•  11 Sep 2025
  •  ദീപം 58
  •  നാളം 27
ലേഖനം

യുദ്ധങ്ങള്‍ അവസാനിക്കുന്നില്ല

    അധികാരത്തിലേറിയാല്‍ മണിക്കൂറുകള്‍ക്കകം ഗാസയിലെയും യുക്രെയ്‌നിലെയും യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ തനിക്കാവുമെന്ന യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ജലരേഖയായി മാറിയതിനു ലോകം സാക്ഷിയായിരിക്കുന്നു.
ഹമാസ് ഭീകരരുമായുള്ള ഇസ്രയേലിന്റെ ഏറ്റുമുട്ടല്‍ ആരംഭിച്ചിട്ട് ഈ മാസം 7-ാം തീയതി 23 മാസം പൂര്‍ത്തിയായി. യുക്രെയ്ന്‍യുദ്ധം തുടങ്ങിയിട്ട് ഈ മാസം 24-ാം തീയതി 43 മാസം പൂര്‍ത്തിയാകും.
    ഗാസയിലെ യുദ്ധം ഒരു ഭീകരപ്രസ്ഥാനവുമായിട്ടാണെങ്കില്‍ യുക്രെയ്ന്‍ യുദ്ധം രണ്ടു പരമാധികാരരാഷ്ട്രങ്ങള്‍ തമ്മിലാണെന്ന വ്യത്യാസമുണ്ട്. ഹമാസ് പോരാളികളെ  നിശേഷം ഉന്മൂലനംചെയ്യാനുള്ള പോരാട്ടം  വര്‍ഷങ്ങള്‍ നീണ്ടേക്കാമെന്ന് ഇസ്രയേല്‍പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈനികനടപടി തുടങ്ങുമ്പോള്‍ സൂചിപ്പിച്ചിരുന്നത് ഓര്‍മിക്കുന്നു. നെതന്യാഹുവിന്റെ മുന്നറിയിപ്പ് വിസ്മരിച്ചിട്ടാകും ഡൊണാള്‍ഡ് ട്രംപ് വീമ്പിളക്കിയതെന്നു നിരീക്ഷിക്കുന്നവരുണ്ട്.
    ഗാസാനഗരം പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍മന്ത്രിസഭയുടെ തീരുമാനത്തിനു പിന്നാലെ കരയുദ്ധം തുടങ്ങി. പകല്‍ കരയുദ്ധവും, രാത്രി പുലരുംവരെ തുടരുന്ന കനത്ത ബോംബിങ്ങും ഭയന്ന് 10 ലക്ഷം ജനസംഖ്യയുള്ള ഗാസാനഗരത്തില്‍നിന്നു പതിനായിരങ്ങള്‍ പലായനം ചെയ്യുകയാണ്. നഗരം പിടിച്ചെടുത്തശേഷം ഗാസാമുനമ്പു മുഴുവന്‍ കൈവശപ്പെടുത്താനാണ് നെതന്യാഹു ലക്ഷ്യമിടുന്നത്. ഗാസാമുനമ്പിനെ ഒരു ആഗോളവിനോദസഞ്ചാരകേന്ദ്രമാക്കുമെന്നു പറഞ്ഞുവച്ച ട്രംപിന്റെ പ്രഖ്യാപനവും നെതന്യാഹുവിനു പിന്‍ബലമേകിയിട്ടുണ്ട്. ഒരു 'വിശാല ഇസ്രയേല്‍' സ്ഥാപിക്കുകയെന്ന യഹൂദസ്വപ്നമാണ് നെതന്യാഹുവിന്റെ മനസ്സിലുള്ളത്. വിശുദ്ധഗ്രന്ഥത്തിലെ  വചനഭാഗങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടാകാം. ഈജിപ്തിന്റെ കിഴക്കന്‍പ്രദേശങ്ങള്‍, സൗദി അറേബ്യയുടെ വടക്കുഭാഗങ്ങള്‍, ജോര്‍ദാന്‍, സിറിയ, ലബേനാന്‍ തുടങ്ങി യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറന്‍പ്രദേശങ്ങള്‍ എന്നിവ നെതന്യാഹുവിന്റെ ഭാവനയിലുള്ള 'വിശാല ഇസ്രയേലി'ന്റെ ഭാഗമാകും.
