•  30 Jan 2025
  •  ദീപം 57
  •  നാളം 46
ബാലനോവല്‍

കൊട്ടാരക്കെട്ടിലെ ഉറങ്ങാത്ത രാവുകള്‍

   ആ കാഴ്ച കണ്ട് എല്ലാവരും ഞെട്ടിപ്പോയി. ജീവിതത്തില്‍ ഒരിക്കലും കാണാത്ത ഒരു കാഴ്ച. കുന്നിന്‍മുകളില്‍നിന്ന് ഭീമാകാരമായ ഒരു ശില തങ്ങളുടെ നേരേ ഉരുണ്ടുരുണ്ടു വരികയാണ്. അത് കടന്നുവരുന്ന വഴിയിലെ മരങ്ങള്‍പോലും കടപുഴകി വീഴുന്നു. 
''അയ്യോ ഓടിക്കോ.'' ഭടന്മാര്‍ വിളിച്ചലറി.
   എല്ലാവരും കുന്നിന്റെ ഒരു വശത്തേക്ക് ഓടിമാറിയതും അവര്‍ നിന്ന സ്ഥലത്തുകൂടി ശില പാഞ്ഞുചെന്ന് വലിയൊരു ശബ്ദത്തോടെ നദിയിലേക്കു വീണതും ഒന്നിച്ചു കഴിഞ്ഞു. നദിയിലെ ജലം കരയിലേക്ക് ഇരച്ചുകയറി മത്സ്യങ്ങള്‍പോലും ചിതറിത്തെറിച്ചു കരയില്‍ വീണു.
അവര്‍ ആകെ ഭയന്നുപോയി തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കല്ല് മുകളില്‍നിന്നുരുണ്ട് താഴേക്കു വരുന്നത് യഥാസമയം കാണാന്‍ കഴിഞ്ഞതും ഓടി മാറാന്‍ സാധിച്ചതുംകൊണ്ടാണ് ജീവന്‍ തിരിച്ചുകിട്ടിയത്. അല്ലായിരുന്നുവെങ്കില്‍... 
എല്ലാവരും ഒരു മരച്ചുവട്ടിലിരുന്ന് ദീര്‍ഘമായി നിശ്വസിച്ചു.  രക്ഷപ്പെട്ടതിന്റെ ആശ്വാസം അവര്‍ക്കുണ്ടായി. എങ്കിലും, ആ സംഭവം അവരെ വല്ലാതെ അസ്വസ്ഥരാക്കി. കൂറ്റന്‍ശിലയാണ് ഉരുണ്ടുവന്നത്. ഇനി തിരിച്ചുപോകുന്ന സമയത്ത് ഇതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ എന്തു ചെയ്യും? പെട്ടെന്ന് ഓടിമാറാന്‍ കഴിഞ്ഞില്ലങ്കില്‍ ജീവന്‍ പോയതുതന്നെ.
ഇതിനുമുമ്പ് ഒരിക്കലും ഇങ്ങനെ കുന്നിന്‍മുകളില്‍നിന്നു കല്ല് ഉരുണ്ടുവന്ന ചരിത്രമില്ല. ഈ കുന്നിന്റെ അങ്ങേ ചെരുവിലാണല്ലോ ആദിത്യപുരം സ്ഥിതിചെയ്യുന്നത്. അവിടെ ഇന്നേവരെ ഒരു കല്ലുപോലും കുന്നിന്‍മുകളില്‍നിന്നു താഴേക്കു വന്നിട്ടില്ല.
പിന്നെങ്ങനെ ഇപ്പോള്‍ കല്ലുരുണ്ടു വന്നു?
എല്ലാവരും അസ്വസ്ഥരായി. കൃത്യസമയത്തു യാത്ര തുടരാന്‍ കഴിഞ്ഞില്ല.
''നമുക്കു സാവധാനം നടന്നുതുടങ്ങാം. ഒരു കല്ല് ഉരുണ്ടുവന്നെന്നു കരുതി ഇത്ര പേടിക്കാനൊന്നുമില്ല.'' കാര്‍ഫിയൂസ് എല്ലാവര്‍ക്കും ധൈര്യം പകര്‍ന്നു.
''എങ്കില്‍ യാത്ര തുടരാം.'' ഭടന്മാരിലെ പ്രധാനി സോയൂസ് പറഞ്ഞു.
അവര്‍ വീണ്ടും കുന്നിന്‍മുകളിലേക്കു കയറി. കുത്തനെ കയറ്റമാണ്. കാര്‍ഫിയൂസ് തിരിഞ്ഞ് അവസാനമായി പിതാവിന്റെ ശവക്കല്ലറയിലേക്കു നോക്കി. ഏതാനും മാസങ്ങള്‍ കഴിയുമ്പോള്‍ പിതാവേ, ഈ കല്ലറയ്ക്കുമുമ്പില്‍ തീര്‍ച്ചയായും ഈ മകന്‍ വന്നിരിക്കും. രാജകുമാരന്‍ മനസ്സില്‍ പറഞ്ഞു.
അവര്‍ മുന്നോട്ടുനീങ്ങവേ മലമുകളില്‍നിന്നു വീണ്ടും ഒരു ശിലകൂടി താഴേക്ക് ഉരുണ്ടുവരുന്നു! മുമ്പത്തെക്കാള്‍ വലിയൊരു ശില!
''അമ്മോ! വീണ്ടും കല്ലു വരുന്നു.'' സോയൂസ് അലറി. അതുകേട്ട് എല്ലാവരും ഭയന്നു വിറച്ചു.
