•  3 Jul 2025
  •  ദീപം 58
  •  നാളം 17
ലേഖനം

വായിക്കൂ... വായിക്കൂ വാര്‍ധക്യം അകലെയാണ്

   ഇന്ത്യയില്‍ ഒന്‍പതില്‍ ഒരാള്‍ വൃദ്ധനാണ്. കേരളത്തില്‍ പതിനൊന്നു ശതമാനം വരും വയോജനങ്ങള്‍. എന്നാല്‍, ജപ്പാനില്‍ 30 ശതമാനം വരും ഇവര്‍. റഷ്യയുടെ കിഴക്കും ജപ്പാനിലും മറ്റും ശതായുസ്സുകള്‍ ആയിരക്കണക്കിനുണ്ട്. അതിന് അവരുടെ ജീവിതശൈലി മുഖ്യമായ ഒരു കാരണമാണ്. 
   മിക്കവാറും വയോജനങ്ങളെ മറവിരോഗം പിടികൂടുന്നു. അള്‍ഷിമര്‍ കണ്ടുപിടിച്ചതുകൊണ്ട് അള്‍ഷിമേഴ്‌സ് രോഗം എന്നും ഇതിനെ വിളിക്കുന്നു. മറവിരോഗം ബാധിച്ച ഒരു വ്യക്തിയെ തന്മാത്ര എന്ന ചലച്ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്നുണ്ട്. 
    കടുത്ത അള്‍ഷിമേഴ്‌സ് രോഗികള്‍ ചെയ്യുന്നതെന്താണെന്ന് അവര്‍ അറിയുന്നില്ല. അവര്‍ സഞ്ചരിക്കുന്ന ഒരു മാംസപിണ്ഡം എന്നു പറയാം. ഈ രോഗം ബാധിച്ചാല്‍ രോഗി മാത്രമല്ല, കുടുംബങ്ങളും കഷ്ടപ്പെടും. ഒരു വാരികയില്‍ ഈ രോഗത്തെക്കുറിച്ച് പ്രസിദ്ധ ഡോക്ടര്‍ എഴുതിയ ചില വസ്തുതകള്‍ ശ്രദ്ധിക്കാം: ധാരാളമായി കാണാതെ പഠിക്കുന്നവര്‍ക്ക് ഡിമെന്‍ഷ്യ വരില്ലെന്നാണ് അനുഭവം. സപ്തതിയും അശീതിയും കഴിഞ്ഞിട്ടും ചിലര്‍ ശ്ലോകങ്ങള്‍ കാണാതെ പഠിച്ചുകൊണ്ടിരിക്കും. മസ്തിഷ്‌കത്തിനു കൊടുക്കുന്ന വ്യായാമമാണ് ഈ പറഞ്ഞത്. ശരീരപേശികള്‍ക്കു വ്യായാമം കൊടുക്കുന്നതിനെപ്പറ്റി നാം ധാരാളം കേള്‍ക്കാറുണ്ട്. ഓരോ അവയവത്തിനും ഈ ചലനം ആവശ്യമാണ്. കുറേക്കൂടി തെളിച്ചുപറഞ്ഞാല്‍ നമ്മുടെ ശരീരത്തിലുള്ള പതിനായിരം കോടിയിലധികം വരുന്ന കോശങ്ങള്‍ക്കും വ്യായാമം വേണം. ശരീരത്തിലെ ഒരു കോശം ഒരു മനുഷ്യന്‍തന്നെയാണ്. കോശങ്ങളുടെ മരണംതന്നെയാണ് മനുഷ്യന്റെ മരണവും. 
    വായിക്കുമ്പോള്‍ നമ്മുടെ തലച്ചോറും വ്യായാമത്തിലാണ്. മറന്നുപോയത് ഓര്‍മിക്കുമ്പോഴും അപ്രകാരംതന്നെ. ചുരുക്കത്തില്‍, വായന വഴിയുള്ള മസ്തിഷ്‌കചികിത്സയാണ് ബിബ്ലിയോ തെറാപ്പി - ബൈബിള്‍ എന്നാല്‍  പുസ്തകം എന്നര്‍ത്ഥമാണല്ലോ. കൂടെ ഇതും ഓര്‍ക്കാം: തലച്ചോറ്, ഞരമ്പുകള്‍, കണ്ണിലെ ലെന്‍സ്, പല്ല് എന്നിവയുടെ ആയുസ്സ് മനുഷ്യായുസ്സുതന്നെയാണ്. അതുകൊണ്ട് തലച്ചോറിനു വ്യായാമം കൊടുത്തുകൊണ്ടേയിരിക്കുക, മരിക്കുന്നതുവരെ. 
