•  11 Sep 2025
  •  ദീപം 58
  •  നാളം 27
ലേഖനം

അത്യുച്ചിയിലെത്തിയ ആത്മീയമുന്നേറ്റം

2025 സെപ്റ്റംബര്‍ 7ന്  വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന വാഴ്ത്തപ്പെട്ട പിയേര്‍ ജോര്‍ജിയോ ഫ്രസാത്തിയുടെ ജീവിതത്തെക്കുറിച്ച്

I

    1901 ഏപ്രില്‍ 6-ാം തീയതി വടക്കേഇറ്റലിയിലെ ടുറിന്‍ നഗരത്തില്‍ അല്‍ഫ്രേദോ-അദ്‌ലെയിദേ ദമ്പതികളുടെ ആദ്യസന്താനമായി പിയേര്‍ ജോര്‍ജിയോ ജനിച്ചു. 1898ലായിരുന്നു അല്‍ഫ്രേദോയുടെയും അദ്‌ലെയിദെ അമേത്തിസിന്റെയും വിവാഹം. പൊള്ളാണെ എന്ന ഗ്രാമത്തില്‍ അമേത്തിസ്‌കുടുംബത്തിനുണ്ടായിരുന്ന ഒരു വലിയ വില്ല അദ്‌ലെയിദെയ്ക്ക്  അവകാശമായി ലഭിച്ചു. ചിത്രങ്ങള്‍ വരയ്ക്കുന്നതില്‍ അദ്‌ലെയ്‌ദെ ചെറുപ്പംമുതലേ സമര്‍ഥയായിരുന്നു. വിവാഹശേഷവും ചിത്രരചന തുടര്‍ന്നുപോന്നു. അതേഗ്രാമത്തില്‍ ഭിഷഗ്വരനായിരുന്ന പിയേത്രോ ഫ്രസാത്തിയുടെ മകനായ അല്‍ഫ്രേദോ താമസിയാതെതന്നെ ടുറിനിലെ ലസ്താംപാ എന്ന ദിനപ്പത്രത്തിന്റെ ഉടമസ്ഥനും ഒരു പൗരപ്രമുഖനുമായിത്തീര്‍ന്നു.
   1913 ല്‍ അന്നത്തെ ഇറ്റാലിയന്‍പ്രധാനമന്ത്രിയായിരുന്ന ജിയോവാനി ജിയോലിത്തി അല്‍ഫ്രേദോ ഫ്രസാത്തിയെ ഇറ്റാലിയന്‍ പാര്‍ലമെന്റില്‍ സെനറ്ററായി നാമനിര്‍ദേശം ചെയ്തു. അദ്ദേഹം അന്ന് ഏറ്റവും ചെറുപ്പക്കാരനായ സെനറ്ററായിരുന്നു.
അദേഹത്തിന്റെ മകനായ പിയേര്‍ ജോര്‍ജിയോയ്ക്ക് ഒരു വയസ്സ് ഇളപ്പത്തില്‍ ലുച്ചിയാനാ എന്ന ഒരു സഹോദരിയുണ്ടായിരുന്നു. 1902ല്‍ ജനിച്ച അവര്‍ 105-ാം വയസ്സിലാണ് നിര്യാതയായത്. 1990 മേയ് 20 ന് റോമില്‍വച്ച് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പിയേര്‍ ജോര്‍ജിയോ ഫ്രസാത്തിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചപ്പോള്‍ ലുച്ചിയാനാ അവിടെ സന്നിഹിതയായിരുന്നു. ലുച്ചിയാനാ എഴുതിയ തന്റെ സഹോദരന്റെ ജീവചരിത്രമാണ് ഈ ലേഖനത്തിനവലംബം.
   ഇരുവരുടെയും സ്‌കൂള്‍പഠനം ഒരുമിച്ചായിരുന്നു. ലുച്ചിയാനാ ഏതെങ്കിലും ഒരു വിഷയത്തിനു തോറ്റാല്‍ പിതാവ് അല്‍ഫ്രേദോ അത്രയധികം വഴക്കു പറഞ്ഞിരുന്നില്ല. എന്നാല്‍, പിയേര്‍ ജോര്‍ജിയോയുടെ കാര്യത്തില്‍ അവനെ വളരെയധികം ശകാരിക്കുകയും 'ഒന്നിനും കൊള്ളാത്തവന്‍' എന്നെല്ലാം ആക്രോശിക്കുകയും ചെയ്തിരുന്നു. ഭാവിയില്‍ ലസ്താംപാ എന്ന തന്റെ ദിനപ്പത്രത്തിന്റെ ചുമതല ഏറ്റെടുക്കേണ്ട തന്റെ മകനാണ് പിയേര്‍ ജോര്‍ജിയോ എന്ന ചിന്ത മാത്രമാണ് അല്‍ഫ്രേദോ ഫ്രസാത്തിയെ നയിച്ചിരുന്നത്. അമ്മയും പിയേര്‍ ജോര്‍ജിയോയുടെ കാര്യത്തില്‍ അസ്വസ്ഥയായിരുന്നു.
