•  2 May 2024
  •  ദീപം 57
  •  നാളം 8
വര്‍ത്തമാനം

അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കു വയസ്സാകുന്നു!

മേരിക്കന്‍ജനത തിരഞ്ഞെടുത്ത ഒരു പ്രസിഡന്റ്, ലോകജനതയ്ക്കു മുന്നില്‍ അവരെ നാണം കെടുത്തുകയാണ്. അതു മറ്റാരുമല്ല, ഇപ്പോള്‍ അവര്‍തന്നെ വോട്ടുചെയ്തു പുറത്താക്കിയിരിക്കുന്ന റൊണാള്‍ഡ് ട്രംപാണ്.
2017 ല്‍ എതിര്‍സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ്‍ ജനകീയവോട്ടുകളുടെ കാര്യത്തില്‍ ട്രംപിനെക്കാള്‍ ബഹുദൂരം മുന്നിലായിരുന്നെങ്കിലും ഇലക്ടറല്‍ വോട്ടുകളുടെ പിന്‍ബലത്തില്‍ പ്രസിഡന്റാവാന്‍ ഭാഗ്യം ലഭിച്ചത് ട്രംപിനായിരുന്നു. ഇപ്പോള്‍ സാഹചര്യം വ്യത്യസ്തമാണ്. ട്രംപിനു ലഭിച്ച ജനകീയവോട്ടു 47.6 ശതമാനം മാത്രമാണ്. എതിര്‍സ്ഥാനാര്‍ത്ഥി ജോ ബൈഡനു ലഭിച്ചത് 50.6 ശതമാനം. ട്രംപിന് 214 ഇലക്ടറല്‍ വോട്ടുകള്‍ മാത്രം കിട്ടിയപ്പോള്‍ ബൈഡന്‍ സ്വന്തമാക്കിയത് 290 വോട്ട്.
ജോ ബൈഡനു ജനങ്ങള്‍ സമ്മാനിച്ചിരിക്കുന്നതു സമ്പൂര്‍ണ്ണ വിജയമാണ്. പക്ഷേ, ട്രംപ് സമ്മതിക്കാന്‍ തയ്യാറില്ല! വോട്ടിംഗില്‍ വ്യാപകമായ ക്രമക്കേടുകള്‍ സംഭവിച്ചിരിക്കുന്നു എന്നാണദ്ദേഹത്തിന്റെ ആരോപണം, വോട്ടു കുറയുന്നവര്‍ പൊതുവേ ഉന്നയിക്കാറുള്ള വിലകുറഞ്ഞ മറുവാദം മാത്രം!
രാജ്യത്തെ കോടതികളില്‍ ട്രംപ് തിരഞ്ഞെടുപ്പുകേസുകള്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണത്രേ. കോടതികളുടെ സമയം  ദുരുപയോഗം ചെയ്യാനുള്ള പാഴ്‌വേലയെന്നേ ഇതേക്കുറിച്ചു പറയേണ്ടൂ. അധികാരക്കസേരയില്‍ ഇരുന്നു ഹരം പിടിച്ചുപോയതിന്റെ അനന്തരഫലം!
അടുത്ത പ്രസിഡന്റ് താന്‍ തന്നെയായിരിക്കുമെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ നേരിയ ലീഡുണ്ടായപ്പോള്‍ താന്‍ വിജയിച്ചതായി സ്വയം പ്രഖ്യാപിക്കാനും ഇനി വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെടാനും അദ്ദേഹത്തിനു യാതൊരു ജാള്യവും ഉണ്ടായിരുന്നില്ല. ഇങ്ങനെയും ഒരു പ്രസിഡണ്ട്!
ഇത് അത്യപൂര്‍വസംഭവമാണ്.  ഊര്‍ജ്ജസ്വലമായ അമേരിക്കന്‍ ജനാധിപത്യത്തിന് എന്തുപറ്റി? അതിനു വയസ്സാവുകയാണോ? അതോ പ്രസിഡണ്ടുമാര്‍ക്കാണോ വയസ്സാവുന്നത്?
ഭാരതീയദര്‍ശനമനുസരിച്ചു ചാപല്യങ്ങള്‍ യൗവനഘട്ടത്തിന്റെ സവിശേഷതകളാണ്. പക്വതയും വിവേകവും വാര്‍ധക്യത്തിന്റെതും. 'ഹിതോപദേശം' ഈ വസ്തുത ഇങ്ങനെ ഉപദേശിക്കുന്നു: ''യൗവനം, സമ്പത്ത്, അധികാരം, അവിവേകം. ഇവയിലൊന്നുപോലും ആപത്കാരിയാണ്. അവ നാലുംകൂടി ഒന്നിച്ചുവന്നാല്‍ പിന്നെ പറയേണ്ടതുണ്ടോ?'' 