പൂര്‍വപിതാവായ അബ്രാഹത്തിനും അദ്ദേഹത്തിന്റെ സന്തതികള്‍ക്കും എന്നേക്കുമായി നല്കുമെന്നു കര്‍ത്താവായ ദൈവം അരുള്‍ചെയ്ത കാനാന്‍ എന്ന വാഗ്ദത്തഭൂമിയെക്കുറിച്ച് വിശുദ്ധഗ്രന്ഥത്തില്‍ പലയാവൃത്തിയാണു രേഖപ്പെടുത്തിയിട്ടുള്ളത്. കാനാന്‍ദേശത്തിന്റെ അതിര്‍ത്തികള്‍ നിശ്ചയിച്ചുകൊണ്ടു രേഖപ്പെടുത്തപ്പെട്ടിട്ടുള്ള മൂന്നു വചനഭാഗങ്ങള്‍ മാത്രം ഇവിടെ സൂചിപ്പിക്കുന്നു. 
   അന്നു കര്‍ത്താവ് എബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: ''നിന്റെ സന്താനപരമ്പരയ്ക്ക് ഈ നാടു ഞാന്‍ തന്നിരിക്കുന്നു. ഈജിപ്ത്‌നദിമുതല്‍ മഹാനദിയായ യൂഫ്രട്ടീസ്‌വരെയുള്ള സ്ഥലങ്ങള്‍'' (ഉത്പത്തി 15:18).
   ''നിന്റെ അതിര്‍ത്തികള്‍ ചെങ്കടല്‍മുതല്‍ ഫിലിസ്ത്യാ ക്കടല്‍വരെയും മരുഭൂമി മുതല്‍ യൂഫ്രട്ടീസ് നദിവരെയുമായി ഞാന്‍ നിശ്ചയിക്കും. തീരദേശവാസികളെ ഞാന്‍ നിന്റെ കൈയിലേല്പിക്കും. നീ അവരെ നിന്റെ മുന്‍പില്‍ നിന്നു തുരത്തണം'' (പുറപ്പാട് 23:31).
''മോശയോടു വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങള്‍ കാലുകുത്തുന്ന ദേശമെല്ലാം ഞാന്‍ നിങ്ങള്‍ക്കു തരും. തെക്കുവടക്കു മരുഭൂമി മുതല്‍ ലബനോന്‍വരെയും കിഴക്കുപടിഞ്ഞാറ് യൂഫ്രട്ടീസ് മഹാനദിയും ഹിത്യരുടെ എല്ലാ ദേശങ്ങളുമടക്കം മഹാസമുദ്രംവരെയും നിങ്ങളുടേതായിരിക്കും. നിന്റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെ എന്നപോലെ നിന്നോടുകൂടെയും ഉണ്ടായിരിക്കും'' (ജോഷ്വ 1:3-5).
   വാഗ്ദത്തനാടിനെക്കുറിച്ചുള്ള കര്‍ത്താവിന്റെ അരുളപ്പാടുകള്‍ കേട്ടുപോലും പരിചയമില്ലാത്ത അറബ്‌രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്ക് 'വിശാല ഇസ്രയേല്‍' എന്ന ആശയത്തെ എങ്ങനെ ഉള്‍ക്കൊള്ളാനാകും? അറബ്‌ലീഗിലെയും മറ്റ് ഇസ്ലാമികസംഘടനകളിലെയും അംഗങ്ങളായ 31 അറബ്‌രാജ്യങ്ങള്‍ സംയുക്തയോഗം ചേര്‍ന്ന് നെതന്യാഹുവിന്റെ 'വിശാല ഇസ്രയേല്‍' ആശയത്തെ നിശിതമായി വിമര്‍ശിച്ച് പ്രസ്താവന ഇറക്കിക്കഴിഞ്ഞു. ഇതു പ്രാവര്‍ത്തികമായാല്‍ അറബ്‌രാജ്യങ്ങളുടെ സുരക്ഷയെയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്നതാണെന്നും ഗള്‍ഫ്‌മേഖലയിലും