കെ.ആര്‍. നാരായണന്റെ ജന്മശതാബ്ദിയാണ്. നമുക്ക് ഒട്ടേറെ രാഷ്ട്രപതിമാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാ അര്‍ത്ഥത്തിലും ഇന്ത്യ കണ്ട വ്യത്യസ്തനായ ഒരു പ്രസിഡന്റായിരുന്നു നാരായണന്‍. സ്വാതന്ത്ര്യസമരസേനാനികളും വിദ്യാഭ്യാസവിദഗ്ധരും നിയമപണ്ഡിതരും രാഷ്ട്രീയനേതാക്കളും ശാസ്ത്രജ്ഞരും രാജ്യതന്ത്രജ്ഞരുമൊക്കെയായി തനിക്കു മുന്‍ഗാമികളും പിന്‍ഗാമികളുമായി രാഷ്ട്രപതിഭവനെ അലങ്കരിച്ചവര്‍ക്കിടയില്‍ സാമൂഹികമായും സാമ്പത്തികമായും ഒരുപക്ഷേ ഏറ്റവും താഴ്ന്ന ശ്രേണിയില്‍നിന്നു വന്ന രാഷ്ട്രപതി കെ.ആര്‍. നാരായണനാവണം! എന്നാല്‍, മഹാരഥന്മാരെന്നു കൊണ്ടാടപ്പെട്ട മറ്റു മഹാന്മാര്‍ക്കിടയില്‍ തന്റേതായ ഒരു പ്രതിഷ്ഠാസങ്കേതത്തെ സവിശേഷമായി സൃഷ്ടിക്കുവാന്‍ കഴിഞ്ഞ രാഷ്ട്രപതി എന്നതാണ് നാരായണന്റെ പ്രത്യേകത. പരിമിതികള്‍ക്കിടയില്‍നിന്നു പറന്നുയരാന്‍ കഴിഞ്ഞ മഹനീയവ്യക്തിത്വമായിരുന്നു നാരായണന്‍. തിരുവിതാംകൂര്‍ സര്‍വകലാശാലയില്‍നിന്നു റാങ്കോടെ ഇംഗ്ലീഷ് ഓണേഴ്‌സ് ബിരുദമെടുത്തിട്ടും സര്‍ക്കാര്‍ജോലി നിഷേധിക്കപ്പെട്ട നാരായണനെ ദിവാന്‍തന്നെ ഇടപെട്ടാണ് രാജാവിന്റെ സ്‌കോളര്‍ഷിപ്പോടെ ഇംഗ്ലണ്ടില്‍ പഠിക്കുവാനയച്ചതെന്നും കഥയുണ്ട്.
ലണ്ടനില്‍ പ്രൊഫസര്‍ ലാസ്‌കിയുടെ പ്രിയശിഷ്യനായിരുന്നു നാരായണന്‍. പഠനം കഴിഞ്ഞ് ഇന്ത്യയിലേക്കു മടങ്ങുമ്പോള്‍ തന്റെ പഴയകാലശിഷ്യനായിരുന്ന പ്രധാനമന്ത്രി നെഹ്‌റുവിന് ലാസ്‌കി ഒരു കത്തുകൂടി നാരായണന്റെ കൈയില്‍ കൊടുത്തയച്ചിരുന്നു. തന്റെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളിലൊരാളാണ് നാരായണനെന്നും അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുന്നത് ഇന്ത്യയ്ക്കു നേട്ടമായിരിക്കുമെന്നും കത്തില്‍ ലാസ്‌കി സാക്ഷ്യപ്പെടുത്തി. നെഹ്‌റു നാരായണനെ വിദേശസര്‍വ്വീസിലേക്കെടുക്കുകയും ചെയ്തു. വിദേശകാര്യസര്‍വ്വീസിലായിരിക്കെ നാരായണന്‍ ചൈനയിലും ഇംഗ്ലണ്ടിലും ഇന്ത്യയുടെ സ്ഥാനപതിയുമായി. പിന്നീട് ഡല്‍ഹിയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായി. പില്‍ക്കാലത്ത് ഒറ്റപ്പാലത്തുനിന്നു പാര്‍ലമെന്റിലേക്കു കോണ്‍ഗ്രസ്സ്ഥാനാര്‍ത്ഥിയായി ജയിച്ചു കേന്ദ്രമന്ത്രിയായി. പിന്നീട് ഉപരാഷ്ട്രപതിയായി. ഒടുവില്‍ രാഷ്ട്രത്തലവനുമായി.
