•  11 Sep 2025
  •  ദീപം 58
  •  നാളം 27
ലേഖനം

വെസ്റ്റ് ബാങ്ക്, ഗാസ, പിന്നെ ജറുസലെമും

7

    മധ്യപൂര്‍വദേശത്ത് ഇസ്രയേലിന്റെ പ്രത്യാക്രമണങ്ങള്‍ക്കു നിരന്തരം വേദിയാകുന്ന രണ്ടു പ്രദേശങ്ങളാണ് വെസ്റ്റ് ബാങ്കും ഗാസയും. 1947 ല്‍ ഐക്യരാഷ്ട്രസംഘടന പലസ്തീന്‍ വിഭജിച്ച് ഇരട്ടരാഷ്ട്രങ്ങള്‍ക്കു രൂപം കൊടുത്തപ്പോള്‍ ഈ രണ്ടു പ്രദേശങ്ങളെ സ്വതന്ത്രമായി വിട്ടതാണു പ്രശ്‌നമായത്.
    യോര്‍ദാന്‍നദിയുടെ പടിഞ്ഞാറേ തീരഭാഗമാണ് വെസ്റ്റ് ബാങ്ക്. 5000 ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ ഭൂഭാഗത്തെ ജനസംഖ്യ 34 ലക്ഷത്തോളം വരും. ഇരുപത്തേഴരലക്ഷവും പലസ്തീന്‍കാരാണ്. ആറരലക്ഷം ഇസ്രയേല്‍ക്കാരും. 1947 ല്‍ ഇസ്രയേല്‍രാജ്യം സ്ഥാപിച്ചപ്പോള്‍ വെസ്റ്റ് ബാങ്ക് അറബികള്‍ക്കായി നിലനിര്‍ത്തി. 1948 ല്‍ ജോര്‍ദാന്‍രാജാവ് ഇതു കൈവശപ്പെടുത്തി സ്വന്തം രാജ്യത്തിന്റെ ഭാഗമാക്കി. 1967 ലെ ആറുദിനയുദ്ധം കഴിഞ്ഞപ്പോള്‍ വെസ്റ്റ് ബാങ്ക് ഇസ്രയേലിന്റെ കൈവശമായി. പി.എല്‍.ഒ.യുടെ ഗറില്ലാ ആക്രമണങ്ങള്‍ ഇവിടെ പതിവുസംഭവമായി. അതുകൊണ്ട് ഇസ്രയേല്‍ കൂടുതല്‍ യഹൂദകോളനികള്‍ സ്ഥാപിച്ചു. നിരന്തരസംഘര്‍ഷങ്ങളില്‍ പൊറുതിമുട്ടിയ പതിനായിരക്കണക്കിനു ജനങ്ങള്‍ ലബനനിലേക്കും ജോര്‍ദാനിലേക്കും അഭയം തേടിപ്പോയി. 1987 മുതല്‍ ഇസ്രയേല്‍ പലസ്തീന്‍കാരുടെ എതിര്‍പ്പ് കര്‍ശനമായി അടിച്ചമര്‍ത്തുന്നു. ഇപ്പോള്‍ പലസ്തീന്‍ അതോറിറ്റിയാണു ഭരണം നടത്തുന്നത്. ചില ഭാഗങ്ങളില്‍ ഹമാസും അധികാരത്തിലുണ്ട്.
മറ്റൊരു പ്രശ്‌നമേഖലയായ ഗാസ മെഡിറ്ററേനിയന്‍ തീരത്തെ ഒരു മുനമ്പാണ്. ഈജിപ്തും ഇസ്രയേലുമാണ് ഇരുവശവും. 565 ച. കി.മീറ്റര്‍ മാത്രം വിസ്തൃതിയുള്ള  ഈ ഭൂഭാഗം ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷങ്ങള്‍മൂലം ലോകത്തിനുതന്നെ തലവേദനയാണ്. ജനസാന്ദ്രതയേറിയ ഗാസയില്‍ 23 ലക്ഷത്തോളം ജനങ്ങളുണ്ട്. ഇവരില്‍ 80 ശതമാനവും അഭയാര്‍ത്ഥികളാണ്.