ലോകമാകെയും സമാധാനത്തിനു ഭീഷണിയാകുമെന്നും അറബ്‌രാഷ്ട്രത്തലവന്മാര്‍ പറയുന്നു. വെസ്റ്റുബാങ്കിലും ഗാസയിലും ജൂതകുടിയേറ്റം വ്യാപിപ്പിക്കാനുള്ള നെതന്യാഹുവിന്റെ നടപടികള്‍ പലസ്തീനികള്‍ക്ക് ഒരു സ്വതന്ത്രരാജ്യം സ്ഥാപിക്കുന്നതിനു വിഘാതമാകുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
   ''ലോകത്തിലെ സ്വാതന്ത്ര്യസ്‌നേഹികളുടെ ഹൃദയത്തുടിപ്പാണ് പലസ്തീന്‍''. അല്‍ജസീറ ചാനലിലെ റിപ്പോര്‍ട്ടറായിരുന്ന അനസ് അല്‍ ഷറീഫ് ഗാസയില്‍ കൊല്ലപ്പെടുന്നതിനുമുമ്പ് സ്വന്തം രക്തത്തിലെഴുതിയ വാക്കുകളാണിവ. മണിക്കൂറില്‍ ഒരു കുട്ടിവീതം കൊല്ലപ്പെടുന്ന ഗാസയിലെ ജനങ്ങളുടെ ദുരിതം വിവരണാതീതമാണെന്നും അനസ് കുറിച്ചുവച്ചു. ആവശ്യത്തിനു ഭക്ഷണം കിട്ടാത്തതിനാല്‍ കാലിത്തീറ്റ തിന്നാണു വിശപ്പടക്കുന്നതത്രേ! ആവശ്യത്തിനുള്ള ഭക്ഷണം ലഭ്യമാക്കുന്നില്ലെങ്കില്‍ ഒരു ലക്ഷം കുട്ടികളെങ്കിലും വരുംദിവസങ്ങളില്‍ മരിച്ചുവീഴുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 'ഗാസ ഒരു കശാപ്പുശാല' യായി മാറിക്കഴിഞ്ഞുവെന്നും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. 4,36,000 വീടുകള്‍ വാസയോഗ്യമല്ലാതായി. 3,77,000 പേരെ കാണാതായി എന്നും റിപ്പോര്‍ട്ടുകളുണ്ട്.
   ഇതിനിടെ, 60 ദിവസത്തെ വെടിനിര്‍ത്തലിന് ഹമാസ് സമ്മതിച്ചതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. ആയുധങ്ങള്‍ വച്ചു കീഴടങ്ങണമെന്നും ജീവനോടെ ശേഷിക്കുന്ന ബന്ദികളെ മുഴുവന്‍ വിട്ടയയ്ക്കണമെന്നുമുള്ള ഇസ്രയേലിന്റെ ആവശ്യം  ഹമാസ് അംഗീകരിച്ചുവെന്നാണു പറയപ്പെടുന്നത്. കീഴടങ്ങുന്നതിനുപകരം ആയുധങ്ങള്‍ ഉപേക്ഷിക്കാനും യു എന്‍ മേല്‍നോട്ടത്തിലുള്ള അറബ്‌സേനയെ വിന്യസിക്കാനും ഹമാസ് നേതൃത്വം സമ്മതിച്ചുവത്രേ! ഗാസയിലെ പലസ്തീനികളെ ദക്ഷിണ സുഡാനിലേക്കു മാറ്റിപ്പാര്‍പ്പിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടുവെന്നു പുറത്തുവന്ന വാര്‍ത്തകള്‍ക്കു സ്ഥിരീകരണമായിട്ടില്ല. പലസ്തീനികളെ അവര്‍ ജനിച്ചുവളര്‍ന്ന ഭൂമിയില്‍നിന്നും മാറ്റിപ്പാര്‍പ്പിക്കുന്നതിനെതിരെയും അറബ്‌രാജ്യങ്ങള്‍ പ്രതികരിച്ചുകഴിഞ്ഞു. 
   ഗാസയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകള്‍വഴി പലസ്തീന്‍ജനതയ്ക്കു സഹായം നല്കുന്നതിന് അമേരിക്കന്‍ മെത്രാന്‍സമിതി രംഗത്തുവന്നത് ആശ്വാസകരമായ വാര്‍ത്തയാണ്. ഗാസയിലേക്കു മാനുഷികസഹായം സുരക്ഷിതമായി എത്തിക്കണമെന്നും സാധാരണക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്നും ലെയോ പതിന്നാലാമന്‍ മാര്‍പാപ്പ അഭ്യര്‍ഥിച്ചു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കാനും ജറുസലെമിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് തിയോഫിലോസ് മൂന്നാമനും ജറുസലെമിലെ കര്‍ദിനാള്‍ പിയര്‍ ബാറ്റിസ്റ്റ പിസബല്ലയും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഗാസയില്‍നിന്ന് ഒഴിഞ്ഞുപോകാന്‍ അവിടത്തെ ഓര്‍ത്തഡോക്‌സ് ഇടവകയിലെ ക്രൈസ്തവവിശ്വാസികളോടും, പ്രദേശത്തുള്ള സമര്‍പ്പിതരോടും ആവശ്യപ്പെട്ടതില്‍ ആശങ്കയുണ്ടെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ പറഞ്ഞു. 'നരകത്തിന്റെ വാതില്‍' തുറക്കുമെന്ന ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്‌സിന്റെ പ്രഖ്യാപനം ദാരുണമായ അവസ്ഥയില്‍ എത്തിക്കുമെന്നും സഭാപിതാക്കന്മാര്‍ അഭിപ്രായപ്പെട്ടു.
   അതേസമയം, ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്കിടയില്‍ ഹമാസ് തട്ടിക്കൊണ്ടുപോയിരുന്ന രണ്ട് ഇസ്രേലിപൗരന്മാരുടെ പഴകിയ മൃതദേഹങ്ങള്‍ ഇസ്രയേല്‍സൈന്യം കണ്ടെടുത്തതായി വാര്‍ത്തയുണ്ട്. അവയിലൊന്ന് ഇലാന്‍ വീസ് എന്ന 56 കാരന്റേതാണെന്ന് ഫൊറെന്‍സിക് പരിശോധനകളില്‍ സ്ഥിരീകരിച്ചു. 2023 ഒക്‌ടോബര്‍ 7-ന് ഹമാസ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വീസിന്റെ മൃതശരീരം ഗാസയിലേക്കു കടത്തിയതാകാമെന്ന് കരുതപ്പെടുന്നു.
   ഇസ്രയേലിനുനേരെ സ്ഥിരമായി മിസൈലാക്രമണം നടത്തിവന്ന യെമനിലെ ഹൂതികളുടെ പ്രധാനനേതാക്കളെല്ലാം ഇസ്രയേല്‍ നടത്തിയ മിസൈലാക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയാണ് ഏറ്റവും പുതിയത്. ഹൂതി വിമതരുടെ പ്രധാനമന്ത്രി അഹ്‌മദ് അല്‍ റഹാവി, പ്രതിരോധമന്ത്രി മുഹമ്മദ് നാസര്‍ അല്‍ അഹാരി, സര്‍വസൈന്യാധിപന്‍ മുഹമ്മദ് അല്‍ ഗമാരി എന്നിവര്‍ വധിക്കപ്പെട്ടവരില്‍ പ്രമുഖരാണ്. യെമന്‍ തലസ്ഥാനമായ സനായില്‍നിന്ന് 2,560 കിലോമീറ്റര്‍ അകലെയുള്ള ഇസ്രയേലിലേക്കാണ് ഹൂതികള്‍ മിസൈല്‍വര്‍ഷം നടത്തിയിരുന്നത്.