പ്രഥമദിവ്യകാരുണ്യ സ്വീകരണം
ഹൈസ്‌കൂള്‍പഠനങ്ങള്‍ ആരംഭിക്കാനുള്ള യോഗ്യത ഇരുവരും നേടി. അവിടെ എമിലിയ ജൂലിയാനോ എന്ന സ്ത്രീ പിയേര്‍ ജോര്‍ജിയോയെയും ലുച്ചിയാനോയെയും 1910 ല്‍ പ്രഥമദിവ്യകാരുണ്യസ്വീകരണത്തിനൊരുക്കി. പിയേര്‍ ജോര്‍ജിയോ പ്രഥമദിവ്യകാരുണ്യസ്വീകരണം വളരെ ഗൗരവത്തോടെയാണു കണ്ടത്. ഈശോയുമായുള്ള ആഴമായ അടുപ്പം തന്റെ സഹോദരനുണ്ടായിരുന്നു എന്നും, താനാകട്ടെ അന്നത്തെ ആഘോഷങ്ങളെയും വിരുന്നിനെയുംപറ്റിയായിരുന്നു ചിന്തിച്ചതെന്നും ലുച്ചിയാന രേഖപ്പെടുത്തിയിട്ടുണ്ട്. പാവങ്ങളെ സഹായിക്കാന്‍ പിയേര്‍ ജോര്‍ജിയോ മാതാപിതാക്കളെ നിര്‍ബന്ധിച്ചിരുന്നു. ഒരു യാചകന്‍ മദ്യപനാണെന്നു കണ്ട് പിതാവ് പറഞ്ഞുവിട്ടിട്ടും പിയേര്‍ ജോര്‍ജിയോ തിരികെ വിളിച്ചുകൊണ്ടുവന്ന് അമ്മയെക്കൊണ്ടു ഭക്ഷണം കൊടുപ്പിച്ച സംഭവം അമ്മതന്നെ വിവരിക്കുന്നുണ്ട്. കുമ്പസാരക്കാരന്റെ അനുവാദത്തോടെ എല്ലാ ദിവസവും വിശുദ്ധകുര്‍ബാന സ്വീകരിക്കുകയും രാത്രിയില്‍ കട്ടിലിനുമുമ്പില്‍ മുട്ടുകുത്തി ജപമാല ചൊല്ലുകയും ചെയ്തിരുന്ന പിയേര്‍ ജോര്‍ജിയോ മാതാപിതാക്കളെ അസ്വസ്ഥനാക്കി. അവന്‍ വൈദികജീവിതം തിരഞ്ഞെടുക്കുമോയെന്ന് അവര്‍ ഭയപ്പെട്ടു. അവന്‍ ആത്മീയനിയന്താവായി സ്വീകരിച്ചിരുന്ന വൈദികനെ കണ്ട് മാതാപിതാക്കള്‍ പരാതിപ്പെടുകപോലും ചെയ്തു. തങ്ങളുടെ മകന്‍ ഒരു 'മതഭ്രാന്ത'നാകുമോ എന്നതായിരുന്നു അവരുടെ ആശങ്ക!
