നൂറ്റാണ്ടുകളായി ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ കിരാതമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി മൃതപ്രായരായ ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്പ് ഈ ആധുനികകാലഘട്ടത്തില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. 1800കളില്‍ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയെ കൈപ്പിടിയിലമര്‍ത്തുമ്പോള്‍ ചാതുര്‍വര്‍ണ്യത്തിന്റെ അതിരുകളില്‍പ്പോലുംപെടാത്ത മനുഷ്യക്കോലങ്ങളുടെ അതിദയനീയമായ അതിജീവനത്തിന്റെയും പകപോക്കലുകളുടെയും മൃഗതുല്യമായ ജീവിതത്തിന്റെയും നേര്‍ക്കാഴ്ചയായിരുന്നു ഇന്ത്യ.
അറിവില്ലായ്മയുടെയും സാംസ്‌കാരികശൂന്യതയുടെയും നടുക്കടലില്‍ നട്ടംതിരിഞ്ഞ് ആയുസ്സൊടുങ്ങാന്‍ വിധിക്കപ്പെട്ടവര്‍. ആരുടെയും ശ്രദ്ധയില്‍പ്പെടാന്‍ മാത്രം ഒന്നുമില്ലാത്തവര്‍! ദിനരാത്രങ്ങളുടെ ദിനചര്യകളില്‍ ശൂന്യവത്കരിക്കപ്പെടുന്നവര്‍.
പിന്നെ എങ്ങനെ ഇവര്‍ പുറംലോകത്തിന്റെ മുന്നില്‍വന്നു? ക്രൈസ്തവസഭയുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് അറിയപ്പെടാത്ത ഈ ജനസമൂഹത്തെ ലോകമറിഞ്ഞത്.
ദൈവത്തിന്റെയും അവന്റെ രാജ്യത്തിന്റെയും രഹസ്യങ്ങള്‍ സമൂഹത്തെ അറിയിക്കാനും. കേള്‍വിക്കാരെ മാനസാന്തരത്തിലേക്കും ജീവിതപരിവര്‍ത്തനത്തിലേക്കും നയിക്കാനും. ദൈവരാജ്യപ്രവര്‍ത്തനത്തിന് മനുഷ്യരെ ഒരുക്കാനും സഭ മുന്നിട്ടിറങ്ങി.
പിന്നീടത് സുവിശേഷപ്രഘോഷണമായി മാറി. വിശപ്പു മാറാന്‍ ഭക്ഷണം കൊടുത്തു. രോഗം മാറാന്‍ മരുന്നു കൊടുത്തു. നഗ്നത മറയ്ക്കാന്‍ വസ്ത്രം കൊടുത്തു. അന്തിയുറങ്ങാന്‍ പാര്‍പ്പിടം കൊടുത്തു. അറിവുണ്ടാകാന്‍ വിദ്യാഭ്യാസം കൊടുത്തു. സര്‍വോപരി, സ്‌നേഹവും കരുണയുമുണ്ടാകാന്‍ സുവിശേഷം പകര്‍ന്നുകൊടുത്തു. അങ്ങനെ അവര്‍ പുറംലോകത്തെ ദര്‍ശിച്ചു.
എന്നാല്‍, ഇന്ന് ഇതൊക്കെ എന്തിനാണു കൊടുത്തതെന്ന ചോദ്യമുയര്‍ത്തുകയാണു ചിലര്‍.
കത്തോലിക്കാസഭ ദളിത്‌ക്രൈസ്തവര്‍ക്ക് ആവുംവിധം കരുതല്‍ പങ്കുവയ്ക്കുമ്പോള്‍ 'സവര്‍ണ' കാഴ്ചപ്പാടോടെയാണ് പലരും സഭയെ നോക്കിക്കാണുന്നത്. സഭയില്‍ സവര്‍ണരായ ആളുകളുണ്ടായിരിക്കാം. പക്ഷേ, സഭയ്ക്ക് സവര്‍ണമനോഭാവമില്ല. സഭ യേശുക്രിസ്തുവില്‍ കേന്ദ്രീകൃതമാണ്. സഭ ഏതു പീഡനവും സഹിക്കുന്നു. മനുഷ്യരാണ് സഭയുടെ സ്വത്ത്. മനുഷ്യത്വമാണ് പ്രവര്‍ത്തനം. സ്‌നേഹമാണു വഴി. ഈശോയാണ് ലക്ഷ്യം.