കെ.ആര്‍. നാരായണന്‍ പ്രസിഡന്റായിരിക്കുമ്പോഴാണ് ഒരു വര്‍ഷത്തെ റിപ്പബ്ലിക്ദിനാഘോഷച്ചടങ്ങില്‍ എലിസബത്ത് രാജ്ഞി മുഖ്യാതിഥിയായി വന്നത്. ഏഴു കുതിരകളെ പൂട്ടിയ രഥത്തില്‍ ഇന്ത്യന്‍ രാഷ്ട്രത്തലവനായിരുന്ന നാരായണനും ബ്രിട്ടീഷ് രാജ്ഞി എലിസബത്തും ഒപ്പമിരുന്നു സഞ്ചരിച്ചപ്പോഴാവണം ഗാന്ധിജി കണ്ട സ്വപ്നം തത്ത്വത്തിലെങ്കിലും യാഥാര്‍ത്ഥ്യമായത്. സ്വതേന്ത്രന്ത്യയില്‍ ആരാണ് രാഷ്ട്രീയയജമാനനാവേണ്ടതെന്നു ചോദിച്ച ഇംഗ്ലീഷ് പത്രപ്രവര്‍ത്തകനോടു ഗാന്ധിജി അന്നു പറഞ്ഞത്, ''ദി പൂവറസ്റ്റ് ഓഫ് ദ പൂവര്‍'' - ദരിദ്രനാരായണന്‍ - ഇന്ത്യയുടെ രാഷ്ട്രീയയജമാനനാവണമെന്നാണ്! അമേരിക്കയില്‍ കോടീശ്വരന്മാര്‍ക്കുമാത്രം വൈറ്റ് ഹൗസിലെത്താന്‍ കഴിയുന്ന ഇക്കാലത്തും ഇന്ത്യയില്‍ എത്രയോ മുന്‍പേ കെ.ആര്‍. നാരായണനെയും സെയില്‍സിംഗിനെയും ഡോ. അബ്ദുള്‍ കലാമിനെയും പോലുള്ള സാധാരണ ഗ്രാമീണര്‍ രാഷ്ട്രപതിഭവനിലെത്തി! ഇപ്പോള്‍ റാംനാഥ് കോവിന്ദും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗ്രാമീണനും പിന്നാക്കവിഭാഗത്തില്‍നിന്നുള്ളയാളുമാണല്ലോ. ഡോ. അംബേദ്കര്‍ എഴുതിയുണ്ടാക്കിയ നമ്മുടെ ഭരണഘടന ഊന്നിനില്‍ക്കുന്ന സമത്വത്തിന്റെ പ്രകടമായ ആദ്യസാക്ഷ്യമാവാന്‍ ഭാഗ്യമുണ്ടായതും കെ.ആര്‍. നാരായണനാണ്.
നന്മയുടെയും വിനയത്തിന്റെയും നേര്‍സാക്ഷ്യമായിരുന്നു നാരായണനെന്നു പറയുവാന്‍ അദ്ദേഹവുമായി ഒരിക്കലെങ്കിലും ഇടപെട്ടിട്ടുള്ളവര്‍ക്ക് രണ്ടാമതൊന്നാലോചിക്കേണ്ട കാര്യമില്ല. അത്ര സുതാര്യമായിരുന്നു അദ്ദേഹത്തിന്റെ വാക്കും സ്വഭാവവും. ഞാന്‍ വൈസ് ചാന്‍സലര്‍ ചുമതലയില്‍ ഇരിക്കുന്ന കാലത്തായിരുന്നു നാരായണനും ഡോ. അബ്ദുള്‍ കലാമും രാഷ്ട്രപതിമാരായത്. രണ്ടുപേരും അവര്‍ വഹിച്ച പദവിയുടെയും അവര്‍ ഇരുന്ന കസേരയുടെയും മഹത്ത്വത്തിന്റെ മാറ്റുകൂട്ടിയ മഹാന്‍മാരുമായിരുന്നു. രാഷ്ട്രപതിഭവനില്‍ നാരായണനുമായി നടന്ന കൂടിക്കാഴ്ച അവിസ്മരണീയമായി.