യൗവനത്തിനുപകരം വാര്‍ധക്യം വച്ചാല്‍ ഈ മുന്നറിയിപ്പ് ട്രംപിന്റെ കാര്യത്തില്‍ അന്വര്‍ത്ഥമായിരിക്കുകയാണെന്നു പറയാം. അധികാരം പോയാല്‍ താന്‍ ആകെ തകര്‍ന്നുപോയേക്കാമെന്ന് അദ്ദേഹം ഭയപ്പെടുന്നുണ്ടാകാം. അദ്ദേഹം കൂടെക്കൊണ്ടുനടക്കുന്ന ഒരു സുന്ദരിപ്പെണ്ണുണ്ടല്ലോ, അമ്പതുകാരി മെലാനിയ. ട്രംപ് വൈറ്റ്ഹൗസില്‍നിന്നിറങ്ങുന്നതു കാത്തിരിക്കുകയാണത്രേ, അവരും വിടപറയാന്‍! 
പൊതുവേ ചെറുപ്പക്കാരെ രാഷ്ട്രത്തലവന്മാരായി തിരഞ്ഞെടുക്കുന്ന പാരമ്പര്യമാണ് അമേരിക്കയുടേത്. ആദ്യപ്രസിഡന്റ് ജോര്‍ജ് വാഷിംഗ്ടണ്‍ 1789 ല്‍ സ്ഥാനമേല്ക്കുമ്പോള്‍ 57 വയസ്സായിരുന്നു. സ്ഥാനമൊഴിഞ്ഞു രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, 67-ാം വയസ്സില്‍ അദ്ദേഹം മരണമടയുകയും ചെയ്തു. രണ്ടാം പ്രസിഡണ്ട് തോമസ് ജഫേഴ്‌സണ്‍ 54-ാം വയസ്സിലാണു സ്ഥാനമേറ്റത്.
ഈ പാരമ്പര്യം ഏറെക്കാലം തുടര്‍ന്നുപോന്നു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ജനപ്രിയ പ്രസിഡണ്ട് ജോണ്‍ കെന്നഡി 1961 ല്‍ തിരഞ്ഞെടുക്കപ്പെട്ടത് 43-ാം വയസ്സിലാണ്. തുടര്‍ന്നുള്ള പത്തു പ്രസിഡണ്ടുമാരുടെ പ്രായം ഇങ്ങനെ: ലിന്‍ഡന്‍ ജോണ്‍സണ്‍ (55), റിച്ചാര്‍ഡ് നിക്‌സണ്‍ (56), ജറാള്‍ഡ് ഫോള്‍ഡ്(61), ജിമ്മി കാര്‍ട്ടര്‍ (53), റൊണാള്‍ഡ് റീഗണ്‍ (70), ജോര്‍ജ് ബുഷ് സീനിയര്‍ (65), ബില്‍ ക്ലിന്റണ്‍ (47), ജോര്‍ജ് ബുഷ് ജൂനിയര്‍ (55), ബറാക് ഒബാമ (43), ഡൊണാള്‍ഡ് ട്രംപ്(71).
ട്രംപിലെത്തുമ്പോള്‍ പ്രായം എഴുപതു കടക്കുന്നു. അന്നത്തെ എതിര്‍സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണും പ്രായം 70 തികഞ്ഞിരുന്നു. ഇപ്പോള്‍ പ്രായം സര്‍വകാല റിക്കാര്‍ഡിലെത്തുന്നു. ജോ ബൈഡന്‍ 78 കാരനാണ് (ജനനം 1942 ല്‍). കൗതുകകരമായ മറ്റൊരു വസ്തുതകൂടി ഇതോടൊത്തു വായിക്കാനുണ്ട്. ബൈഡന്റെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ മുഖ്യാതിഥി മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗായിരിക്കുമത്രേ. അങ്ങനെയെങ്കില്‍, പ്രായത്തിനും അനുഭവജ്ഞാനത്തിനും ബൈഡന്‍ നല്കുന്ന അംഗീകാരമായിരിക്കും അത്.
പ്രായത്തിന്റെ കാര്യത്തില്‍ റിക്കാര്‍ഡു സ്ഥാപിച്ച ബൈഡന്‍ മറ്റൊരു റിക്കാര്‍ഡിന്റെകൂടി ഉടമയാണ്. വൈസ് പ്രസിഡന്റുസ്ഥാനത്തേക്ക് ഒരു വനിതയെ കൈപിടിച്ചുയര്‍ത്തിയിരിക്കുന്നു. രണ്ടേകാല്‍ നൂറ്റാണ്ടു പിന്നിട്ട അമേരിക്കന്‍ ജനാധിപത്യചരിത്രത്തിലെ സുപ്രധാനസംഭവം. ആദ്യവനിതാ വൈസ് പ്രസിഡന്റ്.