നിരന്തരം വായിക്കുകയും എഴുതുകയും ചിന്തിക്കുകയും ചെയ്യുന്ന സാഹിത്യപ്രതിഭകള്‍ക്ക് ആയുസ്സുകൂടും. ചരിത്രകാരനായ പ്ലിനി 150 വയസ്സുവരെയും ഭിഷഗ്വരനായ ഗാലന്‍ 140 വയസ്സുവരെയും ഈഡിപ്പസ് രാജാവ് രചിച്ച സോഫോക്ലിസ് 130 വയസ്സുവരെയും ജീവിച്ചു. വി.ആര്‍. കൃഷ്ണയ്യര്‍ നൂറില്‍ എത്തിയശേഷമാണ് മണ്‍മറഞ്ഞത്. എം.കെ. സാനുമാസ്റ്റര്‍ 98-ാം വയസ്സിലും പുസ്തകരചനയിലാണത്രേ! 
ആയൂര്‍വേദ ഭിഷഗ്വരനായ അഗ്നിവേശിനോട് ശിഷ്യന്‍ ചോദിച്ചു: വാക്കുകള്‍ ഔഷധമാണോ? അതേ, ഔഷധമാണ് എന്നായിരുന്നു ഉത്തരം. കേട്ടുകൂടാത്ത വാക്കാം ആയുധം പ്രയോഗിച്ചാല്‍ ഉണ്ടാകുന്ന പുണ്ണ് ഒരിക്കലും ഉണങ്ങുകയില്ലെന്ന് മഹഭാരതം നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ. പുണ്ണിനെ രോഗമെന്നു നാം പറയും. സുഖം നല്കാനും ദുഃഖം നല്കാനും ഭാഷയ്ക്കു കഴിയും, നിഗ്രഹാനുഗ്രഹശക്തിയുമുണ്ട് ഇതിന്. നമുക്കിഷ്ടപ്പെട്ട കഥയോ കവിതയോ യാത്രാവിവരണമോ എന്തുമാകട്ടെ, വായിച്ചുലയിച്ചിരിക്കുമ്പോള്‍ നമ്മുടെ ദുഃഖങ്ങളും ദുരിതങ്ങളും മറക്കുന്നു. മനസ്സിനു നാമറിയാതെ സന്തോഷം കിട്ടുന്നു. മനുഷ്യന് അടിസ്ഥാനപരമായി ആവശ്യമായ വികാരം സന്തോഷമാണ്. അതുകൊണ്ടാണ് കുട്ടികളെ കണ്ടുപഠിക്കാന്‍ ഗുരുക്കന്മാര്‍ ഉപദേശിക്കുന്നത്. നിങ്ങള്‍ കുട്ടികളെപ്പോലെ ആവുക എന്ന് ക്രിസ്തു ഉപദേശിക്കുന്നു. ഭാഗവതം പറയുന്ന 24 ഗുരുക്കന്മാരില്‍ ഒന്നു കുട്ടിയാണ്.
മനസ്സിനെ പിടിച്ചുകെട്ടുകയാണ് ഗ്രന്ഥപാരായണത്തിലൂടെ നാം സാധിക്കുന്നത്. പതഞ്ജലി പറയുന്ന ചിത്തവൃത്തിനിരോധമാണിത്. മനസ്സിനെ പിടിച്ചുകെട്ടുന്നത് വായുവിനെ പിടിച്ചുകെട്ടുന്നതുപോലെയാണെന്ന് ഭഗവദ്ഗീത പറയുന്നു. മനസ്സു പേപിടിച്ച കുരങ്ങനാണെന്നു ശങ്കരാചാര്യരും പറയുന്നുണ്ട്. മനശ്ശാന്തിയില്ലാത്തവന് എവിടെയാണു സുഖം?
