•  21 Nov 2024
  •  ദീപം 57
  •  നാളം 37
വര്‍ത്തമാനം

മുന്നാക്കസമുദായസംവരണം കരുതല്‍ വേണം; ജാഗ്രതയും

മുന്നാക്കസമുദായത്തില്‍ ജനിച്ചുപോയതിന്റെപേരില്‍ സാമ്പത്തികവും തൊഴില്‍പരവും വിദ്യാഭ്യാസപരവുമായ യാതൊരുവിധ ആശ്വാസത്തിനും അവകാശമില്ലാത്ത കോടിക്കണക്കിനു ദരിദ്രര്‍ ഇന്ത്യയിലുണ്ട്. ഏതൊരു പിന്നാക്കക്കാരനെയും പട്ടികവര്‍ഗ്ഗക്കാരനെയുംപോലുമോ അതിലധികമോ ദയനീയമാണ് അവരുടെ ജീവിതം. അവര്‍ക്കു ചെറിയ തോതിലെങ്കിലും ആശ്വാസം നല്കാന്‍ പര്യാപ്തമാണ് നിര്‍ദ്ദിഷ്ട മുന്നാക്കസമുദായസംവരണം.

മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം  നില്ക്കുന്നവര്‍ക്കു സര്‍ക്കാര്‍ സര്‍വ്വീസിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പത്തു ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ചില പിന്നാക്കസമുദായനേതാക്കളും രാഷ്ട്രീയനേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്.
അത്യന്തം നിര്‍ഭാഗ്യകരമായ ഒരു സ്ഥിതിവിശേഷമാണിത്. തങ്ങള്‍ക്കു ലഭിക്കുന്നതുപോലുള്ള ആനുകൂല്യങ്ങള്‍  മറ്റാര്‍ക്കും ലഭിക്കരുത് എന്ന സ്വാര്‍ത്ഥകലുഷിതമായ മനോവികാരമാണ് ഇതിനു പിന്നില്‍ പ്രകടമാകുന്നത്. മുന്നാക്കസമുദായത്തില്‍ ജനിച്ചുപോയതിന്റെപേരില്‍ സാമ്പത്തികവും തൊഴില്‍പരവും വിദ്യാഭ്യാസപരവുമായ യാതൊരുവിധ ആശ്വാസത്തിനും അവകാശമില്ലാത്ത കോടിക്കണക്കിനു ദരിദ്രര്‍ ഇന്ത്യയിലുണ്ട്. ഏതൊരു പിന്നാക്കക്കാരനെയും പട്ടികവര്‍ഗ്ഗക്കാരനെയുംപോലുമോ അതിലധികമോ ദയനീയമാണ് അവരുടെ ജീവിതം. അവര്‍ക്കു ചെറിയ തോതിലെങ്കിലും ആശ്വാസം നല്കാന്‍ പര്യാപ്തമാണ് നിര്‍ദ്ദിഷ്ടമുന്നാക്കസമുദായസംവരണം.
സ്വാതന്ത്ര്യാനന്തരകാലംമുതലേ, നിര്‍ധനരായ മുന്നാക്കസമുദായാംഗങ്ങള്‍ ഇത്തരത്തിലുള്ള എന്തെങ്കിലും ആശ്വാസനടപടികള്‍ക്കുവേണ്ടി മുറവിളി കൂട്ടുന്നുണ്ടായിരുന്നു. കോണ്‍ഗ്രസും കമ്യൂണിസ്റ്റുപാര്‍ട്ടികളും ഉള്‍പ്പെടെയുള്ള രാഷ്ട്രീയകക്ഷികള്‍ ഇതിനെ പിന്തുണയ്ക്കുന്നുമുണ്ടായിരുന്നു. പക്ഷേ, അവര്‍ അധികാരത്തിലിരുന്ന കാലത്തൊന്നും എന്തെങ്കിലും ആശ്വാസനടപടികള്‍ സ്വീകരിക്കാന്‍ കഴിയാതെപോയി. ഇപ്പോള്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് ആ ഉത്തരവാദിത്വം ഭാഗികമായെങ്കിലും നിര്‍വ്വഹിക്കാന്‍ തയ്യാറായത്. പക്ഷേ, അതൊന്നും തങ്ങള്‍ അനുവദിക്കില്ലെന്നാണ്, സംവരണാനുകൂല്യങ്ങള്‍ പറ്റി, പിന്നാക്കക്കാരിലെ മുന്നാക്കക്കാരായി ത്തീര്‍ന്നവരുടെ നിലപാട്!