2016 ല്‍ മത്സരരംഗത്ത് ട്രംപിനെ നേരിട്ടത് ഒരു വനിതയായിരുന്നല്ലോ, ഹിലരി ക്ലിന്റണ്‍. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യത്തെ വനിതാപ്രസിഡന്റ് എന്ന റിക്കാര്‍ഡ് ഹിലരി സ്ഥാപിക്കുമെന്നു പൊതുവെ കണക്കാക്കപ്പെട്ടിരുന്നു. പക്ഷേ, ജനവിധി മറിച്ചായിപ്പോയി. ഇനി ഒരുപക്ഷേ, 2024 ല്‍ ആ റിക്കാര്‍ഡു കുറിക്കാനുള്ള നിയോഗം കമല ഹാരിസിന് ഏറ്റെടുക്കേണ്ടിവന്നേക്കാം. എങ്കില്‍ നമുക്കും അഭിമാനിക്കാം. അവര്‍ ഇന്ത്യന്‍ വംശജയാണല്ലോ.
ട്രംപിന്റെ വാര്‍ധക്യചാപല്യങ്ങള്‍ ഇനി എന്തൊക്കെ പ്രശ്‌നങ്ങളാവും സൃഷ്ടിക്കുക എന്നു പറയാനാവില്ല. ജനുവരി 19 വരെ പ്രസിഡന്റിന്റെ കസേരയിലിരിക്കാന്‍ സാങ്കേതികമായി അദ്ദേഹത്തിന് അവകാശമുണ്ട്. പക്ഷേ, ഏതെല്ലാം കോടതികളില്‍ കയറിയിറങ്ങിയാലും ജനവിധി മാനിക്കാതിരിക്കാന്‍ അദ്ദേഹത്തിനു കഴിയുകയില്ല.
എങ്കിലും കുറെ ബഹളങ്ങളൊക്കെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞേക്കാം. ഭാര്യയും സീനിയര്‍ ഉപദേഷ്ടാവായ പുത്രീഭര്‍ത്താവ് ജാരേദ് കുഷ്‌നറും ജനവിധി അംഗീകരിക്കാന്‍ അദ്ദേഹത്തെ ഉപദേശിച്ചുകഴിഞ്ഞെന്നാണു വാര്‍ത്ത. വിനാശകാലേ വിപരീതബുദ്ധി എന്നുണ്ടല്ലോ. അതുകൊണ്ട് അതിനൊന്നും ചെവികൊടുക്കാനുള്ള സന്മനസ്സും സമചിത്തതയും ട്രംപ് പ്രകടിപ്പിക്കുമെന്നു പ്രതീക്ഷിക്കേണ്ട.
ഇത്തവണത്തെ അമേരിക്കന്‍ തിരഞ്ഞെടുപ്പിനു മറ്റൊരു പ്രത്യേകതകൂടിയുണ്ട്. ഉയര്‍ന്ന പോളിംഗ്. 66.9 ശതമാനം ജനങ്ങള്‍ ഇക്കുറി വോട്ടു രേഖപ്പെടുത്തി. 1900 ല്‍ തിയഡോര്‍ റൂസ് വെല്‍റ്റിന്റെ തിരഞ്ഞെടുപ്പില്‍ 73.7 ശതമാനംപേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. അതിനുശേഷം ഇപ്പോഴാണ് ഇത്രയും ഉയര്‍ന്ന പോളിംഗ് നടക്കുന്നത്. 2016 ല്‍ ഇത് 56 ശതമാനം മാത്രമായിരുന്നു. അതിനുമുമ്പ് ബറാക് ഒബാമ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 58 ശതമാനവും.
ട്രംപിനെ പ്രസിഡന്റുസ്ഥാനത്തുനിന്ന് പുറത്താക്കി അമേരിക്കയുടെ ലോകമേധാവിത്വം വീണ്ടെടുക്കണമെന്ന് അമേരിക്കന്‍ജനത കരുതിയിരിക്കാം. അതിന്റെ സൂചനയായി, ഉയര്‍ന്ന പോളിംഗ് ശതമാനത്തെ കണക്കാക്കാം. അത് ട്രംപിനു മനസ്സിലായിട്ടില്ല.
അതെന്തായാലും, പരാജയം സമ്മതിക്കാതെയും മുന്‍ഗാമികള്‍ ചെയ്തിരുന്നതുപോലെ വിജയിയെ വൈറ്റ്ഹൗസിലേക്കു ക്ഷണിക്കാതെയും നിയുക്തപ്രസിഡണ്ടിനു നയപരമായ പുതിയ നിലപാടുകള്‍ സ്വീകരിക്കാന്‍ സൗകര്യം ഒരുക്കാതെയും, ബൈഡന്റെ വൈറ്റ് ഹൗസിലേക്കുള്ള വഴിയില്‍ വിലങ്ങിനില്ക്കുകയാണ് ട്രംപ്. സ്വന്തം യശസ്സിനോടൊപ്പം രാഷ്ട്രത്തിന്റെ യശസ്സും നഷ്ടപ്പെടുത്താനാവും അദ്ദേഹത്തിന്റെ പുറപ്പാട്!

 

Login log record inserted successfully!