2000-2004 ല്‍ പ്രസിഡന്റ് കെ.ആര്‍. നാരായണനെ കാണാന്‍ രാഷ്ട്രപതിഭവനില്‍പ്പോയതു മറക്കാനാവാത്ത ഒരനുഭവമായി. ഒരിക്കല്‍ ഡല്‍ഹിയില്‍ ചെന്നപ്പോഴായിരുന്നു എന്റെ ആദ്യശ്രമം. പ്രസിഡന്റിന്റെ പ്രൈവറ്റ് സെക്രട്ടറി അയ്യാസ്വാമിയെ ഫോണ്‍ ചെയ്ത് പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്കു സൗകര്യം ചോദിച്ചപ്പോള്‍ രാഷ്ട്രപതി രണ്ടുമൂന്നു ദിവസമായി വിശ്രമത്തിലാണെന്നും സന്ദര്‍ശകരെ കാണുന്നില്ലെന്നുമായിരുന്നു മറുപടി. 'സാരമില്ല. അടുത്ത തവണ വരുമ്പോള്‍ ഭാഗ്യം പരീക്ഷിച്ചുകൊള്ളാ'മെന്നായി ഞാന്‍. ഓ.കെ. സര്‍ എന്ന് അയ്യാസ്വാമിയും ഉപചാരം പറഞ്ഞു.
രണ്ടോ മൂന്നോ മാസം കഴിഞ്ഞായിരുന്നു ഞാന്‍ വീണ്ടും ഡല്‍ഹിയില്‍ ചെല്ലുന്നത്. അയ്യാസ്വാമിയെത്തന്നെ വിളിച്ചു. ''ഡോ. തോമസ്, ഇറ്റ് ഈസ് വെരി അണ്‍ഫോര്‍ച്യുണേറ്റ് എവരി ടൈം യു കം ആന്‍ഡ് ആസ്‌ക് ഫോര്‍ അപ്പോയിന്റ്‌മെന്റ് വിത്ത് ദ് പ്രസിഡന്റ്, ഹീ ഈസ് അണ്‍വെല്‍. ഹി ഹാഡ് ടൂ കാന്‍സല്‍ ടുഡേ ടൂ അപ്പോയിന്റ്‌മെന്റ്‌സ് വിത്ത് അംബാസഡേഴ്‌സ്. ഐ ആം സോ സോറി'' എന്നായി അയ്യാസ്വാമി. ''സ്വാമീ, ഐ ആം അഫ്രൈഡ് സം സ്റ്റാര്‍സ് ആര്‍ കണ്‍സ്പയറിംഗ് എഗെന്‍സ്റ്റ് മൈ മീറ്റിംഗ് വിത്ത് ദ് പ്രസിഡന്റ്. ബിഫോര്‍ ഐ ട്രൈ നെക്സ്റ്റ് ടൈം, ഇറ്റ് സീംസ് ബെറ്റര്‍ ടു കണ്‍സള്‍റ്റ് സം അസ്‌ത്രോളജര്‍'' എന്നു ഞാന്‍. അയ്യാസ്വാമി പൊട്ടിച്ചിരിച്ചു. പിന്നീട് എന്നോട് എന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുകയായി.
വൈസ് ചാന്‍സിലര്‍ എന്ന നിലയില്‍ മാത്രമല്ല ഞാന്‍ പ്രസിഡന്റിനെ കാണാന്‍ ആഗ്രഹിച്ചതെന്നും ഡോ. നാരായണന്റെ വീട്ടിലേക്ക് നാട്ടില്‍ എന്റെ വീട്ടില്‍നിന്നു പത്തുകിലോമീറ്റര്‍പോലും അകലമില്ലെന്നും സ്വാതന്ത്ര്യസമരസേനാനിയായിരുന്ന എന്റെ പിതാവ് ആര്‍.വി. തോമസിനെ അദ്ദേഹം കേട്ടിട്ടെങ്കിലുമുണ്ടാവണമെന്നുമായി ഞാന്‍. അപ്പോള്‍ സ്വാമി ആര്‍.