   1947 ല്‍ ഈ ഭൂഭാഗം ഐക്യരാഷ്ട്രസഭ അറബികള്‍ക്കായി നീക്കിവച്ചു. ഉടന്‍തന്നെ ഈജിപ്തിന്റെ നിയന്ത്രണത്തിലായി. 1955 ലെ ഇസ്രയേല്‍ സൈനികനടപടിയില്‍ കുറെ ഈജിപ്തുകാര്‍ കൊല്ലപ്പെട്ടു. 1956 ലെ യുദ്ധത്തില്‍ ഇസ്രയേല്‍ ഗാസ പിടിച്ചെടുത്തു. എങ്കിലും പിറ്റേവര്‍ഷംതന്നെ ഈജിപ്തിനു തിരികെക്കൊടുത്തു. തീവ്രവാദികളുടെ താവളമായി മാറിയ ഗാസ എന്നും ഇസ്രയേലിനു ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. 1967 ലെ ആറുദിന യുദ്ധത്തില്‍ വീണ്ടും ഇസ്രയേല്‍ ഗാസ പിടിച്ചെടുത്തു. 1993 ലെ ഓസ്‌ലോ ഉടമ്പടിയോടെ ഗാസയും പലസ്തീന്‍ഭരണത്തിലായി. 2007 ല്‍ ഫത്താഗവണ്മെന്റില്‍ നിന്ന് ഹമാസ് അധികാരം പിടിച്ചെടുത്തു.
   പിന്നീട് നിരന്തരമായ അവഗണനയ്ക്കു വിധേയമായ ഗാസയില്‍ തീവ്രവാദം മാത്രമാണു കൊഴുത്തത്. ജനങ്ങള്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയുംകൊണ്ടു വലഞ്ഞു. ഹമാസിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു മനുഷ്യകവചമാകാനായിരുന്നു ഗാസയുടെ വിധി.
ജറുസലേമാണു മറ്റൊരു സംഘര്‍ഷഭൂമി. യഹൂദരുടെ പ്രാചീനദൈവാലയത്തിന്റെ സാന്നിധ്യംകൊണ്ട് അവര്‍ ഈ നഗരത്തെ പുണ്യഭൂമിയായി കരുതുന്നു. ഓരോ യഹൂദനും ഈ നഗരത്തോട് ഒരു വൈകാരികബന്ധമുണ്ട്. 
   മുസ്ലീങ്ങള്‍ക്കും ജറുസലെം പുണ്യനഗരംതന്നെ. പ്രവാചകന്‍ മുഹമ്മദുനബി സ്വര്‍ഗാരോഹണം ചെയ്തത് ജറുസലെമില്‍നിന്നാണെന്ന് അവര്‍ വിശ്വസിക്കുന്നു. 
   യേശുവിന്റെ കുരിശുമരണവും ഉത്ഥാനവും നടന്ന സ്ഥലം എന്ന നിലയില്‍ ക്രൈസ്തവര്‍ക്കും ജറുസലെം ഒരു വിശുദ്ധ നഗരംതന്നെ. ബൈബിളിലെ പരാമര്‍ശങ്ങള്‍ അനുസരിച്ച് ബി.സി. 1000 ല്‍ ദാവീദുരാജാവു ജറുസലേം തന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും നഗരം പണിതുയര്‍ത്തുകയും ചെയ്തു. ദാവീദിന്റെ പുത്രന്‍ സോളമനാണു ജറുസലേം ദൈവാലയം പണി ചെയ്തത്. അതുമുതല്‍ ഇസ്രയേല്‍ക്കാരുടെ ഏറ്റവും പ്രധാന ആരാധനാകേന്ദ്രമായി ജറുസലേം മാറി. എല്ലാവര്‍ഷവും ജറുസലേം ദേവാലയത്തിലെത്തി പെസഹാ ആചരിക്കുന്നത് ഓരോ യഹൂദന്റെയും സുപ്രധാന വിശുദ്ധകര്‍മ്മമായി കരുതപ്പെട്ടു. എ.ഡി. 70 ല്‍ ജറുസലേംദേവാലയവും നഗരവും തകര്‍ക്കപ്പെട്ടതോടെ ഇതിനെല്ലാം വിരാമമായി. 
