•  27 Feb 2025
  •  ദീപം 57
  •  നാളം 50
നേര്‍മൊഴി

ഡല്‍ഹി തിരഞ്ഞെടുപ്പ് നല്കുന്ന പാഠങ്ങള്‍

    വലുപ്പംകൊണ്ട് ഡല്‍ഹി ചെറുതാണെങ്കിലും രാജ്യതലസ്ഥാനമെന്ന നിലയില്‍ ഡല്‍ഹി പ്രധാനപ്പെട്ടതാണത്രേ. 70 നിയോജകമണ്ഡലങ്ങള്‍മാത്രമുള്ള ഡല്‍ഹിയില്‍ ഒരു വ്യാഴവട്ടക്കാലമായി ആം ആദ്മി പാര്‍ട്ടി മൃഗീയഭൂരിപക്ഷത്തോടെ ഭരിച്ചുകൊണ്ടിരിക്കുകയായിരുന്നു. 15 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെ തറപറ്റിച്ചുകൊണ്ടാണ് അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിലവില്‍വന്നത്. ആ സര്‍ക്കാരിനെയാണ് 2025 ഫെബ്രുവരി ആറിനു നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി അട്ടിമറിച്ചത്. 27 വര്‍ഷത്തിനുശേഷമാണ് ബിജെപി അധികാരത്തില്‍ തിരിച്ചെത്തിയത്. 2020 ല്‍ 70 ല്‍ 62 സീറ്റുപിടിച്ച ആം ആദ്മി പാര്‍ട്ടി അഞ്ചു വര്‍ഷം പിന്നിട്ടപ്പോള്‍ 22 സീറ്റിലേക്ക് ഒതുങ്ങി. കോണ്‍ഗ്രസിനു കഴിഞ്ഞ മൂന്ന് അസംബ്ലിതിരഞ്ഞെടുപ്പിലും വട്ടപ്പൂജ്യംതന്നെ.
ഡല്‍ഹിയിലെ വിജയം ബിജെപിക്ക് വലിയ ആശ്വാസവും ആത്മവിശ്വാസവും പകരും. എല്ലാ സംസ്ഥാനങ്ങളിലും ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചിട്ടും, പാര്‍ലമെന്റുതിരഞ്ഞെടുപ്പില്‍ ഏഴില്‍ ഏഴു സീറ്റും നേടിയിട്ടും ഡല്‍ഹിനിയമസഭയില്‍ ആധിപത്യം പുലര്‍ത്താനാവാതെ ബിജെപി കിതയ്ക്കുകയായിരുന്നു. ശക്തനായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂക്കിനു താഴെ കേജരിവാള്‍ എന്ന ജനകീയമുഖ്യമന്ത്രി വെല്ലുവിളികളുയര്‍ത്തി വിലസുകയായിരുന്നു. കേജരിവാള്‍യുഗം  അവസാനിപ്പിക്കുന്നതിനുവേണ്ടി ഇത്തവണ എന്‍ഡിഎ സഖ്യം എല്ലാ അടവുകളും പയറ്റി. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. തോറ്റുകഴിഞ്ഞപ്പോള്‍ ചില മണ്ഡലങ്ങളില്‍ ബിജെപി നൂറു കണക്കിനു വോട്ടുകള്‍ അധികം ചേര്‍ത്തതിന്റെയും ചില മണ്ഡലങ്ങളില്‍ വലിയ തോതില്‍ വോട്ടുകള്‍ വെട്ടിമാറ്റിയതിന്റെയും കണക്കുകളുമായി ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നു. തിരഞ്ഞെടുപ്പുകമ്മീഷനെ സംശയത്തിന്റെ നിഴലില്‍ നിറുത്തുന്ന തരത്തിലുള്ള ആരോപണമാണ് അവര്‍ ഉയര്‍ത്തിയത്. ഭരണത്തിലിരുന്നിട്ടും ആം ആദ്മി പാര്‍ട്ടിക്ക് എന്തുകൊണ്ട് ഇത്തരം ക്രമക്കേടുകള്‍ നിയന്ത്രിച്ചുകൂടായിരുന്നു എന്ന ചോദ്യം ബാക്കിനില്ക്കുന്നു.
