•  6 Nov 2025
  •  ദീപം 58
  •  നാളം 35
ലേഖനം

മനുഷ്യസ്‌നേഹത്തിന്റെ പടപ്പാട്ടുകാരന്‍

  • യശഃശരീരനായ വയലാര്‍ രാമവര്‍മ്മ അന്തരിച്ചിട്ട് ഒക്‌ടോബര്‍ 27 ന് അമ്പതുവര്‍ഷം
നശ്വരഗാനങ്ങള്‍കൊണ്ട് മലയാളത്തെ പുളകമണിയിച്ച കവി വയലാര്‍ രാമവര്‍മ്മ അന്തരിച്ചിട്ട് ഒക്‌ടോബര്‍ 27 ന് അമ്പതുവര്‍ഷം. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഇന്നും തലമുറകളെ പ്രചോദിപ്പിക്കുന്നു. ആലപ്പുഴയിലെ വയലാര്‍ ഗ്രാമത്തില്‍ ജനിച്ച രാമവര്‍മ്മ ഒരു ഉന്നതകുടുംബത്തില്‍നിന്നാണ് വന്നതെങ്കിലും സാധാരണക്കാരുടെ കവിയായി, മണ്ണിന്റെ മണമുള്ള കവിതകളും ഗാനങ്ങളുകൊണ്ട് മലയാളത്തെ ധന്യമാക്കി. വിപ്ലവകരമായ ആദര്‍ശങ്ങളും, മാനവികദര്‍ശനങ്ങളും മലയാളിക്കു കവിതകളും ഗാനങ്ങളുമായി പകര്‍ന്നുനല്‍കിയ സാഹിത്യരംഗത്തെ ഇന്ദ്രജാലക്കാരനായിരുന്നു അദ്ദേഹം. സിനിമയ്ക്കായി രണ്ടായിരത്തിലേറെ ഗാനങ്ങളും, നിരവധി നാടകഗാനങ്ങളും അദ്ദേഹം മലയാളത്തിനു സമ്മാനിച്ചു.
   സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ രാമവര്‍മ്മ  കവിതകള്‍ രചിച്ചിരുന്നു. 'സര്‍ഗസംഗീതം', 'മുളങ്കാട്', 'പാദമുദ്രകള്‍', 'ആയിഷ', 'എനിക്കു മരണമില്ല' തുടങ്ങിയ പ്രശസ്ത കൃതികളും കെപിഎസിക്കുവേണ്ടി രചിച്ച അനേകം നാടകഗാനങ്ങളും  ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ രചനകള്‍ മാനവികതയെയും പ്രണയസങ്കല്പങ്ങളെയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നു. 'നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും' സ്‌നേഹിക്കാത്ത കവി.
    ഇടതുപക്ഷരാഷ്ട്രീയം അദ്ദേഹത്തെ സ്വാധീനിച്ചിരുന്നുവെങ്കിലും അതിനെക്കാള്‍  ഉയര്‍ത്തിപ്പിടിച്ചതു മാനവികതയായിരുന്നു. മനുഷ്യനന്മയിലും മനുഷ്യസ്‌നേഹത്തിലും അദ്ദേഹം ഉറച്ചുവിശ്വസിച്ചു. കലയിലൂടെ സാമൂഹികപരിവര്‍ത്തനത്തിനായി അദ്ദേഹം നിലകൊണ്ടു. 
സംഗീതസംവിധായകന്‍ ജി. ദേവരാജനുമായുള്ള അദ്ദേഹത്തിന്റെ ചങ്ങാത്തം മലയാള ചലച്ചിത്രസംഗീതത്തിന്റെ സുവര്‍ണ്ണകാലഘട്ടമായിരുന്നു. ആ ഗാനങ്ങള്‍ ഇന്നും മലയാളിഹൃദയങ്ങളില്‍ കാലാതീതമായ ക്ലാസിക്കുകളായി നിലകൊള്ളുന്നു.  കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, മികച്ച ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ എന്നിവയ്ക്കു പുറമേ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് പലതവണ നേടി.
    വയലാര്‍ തന്റെ കവിതകളിലൂടെ മനുഷ്യമനസ്സിന്റെ എല്ലാ ഭാവതലങ്ങളിലേക്കും നമ്മെ  കൂട്ടിക്കൊണ്ടുപോകുന്നു. വയ ലാറിന്റെ കവിതകള്‍ കേവലം വികാരപ്രകടനങ്ങള്‍ മാത്രമായിരുന്നില്ല. വികാരത്തിനും വിചാരത്തിനും അതില്‍ ഒരുപോലെ പ്രാധാന്യമുണ്ടായിരുന്നു.
1975 ഒക്ടോബര്‍ 27 ന് ആ  തൂലിക ചലനമറ്റെങ്കിലും ആ ഗാനങ്ങള്‍ നമ്മുടെ ഉള്ളിന്റെ ഉള്ളിലെ അനന്തതയെ സ്പര്‍ശിക്കുന്ന സംഗീതമായി നിരന്തരം പൂവിടര്‍ത്തുന്നു. അത് ആത്മാവിന്റെ സംഗീതമാണ്. അതിന് ഒരിക്കലും മരണമില്ല.
    ഈ മനോഹരതീരത്ത് ഇനിയൊരു ജന്മം കൂടി ജീവിക്കാന്‍ ആര്‍ക്കെങ്കിലും ഭാഗ്യം ലഭിക്കുകയാണെങ്കില്‍ കവിത കൊണ്ടും, ഗാനങ്ങള്‍ കൊണ്ടും മനുഷ്യഹൃദയങ്ങളില്‍ അശ്വമേധം നടത്തിയ ഒരേയൊരു വയലാര്‍ ആവണേ എന്നാവും ഓരോ മലയാളിയുടെയും പ്രാര്‍ത്ഥന.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)