ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടനകേന്ദ്രമാണ് ലൂര്‍ദ്. മേയ് മുതല്‍ സെപ്റ്റംബര്‍വരെയുള്ള മാസങ്ങളിലാണു തീര്‍ഥാടകരുടെ തിരക്ക്. ശൈത്യമേറുന്ന ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തിരക്ക് അത്രതന്നെ അനുഭവപ്പെടാറില്ല.
മഞ്ഞുറഞ്ഞുനില്ക്കുന്ന ഡിസംബറിലെ ഒരു രാത്രി (1986). തികച്ചും വിജനമായ മണിക്കൂറില്‍ തനിച്ചെത്തി മാതാവിനോടു യാത്രപറഞ്ഞു മടങ്ങുവാന്‍വേണ്ടിയാണ് അന്നു ഞാന്‍ ഗ്രോട്ടോയിലെത്തിയത്. അരണ്ട വെളിച്ചത്തില്‍ അടുത്തടുത്തുചെന്നപ്പോള്‍ അവിടെ പാറക്കെട്ടില്‍ ഒരു സ്ത്രീരൂപം മുഖമമര്‍ത്തിവച്ചു മൗനമായി പ്രാര്‍ഥിക്കുന്നതു കണ്ടു. ശല്യമാകേണ്ടെന്നു കരുതി ഞാന്‍ മാറിനിന്നു. അവസാനം അവള്‍ പിരിഞ്ഞുപോയപ്പോള്‍ പ്രാര്‍ഥിക്കാനായി ഞാനും അങ്ങോട്ടു നീങ്ങി. അവള്‍ മുഖം അമര്‍ത്തിനിന്ന ശിലാതലത്തില്‍ ജലകണങ്ങള്‍! അത് അവളുടെ കണ്ണുകളില്‍നിന്നുതിര്‍ന്നുവീണതാവണം. എന്തുകൊണ്ടോ ആ പാവം കരളുരുകി കരയുകയായിരുന്നിരിക്കണം. അവളുടെ കണ്ണുനീര്‍ പാറ ഏറ്റുവാങ്ങി പരിശുദ്ധകന്യകയ്ക്കു പാദകാണിക്കയായി സമര്‍പ്പിക്കുകയായിരുന്നു...
ദുഃഖിതരുടെ ആശ്വാസമാണ് മറിയം. മനുഷ്യന്റെ ദുഃഖമെന്താണെന്ന്, മനോവേദനയുടെ ആഴമെന്തുമാത്രമുണ്ടെന്നു മറ്റാരെയുംകാള്‍ കൂടുതല്‍ മനസ്സിലാക്കിയവളാണു മറിയം. അരുമസുതന്റെ പീഡാനുഭവങ്ങള്‍ അടുത്തുനിന്നുകൊണ്ടുതന്നെ അനുഭവിച്ചറിഞ്ഞവള്‍-ആ മര്‍ദനങ്ങള്‍ സ്വന്തം ശരീരത്തില്‍ ഏറ്റുവാങ്ങുന്നതുപോലെ അവള്‍ക്കു തോന്നിയിട്ടുണ്ടാവണം. ഇരുമ്പാണികളില്‍ തൂങ്ങിനിന്നുകൊണ്ടു പിടഞ്ഞുപിടഞ്ഞുമരിക്കുന്ന മകന്റെ അടുത്തുനിന്നവളാണ് വ്യാകുലമാതാവായി മാറിയത്. യേശു മരിച്ചിട്ടും ആ വേദന അവസാനിച്ചില്ല. മൃതദേഹത്തോടു ചേര്‍ന്ന്, ഹൃദയം തകര്‍ന്നുനിന്നവളുടെ മനോവേദന വര്‍ണനാതീതമാണ്.
ആ നൊമ്പരങ്ങളുടെ അമ്മയ്ക്കു മനുഷ്യമക്കളുടെ സങ്കടങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകില്ല. അതുകൊണ്ടുതന്നെയാണ് ജീവിതവേദനയില്‍ നൊന്തുനീറുന്നവരെല്ലാം അവിടെ ലൂര്‍ദില്‍ മറിയത്തിന്റെ തിരുസാന്നിധ്യത്തില്‍ അടുത്തുകൂടുന്നത്.
അന്തരിച്ചുപോയ കെ.സി. ചാക്കോ ലൂര്‍ദ് സന്ദര്‍ശിച്ചശേഷം പറഞ്ഞ വാക്കുകളോര്‍ക്കുന്നു: 'മനുഷ്യന്റെ ദുഃഖങ്ങള്‍ സ്വരുക്കൂടുന്ന സ്ഥലം ലൂര്‍ദുപോലെ ലോകത്തില്‍ വേറെയില്ല.' ആ പ്രസ്താവന പൂര്‍ണമായും ശരിയാണെന്നു ലൂര്‍ദിലെത്തുന്ന ഓരോ വ്യക്തിക്കും വ്യക്തമാകും.