മുന്നാക്കസമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കംനില്ക്കുന്നവര്‍ക്ക് പത്തു ശതമാനം സംവരണം അനുവദിക്കുന്ന 103-ാം ഭരണഘടനാഭേദഗതി ബില്ല് നിയമമന്ത്രാലയം തയ്യാറാക്കിയത് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത് 2019 ജനുവരി ഏഴിനാണ്. എട്ടാംതീയതി ലോക്‌സഭയും ഒമ്പതാംതീയതി രാജ്യസഭയും ഭേദഗതി ബില്‍ അംഗീകരിച്ചു. അങ്ങനെ, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15 ഉം 16 ഉം ഭേദഗതി ചെയ്ത് 15(യ), 16 (യ) ഉപവകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു.
ജനുവരി 12 ന് രാഷ്ട്രപതിയും ഭരണഘടനാഭേദഗതിബില്ലില്‍ ഒപ്പുവച്ചു. ജനുവരി പത്തൊമ്പതിനു നിയമഭേദഗതി നടപ്പിലാക്കിക്കൊണ്ടുള്ള കേന്ദ്രഗവണ്‍മെന്റ് ഉത്തരവും പുറത്തിറങ്ങി.
പിന്നെ താമസിച്ചില്ല, രാജ്യത്തെ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും പുതിയ ഉത്തരവിനെതിരേ റിട്ട് ഹര്‍ജികളുമായി ആവലാതിക്കാരെത്തി.  ഹൈക്കോടതികളിലെ പരാതികളെല്ലാം പിന്നീട് സുപ്രീംകോടതിയിലേക്കു മാറ്റി. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും സമര്‍പ്പിച്ച 35 റിട്ട് ഹര്‍ജികള്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയിലാണ്.
സംഘടനകളിലൊന്ന് കേരളത്തിലെ ശ്രീനാരായണധര്‍മ്മപരിപാലനയോഗ(എസ്എന്‍ഡിപി)മാണ്. വ്യക്തികളുടെ കൂട്ടത്തില്‍ ഒരു മുന്‍ ഹൈക്കോടതി ജഡ്ജിയുമുണ്ട്, ജസ്റ്റീസ് വംഗാല ഈശ്വരയ്യ. ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റീസായിരുന്നു. റിട്ടയര്‍ ചെയ്തുകഴിഞ്ഞ്  മൂന്നുവര്‍ഷം (2013-16) പിന്നാക്കവിഭാഗ ദേശീയകമ്മീഷന്‍ ചെയര്‍മാനും. ഇപ്പോള്‍ ആന്ധ്രാപ്രദേശ് ഹയര്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍ ചെയര്‍മാനാണ്.
ഇന്ത്യയിലെ വിവിധ ജാതിമതവിഭാഗങ്ങള്‍ക്ക് ഭരണഘടന അനുവദിച്ചുനല്കിയിരിക്കുന്ന സംവരണാനുകൂല്യങ്ങള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ട്, സംവരണേതരവിഭാഗങ്ങള്‍ക്കും സംവരണവിഭാഗങ്ങള്‍ക്കും പൊതുവായി അവകാശപ്പെട്ട 50 ശതമാനം തൊഴില്‍, വിദ്യാഭ്യാസമേഖലയില്‍ പത്തു ശതമാനം സംവരണേതരവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കായി നീക്കിവയ്ക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഇതൊന്നും മനസ്സിലാക്കാന്‍ മനസ്സില്ലാതെ, മുന്നാക്കക്കാര്‍ക്കു കിട്ടിയിരിക്കുന്ന പിച്ചച്ചട്ടികൂടി തച്ചുടയ്ക്കാന്‍ ചാടിപ്പുറപ്പെട്ടിരിക്കുന്നവര്‍ പുല്ക്കൂട്ടിലെ നായയുടെ കൗടില്യമല്ലേ കാണിക്കുന്നത്?
ഇപ്പോള്‍ കേരളത്തില്‍ മുന്നാക്കസംവരണം ചര്‍ച്ചാവിഷയമായിത്തീര്‍ന്നത്, ഈ ഒക്‌ടോബര്‍ 21 ന് സാമ്പത്തികസംവരണം നടപ്പിലാക്കുന്നതിനുവേണ്ടിയുള്ള കേരളാസ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസ് നിയമഭേദഗതി സംസ്ഥാനമന്ത്രിസഭ അംഗീകരിച്ചതോടെയാണ്. ഇതോടെ കേരള സര്‍ക്കാരിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുവിഭാഗങ്ങള്‍ക്കുള്ള അമ്പതു ശതമാനം തസ്തികകളില്‍ പത്തുശതമാനം മുന്നാക്കസമുദായങ്ങളിലെ  പാവപ്പെട്ടവര്‍ക്ക് അവകാശപ്പെട്ടതായി.