ഡല്‍ഹിയിലെ തോല്‍വി ആം ആദ്മി പാര്‍ട്ടിക്കു താങ്ങാവുന്നതിലധികമാണ്. ഭരണം നഷ്ടപ്പെട്ടു എന്നതുമാത്രമല്ല, കേജരിവാള്‍ ഉള്‍പ്പെടെ പാര്‍ട്ടിനേതാക്കന്മാരെല്ലാം തോറ്റുവെന്നതും പാര്‍ട്ടിക്കു വലിയ ആഘാതമായി. മദ്യനയക്കേസില്‍ പാര്‍ട്ടിയധ്യക്ഷനും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളും ഉപമുഖ്യമന്ത്രി സിസോദിയയുമുള്‍പ്പെടെ മൂന്നു മന്ത്രിമാര്‍ ജയിലിലായതോടെ നേതാക്കന്മാരുടെ മാത്രമല്ല, പാര്‍ട്ടിയുടെതന്നെ പ്രതിച്ഛായ തകര്‍ന്നടിഞ്ഞു. അഴിമതിക്കെതിരേ രൂപംകൊണ്ട പ്രസ്ഥാനമാണ് ജനങ്ങളുടെ പാര്‍ട്ടി എന്നറിയപ്പെടുന്ന ആം ആദ്മി പാര്‍ട്ടി. 2012 നവംബറില്‍ നിലവില്‍ വന്ന പാര്‍ട്ടിക്കു വലിയ സ്വീകാര്യതയാണു ലഭിച്ചത്. പാര്‍ട്ടിയുടെ സ്വാധീനം അയല്‍സംസ്ഥാനങ്ങളിലേക്കു വളരുകയും പഞ്ചാബില്‍ ഭരണം പിടിക്കുകയും ചെയ്തു. 
യഥാര്‍ഥത്തില്‍ ആം ആദ്മി പാര്‍ട്ടിക്കു ശക്തമായ ഒരു രാഷ്ട്രീയാടിത്തറയില്ല.  ജനാധിപത്യസ്വഭാവമുള്ള  ഒരു പ്രൊഫഷണല്‍ എന്‍.ജി.ഒ. പോലെയാണ് ആരംഭത്തില്‍ പാര്‍ട്ടി പ്രവര്‍ത്തിച്ചത്. എന്നാല്‍, കാലാന്തരത്തില്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകങ്ങളായി കരുതപ്പെടുന്ന സമത്വവും സ്വാതന്ത്ര്യവും സഹകരണമനോഭാവവും പാര്‍ട്ടിയില്‍നിന്ന് അപ്രത്യക്ഷമായി. പാര്‍ട്ടിയധ്യക്ഷന്‍ ഏകാധിപതിയെപ്പോലെ പെരുമാറിത്തുടങ്ങിയതിന്റെ ഫലമായി പാര്‍ട്ടിരൂപീകരണത്തിനു നേതൃത്വം വഹിച്ച പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്രയാദവ്‌പോലുള്ള നേതാക്കള്‍ പുറത്തായി. കേള്‍ക്കാനും ഉള്‍പ്പെടുത്താനുമുള്ള പാര്‍ട്ടിയധ്യക്ഷന്റെ അസഹിഷ്ണുത പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തി എന്നുള്ള ആക്ഷേപമാണ് പരാജയത്തിനു കാരണമായി ഇപ്പോള്‍ വിലയിരുത്തുന്നത്.