അനുദിനം എത്രയോ പീഡിതര്‍ അവിടെ എത്തിച്ചേരുന്നു. വൈദ്യശാസ്ത്രം കൈവെടിഞ്ഞവര്‍, പഴുത്തവര്‍, പുഴുത്തവര്‍, കണ്ണില്ലാത്തവര്‍, കാലില്ലാത്തവര്‍, കണ്ണുനീര്‍ തോരാത്തവര്‍, ആരോരുമില്ലാത്തവര്‍, ആര്‍ക്കുംവേണ്ടാത്തവര്‍... അവരെല്ലാം അവിടെ ഒത്തുകൂടുന്നു- ആശ്വാസത്തിനായി!
1993 ജൂലൈ നാലാം തീയതിയിലെ ഒരു സംഭവം ഓര്‍മവരുന്നു. വേനല്‍ക്കാലമായതിനാല്‍ ധാരാളം സന്ദര്‍ശകര്‍ കൂട്ടംകൂടി നില്ക്കുന്ന വേള. ഒരു 'ഭ്രാന്തന്‍' ജനമധ്യേ നിന്നുകൊണ്ട് ദീര്‍ഘനേരം എന്തൊക്കെയോ വിളിച്ചുപറയുന്നു-അമ്മയോട് ആവലാതി പറയുന്ന മകനെപ്പോലെ! ഭ്രാന്തുമൂലമാണോ, മാനസികവിഭ്രാന്തി മൂലമാണോ, അടക്കാനാവാത്ത ദുഃഖം മൂലമാണോ അവന്‍ അങ്ങനെയൊക്കെ വിളിച്ചുപറഞ്ഞത്? ആള്‍ ഭ്രാന്തനല്ല എന്നാണ് അടുത്തുനിന്നവര്‍ പറഞ്ഞുകേട്ടത്.
ഗ്രോട്ടോയുടെ മുന്‍ഭാഗത്തു മുകളില്‍ ഊന്നുവടികള്‍, ക്രെച്ചസുകള്‍ മുതലായവ തൂക്കിയിട്ടിരിക്കുന്നതു കാണാം. 'അതൊക്കെ ഭക്തരുടെ സമ്മാനങ്ങളാ'ണെന്നായിരുന്നു ഒരു സന്നദ്ധസേവികയുടെ വിശദീകരണം.
'ഈ പൊട്ടിപ്പൊളിഞ്ഞ ഊന്നുവടികളും താങ്ങികളുമാണോ മാതാവിനു കൊടുത്ത സമ്മാനം?'
'ഊന്നുവടികളിലും ഉന്തുവണ്ടികളിലുമൊക്കെയാണ് അവര്‍ ഇവിടെ എത്തിച്ചേര്‍ന്നത്. അവരുടെ അവശതകള്‍ അമ്മ ഏറ്റെടുത്തപ്പോള്‍ അവയൊക്കെ അവര്‍ അമ്മയ്ക്കു സമ്മാനമായി കൊടുത്തിട്ടുപോയി.'
നമ്മുടെ സ്വര്‍ഗീയമാതാവാണ് മറിയം. ഒരമ്മയ്ക്ക് അതിന്റെ കുഞ്ഞിനെ മറക്കാന്‍ കഴിയുമോ? (ഏശയ്യാ. 49:15)കഴിയുകയില്ല. കാരണം, ആ സ്‌നേഹത്തിന്റെ ഉറവിടം 'ഒരിക്കലും അസ്തമിക്കാത്ത ഒരു സ്‌നേഹ'ത്തില്‍നിന്നാണ്-ദൈവികസ്‌നേഹത്തില്‍നിന്ന്.
പട്ടിണികിടന്നു മാംസരക്തങ്ങള്‍ വരെ വറ്റി ഉണങ്ങിയ പൊരുന്നപ്പിടയ്ക്കു വിശപ്പില്ലേ? നിശ്ചയമായും ഉണ്ട്. എങ്കിലും, തീറ്റി കണ്ടെത്തുമ്പോള്‍ അതെന്താണു ചെയ്യുക? കുഞ്ഞുങ്ങളെ വിളിക്കുന്നു. ചിക്കിച്ചികഞ്ഞ് അത് അവറ്റകള്‍ക്കു കൊത്തിയിട്ടുകൊടുക്കുന്നു! ഉണ്ണികള്‍ വളരട്ടെ! അതിരുകളില്ലാത്ത മാതൃസ്‌നേഹത്തിന്റെ അത്യുദാത്തഭാവമാണ് അവിടെ പ്രകടമാവുക.