ട്രംപ്-പുടിന്‍ ഉച്ചകോടി
   സമാധാനശ്രമങ്ങളുടെ ഭാഗമായി റഷ്യന്‍ പ്രസിഡന്റു വ്‌ളാഡിമിര്‍ പുടിനെ അലാസ്‌കയിലെ ആങ്കറിജിലെത്തിക്കാന്‍ ട്രംപിനു കഴിഞ്ഞെങ്കിലും വെടിനിര്‍ത്തലിനു തയ്യാറാകാതെയായിരുന്നു പുടിന്റെ മോസ്‌കോയിലേക്കുള്ള മടക്കം. റഷ്യയ്ക്കുപിന്നില്‍ യൂറോപ്പിലെ ഏറ്റവും വലിയ രാജ്യമായ യുക്രെയ്‌ന്റെ 20 ശതമാനം ഭൂമിയും (1,20,000 ച.കി.മീ) റഷ്യന്‍ അധിനിവേശത്തിലായിക്കഴിഞ്ഞു. ക്രേമിയ, ഡൊണെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക്, ഖാര്‍ക്കീവ്, ഖെര്‍സണ്‍, സാപൊറീഷ്യ തുടങ്ങിയ പ്രവിശ്യകള്‍ റഷ്യയോടു ചേര്‍ക്കണമെന്ന പുടിന്റെ നിര്‍ബന്ധബുദ്ധി യാതൊരു കാരണവശാലും അനുവദിച്ചുകൊടുക്കുകയില്ലെന്ന സെലെന്‍സ്‌കിയുടെ പിടിവാശിയാണ് ഏറ്റവും വലിയ കീറാമുട്ടി. ഇവയില്‍ ഖെര്‍സനും സാപൊറീഷ്യയും തിരികെനല്‍കിക്കൊണ്ടുള്ള ഒരു ധാരണയ്ക്ക് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, 2024 ഓഗസ്റ്റില്‍ യുക്രെയ്ന്‍ റഷ്യയില്‍നിന്നും പിടിച്ചെടുത്ത കുര്‍ക്ക്‌സ്‌മേഖല ഈ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റഷ്യ തിരിച്ചുപിടിച്ചത് യുക്രെയ്‌ന് വലിയ തിരിച്ചടിയായി. 
  കുര്‍സ്‌ക് റഷ്യയുമായി വില പേശുന്നതിനുള്ള സെലെന്‍സ്‌കിയുടെ അവസാന പിടിവള്ളിയായിരുന്നു.
അലാസ്‌കയിലെ ചര്‍ച്ചകളില്‍ തന്നെ പങ്കെടുപ്പിക്കാത്തതില്‍ പരിഭവപ്പെടാതിരുന്ന സെലെന്‍സ്‌കി, വാഷിങ്ടണിലെത്തി ട്രംപും യൂറോപ്യന്‍നേതാക്കളുമായി ചര്‍ച്ച നടത്തിയതു ശ്രദ്ധേയമായി. ''യുദ്ധം മതിയാക്കാന്‍ സമയമായി. നടപടികളുണ്ടാകേണ്ടത് റഷ്യയുടെ ഭാഗത്തുനിന്നാണ്. അമേരിക്കയില്‍ ഞങ്ങള്‍ വിശ്വാസമര്‍പ്പിക്കുകയാണ്'' സെലെന്‍സ്‌കി പറഞ്ഞു.
ബില്‍ ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലംമുതല്‍ റഷ്യയുടെ ഭരണാധികാരിയായി തുടരുന്ന പുടിന്റെ അനുഭവസമ്പത്തിനെക്കുറിച്ച് ഉച്ചകോടിയ്ക്കിടെ ട്രംപ് പുകഴ്ത്തി സംസാരിച്ചിരുന്നു. 2019 നുശേഷം ആദ്യമായാണ് രണ്ടു വന്‍ശക്തിരാഷ്ട്രങ്ങളുടെയും തലവന്മാര്‍ നേരിട്ടു കാണുന്നത്.
   ഇക്കഴിഞ്ഞ 24-ാം തീയതി രാജ്യത്തിന്റെ 35-ാമത് സ്വാതന്ത്ര്യദിനമാഘോഷിച്ച അവസരത്തില്‍ സെലെന്‍സ്‌കിയെ ആശംസകളറിയിച്ചുകൊണ്ട് ട്രംപ് ഇപ്രകാരം പറഞ്ഞു: ''കടുത്ത പ്രതിസന്ധിഘട്ടങ്ങളിലും താങ്കളും യുക്രെയ്ന്‍ ജനതയും പ്രകടിപ്പിക്കുന്ന ധൈര്യം ലോകത്തിനു പ്രചോദനമാണ്. ബുദ്ധിശൂന്യമായി തുടരുന്ന കൊലപാതകങ്ങള്‍ ഇനിയും അനുവദിച്ചുകൂടാ. റഷ്യന്‍പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുള്ള താങ്കളുടെ കൂടിക്കാഴ്ചയില്‍ ശാശ്വതമായ സമാധാനം പുലരട്ടെയെന്നാണ് എന്റെ പ്രാര്‍ഥന.'' യു കെ യിലെ ചാള്‍സ് മൂന്നാമന്‍ രാജാവും, ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും, ജര്‍മനിയുടെ ചാന്‍സലര്‍ ഫ്രഡറിക് മെര്‍സും, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗും, തുര്‍ക്കി പ്രസിഡന്റ് റസിപ് എര്‍ദോഗനുമുള്‍പ്പെടെയുള്ള ലോകനേതാക്കളും സെലെന്‍സ്‌കിക്ക് സ്വാതന്ത്ര്യദിനാശംസകളറിയിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ട്രംപിന്റെ യുക്രെയ്ന്‍ കാര്യപ്രതിനിധി  കീത്ത് കെല്ലോഗ് എന്നിവര്‍ നേരിട്ടെത്തിയാണ് സെലെന്‍സ്‌കിയെ ആശംസകളറിയിച്ചത്.