   എ.ഡി. 70 ല്‍ ടൈറ്റസ് ബാക്കിവച്ചത് ജറുസലേം ദേവാലയത്തിന്റെ വന്‍ചുറ്റുമതിലിന്റെ പടിഞ്ഞാറേഭാഗം മാത്രമാണ്. അന്നുമുതല്‍ യഹൂദര്‍ അവിടെയെത്തി മതിലില്‍ തലമുട്ടിച്ചുകൊണ്ടു കരഞ്ഞു പ്രാര്‍ഥിക്കുകയും ദേവാലയത്തിന്റെയും നഗരത്തിന്റെയും പുനര്‍നിര്‍മാണത്തിനുവേണ്ടിയുള്ള പ്രാര്‍ഥനകള്‍ തുണ്ടുകടലാസുകളിലെഴുതി മതിലിന്റെ വിടവുകളില്‍ തിരുകിവയ്ക്കുകയും ചെയ്തു വരുന്നു. യഹൂദറബ്ബിമാര്‍ അവിടെയിരുന്ന് മുടങ്ങാതെ വിശുദ്ധലിഖിതങ്ങള്‍ വായിക്കുന്നതും കാണാം. ഇക്കാരണങ്ങളാലാവാം ഈ മതിലിനു വിലാപമതില്‍ എന്നു പേരുവന്നത്. 
    ഇവിടെയുമുണ്ട് മുസ്ലീങ്ങളുടെ അവകാശവാദം. ഈ മതിലില്‍നിന്നാണത്രേ മുഹമ്മദു നബി അള്ളാഹുവിന്റെ സമീപത്തേക്കു യാത്ര പുറപ്പെട്ടത്. 
1947 ല്‍ ഐക്യരാഷ്ട്രസഭ ഇസ്രയേല്‍ രൂപീകരണം പ്രഖ്യാപിച്ചപ്പോള്‍ ജറുസലേം നഗരത്തെ, അതിന്റെ യഹൂദ, ക്രൈസ്തവ, മുസ്ലീം അവകാശവാദങ്ങള്‍ കണക്കിലെടുത്ത്, ഐക്യരാഷ്ട്രസഭയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒരു അന്താരാഷ്ട്രനഗരമായി നിലനിര്‍ത്തുകയാണു ചെയ്തത്. 1948 ലെ യുദ്ധത്തിനുശേഷം പടിഞ്ഞാറന്‍ ജറുസലേം ഇസ്രയേലിന്റെ നിയന്ത്രണത്തിലായി. വിലാപമതില്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ജറുസലേം ജോര്‍ദാന്റെ കൈവശവുമായി. 1967 ലെ ആറുദിനയുദ്ധത്തില്‍ കിഴക്കന്‍ ജറുസലംകൂടി പിടിച്ചെടുത്ത ഇസ്രയേല്‍ ആ ഭാഗത്തെക്കൂടി പടിഞ്ഞാറന്‍ ഭാഗത്തോടുകൂട്ടിച്ചേര്‍ത്തു. 1980 ല്‍ പ്രത്യേക നിയമനിര്‍മ്മാണം വഴി ഇസ്രയേല്‍ ജറുസലേമിനെ തങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിച്ചു. എന്നാല്‍, അമേരിക്കയൊഴികെ മറ്റു രാജ്യങ്ങളൊന്നും ഈ നീക്കത്തിന് അംഗീകാരം നല്കിയില്ല. ഇസ്രയേലിന്റെ അധീനതയില്‍ ജറുസലേംനഗരം, അതിന്റെ ത്രിമുഖവിശുദ്ധപദവിക്കു യാതൊരു കോട്ടവും തട്ടാതെ ഇന്നും സംരക്ഷിക്കപ്പെടുന്നു.

(തുടരും)

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)