അവധിക്കാലത്ത് പൊള്ളോണെ എന്ന സ്ഥലത്തെ ബംഗ്ലാവില്‍ ചെലവഴിച്ചിരുന്ന പിയേര്‍ ജോര്‍ജിയോ പൂന്തോട്ടത്തിലെ പണിക്കാരനെ സഹായിക്കാന്‍ വളരെ തത്പരനായിരുന്നു. സമീപത്തുള്ള ഒറോപ്പ എന്ന സ്ഥലത്തെ മാതാവിന്റെ തീര്‍ഥാടനകേന്ദ്രത്തിലേക്കു കാല്‍നടയായി പോകാനും മലകള്‍ കയറാനുമെല്ലാം പിയേര്‍ ജോര്‍ജിയോ ഇഷ്ടപ്പെട്ടിരുന്നു. മഞ്ഞുകാലത്ത് സ്‌കീയിങ് നടത്താനും  അവന്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
ഹൈസ്‌കൂള്‍പഠനം ആദ്യപരീക്ഷയില്‍ത്തന്നെ വിജയിച്ച പിയേര്‍ ജോര്‍ജിയോ പോളിടെക്‌നിക്കില്‍ കല്‍ക്കരിഖനനം സംബന്ധിച്ചുള്ള എന്‍ജിനീയറിങ് പഠനത്തിലാണ് ഏര്‍പ്പെട്ടത്. പഠനം പൂര്‍ത്തിയാക്കി അവസാനത്തെ പരീക്ഷയും ജയിച്ചു എന്നറിയുന്ന ദിവസങ്ങളിലാണ് പിയേര്‍ ജോര്‍ജിയോ പോളിയോരോഗം മൂര്‍ച്ഛിച്ച് 1925 ജൂലൈ നാലാം തീയതി മരണമടഞ്ഞത്.
ഒന്നാംലോകമഹായുദ്ധകാലത്ത് (1914-18) ഇറ്റലി ഒരുപക്ഷത്തും ചേരാതെ നിഷ്പക്ഷത പാലിക്കണമെന്ന അഭിപ്രായമാണ് കൗമാരക്കാരനായ പിയേര്‍ ജോര്‍ജിയോയ്ക്കുണ്ടായിരുന്നത്. കത്തോലിക്കാവിദ്യാര്‍ഥിപ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയും അവരുടെ പ്രകടനങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. മുസോളിനിയുടെ 'ബ്‌ളാക് ഷര്‍ട്ട്‌സ്' എന്ന പ്രസ്ഥാനത്തിലെ യുവജനങ്ങളുമായി ഏറ്റുമുട്ടലുകളുണ്ടാവുകയും ചെയ്തിരുന്നു.
സാമൂഹികപ്രവര്‍ത്തനങ്ങള്‍
രാഷ്ട്രീയപ്രവര്‍ത്തനങ്ങളേക്കാള്‍ പാവപ്പെട്ടവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കാനും അവര്‍ക്കു സഹായങ്ങളെത്തിക്കാനുമാണ് പിയേര്‍ ജോര്‍ജിയോ ഇഷ്ടപ്പെട്ടിരുന്നത്. അതിനായി ടുറിനില്‍ വിന്‍സെന്റ് ഡിപോള്‍ സഖ്യത്തില്‍ സജീവപ്രവര്‍ത്തകനായി. ഡൊമിനിക്കന്‍ മൂന്നാം സഭയിലും അംഗമായിരുന്നു. ദിവസവും വിശുദ്ധകുര്‍ബാനയില്‍ പങ്കെടുക്കുകയും അനുദിനം ജപമാല ചൊല്ലുകകയും ചെയ്തിരുന്നു. ഇതിനൊന്നും അനുകൂലമായ അന്തരീക്ഷമല്ലായിരുന്നു അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നത്. ഭക്ഷണമേശയില്‍ പ്രാര്‍ഥന ഇല്ലാതിരുന്നതുകൊണ്ട് പിയേര്‍ ജോര്‍ജിയോ തനിയെ പ്രാര്‍ഥിച്ചിട്ടാണ് ഊണ്‍മുറിയില്‍ കയറിയിരുന്നത്. മാതാപിതാക്കള്‍തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും പിയേര്‍ ജോര്‍ജിയോയ്ക്കു ദുഃഖകാരണമായിരുന്നു.