ഈ ലക്ഷ്യത്തിനുവേണ്ടി 2015 മേയില്‍ കേരളനിയമസഭ ഒരു സംസ്ഥാനകമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചുകൊണ്ടു നിയമം പാസ്സാക്കിയിരുന്നു. അതനുസരിച്ചു നിലവില്‍വന്ന ആദ്യ കമ്മീഷനില്‍ ഞാനും അംഗമായിരുന്നു. സാമ്പത്തികസംവരണം നടപ്പിലാക്കുന്നതിനു സഹായകമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു സമര്‍പ്പിക്കുകയായിരുന്നു ഞങ്ങളുടെ ചുമതല.
അതനുസരിച്ച് 2019 ഫെബ്രുവരി 19 ന് ഞങ്ങള്‍ വ്യാപകമായ പഠനത്തിനുശേഷം തയ്യാറാക്കിയ ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടയിലാണ് 2019 ജനുവരി 19 ലെ കേന്ദ്രഗവണ്‍മെന്റ് ഉത്തരവു പുറത്തുവന്നത്. അതിന്റെ ചുവടുപിടിച്ച് വ്യക്തമായ 15 ശിപാര്‍ശകളോടുകൂടിയ റിപ്പോര്‍ട്ടായിരുന്നു ഞങ്ങള്‍ തയ്യാറാക്കിയത്.
സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പത്തു ശതമാനം തസ്തികകള്‍, പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളിലെ പത്തു ശതമാനം പ്രവേശനം എന്നിവയ്ക്കുപുറമേ, എല്ലാ തലത്തിലും സൗജന്യവിദ്യാഭ്യാസം, സ്‌കോളര്‍ഷിപ്പ്, വിദ്യാര്‍ത്ഥികള്‍ക്കു സൗജന്യപരിശീലനകേന്ദ്രങ്ങള്‍, പെണ്‍കുട്ടികളുടെ വിവാഹാവശ്യങ്ങള്‍ക്കു വിവാഹസഹായനിധി, സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക വകുപ്പ്, ഉദ്യോഗാര്‍ത്ഥികള്‍ക്ക് 41 വയസ്സു പ്രായപരിധി, ഭവനപുനരുദ്ധാരണത്തിനും സ്വയംതൊഴില്‍ കണ്ടെത്തലിനും പലിശരഹിതവായ്പകള്‍ എന്നിവയും ഞങ്ങള്‍ നല്കിയ ശിപാര്‍ശകളില്‍പ്പെടുന്നു.
ഞങ്ങളുടെ റിപ്പോര്‍ട്ട് അലമാരയിലിരിക്കേ, സംസ്ഥാന ഗവണ്‍മെന്റ് ഇതേ ആവശ്യത്തിലേക്കു മറ്റൊരു കമ്മിറ്റിയെ നിയോഗിച്ചു. അവര്‍ സമര്‍പ്പിച്ച  റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുള്ളത്. അതനുസരിച്ചു സംവരണാനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ കുടുംബവരുമാനം നാലുലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. പഞ്ചായത്തുകളില്‍ രണ്ടര ഏക്കറും മുനിസിപ്പാലിറ്റികളില്‍ 75 സെന്റും കോര്‍പ്പറേഷന്‍ പരിധിയില്‍ 50 സെന്റുമാണ് കൈവശമുണ്ടായിരിക്കാവുന്ന ഭൂമി.
കേന്ദ്രഗവണ്‍മെന്റ് ഉത്തരവില്‍ എട്ടുലക്ഷം രൂപവരെ വാര്‍ഷികവരുമാനമുള്ളവര്‍ സംവരണപരിധിയില്‍ വരും. അതുപോലെ ഗ്രാമപ്രദേശങ്ങളില്‍ അഞ്ചേക്കര്‍വരെ ഭൂമിയുള്ളവരും. അതുതന്നെയായിരുന്നു ഞങ്ങളുടെയും നിര്‍ദ്ദേശം. വീടിന്റെ വലുപ്പം 1000 ച. അടിയില്‍ കൂടാന്‍ പാടില്ല.
സംസ്ഥാന സര്‍ക്കാര്‍ തീരുമാനമനുസരിച്ചു മുന്നാക്കസമുദായങ്ങളിലെ ഭൂരിപക്ഷം പാവപ്പെട്ടവരും സംവരണാനുകൂല്യങ്ങള്‍ക്കു വെളിയിലായിരിക്കുകയാണ്. ഇതു സംവരണനിയമതത്ത്വങ്ങള്‍ക്കു വിരുദ്ധമായ നടപടിയായിപ്പോയി. ഒരു നിയമം  നിര്‍മ്മിക്കുമ്പോള്‍ അതിന്റെ ആനുകൂല്യം എത്രയധികം പേര്‍ക്കു പ്രയോജനപ്പെടുത്താന്‍ കഴിയും എന്നല്ലേ ആലോചിക്കേണ്ടത്? അല്ലാതെ, എങ്ങനെ കൂടുതല്‍ പേരെ അതിന്റെ പരിധിയില്‍നിന്നൊഴിവാക്കാം എന്നല്ലല്ലോ. എന്തുമാകട്ടെ, അത്രയെങ്കിലും ആയല്ലോ എന്നാശ്വസിക്കാം.