ബാലസ്താവത് ക്രീഡാസക്ത, വൃദ്ധസ്താവത് ചിന്താസക്തഃ കുട്ടികള്‍ കളികളില്‍ ഏര്‍പ്പെടും; വൃദ്ധന്മാര്‍ ചിന്തയില്‍ മുഴുകിയിരിക്കും. ഏകാന്തമായ മനസ്സ് ചെകുത്താന്റെ പണിപ്പുരയാണ് എന്നൊരു ചൊല്ലുണ്ട്. നമ്മുടെ ടെന്‍ഷനും മനസ്സിന്റെ കാടുകയറ്റത്തിനും പരിഹാരമാണ് വായന. ഇന്ന് ടെന്‍ഷനില്ലാത്ത ഏതെങ്കിലും മനുഷ്യനുണ്ടോ? ഓരോ നിമിഷവും ഓരോതരം വികാരത്തിന് അടിമയാണ് മിക്കവരും. ഓരോ തരം വികാരത്തിനും ശരീരം ഓരോ തരം ഹോര്‍മോണ്‍ (രാസാഗ്നി) പുറപ്പെടുവിക്കുന്നുണ്ട്. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍ ഹോര്‍മോണ്‍ ഇല്ലെങ്കില്‍ വികാരമില്ല, വികാരമില്ലെങ്കില്‍ ഹോര്‍മോണുമില്ല. (ഡോ. ദീപക് ചോപ്ര). ശരീരത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രത്യക്ഷമായോ പരോക്ഷമായോ നിയന്ത്രിക്കുകയും സഹായിക്കുകയും ചെയ്യുന്ന രാസവസ്തുക്കളാണ് ഹോര്‍മോണുകള്‍. ഭയമുണ്ടാകുമ്പോള്‍ അഡ്രിനല്‍ഗ്രന്ഥി അഡ്രിനാലിന്‍ എന്ന അപകടകാരിയായ ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. ഇതു രക്തത്തില്‍ കലരും. അപകടകാരിയായ മറ്റൊരു ഹോര്‍മോണ്‍ ആണ് കോര്‍ട്ടിസോള്‍. ഇതു മൂര്‍ഖന്‍പാമ്പിന്റെ വിഷംപോലെ അപകടകാരിയാണ്.
   കാന്‍സര്‍ചികിത്സയില്‍പ്പോലും മനശ്ശാന്തി പ്രയോജനപ്പെടുത്താന്‍ ഓങ്കോളജിസ്റ്റുകള്‍ ഇപ്പോള്‍ ഉപദേശിക്കുന്നു. ക്രോധം കാന്‍സറിനു സാധ്യത കൂട്ടുന്നു. സര്‍പ്പങ്ങളുടെ കൂട്ടുകാരനായ വാവ സുരേഷ് പറയുന്നതും ഇതുതന്നെയാണ്. പാമ്പുകടിയേറ്റു പലരും മരിക്കുന്നതു പാമ്പിന്റെ വിഷമേറ്റല്ല, ഭയംമൂലമാണ്.
    സമയം പോകുന്നില്ലാ എന്നാണ് മിക്ക വൃദ്ധരുടെയും പരാതി. പുതിയ തലമുറ ലാപ്‌ടോപ്പിലും ഫേസ്ബുക്കിലും മറ്റുമായി കഴിയുമ്പോള്‍ വൃദ്ധരോട് ഒരു കുശലം പറയാന്‍പോലും ഒരു ചെറുപ്പക്കാരനെ കിട്ടാനില്ല. ഈ സാഹചര്യത്തില്‍ വയോജനങ്ങള്‍ക്കു പറ്റിയ ഒന്നാണു ഗ്രന്ഥപാരായണം. 70 ഉം 80 ഉം കഴിഞ്ഞ ധാരാളം വയോജനങ്ങള്‍ വായനയിലും ഗ്രന്ഥരചനയിലും മുഴുകിയിരിക്കുന്നു. അവര്‍ക്കു സമയം തികയുന്നില്ല എന്നാണു പരാതി. സംസാരമാകുന്ന വിഷവൃക്ഷത്തില്‍ അമൃതിനു സമാനമായ ഇരുഫലങ്ങളുണ്ട്. കാവ്യമാകുന്ന അമൃതം പാനം ചെയ്യലും സജ്ജനങ്ങളുമായുള്ള സമ്പര്‍ക്കവും. 
പെന്‍ഷന്‍ പറ്റിയതിനുശേഷം ചിലര്‍ പെട്ടെന്നു വൃദ്ധരായി മാറുന്നതു നാം കാണുന്നു. തന്നെക്കൊണ്ടു സമൂഹത്തിനു പ്രയോജനമില്ലെന്ന് അവര്‍ ചിന്തിക്കുന്നു. ചിലര്‍ ഈ തോന്നലിനു പിന്നാലെ സ്ഥിരം പോകുന്നു. സേവനവിരാമമരണം എന്നു മനഃശാസ്ത്രജ്ഞര്‍ ഇതിനെ വിശേഷിപ്പിക്കുന്നു. ഭാര്യയുടെ മരണശേഷം വേഗം ഭര്‍ത്താവു മരിക്കുന്നതും ഭര്‍ത്താവിന്റെ മരണശേഷം വേഗം ഭാര്യ മരിക്കുന്നതും നാം കാണുന്നതാണല്ലോ. വിഷാദംതന്നെ കാരണം. 