അകറ്റിനിര്‍ത്തപ്പെടേണ്ട ഒരു സമൂഹമാണ്, ദളിത്‌സമൂഹം എന്നു തെറ്റിദ്ധരിക്കപ്പെടുന്നിടത്ത്, ദളിതരും അല്ലാത്തവരും ഒരുപോലെ കുറ്റക്കാരാണ്. സമൂഹത്തിലെ എളിയവരെയും ദരിദ്രരെയും അവഗണിക്കപ്പെട്ടവരെയും വെറുക്കപ്പെട്ടവരെയും അനുകമ്പാപൂര്‍വം സ്‌നേഹിച്ചിട്ടാണ് ഈശോ ബലിയായി തന്നെത്തന്നെ നല്കിയത്. ആരെയും മാറ്റിനിര്‍ത്താതെ, ആരെയും ഒഴിവാക്കാതെ, സമൂഹത്തിലെ വ്യത്യസ്തശ്രേണിയിലുണ്ടായിരുന്നവരോടൊപ്പം, ഈശോ നടത്തിയ വിരുന്നാഘോഷങ്ങള്‍, ദൈവരാജ്യത്തിന്റെ ദൃശ്യമായ അടയാളമായിത്തന്നെ വേണം കരുതാന്‍. എല്ലാവരെയും സ്‌നേഹിക്കുന്ന, ഉള്‍ക്കൊള്ളുന്ന, വിലമതിക്കുന്ന ഒന്നായിരുന്നു അത്തരം ഒത്തുചേരലുകള്‍. ജീവിതസാഹചര്യങ്ങളും സമൂഹത്തിലെ നിലയും വിലയും ഒന്നും ഈശോയ്ക്ക് ഒപ്പമിരിക്കാന്‍ ആളുകള്‍ക്കു തടസ്സമായില്ല. ഇതാണ് കത്തോലിക്കാസഭ മുന്നോട്ടുവയ്ക്കുന്ന ദര്‍ശനം.
വ്യക്തികളുടെ വ്യതിരിക്തമായ സ്വഭാവസവിശേഷതകളെ അംഗീകരിച്ചുകൊണ്ട് എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ സാധിച്ച വിശാലതയിലാണ് ഈ വിരുന്നുസൗഹൃദങ്ങള്‍ വിലമതിക്കപ്പെടുന്നത്. സാഹോദര്യത്തിലും സ്‌നേഹത്തിലും നീതിയിലും സമഭാവനയിലും അടിയുറച്ച ഈ ഒത്തുചേരലുകള്‍, ദൈവഭരണത്തിന്റെ വ്യക്തമായ നിദര്‍ശനംതന്നെയാണ്. സമൂഹത്തിലെ അധഃസ്ഥിതന്റെയും, അവഗണിക്കപ്പെട്ടവന്റെയും കൂടെയിരുന്നുള്ള സൗഹൃദവിരുന്നുകളാണ് യേശുവിനെ കുരിശുമരണത്തിലേക്കു നയിച്ചതെന്ന്, പ്രശസ്തദൈവശാസ്ത്രജ്ഞനായ നോര്‍മാന്‍ പെരില്‍ യേശുവിന്റെ ജീവിതത്തെ ആധാരമാക്കി സ്ഥാപിക്കുന്നുണ്ട്. യഹൂദമതം പാലിച്ചുപോന്ന വിശുദ്ധിക്കും സമഗ്രതയ്ക്കുമെതിരായി അശുദ്ധര്‍ എന്നു വിളിക്കപ്പെടുന്നവരോടൊത്തുള്ള സഹവാസം യഹൂദമതനേതാക്കളെ ചൊടിപ്പിച്ചിരിക്കണം. എന്നാല്‍, ശുദ്ധാശുദ്ധഭേദങ്ങള്‍ക്കപ്പുറം