എന്നിട്ടും അതിനെതിരേ പടയൊരുക്കം നടത്തുകയാണു സ്വാര്‍ത്ഥതത്പരര്‍. അക്കൂട്ടത്തില്‍ അവസാനം ഇടംപിടിച്ചിരിക്കുന്നത് കേരളത്തിലെ പ്രബല രാഷ്ട്രീയകക്ഷിയായ മുസ്ലീംലീഗുതന്നെയാണെന്നത് ഉത്കണ്ഠാജനകമായ വസ്തുതയാണ്. അവര്‍ ആവര്‍ത്തിച്ചാണയിടുന്ന മതേതരത്വമൊക്കെ  വെറും കാപട്യമാണെന്നാണോ മുന്നാക്കസമുദായങ്ങള്‍ കരുതേണ്ടത്? പിന്നാക്കക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അവകാശപ്പെട്ട ആനുകൂല്യങ്ങളൊക്കെ തങ്ങള്‍ക്കുതന്നെ വേണമെന്ന ദുശാഠ്യം അവര്‍ക്കുണ്ടെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
ഇപ്പോള്‍ പിന്നാക്കവിഭാഗങ്ങളെയും സഹകരിപ്പിച്ചുകൊണ്ട്, സുപ്രീംകോടതിയില്‍ നിലവിലുള്ള  കേസില്‍ കക്ഷി ചേരാന്‍ അവര്‍  തീരുമാനിച്ചുകഴിഞ്ഞു. ഇത്രയ്ക്കു സമുദായസ്പര്‍ധ വേണമോ എന്ന് അവര്‍ ഒരിക്കല്‍ക്കൂടി കൂടിയാലോചിക്കുന്നതു നന്നായിരിക്കും. തങ്ങള്‍ക്കു ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങളില്‍ ഒരു കുറവും വരില്ല എന്നുറപ്പുള്ള സാഹചര്യത്തില്‍ പ്രത്യേകിച്ചും.
കേരളത്തില്‍ മുന്നാക്കസമുദായങ്ങളുടെ എണ്ണം 166 ലധികമാണെന്നു ഞങ്ങള്‍ നല്കിയ റിപ്പോര്‍ട്ടില്‍ പേരു പറഞ്ഞു നിര്‍ദ്ദേശിച്ചിട്ടുണ്ട്. എങ്കിലും ക്രൈസ്തവ, നായര്‍, നമ്പൂതിരിവിഭാഗങ്ങളാണു പ്രധാനം. കഴിഞ്ഞ അര നൂറ്റാണ്ടുകാലമായി, സാമ്പത്തികസംവരണം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് നായര്‍ സര്‍വ്വീസ് സൊസൈറ്റി സമുദായത്തിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി നിരന്തരം വാദിച്ചുപോന്നിട്ടുണ്ട്. ഇന്നു സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ക്കു പിന്നിലും അവരുടെ സ്വാധീനമുണ്ട്.
എന്നാല്‍; ക്രൈസ്തവസഭാനേതൃത്വം ഇക്കാര്യത്തില്‍ കുറ്റകരമായ അലംഭാവമാണു പ്രകടിപ്പിച്ചുപോരുന്നത്. ഇടയ്ക്കു ചില പ്രസ്താവനകളൊക്കെ  പുറപ്പെടുവിക്കാറുണ്ടെന്ന കാര്യം മറക്കുന്നില്ല. എന്നാല്‍, സമുദായത്തിലെ പാവങ്ങളുടെ കാര്യത്തില്‍ വേണ്ടത്ര ജാഗ്രതയും കരുതലും ഉണ്ടെന്നു പറയാന്‍ വയ്യ. രാഷ്ട്രീയസ്വാധീനം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഇക്കാര്യത്തിനുവേണ്ടി പോരാടാന്‍ അവര്‍ ഇനിയെങ്കിലും തയ്യാറാവണം.
അല്ലെങ്കില്‍, അഭിമാനബോധംമൂലം ദാരിദ്ര്യം വെളിയില്‍ പ്രകടിപ്പിക്കാതെ, മുണ്ടു മുറുക്കിയുടുത്ത്, അലക്കിത്തേച്ച കുപ്പായമിട്ടു നടക്കാനാവും ഇനിയും പാവപ്പെട്ട ക്രൈസ്തവരുടെ വിധി!

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)