വി. തോമസ് എന്ന പേര് വീണ്ടും ആവര്‍ത്തിച്ചു ചോദിച്ചു. രണ്ടു ദിവസംകൂടിയേ ഞാന്‍ ഡല്‍ഹിയിലുള്ളൂവെന്നും അടുത്ത പ്രാവശ്യം വരുമ്പോഴെങ്കിലും പ്രസിഡന്റ് ആരോഗ്യവാനായിരിക്കട്ടെ എന്നാണെന്റെ പ്രാര്‍ത്ഥനയെന്നും ഞാന്‍ പറഞ്ഞപ്പോള്‍ അതിലെ നര്‍മ്മം ആസ്വദിച്ചു അയ്യാസ്വാമി ചിരിച്ചു. പിന്നീട് എന്നോടു ഞാന്‍ താമസമെവിടെയെന്നന്വേഷിച്ചു. കേരളഹൗസിലാണെന്നു ഞാനും പറഞ്ഞു. ഒരു മണിക്കൂര്‍ കഴിഞ്ഞില്ല, രാഷ്ട്രപതിഭവനില്‍നിന്ന് കേരള ഹൗസ് വഴി എനിക്ക് അര്‍ജന്റ് ഫോണ്‍കോളെത്തി. അങ്ങേത്തലയ്ക്കല്‍ അയ്യാസ്വാമി. ''പ്രസിഡന്റ് ഈസ് ആസ്‌കിംഗ് മീ ടു കണ്‍ഫേം വെതര്‍ ഇറ്റ് വില്‍ ബി കണ്‍വീനിയന്റ് ഫോര്‍ യു ടു മീറ്റ് ദ് പ്രസിഡന്റ് അറ്റ് സിക്‌സ് ഇന്‍ ദ് ഈവനിംഗ് ടുമാറോ'' എന്നു സ്വാമി. ''എനി ടൈം കണ്‍വീനിയന്റ് ഫോര്‍ ദ പ്രസിഡന്റ് വില്‍ ബി കണ്‍വീനിയന്റ് ഫോര്‍ മി'' എന്നു ഞാന്‍. ''വെല്‍, പ്ലീസ് കം ഫിഫ്റ്റീന്‍ മിനിട്ട്‌സ് ബിഫോര്‍ സിക്‌സ്'' എന്നു സ്വാമി. ''താങ്ക് യു വെരി മച്ച്'' എന്നു ഞാനും സംഭാഷണമവസാനിപ്പിച്ചു.
ഞാന്‍ ആദ്യം ചെയ്തത് ഡല്‍ഹിയിലുള്ള എന്റെ ശിഷ്യന്‍ സക്കീറിനെ ഫോണ്‍ ചെയ്യുകയാണ്. സക്കീര്‍ തോമസ് ഐ.ആര്‍.എസ് അന്നു ഡല്‍ഹിയില്‍ ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറാണ്. കസ്തൂര്‍ബാഗാന്ധി മാര്‍ഗിലാണ് താമസം. പിറ്റേന്ന് നാലരമണിക്ക് കേരളഹൗസില്‍ വരണമെന്നും രാഷ്ട്രപതിഭവന്‍ വരെ പോകണമെന്നും പറഞ്ഞപ്പോള്‍ സക്കീറിനു ചെറിയൊരു മടി. കാരണമന്വേഷിച്ചപ്പോള്‍ സക്കീറിന്റെ കാര്‍ ഒരു മാരുതി 800 ആണെന്നും പഴയ കാറുകൊണ്ടു രാഷ്ട്രപതിഭവനില്‍ ചെന്നാല്‍ ആദ്യത്തെ ഗേറ്റില്‍ത്തന്നെ തടയുമെന്നുമായിരുന്നു സക്കീറിന്റെ നര്‍മ്മം. അതു സാരമില്ല. മാരുതിയില്‍ത്തന്നെ പോകാമെന്നു ഞാന്‍. ഒടുവില്‍ സക്കീര്‍ സമ്മതിച്ചു.
ഇന്‍കം ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍പോലും വലിയ ആഡംബരക്കാറുകളില്‍ സഞ്ചരിക്കുമ്പോഴാണ് ഡെപ്യൂട്ടി കമ്മീഷണര്‍ മാരുതി 800 ല്‍. അഴിമതിയില്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് അതേ സാധിക്കൂ എന്നു ഞാന്‍ സക്കീറിനെ ആശ്വസിപ്പിച്ചു. അതില്‍ അഭിമാനിക്കുകയാണെന്നു വേണ്ടതെന്ന് സക്കീറിനെ ധൈര്യപ്പെടുത്തി.
