ഫെബ്രുവരി 16 ദനഹാക്കാലം ഏഴാം ഞായര്‍
നിയ 14:22-15:4 നിയ 14:22-15:4
1 തിമോ 6:17-21 മത്താ 8:5-13
ദനഹാക്കാലം ഏഴാം ആഴ്ചയിലേക്കു പ്രവേശിക്കുകയാണ്. ദനഹാക്കാലം ദൈവികവെളിപാടുകളെക്കുറിച്ചും മിശിഹായുടെ പരസ്യജീവിതത്തെക്കുറിച്ചും പ്രത്യേകമായി ധ്യാനിക്കുന്ന ആരാധനക്രമകാലമാണല്ലോ. ദൈവികവെളിപാടുകളോടുള്ള പ്രത്യുത്തരമാണ് വിശ്വാസം. ഇന്നത്തെ ദൈവവചനവായനകളെല്ലാം വിശ്വാസത്തെക്കുറിച്ചും വിശ്വാസജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചുമാണു പ്രതിപാദിക്കുന്നത്. ഇസ്രായേലില്‍പോലുമില്ലാത്ത വിശ്വാസദൃഢതയുടെ മാതൃകയായി ശതാധിപന്റെ വിശ്വാസത്തെ സുവിശേഷകന്‍ വിവരിച്ചുകൊണ്ടു വിശ്വസിക്കുന്നവന്റെ കുലീനത്വവും വിശ്വാസത്തിന്റെ ശ്രേഷ്ഠതയും വ്യക്തമാക്കുന്നു. വിശ്വാസജീവിതത്തിന്റെ ഭാഗമാകേണ്ട ജീവിതശൈലി എന്തായിരിക്കണമെന്നാണ് നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്നുള്ള ഒന്നാമത്തെ പ്രഘോഷണം പങ്കുവയ്ക്കുന്നത്. വിശ്വാസസമ്പന്നനു കര്‍ത്താവു നല്കുന്ന ദൗത്യവും സ്ഥാനവും ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള പ്രഘോഷണം അവതരിപ്പിക്കുന്നു. പൗലോസ് ശ്ലീഹാ തിമോത്തേയോസിനെഴുതിയ ലേഖനത്തില്‍നിന്നുള്ള പ്രഘോഷണത്തിലൂടെ വിശ്വാസത്തിന്റെ അതിരുവിട്ടു ജീവിക്കാതിരിക്കാനുള്ള ഉപദേശം നല്കുന്നു.
നിയമാവര്‍ത്തനപ്പുസ്തകംതന്നെ വാഗ്ദത്തനാട്ടില്‍ പ്രവേശിക്കുന്ന ഇസ്രയേലിന്റെ വിശ്വാസജീവിതശൈലി എന്തായിരിക്കണമെന്നു പ്രതിപാദിക്കുന്നതാണ്. തങ്ങളുടെ കൃഷിസ്ഥലത്തുനിന്നും മറ്റും ലഭിക്കുന്ന എല്ലാറ്റിന്റെയും ദശാംശം കര്‍ത്താവിന്റെ സന്നിധിയില്‍ സമര്‍പ്പിക്കണമെന്നും ദൈവസന്നിധിയില്‍ കുടുംബമൊന്നുചേര്‍ന്ന് ആഹ്ലാദിക്കണമെന്നും തങ്ങള്‍ക്കുള്ളതിന്റെ പങ്ക് ലേവ്യരും പരദേശികളും വിധവകളുമായി പങ്കുവയ്ക്കണമെന്നും അതുവഴി ദൈവം നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും നിന്നെ അനുഗ്രഹിക്കുമെന്നുമുള്ള സന്ദേശം ഒന്നാമത്തെ വായനയില്‍നിന്നു ശ്രവിക്കുന്നു. ദൈവത്തോടും തന്റെ കുടുംബത്തോടും സഭയോടും തന്റെ സഹജീവികളോടുമുള്ള കടമ നിര്‍വഹിക്കുന്നതാണു വിശ്വാസജീവിതം.
