•  6 Feb 2025
  •  ദീപം 57
  •  നാളം 47
നേര്‍മൊഴി

അമേരിക്കയെ ഒന്നാമതെത്തിക്കുക ലക്ഷ്യം

    മേരിക്കയുടെ 47-ാമത്തെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വിദേശരാഷ്ട്രത്തലവന്മാര്‍, മുന്‍പ്രസിഡന്റുമാര്‍, വ്യവസായപ്രമുഖര്‍ തുടങ്ങി അതിപ്രശസ്തരായ വലിയൊരു നേതൃവ്യൂഹത്തിനു മുമ്പിലായിരുന്നു സ്ഥാനാരോഹണച്ചടങ്ങ്. പുറത്തുനടക്കേണ്ടിയിരുന്ന ചടങ്ങ് അതിശൈത്യംമൂലം കാപ്പിറ്റോളിനുള്ളിലാണു നടന്നത്. നാല്പതുവര്‍ഷത്തിനുള്ളില്‍ ആദ്യമായിട്ടാണ് കെട്ടിടത്തിനുള്ളില്‍ സത്യപ്രതിജ്ഞാച്ചടങ്ങു നടന്നത്.
സത്യപ്രതിജ്ഞയ്‌ക്കൊരുക്കമായി പ്രാര്‍ഥനാശുശ്രൂഷ നടന്നു. ന്യൂയോര്‍ക്ക് ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ തിമോത്തി ഡോളനാണ് പ്രാര്‍ഥനകള്‍ക്കു നേതൃത്വം വഹിച്ചത്. ദൈവശാസ്ത്രപണ്ഡിതനായ കര്‍ദിനാള്‍ കത്തോലിക്കാസഭയിലെ ഏറ്റവും ശ്രദ്ധേയനായ അജപാലകരില്‍ ഒരാളാണ്. അടിമുടി ക്രിസ്ത്യാനിയായ പ്രസിഡന്റ് ട്രംപ് ബൈബിള്‍തൊട്ടാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. സത്യപ്രതിജ്ഞാച്ചടങ്ങിന് രണ്ടു ബൈബിളുണ്ടായിരുന്നു. ഒന്ന്, ലിങ്കണ്‍ ബൈബിള്‍. എബ്രാഹം ലിങ്കണ്‍ സത്യപ്രതിജ്ഞാച്ചടങ്ങിനുപയോഗിച്ച ബൈബിളാണത്. രണ്ടാമത്തേത്, അമ്മ സമ്മാനിച്ച ബൈബിള്‍. ദൈവമാണ് അമേരിക്കയെ സംരക്ഷിക്കുന്നതെന്ന ശക്തമായ വിശ്വാസം പ്രസിഡന്റ് ട്രംപ് ലോകത്തിനുമുമ്പില്‍ ഏറ്റുപറഞ്ഞു. ദൈവം കൂടെയുള്ളതിനാല്‍ അമേരിക്കയ്ക്കു ഭയപ്പെടാനൊന്നുമില്ല. തനിക്കു വ്യക്തിപരമായ പ്രതിസന്ധികളും തിരിച്ചടികളുമുണ്ടായപ്പോള്‍ യേശുക്രിസ്തുവാണ് തന്നെ സംരക്ഷിച്ചതെന്നും, വീണ്ടും പ്രസിഡന്റുപദവിയിലേക്കു തിരിച്ചുകൊണ്ടുവന്നത് അവിടുന്നാെണന്നും ട്രംപ് ഏറ്റുപറഞ്ഞു. ശാസ്ത്രസാങ്കേതികമികവിന്റെ കാര്യത്തിലും സാമ്പത്തികഭദ്രതയുടെ കാര്യത്തിലും മറ്റെല്ലാവരുടെയും മുമ്പില്‍ നില്‍ക്കുന്ന രാജ്യത്തിന്റെ തലവന്‍ ദൈവത്തിലുള്ള തന്റെ ആശ്രയബോധം ഏറ്റുപറഞ്ഞത് ഈ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ വിശ്വാസപ്രഖ്യാപനമായി  കണക്കാക്കണം. ശാസ്ത്രം വളരുമ്പോള്‍ മതം അപ്രത്യക്ഷമാകുമെന്ന അല്പബുദ്ധികളുടെ പ്രചാരണത്തിനുള്ള കൃത്യമായ മറുപടികൂടിയാണിത്.
