ഒരു കുട്ടിക്കു നല്കാവുന്ന ഏറ്റവും വലിയ സന്തോഷവും സമ്മാനവും എന്താണ്? സര്‍ഗാത്മകമായ ആനന്ദത്തിന്റെ വഴിയിലേക്കു സഞ്ചരിക്കാനുള്ള വെളിച്ചമായി എപ്പോഴും ഒരു ഗുരുസാന്നിധ്യമുണ്ടാവുക എന്നതാണ്. ലക്ഷ്യം കൃത്യമായി ഉറപ്പിക്കപ്പെട്ട മനസ്സോടുകൂടിയ ഒരു വിദ്യാര്‍ഥിയെ രൂപപ്പെടുത്തുകയാണ് അധ്യാപകധര്‍മങ്ങളില്‍ ഏറ്റവും പ്രധാനം. ഇപ്രകാരം സജ്ജമാക്കപ്പെട്ട മനസ്സിലേക്കു കടന്നുകയറാനിടയുള്ള ആസുരഭാവനകളെയും ചിന്തകളെയും നിഗ്രഹിക്കാനുള്ള ആത്മബലം തന്നിലൂടെ പകരാനുള്ള ആന്തരികശക്തിയാണ് അധ്യാപകന്റെ മൂലധനങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. ഗുരുവിനെ ബ്രഹ്‌മാവായും വിഷ്ണുവായും മഹേശ്വരനായും ഭാരതീയര്‍ സങ്കല്പിച്ചാരാധിച്ചതിന്റെ സാരവും ഇതുതന്നെയല്ലേ? അറിവിന്റെയും ഉന്നതമായ സ്വപ്നങ്ങളുടെയും പുതിയൊരു ലോകം സൃഷ്ടിച്ച് വിദ്യാര്‍ഥിക്കു സമ്മാനിക്കാനും അവയ്ക്കു വിഘാതമായേക്കാവുന്ന ദൗര്‍ബല്യങ്ങളെ അവന്റെ വ്യക്തിത്വത്തില്‍നിന്നു നീക്കം ചെയ്യാനും അങ്ങനെ അധ്യയനത്തിന്റെയും ജീവിതത്തിന്റെയും തലങ്ങളില്‍ അവനെ സുരക്ഷിതമായി നിലനിര്‍ത്താനുമുള്ള സൃഷ്ടിസ്ഥിതിസംഹാരങ്ങളുടെ ത്രിവിധ ദൗത്യമാണ് നല്ല ഒരു അധ്യാപകന്റെ ജീവിതം. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഗുരുശിഷ്യബന്ധങ്ങള്‍ക്കു മാത്രമേ ക്ലാസ്മുറിക്കു പുറത്തും ആയുസ്സുണ്ടാകൂ.
സ്വന്തം സ്‌കൂളിനെക്കുറിച്ച് പത്തു വാക്യങ്ങള്‍ എഴുതാന്‍ ആവശ്യപ്പെട്ട അധ്യാപകന്റെ മുന്നില്‍ കഷ്ടിച്ച് അഞ്ചു വാക്യങ്ങള്‍ മാത്രം എഴുതി തലകുനിച്ചുനിന്ന ഒരു വിദ്യാര്‍ഥിയെ ഓര്‍മവരുന്നു. പത്തുവാക്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ബാക്കി കുട്ടികള്‍ക്കിടയില്‍ ഒറ്റയായിപ്പോയ ഒരുവന്‍. സ്‌കൂളിനു ചുറ്റുമുള്ള പലതരം വൃക്ഷങ്ങളെക്കുറിച്ചും പൂച്ചെടികളെക്കുറിച്ചും അവയില്‍ നിത്യവും വിരുന്നവരാറുള്ള പക്ഷികളെക്കുറിച്ചും സുന്ദരമായ ഈ കാഴ്ചകള്‍ക്കിടയിലിരുന്നു പഠിക്കുന്നതിന്റെ സന്തോഷത്തെക്കുറിച്ചുമായിരുന്നു അഞ്ചുവരികളില്‍ അവന്‍ കുറിച്ചത്. ആ വരികളില്‍ ഒരെഴുത്തുകാരനെ തിരിച്ചറിയാന്‍ ആലപ്പുഴ സനാതനധര്‍മവിദ്യാലയത്തിലെ വി.എസ്. താണുഅയ്യര്‍ എന്ന അധ്യാപകനു സാധിച്ചു. വീണ്ടുമെഴുതന്‍ പ്രേരിപ്പിച്ചു. വളരണം എന്ന ആഗ്രഹത്തോടെ മാത്രം തിരുത്തി. അഞ്ചുവാക്യങ്ങളില്‍ ആത്മദര്‍ശനത്തിന്റെ ലളിതസൗന്ദര്യം പകര്‍ന്ന ഈ ബാലനായിരുന്നു പില്‍ക്കാലത്ത് മലയാളത്തിലെ നിരൂപകശ്രേഷ്ഠനായി മാറിയ കെ.പി. അപ്പന്‍.