''തെക്കോട്ട് ഓടിമാറുവിന്‍.'' കാര്‍ഫിയൂസ് അലറി. പെട്ടെന്ന് പാറക്കെട്ടുകള്‍ക്കിടയിലൂടെ അവര്‍ ഓടിമാറി.
അവരുടെ സമീപത്തുകൂടി കൂറ്റന്‍ശില താഴേക്കുരുണ്ട് മുമ്പു സംഭവിച്ചതുപോലെതന്നെ വലിയൊരു ശബ്ദത്തോട നദിയിലേക്കു വന്നു പതിച്ചു.
എല്ലാവരും വീണ്ടും ഭയചകിതരായി.
ഇത്ര കൂറ്റന്‍ പാറക്കല്ലുകള്‍ എങ്ങനെ താഴേക്കുവരുന്നു? ഇത്രയും കാലം കുന്നിന്‍മുകളില്‍ സുരക്ഷിതമായി ഇരുന്ന പാറകള്‍ ഇന്ന് എങ്ങനെ താഴേക്കു വരുന്നു? അതും തങ്ങള്‍ മുകളിലേക്കു യാത്രയാകാന്‍ തുടങ്ങുന്ന ആ നിമിഷംതന്നെ ശിലകള്‍ അടര്‍ന്നുവീഴുന്നത് അവരെ ഭയചകിതരാക്കി.
ആദ്യം ഒരു കല്ല് ഉരുണ്ടുവന്നപ്പോള്‍ അതു യാദൃച്ഛികമായ ഒരു സംഭവമായി കരുതി.
ചെരിഞ്ഞിരുന്ന ഏതോ പാറയില്‍നിന്ന് ഒരു കല്ല് തെന്നിവീണതാണെന്നു കരുതി. എന്നാല്‍, വീണ്ടും ഒരു കല്ലുകൂടി വന്നതോടെ എല്ലാവരും വല്ലാതെ പരിഭ്രാന്തരായി.
''ഇതു വളരെ വിചിത്രമായിരിക്കുന്നു.'' കാര്‍ഫിയൂസ് പറഞ്ഞു. ഇതിനുമുമ്പ് ഒരിക്കല്‍പോലും ഈ പര്‍വതത്തില്‍നിന്നു കല്ലുരുണ്ടു വീണ ചരിത്രമില്ല.
''ഇതിനു പിന്നില്‍ ആരോ ഉണ്ടെന്നാണ് എന്റെ ഉത്തമവിശ്വാസം. നമ്മളെ തകര്‍ക്കാന്‍ അവര്‍ ചെയ്യുന്ന ദുഷ്പ്രവൃത്തിയുടെ ഫലമാണോ ഈ കല്ലുകള്‍ ഉരുണ്ടുവരുന്നതെന്നാണ് എന്റെ  സംശയം.'' 
സോയൂസ് പറഞ്ഞു.
''ഞാന്‍ പറഞ്ഞ കാര്യത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?'' സോയൂസ് കാര്യസ്ഥന്‍ മേഘനാദനെ നോക്കി ചോദിച്ചു.
കുറേനേരം മേഘനാദന്‍ എന്തോ ഓര്‍ത്തിരുന്നു. അയാള്‍ ഗാഢമായി എന്തോ ചിന്തിക്കുകയായിരുന്നു.
''കാര്യസ്ഥാ, എനിക്കു ഭയമാകുന്നു. നമ്മളെ വധിക്കാന്‍ മനഃപൂര്‍വം ആരോ ശ്രമിക്കുന്നതുപോലെ.''
കാര്‍ഫിയൂസിന്റെ വാക്കുകള്‍പോലും തളര്‍ന്നിരുന്നു.
ഏറെ നേരത്തെ മൗനത്തിനുശേഷം മേഘനാദന്‍ പറഞ്ഞു: ''മഹാരാജാവിന്റെ മരണം സൃഷ്ടിച്ച വേദനയില്‍നിന്ന് ഇനിയും നമ്മളാരും കരേറിയിട്ടില്ല. ഈ സമയത്ത് പര്‍വതത്തിനുമുകളില്‍നിന്നും ആരാണ് ആക്രമിക്കുന്നത്? അതിനു നമുക്ക് ശത്രുക്കളായി ആരുമില്ലല്ലോ.''
''ചിലപ്പോള്‍ ഒരു കല്ല് ഉരുണ്ടപ്പോള്‍ വഴിയിലിരുന്ന മറ്റൊരു കല്ല് കുറെക്കഴിഞ്ഞപ്പോള്‍ ഉരുണ്ടുവന്നതാകാം.''
കാര്‍ഫിയൂസ് അങ്ങനെ സമാധാനിച്ചു.
''ഇനി നമുക്കു യാത്ര തുടരാം. കൊട്ടാരവാസികളെല്ലാം നമ്മളെ കാത്തിരിക്കുകയായിരിക്കും. രാജാവിനെ കബറടക്കിയ വിവരം അറിയാന്‍ അക്ഷമയോടെ ദേവദത്തനും കൂട്ടരും നമ്മുടെ ആഗമനം പ്രതീക്ഷിക്കുന്നുണ്ടാവും.'' മേഘനാദന്‍ പറഞ്ഞു.
അവര്‍ കുന്നിന്‍മുകളിലേക്കു കയറാന്‍ ഭാവിച്ചതും എവിടെ നിന്നോ ഒരു അമ്പ് പാഞ്ഞുവന്ന് സോയൂസിന്റെ ഇടതുകൈയില്‍ തുളഞ്ഞുകയറി. വലിയൊരലര്‍ച്ചയോടെ അയാള്‍ നിലത്തു വീണു. രക്തം ചീറ്റിത്തെറിച്ചു.
 
(തുടരും)
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)