കരുണയുടെയും മാനുഷികപരിഗണനയുടെയും കാഴ്ചപ്പാടോടെ ഇനിയങ്ങോട്ട് അശുദ്ധരായ വ്യക്തികളോ അശുദ്ധമായ വസ്തുക്കളോ സ്ഥലങ്ങളോ ഇല്ലായെന്ന് യേശു സ്വജീവിതം കൊണ്ടു സാക്ഷ്യപ്പെടുത്തി. ദുഷ്ടവിചാരങ്ങള്‍ മെനഞ്ഞ് വിനാശകരമായ തിന്മകള്‍ നടപ്പാക്കുന്ന കരുണയില്ലാത്ത ഹൃദയങ്ങളാണ് അശുദ്ധിയുടെ സ്രോതസ്. ചുങ്കക്കാരും പാപികളുമല്ല, അവരെ അവജ്ഞയോടെ വീക്ഷിക്കുന്ന ഫരിസേയമനോഭാവമാണ് ഇവിടെ അശുദ്ധമായിരിക്കുന്നത്.
ദളിത്‌ക്രൈസ്തവരുടെ പ്രശ്‌നങ്ങളോട് നീതിപൂര്‍വകവും ആദരണീയവുമായ ഒരു മനോഭാവം സ്വീകരിക്കുന്നതില്‍ ഭാരതസഭ ഇനി ഏറെ ദൂരം മുന്നോട്ടുപോകേണ്ടിയിരിക്കുന്നു. മറ്റു ക്രിസ്ത്യാനികളെപ്പോലെ തങ്ങളുടെ വ്യക്തിത്വം ആഘോഷിക്കുകയും അതില്‍ ആനന്ദിക്കുകയും ചെയ്യുന്നവരല്ല ദളിത്ക്രിസ്ത്യാനികള്‍. ദളിത് പോരാട്ടങ്ങളുടെ ഭാഗമാവുക എന്നു പറയുമ്പോള്‍ അവരനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളെ മനസ്സിലാക്കിക്കൊണ്ട് അവരോടിടപെടാനും, അവരോടൊപ്പമാകാനും കഴിയുക എന്നതുകൂടിയാണ്. ദളിത്‌ക്രൈസ്തവനോടുള്ള ഒരുവന്റെ മനോഭാവം, പുറത്തുനിന്നുള്ള കാഴ്ചക്കാരന്റെ മനോഭാവമല്ല; പ്രത്യുത, യേശു മനുഷ്യരാശിയോടു താദാത്മ്യപ്പെട്ടതുപോലെ അവരുടെ പോരാട്ടങ്ങളില്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ഒരുവന്റെ മനോഭാവമാകണം.
വ്യക്തികളെ ജാതിക്കും വര്‍ണവര്‍ഗവ്യത്യാസങ്ങള്‍ക്കും അതീതമായി ബഹുമാനിക്കാനും സ്വാഗതം ചെയ്യാനും സാധിക്കുന്നില്ലെങ്കില്‍, നമ്മുടെ ക്രൈസ്തവവിശ്വാസത്തിനു സാരമായ എന്തോ തകരാറുണ്ട്. അതിനാല്‍ത്തന്നെ ദളിത്‌ക്രൈസ്തവരുടെ സഭാത്മകവും സാമൂഹികവും സാമ്പത്തികവും ബൗദ്ധികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതാവണം നമ്മുടെ വിശ്വാസകേന്ദ്രീകൃതജീവിതശൈലിയും പ്രവര്‍ത്തനങ്ങളും.