    ട്രംപിന്റെ തിരിച്ചുവരവ് അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും നേടിയ ഭൂരിപക്ഷം പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു. ഇലക്ടറല്‍വോട്ടും പോപ്പുലര്‍വോട്ടും സ്വന്തമാക്കിയതിനു പുറമേ ഏഴ് ചാഞ്ചാട്ടസംസ്ഥാനങ്ങളെയും കൂടെനിറുത്താന്‍ ട്രംപിനു സാധിച്ചു. വാക്കിലും പ്രവൃത്തിയിലും പ്രവചനാതീതനായ പ്രസിഡന്റ് ട്രംപ് നാട്ടുകാരുടെ കൈയടി നേടിയും ലോകരാഷ്ട്രങ്ങളില്‍ ഭീതി വിതറിയും പണി ആരംഭിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പുപ്രചാരണയോഗങ്ങളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിത്തുടങ്ങി. ചുമതലയേറ്റ് ആദ്യത്തെ ആറു മണിക്കൂറിനുള്ളില്‍ 80 എക്‌സിക്യൂട്ടീവ് ഓര്‍ഡറുകളില്‍ ഒപ്പുവച്ചു.
    പ്രസിഡന്റ് ട്രംപിന്റെ ഏറ്റവും മുന്തിയ പരിഗണന അമേരിക്കയെ എല്ലാ മേഖലകളിലും ഒന്നാമതാക്കുക എന്നതാണ്. അതില്‍ തെറ്റു പറയാനില്ല. രാഷ്ട്രനേതാക്കന്മാരെല്ലാം  മുന്‍ഗണനാവിഷയമാക്കേണ്ടത് ഈ തത്ത്വമാണ്. മിക്ക നേതാക്കന്മാര്‍ക്കും സ്വന്തം കാര്യവും പാര്‍ട്ടിക്കാര്യവുമാണ് പ്രധാനപ്പെട്ടത്. ജനങ്ങളെ മറക്കുന്ന നേതാക്കന്മാരാണ് ജനാധിപത്യത്തിനു ശവക്കുഴി തോണ്ടുന്നത്. ഓരോ തിരഞ്ഞെടുപ്പിലും പോളിങ്ശതമാനം കുറഞ്ഞുവരുന്നത് ജനങ്ങള്‍ക്കു തിരക്കു വര്‍ധിക്കുന്നതുകൊണ്ടല്ല, രാഷ്ട്രീയം മടുക്കുന്നതുകൊണ്ടാണെന്നു നേതാക്കന്മാര്‍ ഇനിയെങ്കിലും തിരിച്ചറിയണം.
    ഇത് അമേരിക്കയുടെ സ്വാതന്ത്ര്യദിനമാണെന്നു പ്രസിഡന്റ് ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു. താന്‍ 45-ാമത്തെ അമേരിക്കന്‍  പ്രസിഡന്റല്ലെന്നും 47-ാം പ്രസിഡന്റായപ്പോഴേക്കും താന്‍ ഏറെ മാറിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അനുഭവങ്ങളും പുറത്തുനിന്ന നാലുവര്‍ഷങ്ങളും  ഒരുപാടു കാര്യങ്ങള്‍ തന്നെ പഠിപ്പിച്ചു. ഈ ഒറ്റച്ചിന്ത മാത്രം: അമേരിക്കയെ ഉയരങ്ങളിലെത്തിക്കുക. നഷ്ടപ്രതാപം തിരിച്ചുപിടിക്കുക. അമേരിക്കന്‍പൗരന്മാരുടെ അഭിമാനബോധം ഉയര്‍ത്തുക. അതിനായി അമേരിക്കയ്ക്കു ഗുണകരമല്ലാത്ത കരാറുകളില്‍നിന്നും നയങ്ങളില്‍നിന്നും പിന്മാറുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. അതുപക്ഷേ, ലോകത്തെ ആശങ്കയിലാഴ്ത്തുന്ന തീരുമാനമായി വ്യാഖ്യാനിക്കപ്പെടുന്നു. അതില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
   1. അമേരിക്ക ലോകാരോഗ്യസംഘടനയില്‍നിന്നു പിന്മാറുന്നു. കാരണം, അതിന്റെ പ്രവര്‍ത്തനം തൃപ്തികരമല്ല. പ്രത്യേകിച്ച്, കൊവിഡുകാലത്തെ പ്രവര്‍ത്തനങ്ങള്‍. ലോകാരോഗ്യസംഘടനയുടെ മൊത്തം പണത്തില്‍ 18 ശതമാനം നല്‍കിപ്പോരുന്നത് അമേരിക്കയാണ്. ആ തുക പൊടുന്നനെ നിലച്ചാല്‍ ലോകാരോഗ്യസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍തന്നെ അവതാളത്തിലാകും.