ഹോളിവുഡ് നടനായ റോബിന്‍ വില്യംസ് പ്രധാനവേഷത്തിലഭിനയിച്ച 'ഡെഡ് പോയെറ്റ് സൊസൈറ്റി' എന്നൊരു സിനിമയുണ്ട്. കര്‍ക്കശവും പരമ്പരാഗതവുമായ പഠനരീതികള്‍ പിന്തുടരുന്ന 'വെല്‍ട്ടണ്‍ അക്കാദമി'യിലെ ഇംഗ്ലീഷ് അധ്യാപകനായി എത്തുന്ന ജോണ്‍ കീറ്റങ് എന്ന കഥാപാത്രത്തെയാണ് അദ്ദേഹമവതരിപ്പിച്ചത്. കവിതയെഴുതാന്‍ താത്പര്യമുള്ളവരെ കണ്ടെത്തി അയാള്‍ തുടരെ കവിതകളെഴുതിച്ചു. അവര്‍ക്കുവേണ്ടി സാഹിത്യവേദികള്‍ സംഘടിപ്പിച്ചു. അഭിനയവാസനയുള്ള വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് ഷേക്‌സ്പിയറുടെ 'മിഡ് സമ്മര്‍നൈറ്റ് ഡ്രീംസ്' പോലുള്ള നാടകങ്ങള്‍ അരങ്ങിലെത്തിച്ചു. 'കാര്‍പ് ഡെയിം' എന്ന ലത്തീന്‍പദം അയാള്‍ തന്റെ വിദ്യാര്‍ഥികളെ പറഞ്ഞുപഠിപ്പിക്കുന്നു. 'ജീവിതം ഏറ്റവും ലളിതസുന്ദരവും സാധാരണവുമാക്കുക' എന്നാണതിന്റെ അര്‍ഥം. എല്ലാവരും കാണുന്നതില്‍നിന്നു വ്യത്യസ്തമായി വേണം നാം ചുറ്റുമുള്ള ലോകത്തെ നിരീക്ഷിക്കേണ്ടത് എന്ന ആശയം പഠിക്കാന്‍ അയാള്‍ കുട്ടികളെ ഡസ്‌കില്‍ കയറ്റിനിര്‍ത്തി പരിസരങ്ങളിലേക്കു നോക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.