പിറ്റേന്നു പറഞ്ഞ സമയത്തുതന്നെ സക്കീറെത്തി. ''സര്‍, ഏഴാം ഗേറ്റുമുതല്‍ ഒന്നാം ഗേറ്റുവരെ നമ്മള്‍ നടക്കേണ്ടിവരുമെന്നു'' വീണ്ടും സക്കീര്‍. ഇത്രയും പഴക്കമുള്ള കാര്‍ രാഷ്ട്രപതിഭവനില്‍ സുരക്ഷാഭീഷണി ഉയര്‍ത്താമെന്നും സക്കീറിന്റെ നര്‍മ്മം. അദ്ഭുതമെന്നു പറയട്ടെ ഒരു ഗേറ്റിലും ആരും ഞങ്ങളെ തടഞ്ഞില്ല. പേരു പറഞ്ഞപ്പോള്‍ എല്ലാ ഗേറ്റിലും ഞങ്ങളെ ഉപചാരപൂര്‍വ്വം കടത്തിവിട്ടതുകണ്ട് എനിക്കും അതിശയമായി; സക്കീറിനും. അതിന്റെ രഹസ്യമറിഞ്ഞതു പിന്നീടാണ്. രാഷ്ട്രപതിഭവനിലുണ്ടായിരുന്ന മലയാളിയായ ഒരു മിലിട്ടറി ഓഫീസറാണ് പിന്നീടെന്നോടു പറഞ്ഞത് പ്രസിഡന്റിന്റെ ഓഫീസില്‍നിന്നു ഗേറ്റുകളിലേക്കു കൊടുത്തിരുന്ന മെസ്സേജില്‍ അയ്യാസ്വാമി പറഞ്ഞത്, ''വിസിറ്റര്‍ ഈസ് പ്രസിഡന്റസ് ഫ്രണ്ട്'' എന്നായിരുന്നത്രേ. സക്കീറിന്റെ മാരുതി 800 നും ബഹുമതിയായി.
പറഞ്ഞതിലും നേരത്തേ ഞങ്ങള്‍ രാഷ്ട്രപതിഭവന്റെ പൂമുഖപ്പടിയിലെത്തി. കാറില്‍നിന്നിറങ്ങുമ്പോള്‍ പ്രസിഡന്റിന്റെ എ.ഡി.സിമാരിലൊരാള്‍ വന്നു കാറിന്റെ ഡോര്‍ തുറന്നു. എന്നിട്ട് എനിക്കൊരു തകര്‍പ്പന്‍ സല്യൂട്ടും. അരമണിക്കൂര്‍ നേരത്തേ വന്നതുകൊണ്ട് എ.ഡി.സിക്ക് ആളു തെറ്റിയതാവാമെന്നും അഞ്ചരയ്ക്കു സമയം കൊടുത്തിരിക്കുന്ന അതിഥിയാണെന്നു കരുതിയാവും ഈ ബഹുമതികളൊക്കെയെന്നും എനിക്കു സംശയമായി. ഏ.ഡി.സിയോടു ഞാന്‍ പറഞ്ഞു: ''ഐ ആം സോറി. വി ആര്‍ എ ലിറ്റില്‍ ഏര്‍ലി. ഔര്‍ ടൈം ഈസ് ഒണ്‍ലി സിക്‌സ്. യു മൈറ്റ് ബി വെയിറ്റിംഗ് ഫോര്‍ ദ ഗസ്റ്റ് അറ്റ് ഫൈവ് തേര്‍ട്ടി.'' അദ്ദേഹം എന്നോടപ്പോള്‍ ചോദിച്ചു: ''സര്‍, യു ആര്‍ ഡോ. തോമസ്, ദ് വൈസ് ചാന്‍സിലര്‍.'' ഞാന്‍ പറഞ്ഞു: ''യെസ്, സെര്‍ട്ടന്‍ലി.'' എ.ഡി.സി. ചിരിച്ചു. എന്നിട്ടു പറഞ്ഞു: ''വി.ആര്‍ അണ്ടര്‍ ഇന്‍സ്ട്രക്ഷന്‍സ് ഫ്രം ദ പ്രസിഡന്റ് ടു റിസീവ് യു അറ്റ് ദ സ്റ്റെപ്‌സ് ആന്‍ഡ് ഫോര്‍മലി എസ്‌കോര്‍ട്ട് യു ടു പ്രസിഡന്റ്‌സ് ഓഫീസ്, ടുഡേ യു ആര്‍ ദ് ഒണ്‍ലി വിസിറ്റര്‍, സര്‍.''