   2. പാരീസ് ഉടമ്പടിയില്‍നിന്നു പിന്മാറുന്നു. കാലാവസ്ഥാവ്യതിയാനങ്ങള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്‌നങ്ങളെ നേരിടുന്നതിനു 195 രാജ്യങ്ങള്‍ ഒപ്പുവച്ച ഉടമ്പടിയില്‍നിന്നാണ് അമേരിക്ക പിന്മാറുന്നത്.
   3. ജന്മാവകാശപൗരത്വം അവസാനിപ്പിക്കുന്നു. അതായത്, അമേരിക്കയില്‍ ജനിച്ചു എന്ന ഒറ്റക്കാരണത്താല്‍ ലഭിക്കുമായിരുന്ന പൗരത്വം ഇനിമുതല്‍ അനുവദിക്കുകയില്ലെന്നര്‍ഥം. നുഴഞ്ഞുകയറ്റക്കാര്‍ക്കും മതിയായ രേഖകളില്ലാതെ കടന്നുവരുന്നവര്‍ക്കും വിനോദസഞ്ചാരവിസയില്‍ എത്തുന്നവര്‍ക്കും കുട്ടികള്‍ ജനിക്കുമ്പോള്‍ ആ കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കില്ലെന്നാണ് ഇതിനര്‍ഥം. മതിയായ രേഖകളോടെ എത്തുന്നവര്‍ക്ക് ഇതു ബാധകമല്ല. നിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പ് ജനനം സാധ്യമാക്കാന്‍ ഏഴും എട്ടും ഒന്‍പതും മാസം ഗര്‍ഭമുള്ളവര്‍ ആശുപത്രികള്‍ക്കുമുമ്പില്‍ സിസേറിയന്‍ പ്രസവം ആവശ്യപ്പെട്ട് കാത്തുനില്ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
    4. അനധികൃതകുടിയേറ്റക്കാരെ രാജ്യത്തിനു പുറത്താക്കും. അതിന്റെ ഭാഗമായി അമേരിക്കയുടെ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സൈനികവിന്യാസം നടത്തുകയും ചെയ്തു. നുഴഞ്ഞുകയറ്റക്കാരെ അഭയാര്‍ഥികളായി കാണാന്‍ ട്രംപ് തയ്യാറല്ല. അവരില്‍ പലരും ക്രിമിനലുകളും നിയമലംഘകരും അബലരും രാജ്യത്തിന്റെ സംസ്‌കാരത്തോടു ചേര്‍ന്നുപോകാത്തവരുമാണ്. പള്ളി ഭരിക്കുന്നതുപോലെ കാരുണ്യത്തോടെ രാജ്യം ഭരിക്കാനാവുകയില്ലെന്നതാണ് ട്രംപിന്റെ നിലപാട്.
   5. ഇന്ധനസ്വയംപര്യാപ്തതയ്ക്കുവേണ്ടി ഖനനം നടത്താനുള്ള ഉത്തരവു പുറപ്പെടുവിച്ചു. അമേരിക്കയ്ക്കാവശ്യമായ ഇന്ധനം മാത്രമല്ല കയറ്റുമതി ചെയ്യാനുള്ള ഇന്ധനവും ഉത്പാദിപ്പിക്കാനാണു തീരുമാനം. അതു ലോക ഇന്ധനവ്യാപാരത്തെ വലിയ തോതില്‍ സ്വാധീനിക്കും.
    6. പനാമകനാലിന്റെ നിയന്ത്രണം തിരിച്ചുപിടിക്കുമെന്ന മുന്നറിയിപ്പാണ് മറ്റൊരു തീരുമാനം.
    7. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കു പ്രത്യേക പരിഗണന ഉണ്ടാവുകയില്ല. അമേരിക്കയില്‍ സ്ത്രീകളും പുരുഷന്മാരും എന്ന രണ്ടു വിഭാഗം  മനുഷ്യരേ ഉണ്ടാവുകയുള്ളൂ എന്ന് പ്രസിഡന്റ് ട്രംപ് ഉറപ്പിച്ചുപറഞ്ഞു.
    ട്രംപിന്റെ ഇത്തരം പ്രഖ്യാപനങ്ങള്‍ അമേരിക്കന്‍ സ്വത്വബോധത്തെ ഉണര്‍ത്താനും അഭിമാനബോധം ജ്വലിപ്പിക്കാനും അമേരിക്കന്‍ദേശീയതയെ ഉയര്‍ത്തിപ്പിടിക്കാനും ലക്ഷ്യംവച്ചുള്ളതാണ്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)