ വളര്‍ച്ചയ്ക്കും പാവങ്ങളുടെ ഉന്നമനത്തിനുമായി അധ്വാനിക്കാന്‍ തയ്യാറുള്ള 18 വയസ്സു തികഞ്ഞവരെയാണ് അംഗങ്ങളായി ചേര്‍ക്കുക. എളിമയും ദാരിദ്ര്യവും പ്രാര്‍ഥനയും ഉപവാസവും ഇന്ദ്രിയനിഗ്രഹവും മുഖമുദ്രയാക്കിയുള്ള നിയമാവലിക്ക് എ ഡി 1370 ല്‍ ഉര്‍ബന്‍ അഞ്ചാമന്‍ മാര്‍പാപ്പ അംഗീകാരം നല്കി. ലാളിത്യത്തെ സൂചിപ്പിക്കാന്‍ പാദം വരെ നീളുന്ന ചാരനിറമുള്ള ഉടുപ്പും, എളിമയെ സൂചിപ്പിക്കാന്‍ കറുത്ത മൂടുപടവും, വെളുത്ത ലിനന്‍തുണിയില്‍ തീര്‍ത്ത കുരിശാകൃതിയിലുള്ള  കിരീടവും അംഗങ്ങള്‍ ധരിക്കണം. കിരീടത്തില്‍ ഉറപ്പിച്ചിട്ടുള്ള അഞ്ചു ചുവന്ന ബട്ടണുകള്‍ യേശുവിന്റെ അഞ്ചു തിരുമുറിവുകളെ ഓര്‍മിപ്പിക്കും. സന്ന്യാസിനീസഭയുടെ ആസ്ഥാനം സ്വീഡനിലെ വാഡ്‌സ്റ്റെനായിലായിരിക്കും സ്ഥാപിക്കുകയെന്നും മാര്‍പാപ്പയെ ബ്രിജിറ്റ് അറിയിച്ചു. സന്ന്യാസിനീസമൂഹത്തിന്റെ രൂപീകരണം യേശുവിന്റെയും പരിശുദ്ധ അമ്മയുടെയും ആഗ്രഹപ്രകാരമാണെന്നും അവള്‍ വെളിപ്പെടുത്തി.
24 വര്‍ഷം നീണ്ടുനിന്ന റോമാവാസത്തിലെ തിരക്കുകള്‍ക്കിടയിലും യേശുവിന്റെ പാദസ്പര്‍ശമേറ്റ വിശുദ്ധനാടുകള്‍ സന്ദര്‍ശിക്കാനും ബ്രിജിറ്റ് സമയം കണ്ടെത്തി. 1372 മേയ് 11-ാം തീയതി വിശുദ്ധനാട്ടിലെത്തിയ ബ്രിജിറ്റ്, മനുഷ്യകുലത്തിന്റെ പാപങ്ങളെയോര്‍ത്ത് തന്റെ മണവാളന്‍ ചോര വിയര്‍ത്തു പ്രാര്‍ഥിച്ച ഗദ്‌സെമിനിലും, നഗ്നനായി ക്രൂശിക്കപ്പെട്ടു ജീവന്‍ വെടിഞ്ഞ കാല്‍വരിയിലുമെത്തി കണ്ണീരൊഴുക്കി പ്രാര്‍ഥിച്ചു. 
ദീര്‍ഘനാളത്തെ വിദേശവാസവും ക്ലേശകരമായ യാത്രകളുംമൂലം ക്ഷീണിതയായിരുന്ന ബ്രിജിറ്റ് രോഗബാധിതയായിട്ടാണ് റോമില്‍ മടങ്ങിയെത്തിയത്. 1309 മുതല്‍ ഫ്രാന്‍സിലെ അവിഞ്ഞോണില്‍ താമസിച്ച് സഭാഭരണം നടത്തിയിരുന്ന മാര്‍പാപ്പമാരെ റോമില്‍ തിരികെയെത്തിക്കാനുള്ള പരിശ്രമങ്ങളും ഇതിനിടെ ബ്രിജിറ്റ് നടത്തിയിരുന്നു. താന്‍ രൂപംകൊടുത്ത സന്ന്യാസിനീസമൂഹത്തിന്റെ വളര്‍ച്ചയ്ക്കും മാര്‍പാപ്പയുടെ തിരിച്ചുവരവിനും സാക്ഷിയാകാന്‍ പറ്റാതെ 1373 ജൂലൈ 23-ാം തീയതി ബ്രിജിറ്റ് ഇഹലോകവാസം വെടിഞ്ഞു. സഭാവസ്ത്രമണിഞ്ഞ് മരണക്കിടക്കയില്‍ കിടന്ന ബ്രിജിറ്റും യേശുവിന്റെ അവസാനവാക്കുകള്‍ ഉരുവിട്ടുകൊണ്ടാണ് മരണത്തെ വരവേറ്റതെന്ന് ഒപ്പമുണ്ടായിരുന്ന മകള്‍ കാതറീന സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ''പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു.''