   മറ്റു കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്നതുവഴി ഏകാന്തതയും നിരാശയും ഇല്ലാതാക്കാം. നിങ്ങള്‍ ഈശ്വരന്റെ സൃഷ്ടിയാണ്. എന്നാല്‍, സന്തോഷം നിങ്ങളുടെ സൃഷ്ടിയാണ്. സന്തുഷ്ടമായ മനസ്സ് സര്‍വവിധരോഗശാന്തിയുടെയും സ്രോതസ്സാകുന്നു (സ്വാമിരാമ).
ഡോ. ദീപക് ചോപ്രയെ വീണ്ടും ഉദ്ധരിക്കട്ടെ: കൂടുതലുപയോഗിക്കുമ്പോള്‍ തേയ്മാനം സംഭവിക്കുന്ന യന്ത്രങ്ങളില്‍നിന്നു വ്യത്യസ്തമായി ഉപയോഗിക്കുന്തോറും കൂടുതല്‍ നന്നാകാനുള്ള കഴിവു മനുഷ്യശരീരത്തിനുണ്ട്. നന്നായി വ്യായാമം ചെയ്യുന്ന ഒരാളുടെ ഭുജത്തിലുള്ള പേശികള്‍ നശിക്കുകയല്ല; ബലവത്താകുകയാണു ചെയ്യുന്നത്. വാര്‍ധക്യം ബാധിക്കാത്ത ഒരു നാട് ഇതാ ഇവിടെത്തന്നെയുണ്ട്. മറ്റൊരിടത്തുമല്ല, നമ്മുടെ മനസ്സില്‍.
  പരീക്ഷാസമയത്തു മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ കാന്‍സറിനെ ചെറുക്കുന്ന ഇന്റര്‍ലൂകിന്‍ എന്ന രാസവസ്തുവിന്റെ ഉത്പാദനം കുറയുന്നുവത്രേ. അതായത്, പരീക്ഷ ജയിക്കുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠ അയാളുടെ ജീനുകളെ നേരിട്ടു ബാധിക്കുന്നു. ചിന്തകള്‍ ഒരു തരം വൈറസുകള്‍ പോലെയാണ്.
മൃഗങ്ങളെ സമ്മര്‍ദത്തിനുവിധേയമാക്കിയാല്‍ അവയ്ക്ക് വളരെ വേഗം വാര്‍ധക്യം ബാധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതു മനുഷ്യനും ബാധകമാണ്. 
  സൃഷ്ടിപരമായ അനുഭവങ്ങള്‍ മസ്തിഷ്‌കത്തിന്റെ ഘടനയെപ്പോലും ശക്തിപ്പെടുത്തും. മനസ്സുകൊണ്ടു കൂടുതല്‍ ജോലി ചെയ്യുന്നത് മസ്തിഷ്‌കത്തിനു ഹാനികരമാണെന്നതു തെറ്റായ ധാരണയാണ്. സൃഷ്ടിപരമായി ചിന്തിക്കുന്ന വേളയില്‍ തലച്ചോറിലേക്കു കൂടുതല്‍ രക്തം പ്രവഹിക്കും (സിഗ്മണ്ട് ഫ്രോയിഡ്). അതുപോലെ സൃഷ്ടികള്‍ വായിക്കുന്നവര്‍ക്കും ഇതിന്റെ പ്രയോജനം കിട്ടും. എന്തിനും സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കുമ്പോള്‍ ഓര്‍മിച്ചെടുക്കേണ്ട ആവശ്യം വരുന്നില്ല. അപ്പോള്‍ തലച്ചോറിന്റെ ഉപയോഗം കുറയുന്നു, മറവിരോഗം വേഗം പിടിപെടുന്നു.
ചുരുക്കത്തില്‍ നാം കുറേ ശ്രദ്ധ കൊടുത്താല്‍ ഡിമെന്‍ഷ്യയെ ഒരുപരിധിവരെ അകറ്റി നിര്‍ത്താം.  

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)