വിശ്വാസശ്രേഷ്ഠത പ്രഘോഷിക്കുന്ന കുലീനജനമായിരിക്കുന്നതിനുവേണ്ടിയാണ് ദൈവം ഇസ്രയേലിനെ സ്വന്തം ജനമായി തിരഞ്ഞെടുത്തത്. വിശ്വാസസമ്പന്നമായ ജീവിതംവഴി ജനത്തിനുടമ്പടിയും ജനതകള്‍ക്കു പ്രകാശവുമായി വര്‍ത്തിക്കാനും അന്ധര്‍ക്കു കാഴ്ച നല്കാനും കാരാഗൃഹവാസികളെ മോചിപ്പിക്കാനും സാധിക്കുന്നു. അന്ധതയും അന്ധകാരവും നീക്കി വിശ്വാസത്തിന്റെ ഉള്‍ക്കാഴ്ചയും ആത്മീയദീപ്തിയും നല്കാന്‍ വിളിക്കപ്പെട്ടവരാണ് വിശ്വാസിസമൂഹം എന്ന് ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍നിന്നുള്ള വായന ഓര്‍മിപ്പിക്കുന്നു. കര്‍ത്താവിനുള്ള മഹത്ത്വം മറ്റാര്‍ക്കും നല്കരുത് എന്നും പ്രവാചകന്‍ പ്രബോധിപ്പിക്കുന്നു.
അനിശ്ചിതമായ സമ്പത്തില്‍ പ്രത്യാശ വയ്ക്കാതെ അവയെല്ലാം നമുക്കു നല്കുന്ന ദൈവത്തില്‍ പ്രത്യാശവയ്ക്കുന്നവനാകണം വിശ്വാസിയെന്ന് പൗലോസ്ശ്ലീഹാ ഓര്‍മിപ്പിക്കുന്നു. സല്‍പ്രവൃത്തികളില്‍ സമ്പന്നരും പങ്കുവയ്ക്കുന്നതില്‍ ഉദാരമതികളുമായിരിക്കണം. യഥാര്‍ഥജീവന്‍ അവകാശമാക്കുന്നതിനുള്ള നിക്ഷേപം വിശ്വാസജീവിതത്തിലൂടെ നേടണമെന്നും ശ്ലീഹാ പറയുന്നു.
ഈശോ കഫര്‍ണാമില്‍ ആയിരിക്കുമ്പോള്‍ ഒരു ശതാധിപന്‍ ഈശോയുടെ പക്കല്‍വന്ന് തന്റെ ഭൃത്യന്‍ തളര്‍വാതം പിടിപെട്ട് കഠിനവേദനയനുഭവിച്ചു വീട്ടില്‍ കിടക്കുന്നുവെന്ന് അറിയിക്കുന്നു. ഈശോ പറഞ്ഞു: ഞാന്‍ വന്ന് അവനെ സുഖപ്പെടുത്താം. ഈശോ വന്ന് സുഖപ്പെടുത്താമെന്നു പറഞ്ഞെങ്കിലും ശതാധിപന്‍ സമ്മതിച്ചില്ല. അവിടുന്ന് എവിടെയായിരിക്കുന്നുവോ അവിടെ നിന്നുകൊണ്ടുതന്നെ തന്റെ ഭൃത്യനെ സുഖപ്പെടുത്താനാകുമെന്ന് അയാള്‍ വിശ്വസിച്ചു. ആഴമായ വിശ്വാസവും എളിമയുമാണ് ആ സേനാനായകന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ഇസ്രയേലില്‍പ്പോലും കാണാത്ത വിശ്വാസം എന്ന് ഈശോ ശതാധിപന്റെ വിശ്വാസത്തെ പ്രകീര്‍ത്തിക്കുന്നു. യഥാര്‍ഥവിശ്വാസത്തിന്റെ സൂചകവും മാതൃകയുമായി ഈ സംഭവത്തെ ഈശോ വ്യാഖ്യാനിക്കുന്നു. തന്റെ ദാസന്റെമേല്‍ തനിക്ക് അധികാരമുള്ളതുപോലെ രോഗത്തിന്റെമേല്‍ ഈശോയ്ക്ക് അധികാരമുണ്ട് എന്നു വ്യക്തമാക്കുന്നതാണ് ശതാധിപന്റെ വാക്കുകള്‍. ഈശോയുടെ ദൈവത്തം ഏറ്റുപറയുകയാണ് ശതാധിപന്‍ ചെയ്യുന്നത്.
