•  5 Dec 2024
  •  ദീപം 57
  •  നാളം 39
വചനനാളം

നിത്യമഹത്ത്വത്തിനു യോഗ്യരാകാന്‍

നവംബര്‍ 15
പള്ളിക്കൂദാശക്കാലം മൂന്നാം ഞായര്‍
സംഖ്യ 9:15-18 ഏശ 54:1-10

ഹെബ്രാ 9:5-15     യോഹ 2: 13-22

കഴിഞ്ഞയാഴ്ചയിലെ പഴയനിയമവായനകളില്‍ ആദ്യവായന പുറപ്പാടുപുസ്തകത്തില്‍നിന്നുള്ള സാക്ഷ്യകൂടാരനിര്‍മാണത്തെയും അതിന്റെ പ്രതിഷ്ഠയെ സംബന്ധിച്ചുള്ളതുമായിരുന്നു. ഈ ആഴ്ചയില്‍ സംഖ്യയുടെ പുസ്തകത്തില്‍നിന്നുള്ള ഒന്നാമത്തെ വായന സാക്ഷ്യകൂടാരം ഇസ്രായേല്‍ജനത്തിന് എന്തായിരുന്നു എന്നു പറയുന്നു.  അവര്‍ക്ക് അത് ഒരു അടയാളമായിരുന്നു. ദൈവം തങ്ങളുടെ കൂടെയുണ്ട് എന്നതിന്റെ അടയാളം. രാത്രികാലങ്ങളില്‍ അഗ്നിരൂപത്തിലും പകല്‍ മേഘസ്തംഭങ്ങളിലുമായി അവര്‍ക്ക് ആ അടയാളം അനുഭവിക്കുവാന്‍ സാധിച്ചു. അഗ്നിസ്തംഭങ്ങളും മേഘത്തൂണുകളും ദൈവങ്ങളായിരുന്നില്ല; എന്നാല്‍, ദൈവികസാന്നിധ്യത്തിന്റെ അടയാളങ്ങളായിരുന്നു. ആ അടയാളങ്ങള്‍ അവര്‍ക്കു വഴികാട്ടികളായിരുന്നു. ഇന്ന് ദൈവികസാന്നിധ്യത്തിന്റെ അടയാളമായി വര്‍ത്തിക്കുന്നത് കൂദാശകളാണ്. കൂദാശകളിലൂടെയാണ് ഇന്ന് സഭാസമൂഹത്തിനു ദൈവത്തെ അനുഭവിക്കുവാന്‍ സാധിക്കുന്നത്.  
ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള വായനയില്‍ ഇസ്രായേലിന് ദൈവം നല്കുന്ന ഉറപ്പാണ് നാം കാണുന്നത്. കൂടെ നടക്കുന്നവന്‍ കരുണ കാണിക്കുന്നവനാണ്.  യഹൂദജനം അടിമത്തത്തിലേക്കു പോയി തിരിച്ചുവരുന്നതിനെക്കുറിച്ചുള്ള പ്രതിപാദ്യമാണ് ഇവിടെയുള്ളത്. നിമിഷനേരത്തേക്ക് നിന്നെ ഞാന്‍ ഉപേക്ഷിച്ചു. മഹാകരുണയോടെ നിന്നെ ഞാന്‍ തിരിച്ചുവിളിക്കും. അനന്തമായ സ്‌നേഹത്തോടെ നിന്നോടു ഞാന്‍ കരുണ കാണിക്കും. അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല. പുറപ്പാട് പുസ്തകം 34:6-7 വചനങ്ങളില്‍ കാണുന്ന ദൈവദര്‍ശനമാണ് ഇവിടെ പ്രകടമാകുന്നത്. അവിടുന്ന് കാരുണ്യവാനും കൃപാലുവുമാണ്. എന്നാല്‍, തെറ്റിനുനേരേ കണ്ണടയ്ക്കുകയുമില്ല. ആയിരം തലമുറകളോളം കരുണ കാണിക്കുന്നവനാണ് കര്‍ത്താവ്.  
ഹെബ്രായക്കാര്‍ക്കെഴുതപ്പെട്ട ലേഖനത്തിലും ജറുസലേം ദൈവാലയത്തിലുണ്ടായിരുന്ന വാഗ്ദാനപേടക(ഉടമ്പടിയുടെ പേടകം)ത്തെക്കുറിച്ചാണ് വിവരിക്കുന്നത്. ഉടമ്പടിയുടെ പേടകവും അതിനു മുമ്പിലെ ശുശ്രൂഷയുമെല്ലാം വരാനിരിക്കുന്ന  നിത്യമഹത്ത്വത്തിന്റെ പ്രതിരൂപങ്ങള്‍  മാത്രമാണ്. വരാനിരിക്കുന്ന മഹത്ത്വങ്ങളുടെ പ്രധാന പുരോഹിതനായി വന്ന മിശിഹായുടെ അര്‍പ്പണത്തിലൂടെ, അതായത്, സ്വന്തം രക്തത്തിലൂടെ നിത്യരക്ഷ ഉറപ്പാക്കിക്കൊണ്ട് വിശുദ്ധസ്ഥലത്തു പ്രവേശിച്ചു. അതിലൂടെ ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മെ യോഗ്യരാക്കി. തന്റെ മരണത്തിലൂടെ അവിടുന്ന് പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായി.
സകലവും വിശുദ്ധീകരിക്കുന്ന മിശിഹായുടെ ദൗത്യമാണ്  യോഹ 2:13-22 ല്‍ കാണുന്നത്. പെസഹാത്തിരുനാളിന്റെ പശ്ചാത്തലത്തില്‍ ജറുസലേം ദൈവാലയം ശുദ്ധീകരിക്കുന്ന സംഭവത്തിലൂടെയും  ഈ ദൈവാലയം നശിപ്പിച്ചാല്‍ മൂന്നു ദിവസംകൊണ്ട് പുനരുദ്ധരിക്കുമെന്ന് പറയുന്നതിലൂടെയും മിശിഹായുടെ ദൗത്യത്തെയാണ് എടുത്തുപറയുന്നത്. ദൈവാലയശുദ്ധീകരണത്തിലൂടെ മിശിഹാ തന്നെത്തന്നെ സമര്‍പ്പിച്ച്  മനുഷ്യകുലത്തെ വിശുദ്ധീകരിച്ച് ദൈവപിതാവിന്റെ മുമ്പില്‍ സമര്‍പ്പിക്കുന്നതിനെയാണ് അനുസ്മരിക്കുന്നത്. പള്ളിക്കൂദാശക്കാലം അനുസ്മരിക്കുന്നതും മിശിഹായാല്‍ വിശുദ്ധീകരിക്കപ്പെട്ട സഭ മിശിഹായോടൊപ്പം സ്വര്‍ഗീയജറൂസലേമില്‍ പ്രവേശിക്കുന്നതും മിശിഹാ സഭയെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്നതുമാണ്. ആ സമര്‍പ്പണത്തിന്റെ മുന്നാസ്വാദനമാണ് ഓരോ പരിശുദ്ധ കുര്‍ബാനയിലും യാഥാര്‍ഥ്യമാകുന്നത്. അവിടുത്തെ തിരുശരീരരക്തങ്ങളാല്‍ വിശുദ്ധീകരിക്കപ്പെടുന്നവര്‍ നിത്യമഹത്ത്വത്തിനു യോഗ്യരാക്കപ്പെടുന്നു.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)