ഭയത്തിന്റെയും സങ്കോചത്തിന്റെയും പുറന്തോടുകളില്‍നിന്നു പുറത്തുവന്ന കുട്ടികള്‍ തങ്ങളുടെ ഉള്ളിലെ സാധ്യതകള്‍ തിരിച്ചറിയുമ്പോള്‍ 'കീഴ്‌വഴക്കങ്ങള്‍ക്കു' വിരുദ്ധമായ പലതും സംഭവിക്കുന്നതില്‍ ചിലര്‍ അസ്വസ്ഥരാകുന്നു. വിദ്യാര്‍ഥികള്‍ക്കുവേണ്ടി എന്തെങ്കിലും ക്രിയാത്മകമായി ചെയ്യാന്‍ താത്പര്യമോ ശേഷിയോ ഇല്ലാത്ത ഒരു കൂട്ടര്‍ അയാള്‍ക്കെതിരേ പടയൊരുക്കം നടത്തുന്നതും അയാള്‍ പുറത്താക്കപ്പെടുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. 'ഓ ക്യാപ്റ്റന്‍ മൈ ക്യാപ്റ്റന്‍' എന്ന് തന്നെ അഭിസംബോധന ചെയ്യാനാണ് അയാള്‍ വിദ്യാര്‍ഥികളെ ശീലിപ്പിച്ചിരുന്നത്. എബ്രാഹം ലിങ്കണെക്കുറിച്ച് വാള്‍ട്ട് വിറ്റ്മാന്‍ എഴുതിയ കവിതയിലെ അഭിസംബോധനയാണിത്. അവസാനമായി വിദ്യാര്‍ഥികളോടു യാത്ര പറയാന്‍ ചെല്ലുമ്പോള്‍ മുഴുവന്‍ വിദ്യാര്‍ഥികളും ഡസ്‌കില്‍ കയറിനിന്ന് 'ഓ ക്യാപ്റ്റന്‍! മൈ ക്യാപ്റ്റന്‍' എന്ന് നിറകണ്ണുകളോടെ ഏകസ്വരത്തില്‍ വിളിക്കുന്നിടത്താണ് 'ഡെഡ് പോയറ്റ്‌സ് സൊസൈറ്റി' അവസാനിക്കുന്നത്. താന്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് രൂപീകരിച്ചതും വര്‍ഷങ്ങള്‍ക്കുശേഷം തന്റെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി രൂപീകരിച്ചതുമായ സാഹിത്യവേദിയുടെ പേരായിരുന്നു 'ഡെഡ് പോയറ്റ്‌സ് സൊസൈറ്റി.' മകനെ ഡോക്ടറാക്കാനുള്ള മാതാപിതാതാക്കളുടെ പിടിവാശിയില്‍ ജീവിതമൊടുക്കുന്ന ഒരു വിദ്യാര്‍ഥിയെയും ഈ സിനിമയില്‍ കാണാം.
വിജ്ഞാനം മാത്രമല്ല ജ്ഞാനത്തിന്റെയും ധാര്‍മികമൂല്യങ്ങളുടെയും വെളിച്ചംകൂടി ക്ലാസുമുറികള്‍ക്കപ്പുറത്തേക്കു പ്രസരിപ്പിക്കുവാനും സമൂഹത്തെ ഗുണപരമായി സ്വാധീനിക്കാനും അധ്യാപകര്‍ക്കു കഴിയേണ്ടതുണ്ട്. മഹാഗുരുക്കന്മാരുടെയെല്ലാം ജീവിതം പകരുന്ന സന്ദേശമിതാണ്. പുസ്തകജ്ഞാനത്തിനൊപ്പം ആഴമേറിയ ആത്മീയതയില്‍നിന്നുരുത്തിരിയുന്ന ആത്മബലംകൂടി ഉണ്ടാകുമ്പോള്‍ മാത്രമാണ് ഈ സ്വാധീനശക്തി ഫലപ്രാപ്തിയിലെത്തുന്നത്. 'അവിടുത്തെ ദര്‍ശിച്ച മാത്രയില്‍ എന്റെ ഹൃദയത്തിനൊരു മാറ്റമുണ്ടായി' എന്ന് ശ്രീനാരായണഗുരുവിനെ ആദ്യമായി സന്ദര്‍ശിച്ച രവീന്ദ്രനാഥടാഗോര്‍ പറഞ്ഞതിന്റെ പൊരുളും ഇതുതന്നെയാണ്.