1920ല്‍ സെനറ്റര്‍ അല്‍ഫ്രേദോ ഫ്രസാത്തി ബര്‍ലിനില്‍ അംബാസിഡറായി നിയമിക്കപ്പെട്ടു. പിയേര്‍ ജോര്‍ജിയോയ്ക്കും ഏതാനും മാസക്കാലം ബര്‍ലിനില്‍ താമസിച്ച് ഉന്നതരുടെ ജീവിതശൈലി ശീലിക്കാന്‍ അവസരമുണ്ടാകുമെന്നാണ് മാതാപിതാക്കള്‍ പ്രതീക്ഷിച്ചത്. എന്നാല്‍, അവിടെയും ടുറിനിലെന്നപോലെ കാത്തലിക്‌യുവജനപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാനും പാവങ്ങളെ സഹായിക്കാനും പിയേര്‍ ജോര്‍ജിയോയ്ക്കു കാറള്‍ സോണല്‍ഷൈന്‍ എന്ന യുവവൈദികന്റെ പിന്തുണ ലഭിച്ചു. ഒരു മിഷനറിവൈദികനാകാന്‍ വീട്ടില്‍നിന്ന് അനുവാദം ലഭിക്കില്ല എന്നതു മനസ്സിലാക്കി ഒരു അല്മായപ്രേഷിതനായി ജീവിക്കാന്‍ പിയേര്‍ ജോര്‍ജിയോയെ ഉപദേശിച്ചത് ഈ ഫാദര്‍ സോണല്‍ ഷൈനാണ്. അദ്ദേഹം വഴി, പിന്നീട് പ്രശസ്ത ദൈവശാസ്ത്രജ്ഞനായിത്തീര്‍ന്ന തന്റെ സമപ്രായക്കാരനായ കാള്‍ റാനറെ പരിചയപ്പെടാന്‍ പിയേര്‍ ജോര്‍ജിയോയ്ക്കു സാധിച്ചു. ഫ്രൈബുര്‍ഗില്‍ ജര്‍മന്‍ഭാഷാപഠനം നടത്തിയപ്പോള്‍ റാനര്‍ കുടുംബത്തില്‍ ഒരംഗമെന്നപോലെ ജീവിച്ചു. എല്ലാവര്‍ക്കും സന്തോഷം പകരുന്ന നിഷ്‌കളങ്കനായ ഒരു യുവാവ് എന്നായിരുന്നു പിയേര്‍ ജോര്‍ജിയോയെപ്പറ്റി റാനര്‍കുടുംബത്തിന്റെ അഭിപ്രായം.
മുസോളിനിയുടെ ഫാസിസത്തോടുള്ള എതിര്‍പ്പുകാരണം അല്‍ഫ്രേദോ ഫ്രസാത്തി അംബാസിഡര്‍സ്ഥാനം രാജിവച്ച് ടുറിനിലേക്കു മടങ്ങി. പിയേര്‍ ജോര്‍ജിയോ പോളിടെക്‌നിക്കിലെ പഠനം തുടരുകയും വിന്‍സെന്റ് ഡി പോള്‍ സഖ്യത്തിലും യുവജനപ്രസ്ഥാനങ്ങളിലും വീണ്ടും സജീവമാകുകയും ചെയ്തു.
സഹോദരിയായ ലുച്ചിയാനാ 1924ല്‍ ഒരു പോളണ്ടുകാരനെ വിവാഹം ചെയ്തു പോയതോടെ വീട്ടില്‍ ഒറ്റപ്പെട്ടവനായിത്തീര്‍ന്ന പിയേര്‍ ജോര്‍ജിയോ മാതാപിതാക്കളെ ധിക്കരിക്കാതെ അവരുടെ ഇഷ്ടങ്ങള്‍ നിറവേറ്റാന്‍ തയ്യാറായി. പഠനം പൂര്‍ത്തിയാക്കി 'ലസ്താംപാ' എന്ന പത്രത്തില്‍ പിതാവിനൊപ്പം പ്രവര്‍ത്തിക്കാനും സമ്മതിച്ചു. എങ്കിലും ലളിതജീവിതവും സാമൂഹികപ്രവര്‍ത്തനവും തുടര്‍ന്നുപോന്നു. സ്വന്തം ഓവര്‍കോട്ടുപോലും തണുപ്പുകാലത്ത് പാവപ്പെട്ടവന് ഊരിക്കൊടുക്കുകയും ട്രെയിനില്‍ മൂന്നാംക്ലാസില്‍ മാത്രം യാത്ര ചെയ്യുകയും ചെയ്ത പിയേര്‍ ജോര്‍ജിയോ ആരുമറിയാതെ ആധ്യാത്മികജീവിതത്തിന്റെ ഉച്ചിയിലേക്കു കയറുകയായിരുന്നു. ട്രെയിനില്‍ എന്തുകൊണ്ടാണ് മൂന്നാം ക്ലാസില്‍ യാത്ര ചെയ്യുന്നതെന്ന ചോദ്യത്തിന് നാലാംക്ലാസ് ഇല്ലാത്തതുകൊണ്ട് എന്ന ഉത്തരമാണ് പിയേര്‍ ജോര്‍ജിയോ നല്കിയിരുന്നത്. അങ്ങനെ മിച്ചംവയ്ക്കുന്ന പണം പാവങ്ങള്‍ക്കു നല്കിയിരുന്നു.


(തുടരും) 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)