പരിമിതമായ ജീവിതസൗകര്യങ്ങളും, സാമ്പത്തികമായ ഞെരുക്കവുംമൂലം ദളിത്‌ക്രൈസ്തവരില്‍ പലരും പാതിവഴിയില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചവരാണ്. നന്നേ ചെറുപ്പത്തിലേതന്നെ, കഠിനവും വിഷമകരവുമായ ജോലികള്‍ ഏറ്റെടുക്കാന്‍ ഇവരുടെ കുട്ടികള്‍ നിര്‍ബന്ധിക്കപ്പെടുന്നു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ ജീവിതത്തെക്കുറിച്ച് പുതിയ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും ഇവരില്‍ വളര്‍ത്തിയെടുക്കാനാവൂ. അതിന് ഉപയുക്തമായ രീതിയിലുള്ള ബോധനസമ്പ്രദായങ്ങളും പഠനസഹായവും ഒരുക്കാന്‍ കത്തോലിക്കാസഭ പ്രതിജ്ഞാബദ്ധമാണ്. അടിസ്ഥാനവിദ്യാഭ്യാസമേഖലയില്‍ ശക്തമായ സ്വാധീനം ചെലുത്താന്‍ കത്തോലിക്കാസ്ഥാപനങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്നത് ആശാവഹമാണ്. എന്നിരുന്നാലും ഉന്നതവിദ്യാഭ്യാസമേഖലയിലും കൈത്താങ്ങാന്‍ സഭയ്ക്കു സാധിക്കുകയാണെങ്കില്‍ ദളിത് ക്രൈസ്തവരുടെ അവസ്ഥയ്ക്കു പ്രകടമായ വ്യത്യാസം വരും. സവര്‍ണരില്‍നിന്ന് അവരനുഭവിക്കുന്ന ചൂഷണങ്ങള്‍ക്കും അനീതികള്‍ക്കുമെതിരേ നിയമോപദേശം നല്കി അവരെ സഹായിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. ദളിത്‌വിമോചനത്തിനുള്ള വിവിധ പ്രസ്ഥാനങ്ങളുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ നമുക്കു സാധിക്കണം. അനീതിയുടെ സംവിധാനങ്ങള്‍ക്കെതിരേ പോരാടുമ്പോള്‍ കൂട്ടായ പ്രവര്‍ത്തനങ്ങളാണ് അഭികാമ്യം. ദളിത്‌ക്രൈസ്തവപ്രശ്‌നത്തില്‍ കത്തോലിക്കാസഭ വ്യക്തമായ നിലപാടുകള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു. സംവരണത്തിന്റെ ആനുകൂല്യം ലഭിക്കാനുള്ള പോരാട്ടത്തിനപ്പുറം വിവേചനത്തിന്റെയും അവഗണനയുടെയും മനോഭാവം നാം പിഴുതുമാറ്റേണ്ടിയിരിക്കുന്നു.
കൂട്ടായ പരിശ്രമവും പ്രവര്‍ത്തനങ്ങളുമാണ് ദളിത്‌ക്രൈസ്തവരുടെ അവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നത്. ദിവ്യകാരുണ്യകേന്ദ്രീകൃതമായ ആത്മീയതയ്ക്ക്, പുതിയ ദിശാബോധം നല്കാന്‍ സാധിക്കും. ആരാധനയും വിശ്വാസവും ജീവിതവും ഒരുമിച്ചുചേരുന്നിടത്താണ് യഥാര്‍ഥക്രൈസ്തവജീവിതം ആരംഭിക്കുന്നത്.
എല്ലാവരും ഒരേ പിതാവിന്റെ മക്കളാണെന്ന് അംഗീകരിക്കുന്നിടത്ത് നമ്മുടെ ബലിജീവിതം പൂര്‍ണമാകുന്നു. അവിടെ മനുഷ്യരെ തമ്മില്‍ വേര്‍തിരിക്കുന്ന ജാതിയുടെ മതിലുകള്‍ ഇടിഞ്ഞുവീഴുമെന്നു തീര്‍ച്ചയാണ്.
ബിനോയ് ജോണ്‍
ഡിസിഎംഎസ് പാലാ രൂപത പ്രസിഡന്റ്