ബ്രിജിറ്റിന്റെ ഭൗതികദേഹം റോമില്‍നിന്നു വാഡ്‌സ്റ്റെനായിലെത്തിച്ച് അവിടത്തെ ആശ്രമത്തില്‍ സംസ്‌കരിച്ചതിനു നേതൃത്വം കൊടുത്തതും കാതറീനയാണ്. 1391 ഒക്‌ടോബര്‍ ഏഴാംതീയതി ബൊനിഫസ് ഒമ്പതാമന്‍ മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ച ബ്രിജിറ്റിന്റെ തിരുനാള്‍ പുണ്യവതിയുടെ മരണദിവസമായ ജൂലൈ 23-ാം തീയതിയാണ് തിരുസ്സഭ ആചരിക്കുന്നത്. യൂഷ്‌ഹോമിലെ  ആശ്രമത്തില്‍ 1989 ഒക്‌ടോബര്‍ ഒന്നാംതീയതി സന്ദര്‍ശനം നടത്തിയ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധയെ യൂറോപ്പിന്റെ സഹരക്ഷകയായി ഉയര്‍ത്തി. സ്വീഡന്റെ സംരക്ഷകയും വിധവകളുടെയും നന്മരണത്തിന്റെയും മധ്യസ്ഥകൂടിയാണ് വിശുദ്ധ ബ്രിജിറ്റ്.
അമ്മയുടെ മരണശേഷം സന്ന്യാസിനീസമൂഹത്തിന്റെ ഭരണം ഏല്‌ക്കേണ്ടിവന്ന കാതറീന ആദ്യത്തെ ആബെസ് ജനറാളായി നിയോഗിക്കപ്പെട്ടു. 1381 മാര്‍ച്ച് 24-ാം തീയതി അന്തരിച്ച കാതറീനയെ 1484  ല്‍ ഇന്നസെന്റ് എട്ടാമന്‍ മാര്‍പാപ്പ വിശുദ്ധപദവിയിലേക്കുയര്‍ത്തി.
യൂഷ്‌ഹോമിലെ ബ്രിജെറ്റൈന്‍ ആശ്രമത്തില്‍ ഞങ്ങളെ സ്വീകരിച്ചത് കൊച്ചി ചെല്ലാനം സ്വദേശിനിയായ സിസ്റ്റര്‍ സില്‍വാനയാണ്. മദര്‍ സില്‍വാനെയക്കൂടാതെ ആശ്രമത്തിലുള്ള 14 പേരില്‍ 5 പേര്‍ കേരളത്തില്‍നിന്നുള്ളവരാണ്. റോം ആസ്ഥാനമായി സേവനം ചെയ്യുന്ന സന്ന്യാസിനീസഭയുടെ ആബെസ് ജനറാള്‍ കണ്ണൂര്‍ അങ്ങാടിക്കടവ് സ്വദേശിനിയായ മദര്‍ ഫാബിയ കട്ടക്കയം ആണെന്ന അറിവും എന്നെ അദ്ഭുതപ്പെടുത്തി. 19 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 59 ആശ്രമങ്ങളുടെ മഠാധിപയായി 2016 മുതല്‍ മദര്‍ ഫാബിയ സേവനം ചെയ്യുന്നു. ആകെ 574 അംഗങ്ങളുള്ളതില്‍ 250 പേരും ഇന്ത്യയിലെ 23 മഠങ്ങളിലാണുള്ളത്. കേരളത്തില്‍ കണ്ണൂരും കോഴിക്കോടും കളമശേരിയിലും തിരുവനന്തപുരത്തും നെയ്യാറ്റിന്‍കരയിലും ബ്രിജെറ്റൈന്‍ ആശ്രമങ്ങളുണ്ട്. യൂഷ്‌ഹോമിലെ മഠാധിപയായിരുന്ന മരിയ എലിസബത്ത് ഹെസ്സെല്‍ബ്‌ളാഡിനെ ദിവംഗതനായ ഫ്രാന്‍സിസ് മാര്‍പാപ്പ 2016 ജൂണ്‍ 5-ാം തീയതി വിശുദ്ധപദവിയിലേക്കുയര്‍ത്തിയതോടെ ബ്രിജെറ്റൈന്‍ സന്ന്യാസിനീസമൂഹത്തിനു മൂന്നു പുണ്യവതികളെ ലഭിച്ചു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)