എട്ടാം ശമ്പളക്കമ്മീഷനെ കേന്ദ്രസര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. ഇനി അതിന്റെ അംഗങ്ങളെ നിശ്ചയിക്കണം. കമ്മീഷനംഗങ്ങളുടെ പട്ടിക പൂര്‍ത്തിയായാല്‍ അവര്‍ അവരുടെ ജോലി ആരംഭിക്കും. ഏഴാം ശമ്പളക്കമ്മീഷന്റെ കാലാവധി പൂര്‍ത്തിയാകുന്ന 2026 ജനുവരിക്കുമുമ്പ് കമ്മീഷന്റെ ശിപാര്‍ശകള്‍ കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കേണ്ടതുണ്ട്.
എട്ടാം ശമ്പളക്കമ്മീഷന്‍ നിലവില്‍ വന്നുവെന്ന വാര്‍ത്ത വലിയ ചര്‍ച്ചാവിഷയമായി. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസവും പ്രതീക്ഷയും സന്തോഷവുമാണ്. വലിയ വര്‍ധനയുണ്ടാകുമെന്നാണു പ്രാഥമികനിഗമനം. രാജ്യത്ത് 50 ലക്ഷത്തിലധികം കേന്ദ്രജീവനക്കാരും 65 ലക്ഷത്തോളം പെന്‍ഷന്‍കാരുമുണ്ട്. അവരുടെ അടിസ്ഥാനശമ്പളത്തിലും മിനിമം പെന്‍ഷന്‍തുകയിലും അമ്പരപ്പിക്കുന്ന മാറ്റങ്ങളുണ്ടാകുമെന്നാണ് ലഭ്യമായ വിവരം. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുന്നതിനെ ആര്‍ക്കും എതിര്‍ക്കാനാവുകയില്ല. ഉയര്‍ന്ന ശമ്പളവും പെന്‍ഷനുമൊക്കെ ഉറപ്പാക്കിയാലേ ഗുണമേന്മയും ആത്മാര്‍ ഥതയുമുള്ള ജീവനക്കാരെ ലഭിക്കുകയുള്ളൂ. അതു ലഭിക്കുന്നില്ലെങ്കില്‍ പ്രതിഭാശാലികള്‍ രാജ്യം വിട്ടുപോകും. ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍ നിരക്കുകള്‍ പുതുക്കുമ്പോള്‍ അതു രാജ്യത്തിനു വലിയ സാമ്പത്തികഭാരമാകുമെന്നതിനാല്‍ പ്രത്യേക വരുമാനസ്രോതസ്സുകളില്ലാത്തവരുടെ ഭാഗത്തുനിന്നു വിമര്‍ശനമുണ്ടാകുക സ്വാഭാവികമാണ്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ ആരുടെയും ശ്രദ്ധയില്‍പ്പെടുന്നില്ല. അവരുടെ മനസ്സില്‍ രോഷമല്ല, അപേക്ഷയാണ്. ഞങ്ങളെ മറക്കല്ലേ എന്ന ദീനാപേക്ഷ.
കനത്ത ശമ്പളവും പെന്‍ഷനും നല്‍കി ജീവനക്കാരെ എന്തിനു തീറ്റിപ്പോറ്റണമെന്നു ചോദിക്കുന്നവരുണ്ട്. ഭരണത്തിന്റെ നിര്‍വഹണഘടന അറിയുമ്പോള്‍ ജീവനക്കാരുടെ അനിവാര്യത വ്യക്തമാകും. നയങ്ങള്‍ രൂപീകരിക്കുന്നതു രാഷ്ട്രീയനേതൃത്വമാണെങ്കിലും അതിന് അവരെ സഹായിക്കുന്നതും ആ നയങ്ങള്‍ നടപ്പാക്കുന്നതിനു നേതൃത്വം വഹിക്കുന്നതും അറിവും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗസ്ഥരാണ്. അവര്‍ സര്‍ക്കാരിനോടു പുലര്‍ത്തുന്ന അതേ ബന്ധം സര്‍ക്കാരിനെ താങ്ങിനിറുത്തുന്ന ജനങ്ങളോടും കാണിക്കേണ്ടതാണ്. പലപ്പോഴും അതുണ്ടാകുന്നില്ല എന്നതാണ് ഉദ്യോഗസ്ഥരില്‍നിന്നു ജനത്തെ അകറ്റുന്നത്.