കോണ്‍ഗ്രസാണ് കേജരിവാളിന്റെ തോല്‍വിക്കു കാരണമെന്ന വാദം ശരിയാകണമെന്നില്ല. ഏകദേശം പതിന്നാലോളം മണ്ഡലങ്ങളില്‍ ബിജെപി  സ്ഥാനാര്‍ഥികളുടെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു ലഭിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് തോല്‍വിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത്. ആരോപണത്തില്‍ പറയുന്ന വോട്ടുകണക്കു ശരിയാണ്. എന്നാല്‍, ആ വോട്ടു മുഴുവന്‍ കോണ്‍ഗ്രസ് മത്സരിച്ചില്ലായിരുന്നെങ്കില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിക്കു ലഭിക്കുമായിരുന്നുവെന്നു കരുതാനാവുകയില്ല. രാഷ്ട്രീയത്തില്‍ രണ്ടും രണ്ടും നാല്  അല്ല എന്ന സത്യം മറക്കരുത്. ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു രണ്ടു ശതമാനത്തിലധികം വോട്ട് അധികം നേടാന്‍ കഴിഞ്ഞതിനെ നേട്ടമായി കരുതാനാവില്ല. അവര്‍ക്കുണ്ടായ രാഷ്ട്രീയനേട്ടം ആം ആദ്മി പാര്‍ട്ടിയുടെ അടിത്തറ ഇളക്കാന്‍ കഴിഞ്ഞുവെന്നതാണ്. കോണ്‍ഗ്രസിനെ തകര്‍ക്കുന്നതില്‍ ബിജെപിയെക്കാള്‍ പങ്കുവഹിച്ചത് കേജരിവാളും കൂട്ടരുമാണ്. കോണ്‍ഗ്രസ് അഴിമതിപ്പാര്‍ട്ടിയാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ചൂല് ചിഹ്നമായി സ്വീകരിച്ച ആം ആദ്മി പാര്‍ട്ടിക്കു സാധിച്ചു. കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്പിന് കേജരിവാളിന്റെ പതനം അനിവാര്യമാണെന്നു ചിന്തിക്കുന്നവരും കുറവല്ല. ഇന്ത്യാസഖ്യത്തിന്റെ ഘടകകക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് നാലോ അഞ്ചോ സീറ്റ് ഡല്‍ഹിയില്‍ നല്‍കിയിരുന്നെങ്കില്‍ കോണ്‍ഗ്രസ് കേജരിവാളിനെതിരേ പൊരുതുമായിരുന്നില്ല. ഒരുമിച്ചുനിന്നാലും തിരഞ്ഞെടുപ്പുഫലത്തില്‍ മാറ്റമുണ്ടാകുമായിരുന്നില്ല. കാരണം, അത്ര കരുതലോടെ പഴുതുകളടച്ചാണ് ബിജെപി യുദ്ധം നയിച്ചത്. 200 ലധികം എം.പി.മാരും ആര്‍.എസ്.എസിന്റെ വലിയ സ്‌ക്വാഡ്‌വര്‍ക്കും വിജയത്തിനു ഹേതുവായി. തിരഞ്ഞെടുപ്പുവിജയം ഉറപ്പാക്കാന്‍ ബിജെപിയോളം തന്ത്രങ്ങള്‍ ആരുടെ പക്കലുമില്ലെന്നു സമീപകാലതിരഞ്ഞെടുപ്പുകള്‍ തെളിയിച്ചിട്ടുണ്ട്.
ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നില്ല, വാഗ്ദാനങ്ങള്‍ തമ്മിലുള്ള മത്സരമായിരുന്നു. സൗജന്യങ്ങളിലൂടെ ക്ഷേമസമൂഹം കെട്ടിപ്പടുക്കാനുള്ള ശ്രമമാണു ബിജെപിയും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും നടത്തിയത്. ഈ തന്ത്രം പ്രയോഗിച്ചാണ് ആം ആദ്മി രണ്ടു തവണയും ഭരിച്ചതെങ്കിലും ഇത്തവണ അവരെക്കാള്‍ ജനം വിശ്വാസത്തിലെടുത്തത് ബിജെപിയെയാണ്. ജനത്തിന്റെ തീരുമാനം ശരിയായിരുന്നുവെന്നു ബിജെപി സര്‍ക്കാര്‍ തെളിയിച്ചാല്‍ ഡല്‍ഹിയുടെ മുഖം പാടേ മാറും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)