രണ്ടാംനിലയിലെ പ്രസിഡന്റ്‌സ് ഓഫീസിനു തൊട്ടടുത്ത സ്വീകരണമുറിയിലേക്കാണ് എ.ഡി.സി. ഞങ്ങളെ കൊണ്ടുപോയത്. കുടിക്കാന്‍ വെള്ളവും പിന്നെ ജ്യൂസും തന്നു. സക്കീറിനു പ്രസിഡന്റിന്റെ മുറിയിലേക്കു കൂടെവരാന്‍ സാധ്യമല്ലാത്തത് കൂടെ ആരുമുള്ളതായി ഞാന്‍ അയ്യാസ്വാമിയോടു നേരത്തേ പറയാതിരുന്നതുകൊണ്ടാണെന്ന് എ.ഡി.സി. വിശദീകരിച്ചു. സാരമില്ലെന്ന് സക്കീര്‍ എന്നെ ആശ്വസിപ്പിച്ചു. ആറു മണിക്കു കൃത്യം അഞ്ചു മിനിട്ടുള്ളപ്പോള്‍ മറ്റൊരു എ.ഡി.സി. (നേവല്‍ ഓഫീസറാണെന്നു വേഷംകൊണ്ടറിയാം) വന്നു. പിന്നെ അദ്ദേഹത്തിന്റെവക സല്യൂട്ട്. എന്റെവക ഹസ്തദാനം. കീഴ്‌വഴക്കങ്ങള്‍ പറഞ്ഞുതന്നു അദ്ദേഹം. പ്രസിഡന്റ് ഇങ്ങോട്ടു കൈനീട്ടിയാലല്ലാതെ അങ്ങോട്ട് ഷേക്ഹാന്‍ഡ് പാടില്ല. പത്തുമിനിട്ടാണ് സാധാരണ സന്ദര്‍ശനസമയം. എട്ടു മിനിട്ടാകുമ്പോള്‍ ഞങ്ങള്‍ ഇരിക്കുന്ന മുറിയുടെ വാതില്‍ക്കലൂടെ ഒരു തവണ അദ്ദേഹം മറുവശത്തേക്കും തിരിച്ചും നടക്കും. അതു മുന്നറിയിപ്പാണ്. സംഭാഷണം അവസാനിപ്പിച്ചു പതിയെ എഴുന്നേല്‍ക്കാമെന്നു സാരം. എല്ലാം ഞാന്‍ കേട്ടു. പ്രസിഡന്റിന്റെ ഔദ്യോഗികസ്വീകരണമുറിയിലേക്ക് എ.ഡി.സി. എന്നെ ആനയിച്ചു. സക്കീറിന് അപ്പോഴേക്കും ചായയും പലഹാരങ്ങളുമെത്തി.
വിശാലമായ സ്വീകരണമുറിയാണ്. ഒട്ടേറെ സോഫകളും സെറ്റികളും ടിപ്പോയ്കളുമുണ്ട്. ഒരു ഡബിള്‍ സെറ്റിയുടെ അരികിലായി ഞാന്‍ ഇരുന്നു. പ്രസിഡന്റിനു സിംഗിള്‍സെറ്റിയാവണമല്ലോ. അകത്തുനിന്നുള്ള ഇടനാഴിവഴിയാവണം പ്രസിഡന്റ് വന്നത്. ഞാന്‍ എഴുന്നേറ്റു കൈകൂപ്പി. നമസ്‌കാരം സ്വീകരിച്ചശേഷം അദ്ദേഹം എന്റെ നേര്‍ക്കു കൈനീട്ടി. ഞാനും ഉപചാരപൂര്‍വ്വം കൈകൊടുത്തു. ഇരിക്കാമെന്ന് ആംഗ്യം കാട്ടി അദ്ദേഹം എന്റെ തൊട്ടടുത്ത സെറ്റിയിലിരുന്നു. എന്നാണ് വൈസ് ചാന്‍സലറായതെന്നും അതിനുമുമ്പ് എന്തായിരുന്നുവെന്നും ചോദിച്ചു. കഴിഞ്ഞ തവണ ഡല്‍ഹിയില്‍ വന്നപ്പോള്‍ കാണാന്‍ ശ്രമിച്ചിരുന്നുവല്ലേ? എന്ന് അടുത്ത അന്വേഷണം. അന്നും അങ്ങേക്ക് സുഖമില്ലായിരുന്നല്ലോ എന്നു ഞാന്‍. അയ്യാസ്വാമി എന്നോടു പറഞ്ഞിരുന്നുവെന്നു പ്രസിഡന്റ്. എന്നിട്ടു ചിരിച്ചു. സ്വാമി എന്തൊക്കെ പ്രസിഡന്റിനോടു പറഞ്ഞുപിടിപ്പിച്ചുവോ ആവോ! 