ആത്മകഥയില്‍ (നവമാലിക) വി. ചെറുപുഷ്പത്തിന്റെ ഒരു ഓര്‍മക്കുറിപ്പ് ശ്രദ്ധേയമാണ്: രോഗിണിയായ ചെറുപുഷ്പം പുറത്തേക്ക് പൂന്തോട്ടത്തിലേക്ക് ഇറങ്ങിയതേ കാണുന്നത് കുഞ്ഞുങ്ങളെ ചിറകിന്‍കീഴാക്കുന്ന പിടക്കോഴിയെയാണ്. അവിടെ അവള്‍ ദൈവികസ്‌നേഹത്തിന്റെ സ്‌നിഗ്ധഭംഗി കണ്ടു-ഒപ്പം, 'യറുശലമേ, യറുശലമേ, പിടക്കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്‍കീഴാക്കുന്നതുപോലെ..?' എന്നു വിലപിച്ച യേശുവിന്റെ ചിത്രവും. പിന്നെ, അവള്‍ക്ക് അവിടെ നില്ക്കാനായില്ല. അവള്‍ അകത്തുപോയിരുന്നു വിതുമ്പിക്കരഞ്ഞു...
മാതൃസ്‌നേഹത്തിന്റെ മൂര്‍ത്തീഭാവമാണ് നമുക്കായി നല്കപ്പെട്ട മറിയം. അവളെ നമുക്ക് അമ്മയായി നല്കാന്‍വേണ്ടിത്തന്നെയാണ് യേശു ഒരുക്കിക്കൊണ്ടുവന്നത്-മാറ്റിനിറുത്തിയത്.
വി. യൗസേപ്പ് എത്രകാലം ജീവിച്ചു? നമുക്കറിഞ്ഞുകൂടാ. മറിയത്തിന്റെയും യേശുവിന്റെയും സല്‍പ്പേരു കാത്തുസൂക്ഷിക്കുമാറാകണം, അതായിരുന്നു വി. യൗസേപ്പിനെ സംബന്ധിച്ച ദൈവനിശ്ചയം. ആ ഘട്ടം കഴിഞ്ഞപ്പോള്‍ ആ മനുഷ്യന്‍ തിരികെവിളിക്കപ്പെട്ടു.
പക്ഷേ, മറിയത്തെ ചുറ്റിപ്പറ്റിയുള്ള ദൈവികനിശ്ചയം തികച്ചും വ്യത്യസ്തമായിരുന്നു. അവള്‍ അവസാനംവരെ എല്ലാം ഏറ്റുവാങ്ങി സഹിച്ചുനില്ക്കണം. അവളെ മനുഷ്യകുലത്തിന് അമ്മയായി, സമ്മാനമായി നല്കണം. അതിനുവേണ്ടിയാണ് അന്തിമനിമിഷങ്ങളില്‍ യേശു അവളെ കുരിശിന്‍ചുവട്ടില്‍ കൊണ്ടുവരുന്നത്. യേശു മരിച്ചിട്ടും മറിയം മരിക്കരുതെന്നു ദൈവം തീരുമാനിച്ചു. അവള്‍ തുടര്‍ന്നും ജീവിക്കണം-സഭയുടെയും സഭാതനയരുടെയും മാതാവായി, ഉറപ്പുള്ള സങ്കേതമായി.
നമ്മുടെ ആത്മാവിന്റെ നോവും വേവും മറിയത്തിലര്‍പ്പിക്കാന്‍ കഴിയണം. അവിടെ ഭരമേല്പിച്ചിട്ടു പോയാല്‍ നാം പരാജയം കാണുകയില്ല. നമുക്കു നന്മയായിട്ടുള്ളതു മറിയം സാധിച്ചുതരും.
പ്രതിവര്‍ഷം ഏതാണ്ട് അമ്പതുലക്ഷത്തോളം പേര് ലൂര്‍ദില്‍ എത്തിച്ചേരാറുണ്ടെന്നാണു കണക്ക്. അതില്‍ വളരെ ചുരുക്കം ചിലരേ സുഖം പ്രാപിച്ച് തിരിച്ചുപോകുന്നുള്ളൂ. സ്ഥലത്തെ നീരുറവയില്‍നിന്ന് ഇതിനകം 67 അദ്ഭുതരോഗശാന്തികളേ അവിടുത്തെ ഔദ്യോഗികമെഡിക്കല്‍ ബ്യൂറോ അംഗീകരിച്ചിട്ടുള്ളൂ - അതുകൂടാതെ വേറെ കുറെ സുഖപ്രാപ്തികളും. എങ്കിലും, എന്തോ ചിലതു ലഭിച്ചുവെന്ന കൃതാര്‍ത്ഥതയോടെയാണ് എത്തിച്ചേരുന്നവരെല്ലാം അവിടം വിട്ടുപോരുക. സഹിക്കാനുള്ള ശക്തിയെങ്കിലും സമ്പാദിച്ച് തികഞ്ഞ സംതൃപ്തിയോടെ അവരൊക്കെ മടങ്ങിപ്പോകുന്നു.