   സ്വാതന്ത്ര്യത്തലേന്നു രാത്രി, റഷ്യന്‍ ഊര്‍ജ്ജമേഖലയുമായി ബന്ധപ്പെട്ട പല കേന്ദ്രങ്ങളിലും യുക്രെയ്ന്‍ ഡ്രോണാക്രമണമുണ്ടായി. റേഡിയേഷന്‍ തോത് ഉയര്‍ന്നിട്ടില്ലെന്നും തീ നിയന്ത്രണവിധേയമാക്കിയെന്നും റഷ്യന്‍വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ചട്ടങ്ങളുടെ ലംഘനമാണിത്.
   പുടിനുമായുള്ള സെലെന്‍സ്‌കിയുടെ ചര്‍ച്ചകള്‍ക്ക് അമേരിക്കന്‍നേതൃത്വം സമ്മര്‍ദം ചെലുത്തുന്നതിനിടെയുള്ള ആക്രമണം ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. എന്നാല്‍, യുക്രെയ്‌ന്റെ ഊര്‍ജസംവിധാനങ്ങളെയെല്ലാം തകര്‍ത്ത് ചൂടും വെളിച്ചവും ഇല്ലാതാക്കുന്ന ശത്രുവിന്റെ ഊര്‍ജസ്രോതസ്സുകളെല്ലാം കത്തുകയാണെന്ന് സെലെന്‍സ്‌കിയുടെ സ്വാതന്ത്ര്യദിനസന്ദേശത്തില്‍ വെളിപ്പെടുത്തി. ''യുദ്ധത്തില്‍ ജയിക്കാന്‍ യുക്രെയ്‌നു കഴിഞ്ഞിട്ടില്ലെങ്കിലും ഇതുവരെ തോറ്റിട്ടില്ല'' ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ സെലെന്‍സ്‌കി പറഞ്ഞു.
   യുദ്ധം അവസാനിപ്പിക്കണമെന്നു ആഗ്രഹമുണ്ടെന്നു പറയുകയും, യുദ്ധം തുടരുകയും ചെയ്യുന്നത് വിരോധാഭാസമാണെന്ന വിമര്‍ശനമുണ്ട്. 
യുക്രെയ്‌ന്റെ ആക്രമണത്തിന്റെ ചുട്ട മറുപടിയെന്നോണം തലസ്ഥാനമായ കീവില്‍ 600 ലേറെ ഡ്രോണുകളും 31 മിസൈലുകളും വര്‍ഷിച്ചാണ് റഷ്യ പ്രത്യാക്രമണം അഴിച്ചുവിട്ടത്. യൂറോപ്യന്‍ യൂണിയന്റെയും ബ്രിട്ടീഷ് കൗണ്‍സിലിന്റെയും ഓഫീസുകള്‍ക്കും, അസര്‍ബൈജാന്റെയും തുര്‍ക്കി യുടെയും എംബസി മന്ദിരങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. അനേകം പാര്‍പ്പിടസമുച്ചയങ്ങള്‍ തകര്‍ന്നു. നാലു പിഞ്ചുകുട്ടികളുള്‍പ്പെടെ 23 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. 2022 ല്‍ യുദ്ധം തുടങ്ങിയശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണിതെന്നു പറയപ്പെടുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ പുടിനു താത്പര്യമില്ലെന്നാണ് ആക്രമണം തെളിയിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഭയാനകമായ ആക്രമണമാണ് കീവ് നേരിട്ടതെന്നു യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ ചൂണ്ടിക്കാട്ടി.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)