'രണ്ടു ദിവസമായി നല്ല സുഖമില്ല. സന്ദര്‍ശകരെയാരെയും കാണുന്നില്ല. ഡോക്ടര്‍ വിശ്രമം പറഞ്ഞിരിക്കുകയാണ്. ആര്‍.വി. തോമസിന്റെ മകനാണെന്നു പറഞ്ഞതുകൊണ്ടാണു കാണാമെന്നുവച്ചത്'' പ്രസിഡന്റു പറഞ്ഞു. എന്നിട്ടു തുടര്‍ന്നു, ''ആര്‍.വി. തോമസിനെ ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളുടെ വീട്ടിലും വന്നിട്ടുണ്ട്'' എന്നായി പ്രസിഡന്റ്. ഞാന്‍ കൈകൂപ്പി. അപ്പോള്‍ ഡോ. നാരായണന്‍ കഥ പറഞ്ഞു തുടങ്ങി: ''എന്റെ അങ്കിള്‍ അയ്യപ്പന്‍ മാസ്റ്റര്‍ നിങ്ങളുടെ അച്ഛന്റെ സുഹൃത്തായിരുന്നു'' 1948 ലോ 1949 ലോ ആവണം. ഞങ്ങള്‍ ആര്‍.വി. തോമസിനെ കാണാന്‍ വന്നപ്പോള്‍ സന്ധ്യമയങ്ങി. നിങ്ങളുടെ അമ്മ ഞങ്ങള്‍ക്കു കടുംചായയും കപ്പ പുഴുങ്ങിയതും തന്നു. ആര്‍.വി. തോമസും അങ്കിളും കാര്യമായെന്തോ സംസാരിച്ചു. ഞങ്ങള്‍ പോകാനിറങ്ങിയപ്പോഴേക്കും വൈകിയിരുന്നു. പെട്ടെന്നാണ് ആര്‍.വി. തോമസ് എന്റെ അങ്കിളിനോട്, ''അയ്യപ്പാ, ഇനി പോയാല്‍ നിങ്ങള്‍ക്കു ബസ്സില്ലല്ലോ. ഇനി ഇന്ന് ഇവിടെ കിടന്നു നാളെ രാവിലെ പോയാല്‍ മതി'' എന്നു പറഞ്ഞത്. ഞങ്ങള്‍ക്കദ്ഭുതമായി. ഞാനന്നു വിദ്യാര്‍ത്ഥിയാണ്. അക്കാലത്തു ഞങ്ങളെയൊന്നും നിങ്ങളുടെ വീടുകളില്‍ താമസിപ്പിക്കുന്ന കാലമേയല്ല. പക്ഷേ, ആര്‍. വി. തോമസ് അതു പറഞ്ഞതു സാധാരണ പോലെയാണ്. തിരിയെപ്പോകുവാന്‍ എന്തെങ്കിലും സൗകര്യം കിട്ടാതിരിക്കുകയില്ലായെന്നായി അയ്യപ്പന്‍മാസ്റ്റര്‍. പക്ഷേ, ആര്‍.വി. തോമസ് ഞങ്ങളെ ആ രാത്രി നിങ്ങളുടെ വീട്ടില്‍ താമസിപ്പിക്കുകതന്നെ ചെയ്തു. ''മിസ്സിസ് ആര്‍.വി. രാത്രി ആര്‍.വി. തോമസിനൊപ്പം ഞങ്ങള്‍ക്കും കഞ്ഞിയും പയറും ചുട്ടരച്ച തേങ്ങാചട്ണിയും തന്നു.'' പ്രസിഡന്റ് പറഞ്ഞുനിര്‍ത്തി. എന്നിട്ടു ചിരിച്ചു, വളരെ ഹൃദ്യമായിട്ട്. അറുപതു വര്‍ഷം മുന്‍പ് പൂര്‍വ്വികര്‍ ചെയ്ത പുണ്യത്തിനു കിട്ടിയ പ്രത്യുപകാരമായിരുന്നു അന്ന് രാഷ്ട്രപതിഭവനില്‍ എനിക്കു ലഭിച്ച റെഡ്കാര്‍പ്പറ്റ് സ്വീകരണം.