ജീവനക്കാരുടെ ശമ്പള-പെന്‍ഷന്‍നിരക്കുകള്‍ ജീവിതച്ചെലവുകളുടെയും നാണയപ്പെരുപ്പത്തിന്റെയും വിലക്കയറ്റത്തിന്റെയും ലോകവിപണിയുടെയും മറ്റും അടിസ്ഥാനത്തിലാണു നിശ്ചയിക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം എട്ടാമത്തെ ശമ്പളപരിഷ്‌കരണക്കമ്മീഷനാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പത്തുവര്‍ഷം കൂടുമ്പോഴാണ് ശമ്പളപരിഷ്‌കരണം. 2014 ല്‍ മന്‍മോഹന്‍സിങ്‌സര്‍ക്കാരിന്റെ കാലത്തായിരുന്നു ഏഴാം കമ്മീഷന്‍. എങ്കിലും, അതു പ്രാബല്യത്തില്‍ വന്നത് 2016 ല്‍ മോദിസര്‍ക്കാരിന്റെ കാലത്താണ്.
ഒരു വര്‍ഷം ബാക്കിനില്‌ക്കേ തിടുക്കത്തില്‍ കമ്മീഷനെ നിശ്ചയിച്ചത് ഡല്‍ഹി തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണെന്ന വിമര്‍ശനമുണ്ട്. ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ വോട്ടു പ്രതീക്ഷിച്ച് ബിജെപി ഇറക്കിയ തുറുപ്പുചീട്ടാണിത് എന്ന വാദത്തില്‍ കഴമ്പില്ല. കാരണം, ഭരണസിരാകേന്ദ്രമാണു ഡല്‍ഹിയെങ്കിലും അവിടെ നാലു ലക്ഷത്തോളം ജീവനക്കാര്‍മാത്രമാണ് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ കീഴിലുള്ളത്. 2026 ജനുവരിയില്‍ പ്രാബല്യത്തില്‍ വരത്തക്കവിധം ചര്‍ച്ചകളും കൂടിയാലോചനകളും നടത്തണമെങ്കില്‍ ഒരു വര്‍ഷം വേണ്ടിവരും.
ശമ്പളക്കമ്മീഷന്‍ അടിസ്ഥാനശമ്പളം നിശ്ചയിക്കുന്നത് 'ഫിറ്റ്‌മെന്റ്' ഘടകത്തിന്റെ അടിസ്ഥാനത്തിലാണ്. ശമ്പള-പെന്‍ഷന്‍നവീകരണത്തിനുപയോഗിക്കുന്ന മാനദണ്ഡമാണ് 'ഫിറ്റ്‌മെന്റ് ഫാക്ടര്‍' അഥവാ ഘടകം. എട്ടാം ശമ്പളക്കമ്മീഷന്റെ ഫിറ്റ്‌മെന്റ് ഫാക്ടര്‍ 1.92 നും 2.86 നും ഇടയിലായിരിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഏഴാം ശമ്പളക്കമ്മീഷന്‍ ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.57 ആയിരുന്നു. ഇത്തവണ ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.86 ആയി നിശ്ചയിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാനശമ്പളം 18,000 രൂപയില്‍നിന്ന് 51,480 രൂപയായി ഉയരും. അതുപോലെതന്നെ, പെന്‍ഷന്‍തുകയിലും വലിയ വര്‍ധനയുണ്ടാകും. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഏകദേശം 30 ശതമാനത്തോളം വര്‍ധിച്ചേക്കുമെന്നാണു സൂചന. ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.86 ആയി നിജപ്പെടുത്തിയാല്‍ കുറഞ്ഞ പെന്‍ഷന്‍ നിലവിലുള്ള 9000 രൂപയില്‍നിന്ന് 25,740 രൂപയായി വര്‍ധിക്കും.
ഗ്രാറ്റുവിറ്റിത്തുകയിലും വലിയ മാറ്റമുണ്ടാകുമെന്നാണു പ്രതീക്ഷ. അത് മിനിമം 12.56 ലക്ഷം രൂപയായി ഉയരാനുള്ള സാധ്യതയുണ്ട്. വിരമിക്കുന്ന സമയത്ത് അത് വലിയൊരു ആശ്വാസമായിരിക്കും.
2016 ല്‍ ഏഴാം ശമ്പളക്കമ്മീഷന്‍ നിലവില്‍ വന്നപ്പോള്‍ മിനിമംവേതനം 18,000 രൂപയും പരമാവധി വേതനം 2,50,000 രൂപയുമായി നിജപ്പെടുത്തിയിരുന്നു. 18,000 രൂപ എട്ടാം കമ്മീഷന്‍പ്രകാരം 51,480 ആയി ഉയരുമെങ്കില്‍ പരമാവധി വേതനം എത്ര ഇരട്ടിയായി ഉയരുമെന്നു കാത്തിരുന്നു കാണണം. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ തങ്ങളുടെ സേവനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്നു തിരിച്ചറിയുമ്പോഴാണ് സാധാരണജനങ്ങള്‍ക്കു നീതി ലഭിച്ചുവെന്ന ചിന്തയുണ്ടാകുന്നത്.