കുലീനമായ വിശ്വാസത്തിന്റെ അവകാശികള്‍ എന്നു കരുതിയിരുന്ന ഇസ്രയേല്‍ ജനത്തെക്കാള്‍ ശ്രേഷ്ഠമായ വിശ്വാസം എന്ന് ശതാധിപന്റെ വിശ്വാസത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ ഇസ്രയേലിന്റെ വിശ്വാസത്തിന്റെ അപചയംകൂടിയാണ് വ്യക്തമാക്കുന്നത്. കുലീനത കളഞ്ഞുകുളിക്കുന്ന വിശ്വാസാപചയങ്ങള്‍ ഇന്നും സമൂഹത്തിലുണ്ട്. വിശ്വാസാപചയങ്ങളെ അന്ധവിശ്വാസം, അബദ്ധവിശ്വാസം, അവിശ്വാസം എന്നീ മൂന്നു തലങ്ങളില്‍പ്പെടുത്താം. ഇവ മൂന്നും ഇക്കാലത്ത് വളരെ വ്യാപകമായിട്ടുമുണ്ട്. ഇന്നു വിശ്വാസികള്‍ എന്നു വിളിക്കപ്പെടുന്നവരില്‍ ധാരാളം പേര്‍ തങ്ങളുടെ അന്ധവിശ്വാസങ്ങളെയാണ് ഉയര്‍ത്തിക്കാട്ടുന്നത്.
മിശിഹായുടെ സുവിശേഷദൗത്യം എല്ലാ ജനപദങ്ങള്‍ക്കുംവേണ്ടിയുള്ളതാണ് എന്ന സന്ദേശവും തിരുവചനം പങ്കുവയ്ക്കുന്നു. ഈശോ നല്കുന്ന രക്ഷ സ്വായത്തമാക്കാന്‍ എല്ലാവര്‍ക്കും സാധിക്കുമെന്നു വചനം പഠിപ്പിക്കുന്നു. അബ്രാഹത്തിനും ഇസഹാക്കിനും യാക്കോബിനും ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന രക്ഷ തങ്ങള്‍ക്കുമാത്രമുള്ളതാണെന്നു കരുതിയിരുന്ന യഹൂദവിശ്വാസത്തെ മാറ്റുന്ന വചനങ്ങളാണ് തുടര്‍ന്നുപറയുന്നത്. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ധാരാളം ആളുകള്‍വന്ന് അബ്രാഹത്തിനോടും ഇസഹാക്കിനോടും യാക്കോബിനോടും കൂടെ വിരുന്നിനിരിക്കും എന്നു പറയുന്നതിലൂടെ മിശിഹായിലൂടെ നല്കുന്ന രക്ഷ സാര്‍വത്രികമാണ് എന്നു സുവിശേഷകന്‍ പഠിപ്പിക്കുന്നു. ദൈവവചനത്തെ എളിമയോടെ സ്വീകരിക്കുന്നതും വിശ്വസ്തതയോടെ ജീവിക്കുന്നതുമാണ് വിശ്വാസം. നമ്മുടെ ഹൃദയങ്ങളെ വിശ്വാസംകൊണ്ടു പവിത്രീകരിക്കാന്‍ സാധിക്കണം.