ചായയും പലഹാരങ്ങളുമെത്തിയപ്പോള്‍ പ്രസിഡന്റ്തന്നെ ഒരു പാത്രത്തിലെ ജിലേബി എടുത്തു നീട്ടിക്കൊണ്ടു പറഞ്ഞു: ''തോമസ്, ഇത് ആഗ്രയില്‍നിന്നുള്ള വിശേഷപ്പെട്ട ഇനം ജിലേബിയാണ്. കഴിച്ചു നോക്കൂ.'' അപ്പോഴേക്കും എ.ഡി.സി. മുറിയുടെ വാതിലിനു കുറുകേ നടന്നു. ഞാന്‍ വാച്ചില്‍ നോക്കി. എട്ടുമിനിട്ടായിരിക്കുന്നു. ''ദ് നോര്‍മല്‍ റൂള്‍ ഡസ് നോട്ട് അപ്ലൈ റ്റു ഡോ. തോമസ്'' എന്ന് രാഷ്ട്രപതിയുടെ വാക്കാല്‍ ഉത്തരവ് ഉടനുണ്ടായി.
പിന്നീടദ്ദേഹം കുടുംബകാര്യങ്ങളും യൂണിവേഴ്‌സിറ്റിക്കാര്യങ്ങളുമന്വേഷിച്ചു. പതിനഞ്ചു മിനിറ്റായിരിക്കുന്നു! ഞാന്‍ കൈകൂപ്പി പതിയെ എണീറ്റു. എന്നിട്ട് പറഞ്ഞു: ''സര്‍, ഐ ആം അഫ്രൈഡ് ഐ ഹാവ് ടേക്കണ്‍ മച്ച് ഓഫ് യുവര്‍ പ്രഷ്യസ് ടൈം. ബട്ട് സെര്‍ട്ടന്‍ലി ദിസ് വില്‍ റിമെയിന്‍ വണ്‍ ഓഫ് മൈ അണ്‍ഫൊര്‍ഗെറ്റബിള്‍ എക്‌സ്പീരിയന്‍സസ്.'' പ്രസിഡന്റും ചിരിച്ചുകൊണ്ട് എണീറ്റു.
പിന്നീടാണ് കൂടിയ അദ്ഭുതം സംഭവിച്ചത്. ''തോമസ്, ഡു യു വിഷ് ടു ടേക് എ ഫ്യു ഫോട്ടോഗ്രാഫ്‌സ് വിത്ത് മി'' എന്നു പ്രസിഡന്റിന്റെ ചോദ്യം. ''സര്‍, ഐ ഹാവ്ന്റ് ബ്രോട്ട് എ ഫോട്ടോഗ്രാഫര്‍ നോര്‍ എ ക്യാമറ'' എന്നു ഞാന്‍. ''ലീവ് ഇറ്റ് ടു മി തോമസ്'' എന്നു പ്രസിഡന്റ്. അദ്ദേഹം എ.ഡി.സി.യെ വിളിച്ചു. ഒരു ഫോട്ടോഗ്രാഫറെ വിളിക്കാന്‍ പ്രസിഡന്റിന്റെ കലപ്ന. രണ്ടു മിനിട്ടിനുള്ളില്‍ ഫോട്ടോഗ്രാഫറെത്തി. ''വി വില്‍ റിഇനാക്റ്റ് ദ് ഇവന്റ്'' എന്നായി ചിരിച്ചുകൊണ്ട് പ്രസിഡന്റ് നാരായണന്‍. എന്നിട്ടു കൈകൂപ്പി സ്വീകരിക്കുംപോലെയും സോഫാസെറ്റിയില്‍ ഇരിക്കുന്നതുപോലെയുമൊക്കെ വീണ്ടും പോസ് ചെയ്തു. എന്നിട്ടെന്നോടു പറഞ്ഞു: ''യു വില്‍ ഗെറ്റ് ദീസ് ഫോട്ടോഗ്രാഫ്‌സ് ബിഫോര്‍ നൂണ്‍ ടുമാറോ.'' പിറ്റേന്ന് രാഷ്ട്രപതിഭവനില്‍നിന്ന് ഒരു മെസ്സന്‍ജര്‍ കേരളഹൗസില്‍ എത്തി ഫോട്ടോഗ്രാഫ്‌സ് എനിക്കു കൈമാറുകയും ചെയ്തു. ജീവിതത്തിലെ മറക്കാനാവാത്ത ഒരു ഡല്‍ഹി അനുഭവം. സ്‌നേഹപ്രണാമം!